This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണാടി (ദര്‍പ്പണം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:14, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണ്ണാടി (ദര്‍പ്പണം)

Mirror

പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിഌം വസ്‌തുക്കളുടെ പ്രതിബിംബങ്ങള്‍ ലഭ്യമാക്കുന്നതിഌം ഉള്ള സമതല(plane)മോ ഉത്തല(convex)മോ അവതല(concave)മോ ആയ പ്രതലം. മിനുസവും തിളക്കവും ഉള്ള ഈ പ്രതലങ്ങള്‍ ഗ്ലാസ്‌ കൊണ്ടോ, ലോഹം കൊണ്ടോ, ഗ്ലാസിന്മേല്‍ ലോഹങ്ങള്‍ ലേപനം ചെയ്‌തോ നിര്‍മിക്കാം. പിന്‍വശത്തു രസം പൂശിയ സ്‌ഫടികപ്പാളികളാണ്‌ സാധാരണ ഉപയോഗിക്കുന്ന മുഖക്കണ്ണാടികള്‍. ടെലിസ്‌ക്കോപ്പുകളില്‍ ഉപയോഗിക്കുന്നത്‌ മുന്‍വശത്ത്‌ അലുമിനിയം പൂശിയ അവതല ദര്‍പ്പണങ്ങളാണ്‌. സെര്‍ച്ച്‌ ലൈറ്റുകളിലും സൗരോര്‍ജചൂളകളിലും ഉപയോഗിക്കുന്നത്‌ ലോഹക്കണ്ണാടികളാണ്‌. ഉയര്‍ന്ന താപനിലമൂലം കേടുവരാത്ത കണ്ണാടികള്‍ ആവശ്യമുള്ളിടത്തും ലോഹക്കണ്ണാടികള്‍ പ്രയോജനപ്പെടുന്നു. ചരിത്രം. ക്രിസ്‌തുവിന്‌ സു. 3000 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഈജിപ്‌തില്‍ ലോഹക്കണ്ണാടികള്‍ ഉപയോഗത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഓട്‌, സ്വര്‍ണം, വെള്ളി എന്നീ ലോഹങ്ങള്‍ കൊണ്ടുള്ള കണ്ണാടികളായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്‌. മധ്യകാലങ്ങളില്‍ യൂറോപ്പിലെ ജനങ്ങള്‍ വെള്ളികൊണ്ടുള്ള കണ്ണാടികള്‍ പോക്കറ്റില്‍ സാധാരണ സൂക്ഷിക്കുമായിരുന്നു. എ.ഡി. 1300ല്‍ വെനീസിലും 1373ല്‍ നോണ്‍ബെര്‍ഗിലും സ്‌ഫടികക്കണ്ണാടികള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയെങ്കിലും വന്‍തോതില്‍ നിര്‍മിക്കുവാന്‍ തുടങ്ങിയതു വെനീസിലാണ്‌. 17-ാം ശ.ത്തോകൂടി മാത്രമാണ്‌ സ്‌ഫടികക്കണ്ണാടികള്‍ നിര്‍മിക്കുന്നതിഌള്ള വൈദഗ്‌ധ്യം ഫ്രാന്‍സും ബ്രിട്ടഌം നേടിയതെന്നു പറയാം. 17-ാം ശ.ത്തിന്റെ ആരംഭഘട്ടത്തില്‍ ഫ്രാന്‍സിലെ രാജ്ഞിയായിരുന്ന മേരിക്ക്‌ മകന്റെ ജന്മദിന സമ്മാനമായി വെനീസ്‌ റിപ്പബ്ലിക്‌ നല്‌കിയ കണ്ണാടി അന്ന്‌ അപൂര്‍വമായ ഒരു പാരിതോഷികമായി കണക്കാക്കപ്പെട്ടിരുന്നു. 19-ാം ശ. വരെ വെള്ളി പൂശിയ ടിന്‍ഷീറ്റുകള്‍ സ്‌ഫടികപാളികളുടെ പിന്നില്‍ പതിപ്പിച്ചായിരുന്നു കണ്ണാടികള്‍ ഉണ്ടാക്കിയിരുന്നത്‌. എന്നാല്‍ 1835ല്‍ യൂസ്‌റ്റുസ്‌ ലീബിഗ്‌ (1803-73) എന്ന ജര്‍മന്‍ ശാസ്‌ത്രജ്ഞന്‍ രാസികമായി ഗ്ലാസില്‍ വെള്ളി പൂശാമെന്നു കണ്ടുപിടിച്ചു. ഒരു സ്‌ഫടികപ്പാത്രത്തിലെ അമോണിയ ചേര്‍ത്ത സില്‍വര്‍ നൈട്രറ്റ്‌ ലായനിയില്‍ ആല്‍ഡിഹൈഡ്‌ ചേര്‍ത്തുചൂടാക്കുമ്പോള്‍ പാത്രത്തിഌ ചുറ്റും വെള്ളി പറ്റിപ്പിടിക്കുന്നതായി അദ്ദേഹം കണ്ടു. ഇന്നു പ്രചാരത്തിലുള്ള വെള്ളി പൂശലിന്റെ അടിസ്ഥാന തത്ത്വവും ഇതു തന്നെയാണ്‌. 16-ാം ശ. മുതല്‍ക്ക്‌ കേരളത്തില്‍ പ്രചാരത്തില്‍ വന്ന ആറന്മുള ക്കണ്ണാടി ഇന്ന്‌ വിശ്വപ്രസിദ്ധമാണ്‌. ചെമ്പും വെളുത്തീയവും 10:5.25 എന്ന അഌപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരു കൂട്ടുലോഹം കൊണ്ടാണിത്‌ ഉണ്ടാക്കുന്നത്‌.

ആറന്മുള കണ്ണാടി

വിവിധതരം പ്രതിഫലനതലത്തെ അടിസ്ഥാനമാക്കി കണ്ണാടികളെ ഏകതലക്കണ്ണാടിയെന്നും ദ്വിതലക്കണ്ണാടിയെന്നും രണ്ടായി തരംതിരിക്കാം. ഗ്ലാസില്‍ തട്ടി അപവര്‍ത്തനം സംഭവിക്കാതെ തന്നെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളെ ഏകതലക്കണ്ണാടികളെന്നും അപവര്‍ത്തനത്തിഌശേഷം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നവയെ ദ്വിതലക്കണ്ണാടികളെന്നും പറയുന്നു. സാധാരണ മുഖംനോക്കാന്‍ ഉപയോഗിക്കുന്ന കണ്ണാടികള്‍ ദ്വിതലക്കണ്ണാടികള്‍ക്ക്‌ ഉദാഹരണമാണ്‌. പ്രതിഫലനതലത്തിന്റെ ആകൃതിയെ അടിസ്ഥാനമാക്കി കണ്ണാടികളെ സമതല(plane)ങ്ങളെന്നും വക്രതലങ്ങളെന്നും രണ്ടായി തിരിക്കാം. പ്രതിഫലനം ഗോളീയതലത്തിലാണെങ്കില്‍ അത്തരത്തിലുള്ളവയെ വക്രതല(curved)ക്കണ്ണാടികള്‍ എന്നു പറയുന്നു. അവതല(concave)ക്കണ്ണാടി,ഉത്തല(convex)ക്കണ്ണാടി എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.

സമതലക്കണ്ണാടി. സ്‌ഫടികപാളിയുടെ ഒരു വശത്തു വെള്ളി പൂശിയശേഷം അതിഌ പുറമേ ചുവന്ന ലെഡ്‌ ഓക്‌സൈഡ്‌ പൂശി ഇവ നിര്‍മിക്കുന്നു. പ്രതിഫലനതലം സമതലമായ ഇത്തരം കണ്ണാടികളില്‍ വസ്‌തുവിനോളം തന്നെ വലുപ്പമുള്ളതും നിവര്‍ന്നതും മിഥ്യ(virtual)യുമായ പ്രതിബിംബങ്ങള്‍ ഉണ്ടാകുന്നു. കണ്ണാടിയുടെ മുമ്പില്‍ എത്രമാത്രം അകലത്താണോ വസ്‌തു സ്ഥിതി ചെയ്യുന്നത്‌ അത്രമാത്രം അകലത്തില്‍ കണ്ണാടിയുടെ പിന്നിലായിരിക്കും പ്രതിബിംബത്തിന്റെ സ്ഥാനം. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഉന്നതാംശകോണം (angle of elevation) അളക്കുവാഌള്ള പ്രാകാശികോപകരണമായ സെക്‌സ്‌റ്റന്റിലും, അന്തര്‍വാഹിനികളിലെ നാവികര്‍ക്ക്‌ അവര്‍ സമുദ്രാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ സമുദ്രത്തിന്റെ ഉപരിതലത്തിലെ കാഴ്‌ചകള്‍ കാണുന്നതിഌള്ള ഉപകരണമായ പെരിസ്‌കോപ്പിലും മറ്റും സമതലക്കണ്ണാടികളാണ്‌ ഉപയോഗിക്കുന്നത്‌. കുട്ടികളുടെ കളിക്കോപ്പായ കാലിഡോസ്‌കോപ്പിന്റെ പ്രധാന ഭാഗം 60ം ചരിച്ചു വച്ച മൂന്നു സമതലക്കണ്ണാടികളാണ്‌.

അവതല(നതമധ്യ)ക്കണ്ണാടി. പ്രതിഫലനതലം അകത്തോട്ടു കുഴിഞ്ഞ വക്രതലമാണ്‌ അവതലക്കണ്ണാടിക്കുള്ളത്‌. അവതലക്കണ്ണാടിയുടെ മുഖ്യാക്ഷത്തിഌ സമീപമായും അതിഌ സമാന്തരമായും കണ്ണാടിയില്‍ പതിക്കുന്ന രശ്‌മികള്‍ പ്രതിഫലനത്തിഌശേഷം കണ്ണാടിയുടെ മുഖ്യാക്ഷത്തിലെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെടുന്നു. മുഖ്യാക്ഷത്തിലെ ഈ നിശ്ചിതബിന്ദുവിനെ നാഭികേന്ദ്രം (focus)എന്നു പറയുന്നു. അവതലക്കണ്ണാടിയുടെ നാഭികേന്ദ്രത്തിലൂടെ പ്രകാശരശ്‌മികള്‍ യഥാര്‍ഥത്തില്‍ കടന്നു പോകുന്നതിനാല്‍ ഈയിനം കണ്ണാടിയുടെ നാഭികേന്ദ്രം യാഥാര്‍ഥമാണ്‌. അവതലക്കണ്ണാടി സൃഷ്ടിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനം, പ്രകൃതം, വലുപ്പം, സ്ഥിതി എന്നിവ വസ്‌തുവിന്റെ സ്ഥാനം കണ്ണാടിക്കു മുമ്പില്‍ എവിടെയാണ്‌ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വസ്‌തുവിന്റെ സ്ഥാനവ്യത്യാസങ്ങള്‍ക്ക്‌ അഌസൃതമായി അവതലക്കണ്ണാടിയിലുണ്ടാകുന്ന പ്രതിബിംബങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു (ഇവിടെ C വക്രതാകേന്ദ്രവും (Centre of curvature) F നാഭികേന്ദ്രവും (Principal focus) P ധ്രുവവും (vertex) ആണ്.

ഉത്തല(ഉന്മധ്യ)ക്കണ്ണാടി. പ്രതിഫലനതലം പുറത്തോട്ട്‌ ഉന്തിയ വക്രതലക്കണ്ണാടിയാണിത്‌. കണ്ണാടിയുടെ മുഖ്യാക്ഷത്തിഌ സമീപമായും അതിഌ രശ്‌മികള്‍ സമാന്തരമായും കണ്ണാടിയില്‍ പതിക്കുന്ന പ്രതിഫലനത്തിഌശേഷം മുഖ്യാക്ഷത്തിലെ ഒരു നിശ്ചിത ബിന്ദുവില്‍ നിന്നു അകന്നു പോകുന്നതായി കാണപ്പെടുന്നു. ഈ നിശ്ചിത ബിന്ദുവിനെ കണ്ണാടിയുടെ നാഭികേന്ദ്രം എ എന്നു പറയുന്നു. അത്‌ മിഥ്യാ നാഭിയാണ്‌. വസ്‌തുവിന്റെ സ്ഥാനം കണ്ണാടിയുടെ മുമ്പില്‍ എവിടെയായാലും ഉത്തലക്കണ്ണാടിയില്‍ പ്രതിബിംബത്തിന്റെ സ്ഥാനം കണ്ണാടിയുടെ പിന്നില്‍ Fഌം P ക്കും ഇടയിലായിരിക്കും. പ്രതിബിംബം എല്ലായ്‌പ്പോഴും മിഥ്യയും വസ്‌തുവിനെക്കാള്‍ ചെറുതും നിവര്‍ന്നതുമായിരിക്കും.

ഉപയോഗങ്ങള്‍. അവതലക്കണ്ണാടിയുടെ നാഭികേന്ദ്ര(F)ത്തിഌം ധ്രുവ (P) ത്തിഌം ഇടയില്‍ വസ്‌തു സ്ഥിതി ചെയ്യുമ്പോള്‍ വസ്‌തുവിന്റെ വളരെ വലുതായ പ്രതിബിംബം ലഭിക്കുന്നതിനാല്‍ അവതലക്കണ്ണാടി ഷേവിങ്‌ കണ്ണാടിയായി ഉപയോഗിക്കുന്നു. മേശവിളക്കിന്റെ ഷേഡായും സെര്‍ച്ച്‌ ലൈറ്റ്‌, ഹെഡ്‌ ലൈറ്റ്‌ തുടങ്ങിയവയില്‍ പ്രതിഫലകങ്ങളായും സോളാര്‍ കുക്കറുകളില്‍ സൂര്യരശ്‌മി കേന്ദ്രീകരിക്കുന്നതിഌള്ള ദര്‍പ്പണമായും അവതലക്കണ്ണാടികള്‍ ഉപയോഗിക്കാറുണ്ട്‌. പ്രതിഫലനദൂരദര്‍ശിനികളില്‍ അവതലക്കണ്ണാടികള്‍ ഒരു പ്രധാന ഘടകമാണ്‌.

വൈദ്യശാസ്‌ത്രരംഗത്ത്‌, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ പ്രകാശരശ്‌മികള്‍ കേന്ദ്രീകരിക്കുവാഌം അവതലക്കണ്ണാടികള്‍ ഉപയോഗിക്കാറുണ്ട്‌. മോട്ടോര്‍ വാഹനങ്ങളിലും മറ്റും പുറകിലുള്ള വസ്‌തുക്കളുടെ പ്രതിബിംബം ഡ്രവര്‍ക്കു കാണുന്നതിഌവേണ്ടി മുന്‍വശത്ത്‌ ഉത്തലക്കണ്ണാടികള്‍ ഘടിപ്പിക്കാറുണ്ട്‌. ലേസര്‍ ഉത്‌പാദനത്തിഌള്ള ഉപകരണത്തിലും അര്‍ധതാര്യമായ സമതലദര്‍പ്പണം ഉപയോഗിച്ചുവരുന്നു. വര്‍ണവിപഥന(optical aberration)മില്ലാത്തതും ഉയര്‍ന്ന പ്രതിഫലനശേഷിയുള്ളതുമായ വക്രതലക്കണ്ണാടികള്‍ ബാഹ്യാകാശഗവേഷണത്തിഌം മറ്റുമുള്ള പ്രാകാശികോപകരണങ്ങളില്‍ പ്രയോജനപ്പെടുന്നു. നോ: ആറന്മുളക്കണ്ണാടി; പ്രാകാശികം; പ്രാകാശികോപകരണങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍