This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഋഗ്വേദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഋഗ്വേദം
അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായ ഭാരതീയ കൃതി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം എന്ന സവിശേഷതയും ഇതിനുണ്ട്. അനേകം ഋക്കുകളുള്ളത് (മന്ത്രങ്ങള്‍) എന്ന അർഥത്തിൽ "ബഹ്‌വൃക്', "ബഹ്‌വൃചഃ' എന്നീ പേരുകളിലും അറിയപ്പെടുന്നു. ഋക്, യജുസ്സ്, സാമം, അഥർവം എന്നിങ്ങനെ നാലു വേദങ്ങളുള്ളതിൽ ആദ്യമുണ്ടായത് ഋഗ്വേദമാണെന്ന് പ്രസ്‌തുത ഗ്രന്ഥത്തിൽ പത്താം മണ്ഡലത്തിലുള്ള പുരുഷസൂക്തത്തിൽ വ്യക്തമാക്കിയിട്ടുണ്ട്: "തസ്‌മാദ്‌യജ്ഞാത് സർവഹുത ഋചഃ സാമാനി ജജ്‌ഞിരേ, ഛന്ദാംസി ജജ്‌ഞിരേ തസ്‌മാദ് യജുസ്‌തസ്‌മാദജായത' (ആ സർവാത്മാവിനെ ഹോമിച്ച യജ്ഞത്തിൽനിന്നത്ര ഋക്കും സാമവും ഛന്ദസ്സുകളും യജുസ്സും ഉണ്ടായത്). ഋച് എന്ന ധാതുവിനോട് ക്വിപ് പ്രത്യയം ചേർത്തുണ്ടായ ഋക് ശബ്‌ദത്തിന്, "ഋച്യന്തേ സ്‌തൂയന്തേ ദേവാഃ അനയാ' എന്ന നിഷ്‌പത്തിയനുസരിച്ച് ദേവന്മാരെ സ്‌തുതിക്കുവാനായി പ്രയോഗിക്കപ്പെടുന്നത് എന്നാണ് അർഥം; മന്ത്രം എന്നുസാരം. ഋഗ്വേദമന്ത്രങ്ങള്‍ മറ്റു മൂന്നു വേദങ്ങളിലും ധാരാളമായി ഉദ്ധരിക്കപ്പെടുന്നതുകൊണ്ട് ഇതിന്റെ പുരാതനത്വം സ്‌പഷ്‌ടമാണ്.
ഋഗ്വേദത്തിന്റെ സ്വരൂപം
സൂത്രകാലത്തിലെ ഒരു അനുബന്ധകൃതിയായ ചരണവ്യൂഹത്തിൽ പ്രസ്‌തുത വേദത്തിന് ശാകലം, ബാഷ്‌കളം, ആശ്വലായനം, ശാംഖായനം, മാണ്ഡൂകേയം എന്നിങ്ങനെ അഞ്ചു മുഖ്യശാഖകളുണ്ടെന്നു പ്രസ്‌താവിച്ചുകാണുന്നു. ഇവയിൽ ശാകലവും ബാഷ്‌കളവുമൊഴിച്ചു മറ്റു മൂന്നും മിക്കവാറും നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഈ രണ്ടു ശാഖകള്‍ക്കും കൂടി 21 ബ്രാഹ്മണങ്ങള്‍ (വേദങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കു ബ്രാഹ്മണങ്ങള്‍ എന്നു പറയുന്നു) ഉണ്ടെന്ന് അഭിപ്രായമുണ്ട്.
""ശാകല്യസംഹിതൈകാ ച ബാഷ്‌കളസ്യ തഥാപരാ, തേ സംഹിതേ സമാശ്രിത്യ ബ്രാഹ്മണാന്യോകവിംശതിഃ'' (തയ്‌ക്കാട്ടു യോഗിയാർ)
ഇപ്രകാരമാണെങ്കിലും ഇന്ന് പ്രാചുര്യേണ ശാകലശാഖയാണു നിലവിലുള്ളത്. മൊത്തം 10,472 മന്ത്രങ്ങളുള്ള ഒരു ബൃഹദ്‌കൃതിയാണ് ഋഗ്വേദം. ഈ മന്ത്രങ്ങളെല്ലാം ഉറക്കെച്ചൊല്ലുന്നതിനായി (ഉച്ചൈഃ ഋചാ ക്രിയതേ) ഉപയോഗിക്കുന്നവയാണ്. ഒട്ടുവളരെ ഭിന്നകർത്തൃകങ്ങളായ മന്ത്രങ്ങളുടെ ഒരു സമാഹാരം എന്ന അർഥത്തിൽ ഋഗ്വേദത്തെ ഋഗ്വേദസംഹിത എന്നും പറയാറുണ്ട്. ഇതിനെ ആകെ പത്തു മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ പത്തു മണ്ഡലങ്ങളിലായി 1,017 (1,028 എന്നും അഭിപ്രായമുണ്ട്) സൂക്തങ്ങളും, 10,472 (10,417) ഋക്കുകളും അടങ്ങിയിട്ടുണ്ട്. ഈ സംഹിതയെ മറ്റൊരു രീതിയിലും വിഭജിച്ചുകാണുന്നു. അത് ഇപ്രകാരമാണ്: 8 അഷ്‌ടകങ്ങള്‍, 10 മണ്ഡലങ്ങള്‍, 64 അധ്യായങ്ങള്‍, 85 അനുവാകങ്ങള്‍, 1,017 സൂക്തങ്ങള്‍, 2,006 വർഗങ്ങള്‍, 10,472 ഋക്കുകള്‍, 20,875 അർധർച്ചങ്ങള്‍, 193,816 പദങ്ങള്‍. ഈ രണ്ടാമത്തെ വിഭജനക്രമം എളുപ്പത്തിൽ ഓർമവയ്‌ക്കുന്നതിനായി പ്രസ്‌തുത സംഖ്യകളെ പരൽപ്പേരുകള്‍കൊണ്ടു നിർദേശിച്ചിട്ടുള്ള ഒരു പദ്യം താഴെ കൊടുക്കുന്നു.
""ജാനന്നപി ത്വിഷാ മോദം സായജ്ഞഃ (ത്‌നഃ) പാതുനോനരഃ രസംഭിന്നായ മാംസാദോ നരസ്‌തസ്യ ജലാധിപഃ''
ജാനന്‍ = 8; അപി = 10; ത്വിഷാ = 64; മോദം = 85; സയജ്ഞഃപാ =1,017; തുനോനരഃ = 2,006; രസംഭിന്നായ = 10,472; മാംസാദോനരഃ=20875; തസ്യജലാധിപഃ = 193,816. സൂക്തങ്ങളുടെ സംഖ്യയിൽ 1,017 എന്നും 1,028 എന്നും രണ്ടഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. "ബാലഖില്യം' എന്നു പറയപ്പെടുന്ന 11 സൂക്തങ്ങളെ ഒരു വിഭാഗക്കാർ ഉള്‍പ്പെടുത്താത്തതിനാലും മറ്റൊരു വിഭാഗക്കാർ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാലുമാണ്. കേരളത്തിലെ ഓത്തു ചൊല്ലുന്ന നമ്പൂതിരിമാർക്കിടയിൽ രണ്ടാമത്തെ വിഭജനം കൂടുതൽ സുപരിചിതമാണ്. ഉദാഹരണമായി, നാലാം അട്ട(അഷ്‌ടക)ത്തിൽ മുതലാം ഓത്തിൽ (അധ്യായത്തിൽ) ഒമ്പതാം വർക്ക (വർഗ)ത്തിൽ മൂന്നാം അന്തം (അർധർച്ചം) ഏതാണെന്നു ചോദിച്ചാൽ "അസ്യ ഹി സ്വയശസ്‌തരഃ' എന്നു പെട്ടെന്നു മറുപടി പറഞ്ഞെന്നു വരും. ഇവിടെ പ്രചരിച്ചിട്ടുള്ള അട്ടം, ഓത്ത്, വർക്കം, അന്തം മുതലായ പ്രത്യേക കേരളീയശൈലികള്‍ ശ്രദ്ധേയമാണ്. അഷ്‌ടകത്തിൽ എട്ടധ്യായം എന്നു നിയമമുണ്ട്. എന്നാൽ മണ്ഡലത്തിൽ ഇത്ര അനുവാകമെന്നോ അധ്യായത്തിൽ ഇത്ര വർഗമെന്നോ സൂക്തത്തിൽ ഇത്ര ഋക്കെന്നോ വർഗത്തിൽ ഇത്ര അന്തം (അർധർച്ചം) എന്നോ നിയമമില്ല. രണ്ടുമുതൽ 21 വരെ അന്തങ്ങളുള്ള വർഗങ്ങളുണ്ട്; 1 മുതൽ 8 വരെ പാദങ്ങളുള്ള ഋക്കുകളുമുണ്ട്. 1 മുതൽ 5 വരെ പാദങ്ങളുള്ള അന്തങ്ങളുണ്ട്; 10 മുതൽ 76 വരെ അക്ഷരങ്ങളുള്ള ഋക്കുകളുമുണ്ട്. ഋഗ്വേദത്തിൽ ഉപയോഗിച്ചിട്ടുള്ള ഛന്ദസ്സുകളെ രണ്ടു സപ്‌തവർഗങ്ങളായി നിർദേശിക്കാറുണ്ട്. ആദ്യത്തെ സപ്‌തവർഗത്തിൽപ്പെട്ട ഗായത്രി, ഉഷ്‌ണിക്, അനുഷ്‌ടുപ്, ബൃഹതി, പങ്‌ക്‌തി, ത്രിഷ്‌ടുപ്, ജഗതി എന്നിവയെ ദേവച്ഛന്ദസ്സുകള്‍ എന്നും രണ്ടാമത്തെ സപ്‌തവർഗത്തിൽപ്പെട്ട അതിജഗതി, ശക്വരി, അതിശക്വരി, അഷ്‌ടി, അത്യഷ്‌ടി, ധൃതി, അതിധൃതി എന്നിവയെ അതിച്ഛന്ദസ്സുകള്‍ എന്നും വ്യവഹരിക്കുന്നു. പദങ്ങളുടെ വിന്യാസഭേദംകൊണ്ട് ദേവച്ഛന്ദസ്സുകള്‍ക്ക് അവാന്തരസംജ്ഞകളുണ്ട്. ഉദാ. വർധമാനഗായത്രി, പ്രതിഷ്‌ഠാഗായത്രി, ഭൂരിഗായത്രി, നിചൃദ്‌ഗായത്രി എന്നിവ. അതിച്ഛന്ദസ്സുകള്‍ക്ക് പാദവിന്യാസഭേദഹേതുകമായ അവാന്തരസംജ്ഞകളില്ല.
വേദത്തിൽ അക്ഷരം, പദം, പാദം മുതലായതിന് കാലാന്തരത്തിലോ ദേശാന്തരത്തിലോ മാറ്റം (ഏറ്റക്കുറച്ചിൽ) വരരുതെന്നു കരുതി അതിന്റെ ബാഹ്യ(ശബ്‌ദ)രക്ഷയ്‌ക്കായി അനേകം നിഷ്‌കർഷകള്‍ ആദ്യകാലം മുതല്‌ക്കേ ചെയ്‌തുപോന്നിരിക്കുന്നു. പദപാഠം, ക്രമപാഠം, ജടാപാഠം, ഘനപാഠം എന്നിങ്ങനെ നാലുതരം പാഠങ്ങള്‍ അവയിൽ പ്രധാനങ്ങളാണ്. സംഹിതയിലുള്ള എല്ലാ വാക്കുകളെയും സന്ധിയിൽനിന്നും സമാസത്തിൽനിന്നും വേർപെടുത്തി പ്രത്യേകമായി എടുത്തിട്ടുള്ളതാണ് പദപാഠം. പദപാഠത്തിലെ ഓരോ വാക്കുമെടുത്ത് അതിന്റെ മുമ്പിലത്തെ വാക്കും പിമ്പിലത്തെ വാക്കും കൂട്ടിച്ചേർത്തുള്ള പാഠം ക്രമപാഠമാണ്. അതിനെത്തുടർന്നുള്ളതാണ് ജടാപാഠം; ഇതിൽ ക്രമപാഠങ്ങള്‍ തമ്മിൽ കൂട്ടിയിണക്കിയിരിക്കുന്നു. ജടാപാഠത്തിൽ തെറ്റുവരാതിരിക്കുന്നതിനാണ് ഘനപാഠം; ഇതിലാകട്ടെ പദപാഠവും ക്രമപാഠവും അങ്ങോട്ടുമിങ്ങോട്ടും മുമ്പോട്ടും പിമ്പോട്ടും കൂട്ടിയിണക്കിയിട്ടുണ്ട്. ഈ നാലുതരം പാഠങ്ങള്‍കൊണ്ട് വൈദികഋഷികള്‍ വേദമന്ത്രങ്ങളെ അപപാഠനിർമുക്തങ്ങളാക്കി സംരക്ഷിച്ചിരിക്കുന്നു. കൂടാതെ പദപാഠത്തിൽ പ്രത്യേകമായി അപഗ്രഥിച്ചിട്ടുള്ള വാക്കുകളെ തിരികെ കൂട്ടിയിണക്കി സംഹിതയാക്കുന്നതിനുള്ള നിയമങ്ങള്‍ പ്രത്യേകമായി നിബന്ധിച്ചിട്ടുള്ള ഗ്രന്ഥമാണ് പ്രാതിശാഖ്യം. ഓരോ മന്ത്രവും അതിന്റെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും സംഹിതയിലുള്ള ക്രമത്തിൽ അടുക്കിലും ചിട്ടയിലും കൊടുത്തിട്ടുള്ള അനുക്രമണിയുമുണ്ട്. ഇത്രയും വലിയ നിഷ്‌കർഷ ലോകത്തിൽ മറ്റൊരു ഗ്രന്ഥത്തിനും ഉണ്ടായിട്ടില്ല. തന്മൂലം ഏറ്റവും പ്രാചീനകൃതിയായിട്ടുപോലും ഋഗ്വേദം ഇന്നും അവികലവും പരിശുദ്ധവുമായിത്തന്നെ തുടരുന്നു. ഇതിനു പുറമേ ആദികാലത്തുതന്നെ നിർമിതങ്ങളും വേദാംഗങ്ങള്‍ എന്നു പ്രസിദ്ധങ്ങളുമായ ശിക്ഷ (ശരിയായി മാത്രയനുസരിച്ചുള്ള ഉച്ചാരണം), ഛന്ദസ്സ്, വ്യാകരണം, നിരുക്തം, കല്‌പം, ജ്യോതിഷം എന്ന ഗ്രന്ഥങ്ങളും ഈ വേദത്തിന്റെ (എല്ലാ വേദങ്ങളുടെയും) ശുദ്ധിയും രൂപവും നിലനിർത്തുന്നതിനു സഹായിക്കുന്നു.
ഋഗ്വേദത്തിൽ ആകെ പത്തു മണ്ഡലങ്ങളുള്ളതിൽ 2, 3, 4, 5, 6, 7 എന്നിവ മിക്കവാറും പ്രാചീനതമമാകുവാനാണു സാധ്യത. ഇവ ഭൃഗു, വിശ്വാമിത്രന്‍, വാമദേവന്‍, അത്രി, ഭരദ്വാജന്‍, വസിഷ്‌ഠന്‍ എന്നീ ഋഷികുലങ്ങളുടെതാണ്. ഒന്നാമത്തെ മണ്ഡലത്തിലെ 50 സൂക്തങ്ങളും 8-ാം മണ്ഡലം മുഴുവനും കണ്വകുലത്തിന്റേതാണ്. ഒന്നാം മണ്ഡലത്തിലെ 51 മുതൽ 191 വരെയുള്ള സൂക്തങ്ങള്‍ അനേകം ഋഷികുലങ്ങളിൽപ്പെട്ടവരുടേതാണ്. ഒമ്പതാമത്തെ മണ്ഡലത്തിന് ഒരു സവിശേഷതയുണ്ട്. അതിലെ സൂക്തങ്ങളെല്ലാം പവമാനസോമസ്‌തുതിയാണ്. അതായത് അവയിലെ ദേവത പവമാനസോമം ആണ്; ഋഷികള്‍ പല ഗോത്രത്തിൽപ്പെട്ടവരും. പത്താമത്തെ മണ്ഡലത്തിന് മറ്റു മണ്ഡലങ്ങളുമായുള്ള ബന്ധം ശിഥിലമായിക്കാണുന്നു; ഭാഷാപരമായും വിഷയപരമായും ഇത് വ്യത്യസ്‌തവുമാണ്. തന്മൂലം ഇത് പില്‌ക്കാലത്ത് എഴുതിച്ചേർത്ത ഭാഗമായി കരുതുന്നവരുമുണ്ട്. വിരാട് പുരുഷനെ സ്‌തുതിക്കുന്ന പുരുഷസൂക്തം (10.8.90) ഇതിലുള്ളതാണ്. ഈ സൂക്തത്തിലെ 12-ാം മന്ത്രത്തിന്റെ പരിഭാഷ(വള്ളത്തോള്‍) ചുവടെ ചേർക്കുന്നു.
""അവന്റെ മുഖം ബ്രാഹ്മണനാണ്; കൈകള്‍ ക്ഷത്രിയന്‍; അവന്റെ തുട വൈശ്യന്‍; കാൽകളിൽനിന്നു ശൂദ്രന്‍ ജനിച്ചു.''
ഭാരതത്തിൽ പിന്നീടുണ്ടായ ചാതുർവർണ്യവ്യവസ്ഥയ്‌ക്കു നിദാനം ഇതാണെന്നു പറയപ്പെടുന്നു. ഇവിടെയുണ്ടായിട്ടുള്ള വിവിധതത്ത്വചിന്താപദ്ധികള്‍ക്കും സാഹിത്യപ്രസ്ഥാനങ്ങള്‍ക്കും സ്രാതസ്സായി ഈ മണ്ഡലം പ്രകീർത്തിക്കപ്പെടുന്നുണ്ട്. ഋഗ്വേദത്തിലെ ചില ഋക്കുകളുടെ ഋഷികള്‍ സ്‌ത്രീകളാണ് (ഉദാ. ലോപാമുദ്ര); അനേകം ഋഷികള്‍ ദേവതകള്‍ തന്നെയാണ് (ഉദാ. ഇന്ദ്രന്‍, ശചി, വൃഷാകപി, യമന്‍, യമി). ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്നു ലഭിച്ചിട്ടുള്ള ഋഗ്വേദസംഹിതയിലെ ഒന്നും പത്തും മണ്ഡലങ്ങള്‍ കൂട്ടിച്ചേർക്കപ്പെട്ടവയാണെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.
ഋഗ്വേദ കാലം
ഇന്നും ഇതു പൂർണമായി തീരുമാനിക്കപ്പെട്ടിട്ടില്ല. കാലനിർണയനത്തിൽ രണ്ടുതരം പ്രവണതകള്‍ പ്രകടമായി കാണുവാന്‍ സാധിച്ചിട്ടുണ്ട്; പാശ്ചാത്യപണ്ഡിതന്മാർ ഋഗ്വേദകാലത്തെ മുന്നോട്ടും പൗരസ്‌ത്യപണ്ഡിതന്മാർ പിമ്പോട്ടും കൊണ്ടുപോകുന്നതിനുള്ള വാദഗതികളാണ് ഉന്നയിച്ചിട്ടുള്ളത്. ബി.സി. 1500-നു മുമ്പ് ഒരിക്കലും പിറകോട്ടു പോവുകയില്ല വേദകാലം എന്ന് മിക്ക പാശ്ചാത്യവിദ്വാന്മാരും പ്രഖ്യാപിക്കുമ്പോള്‍ ബി.സി. 5000-ന് ഇപ്പുറമല്ല അതെന്ന് ഭാരതീയപണ്ഡിതാഗ്രണിയായ ബാലഗംഗാധരതിലകന്‍ ആഭ്യന്തരത്തെളിവുകള്‍ മൂലം സമർഥിക്കുന്നു. മാക്‌സ്‌മുള്ളർ ബി.സി. 1500 എന്നും, കീത്ത് (Kieth) 1400 എന്നും പാർജിറ്റർ(Pargiter) 1500 എന്നും വെബർ (Weber)2000 എന്നും ജേക്കോബി (H.Jacobi) 4000 എന്നും പ്രസ്‌താവിച്ചപ്പോള്‍ വേദമന്ത്രങ്ങളിലുള്ള നക്ഷത്രസ്ഥിതികളിൽ നിന്നു ഗണിച്ചുനോക്കിയിട്ടാണ് തിലകന്‍ ഋഗ്വേദകാലത്തെ ബി.സി. 5000 എന്നു തിട്ടപ്പെടുത്തിയിരിക്കുന്നത്. വേദകാലത്തെ സാമൂഹ്യജീവിതവും ഇന്നത്തെ നാഗരികതയും തമ്മിൽ തട്ടിച്ചുനോക്കിയാൽ ചില ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത് വേദത്തിന് 22,000 വർഷത്തെ പഴക്കമുണ്ടെന്നാണ്. സിന്ധുനദീതടത്തിലെ ഖനനഗവേഷണങ്ങള്‍ക്കു ശേഷമാണ് ഈ ആശയം ഉടലെടുത്തത്. എന്നാൽ ഒടുവിലത്തെ ഗവേഷകന്മാർ വേദത്തിന് ഒരു ലക്ഷം സംവത്സരത്തിന്റെ പഴക്കം കണ്ടെത്തിയിരിക്കുന്നു. ഋഗ്വേദം തന്നെയാണ് അതിന് ആധാരം. വിപാട് എന്നും ശുതുദ്രിയെന്നും രണ്ടു നദികള്‍ സമുദ്രത്തിൽ ചെന്നുചേരുന്നതായി വേദത്തിൽ പ്രസ്‌താവിക്കുന്നുണ്ട്. മൂന്നാം മണ്ഡലം മൂന്നാമനുവാകം മുപ്പത്തിമൂന്നാം സൂക്തത്തിലെ (3.3.33) ആദ്യത്തെ മൂന്നു ഋക്കുകള്‍ (പരിഭാഷ) ഇവിടെ ഉദ്ധരിക്കുന്നു. ""മലകളുടെ മടിയിൽനിന്നു കൊതിക്കുന്ന വിപാട്ടും ശുതുദ്രിയും, വിമുക്തകളായ രണ്ടു പെണ്‍കുതിരകള്‍പോലെ ഇമ്പം പൂണ്ടും നക്കാനിച്ഛിക്കുന്ന രണ്ടു തള്ളപ്പൈക്കള്‍പോലെ ശോഭിച്ചും കുതിച്ചോടുന്നു!
ഇന്ദ്രനാൽ അയയ്‌ക്കപ്പെട്ടു വിട ചോദിക്കുന്ന നിങ്ങളിരുവരും സമ്മിളിതകളായി, തിരകളാൽ തഴപ്പിച്ചുകൊണ്ടും, രണ്ടു തേരാളികള്‍പോലെ, നേരെ സമുദ്രത്തിലേക്കു പോകയാണ്; പ്രഭാവതികളെ, നിങ്ങളിൽ ഒരുവള്‍ മറ്റവളോടു ചേരുന്നു. "ഞാന്‍ ഉറ്റ മാതാവായ സിന്ധുവിനെ പ്രാപിച്ചു-ഞങ്ങള്‍ മഹതിയും സുഭഗയുമായ വിപാട്ടിന്റെ അടുക്കലെത്തി. കുട്ടിയെ നക്കാന്‍ രണ്ടു തള്ളപ്പൈക്കള്‍പോലെ ഒരേ സ്ഥലത്തേക്കു പോവുകയാണിവർ:'
ഇതിൽ പറയുന്നതിനനുസരിച്ച് പ്രസ്‌തുതനദികള്‍ നേരെയാണു സമുദ്രത്തിൽ ചെന്നുചേർന്നിരുന്നത്. എന്നാൽ ഇപ്പോഴാകട്ടെ, അവ സിന്ധുമഹാനദിയിൽ ചെന്നുചേർന്നതായി കാണുന്നു. വേദകാലത്തിനുശേഷം സമുദ്രം പിന്നിലേക്ക് ഒഴിഞ്ഞതാവണം ഇതിനുകാരണം. പണ്ടുസമുദ്രമായിരുന്ന ഇത്രയധികം സ്ഥലം ഇന്നു കാണുന്ന രീതിയിലായിത്തീരണമെങ്കിൽ ഒരു ലക്ഷം സംവത്സരമെങ്കിലും കൂടാതെ നിർവാഹമില്ല എന്ന വാദഗതിയാണ് ഒടുവിലത്തെ നിഗമനത്തിനടിസ്ഥാനം. എന്നാൽ ചരിത്രപരവും മറ്റു വിധത്തിലുമുള്ള പല തെളിവുകളെയും ആധാരമാക്കി പരിശോധിക്കുമ്പോള്‍ വേദമന്ത്രങ്ങളുടെ നിർമാണകാലം ക്രിസ്‌തുവിനു മുമ്പ് 2500-ാമാണ്ടു തുടങ്ങി 2000 വരെ നീണ്ടുനിന്നിരുന്നുവെന്നും കൃഷ്‌ണദ്വൈപായനനായ വ്യാസന്‍ അവയെ 2000-നും 1500-നുമിടയ്‌ക്ക് സംഹിതയാക്കി ക്രമപ്പെടുത്തിയെന്നും ഊഹിക്കുകയാണ് ഉത്തമം. ചരിത്രപരമായ പശ്ചാത്തലം ഇങ്ങനെയാണെങ്കിലും യാഥാസ്ഥിതികരായ വേദവിത്തുകളുടെ മതമനുസരിച്ച് വേദം ഇന്നും അനാദിയാണ്, അപൗരുഷേയവുമാണ്. അത് ഇന്ന കാലത്തുണ്ടായി എന്നു പറയുവാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ വേദമാണ് ബ്രഹ്മാവിന് പ്രപഞ്ചസൃഷ്‌ടിയുടെ ഉപായം കാണിച്ചുകൊടുത്തത്; അതനുസരിച്ചാണ് ആ പ്രപഞ്ചശില്‌പി പൂർവകല്‌പത്തിലെപ്പോലെ സൂര്യചന്ദ്രന്മാരെയും ദ്യാവാപൃഥിവികളെയും മറ്റും നിർമിച്ചത്: "സൂര്യചന്ദ്രന്മാരെയും, സുഖാത്മകമായ സ്വർഗത്തെയും, ഭൂമിയെയും, അന്തരീക്ഷത്തെയും വിധാതാവ് മുമ്പത്തെപ്പോലെ സൃഷ്‌ടിച്ചു'. (10.12.190-3) ഇതാണ് അവർ പറയുന്ന ന്യായം. പൂർവകല്‌പത്തിനും ഒരു പൂർവകല്‌പമുണ്ടാകണം, അതിനു പിന്നെയും പൂർവകല്‌പമുണ്ടായിരിക്കണം-അങ്ങനെ കല്‌പങ്ങള്‍ അനവസാനമായി പിറകോട്ടു പോകുന്നതിനാൽ വേദം അനാദിയാണ്.
ഋഗ്വേദ ദേവതകള്‍
ഋഗ്വേദത്തിലെ സൂക്തങ്ങള്‍ ദേവതാസ്‌തുതിരൂപങ്ങളാകയാൽ പ്രധാനമായ വിഷയം ദേവതകളാണ്: ദേവതകളുടെ സ്വരൂപവും സ്വഭാവവും നിരൂപണംചെയ്‌താൽ ഈ ഗ്രന്ഥത്തിലെ വിഷയം ഏറെക്കുറെ പൂർണമാകുന്നതാണ്. ഋഗ്വേദസൂക്തപ്രസ്ഥാനം പര്യാലോചിക്കുമ്പോള്‍ ഋഷികള്‍ ഈ പ്രപഞ്ചത്തെ ഭൂമി, അന്തരീക്ഷം, ദ്യോവ് എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നത് കാണാം. ദ്യോവ് സൂര്യന്റെയും, അന്തരീക്ഷം വായുവിന്റെയും, ഭൂമി അഗ്നിയുടെയും സ്ഥാനമാണ്. ഓരോ സ്ഥാനത്തും അവാന്തരവിഭാഗങ്ങളും ദേവതാന്തരങ്ങളുമുണ്ടെങ്കിലും അഗ്നി, വായു, സൂര്യന്‍ എന്നിവരാണ് മുഖ്യദേവതകളായി കല്‌പിക്കപ്പെട്ടിരിക്കുന്നത്. ഈ മൂന്നു സ്ഥാനങ്ങളിലും കൂടി "ത്രിരേകാദശ' എന്ന് 33 ദേവതകളുള്ളതായി ഋഗ്വേദത്തിൽത്തന്നെ പറയുന്നുണ്ട്. സൂക്ഷ്‌മപരിശോധനയിൽ ഇനിയും കൂടുതലുള്ളതായി സൂക്തങ്ങളിൽനിന്നു മനസ്സിലാക്കാം. പ്രകൃതി, പ്രവൃത്തി, ആവശ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി പുരുഷധർമം ആരോപിച്ചുള്ള കല്‌പനകളാകയാൽ വൈദികഋഷികള്‍ അനേകം പ്രകാരത്തിൽ ദേവതകളെ സ്വീകരിച്ചിട്ടുണ്ട്. ഋക്‌സൂക്തങ്ങളിൽ പൊതുവേ ആവിർഭവിച്ചിരിക്കുന്ന ദേവതകള്‍ ഇവയാണ്:
ഭൂസ്ഥാന അന്തരീക്ഷ ദ്യുസ്ഥാന ദേവതകള്‍ ദേവതകള്‍ ദേവതകള്‍ അഗ്നി വായു മരുത്തുകള്‍ അപ്പുകള്‍ വരുണന്‍ അശ്വിനീദേവകള്‍ രാത്രി രുദ്രന്‍ അദിതി ശ്രദ്ധ ഇന്ദ്രന്‍ ഉഷസ് പൃഥിവി ബൃഹസ്‌പതി സവിതാവ് ഓഷധികള്‍ മിത്രന്‍ സൂര്യന്‍ സോമന്‍ മന്യു പ്ലൂഷാവ് വിഷ്‌ണു
ഋഗ്വേദദൃഷ്‌ടിയിൽ ദേവന്മാരെല്ലാം അദിതിയിൽനിന്നു ജനിച്ചവരാകയാൽ അവർക്കു ജന്മമുണ്ട്; എന്നാൽ സോമപാനം നിമിത്തം അമർത്യരാണ്. എങ്കിലും പ്രളയകാലത്ത് ഇവരെല്ലാം ലയിക്കേണ്ടവരുമാണ്. ഈ ദേവതകളുടെ ശരീരം ഛായാരൂപവും അദൃശ്യവുമാണെങ്കിലും മനുഷ്യരുടേതുപോലെ കർമദക്ഷങ്ങളായ കരചരണാദ്യവയവങ്ങളും ആയുധങ്ങളും ഉള്ളതായി വർണിക്കപ്പെട്ടിരിക്കുന്നു. അഗ്നിക്ക് ജ്വാലതന്നെയാണ് നാവു മുതലായത്. സൂര്യന് മണ്ഡലം നേത്രവും കിരണങ്ങള്‍ ഹസ്‌തങ്ങളുമാണ്. ഇന്ദ്രന്‍ വജ്രായുധമുള്ളവനെന്നു പ്രസിദ്ധമാണ്. രുദ്രന്‍ അമ്പും വില്ലും ധരിച്ചിട്ടുള്ളതായി നിർദേശിച്ചിരിക്കുന്നു. സ്‌തോതാക്കള്‍ക്ക് ആപത്തുകള്‍ നീക്കി സമ്പത്തുകളും രോഗാദ്യനർഥങ്ങള്‍ നീക്കി ആയുരാരോഗ്യസൗഖ്യവും അതിവൃഷ്‌ട്യനാവൃഷ്‌ടിദോഷങ്ങള്‍ പോക്കി ശത്രുക്കളിൽനിന്നു രക്ഷയുമരുളി പ്രസാദിക്കുന്നവരായിട്ടാണ് ഈ ദേവതകള്‍ സങ്കല്‌പിക്കപ്പെട്ടിരിക്കുന്നത്. ഋഗ്വേദം ഹിന്ദുമതത്തിന്റെ മൂലഗ്രന്ഥമാണെങ്കിലും ഹിന്ദുക്കള്‍ ഇന്നാരാധിക്കുന്ന ദേവന്മാർക്ക് ഇതിൽ ഒരു സ്ഥാനവുമില്ല. ഉദാഹരണമായി വിഷ്‌ണു അഞ്ചു മന്ത്രങ്ങളിൽ സ്‌തുതിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതരദേവതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രാബല്യം കുറഞ്ഞ ദേവനാണ്; ഇന്ദ്രന്റെ അനുജന്‍, കൂട്ടുകാരന്‍ എന്ന് സ്ഥാനമേയുള്ളു. രുദ്രന്‍ ഒരു ദേവതയാണെങ്കിലും കപർദിയെക്കുറിച്ചു പ്രസ്‌താവമുണ്ടെങ്കിലും ശിവപരമായി ഒരു സ്‌തോത്രംപോലും ഋഗ്വേദത്തിലില്ല. ദേവീപൂജയും ലിംഗപൂജയും ഋഗ്വേദമറിയുന്നില്ല. വേദത്തിലെ പ്രധാനാരാധനാപാത്രങ്ങള്‍ വരുണന്‍, ഇന്ദ്രന്‍, അഗ്നി, മരുത്തുകള്‍, മിത്രന്‍ മുതലായവരാണ്. എന്നാൽ ഹിന്ദുപുരാണങ്ങളിലേക്കു കടക്കുമ്പോള്‍ വിഷ്‌ണുവും ശിവനും ഏറ്റവും വലിയ ദേവന്മാരായി വർണിക്കപ്പെട്ടു കാണുന്നു; ഇന്ദ്രന്‍ സ്‌ത്രീലമ്പടനായ ഒരു ജളപ്രഭുവായും വിഷ്‌ണുവിന്റെ പാദദാസനുമായി മാറിയിരിക്കുന്നു. മറ്റു ദേവതകളുടെയും പ്രാധാന്യം പുരാണങ്ങളിൽ അല്‌പീഭവിച്ചിട്ടുണ്ട്; പല ദേവതകളും വിസ്‌മരിക്കപ്പെടുകതന്നെ ചെയ്‌തിരിക്കുന്നു. വൈദികദേവതകളിൽ വരുണന്‍, ഇന്ദ്രന്‍, അഗ്നി എന്നിവർക്കാണ് സർവപ്രാമുഖ്യം.
പ്രമുഖവേദദേവതയായ വരുണന്‍ അന്തരീക്ഷസ്ഥാനത്തുള്ള ദേവതകളിൽ പ്രധാനിയാണ്. വരുണന്‍ ശത്രുക്കളെ വരണം (നിവാരണം) ചെയ്യുന്നവനും മിത്രങ്ങള്‍ക്കു വേണ്ടുന്ന വരം നല്‌കുന്നവനുമാണ്. വരുണസ്‌തുതിപരങ്ങളായ ഋക്കുകള്‍ നീതിധർമത്തെ ഉപദേശിക്കുന്നു. നിരുക്തമനുസരിച്ച് ഈ ദേവതയാണ് സൂര്യചന്ദ്രമിത്രാദികളെക്കൂടി തന്റെ ശാന്തമായ ശാസനത്താൽ ഭരിച്ചിരുന്നത്. സൂര്യചന്ദ്രാദികള്‍ക്ക് ലോകത്തിൽ പ്രകാശത്തിനായി അന്തരീക്ഷത്തിൽ മാർഗം തുറന്നുകൊടുക്കുന്നതും ഈ ദേവതയാണ്. നദികളെ പ്രവഹിപ്പിക്കുന്നതും മേഘാവൃതമായ പർവതത്തിൽ ജലം നിറച്ചുവന്ന് മഴ പെയ്യിക്കുന്നതും ഈ ദേവന്റെ ശക്തിയാണ്. ഇന്ദ്രനും അന്തരീക്ഷദേവതകളിൽ പ്രധാനിയായി വാഴ്‌ത്തപ്പെടുന്നു. ഇരയെ-മഴപെയ്യിച്ച് തദ്വാരാ അന്നത്തെ-ദാനം ചെയ്യുന്നവന്‍, ഇന്ദുവിനായി-സോമരസത്തിനായി-ഭ്രമിക്കുന്നവന്‍, ജാഗ്രതയായി ഗമിക്കുന്നവന്‍, ഇന്ദുവിൽ രമിക്കുന്നവന്‍, ഇന്ധനം ദീപനം ചെയ്യുന്നവന്‍, സകല ഭൂതങ്ങള്‍ക്കും അന്നമുണ്ടാക്കിക്കൊടുത്ത് അധിദേവനായും അധ്യാത്മാവായും അവയിൽ പ്രകാശിക്കുന്നവന്‍, ഇക്കാണുന്നതെല്ലാം പ്രവർത്തിപ്പിക്കുന്നവന്‍ അഥവാ കാണുന്നവന്‍, സ്വയം ഐശ്വര്യവാനായിരിക്കുന്നവന്‍, ശത്രുക്കളെ ഒടുക്കുന്നവന്‍, യാഗം ചെയ്യുന്നവരെ ആദരിക്കുന്നവന്‍ എന്നീ അർഥകല്‌പനകളുള്ള ഈ ദേവന്‍ മഴയ്‌ക്കു തടസ്സമായിരുന്ന ആവരണശക്തിയെ ധ്വംസിച്ചു ലോകോപകാരം ചെയ്യുന്നവനായി സ്‌തുതിക്കപ്പെടുന്നു. പൃഥിവീസ്ഥാനദേവതകളിൽ മുഖ്യനായ അഗ്നിയാകട്ടെ യജ്ഞകർമങ്ങളിൽ അപരിഹാര്യനും സർവദേവതാസ്വരൂപനുമാണ്. ഋഗ്വേദസംഹിതയാരംഭിക്കുന്നതുതന്നെ "അഗ്നിം ഈളേ പുരോഹിതം' എന്ന അഗ്നിസ്‌തുതിയോടുകൂടിയാണ്. അഗ്നിക്ക് സർവസാധാരണമായി കാണുന്ന കർമം ദഹനവും ദേവതാരൂപമാകുമ്പോള്‍ പാപദഹനവുമാണ്. മേൽ സൂചിപ്പിച്ച അഗ്നിസ്‌തുതി സൂക്തത്തെ ആധിഭൗതികമായും ആധ്യാത്മികമായും പണ്ഡിതന്മാർ വ്യാഖ്യാനിക്കാറുണ്ട്. തേജസ്വിയായ പുരോഹിതന്‍, യജമാനന്‍ എന്നിങ്ങനെ അഗ്നിയെ ആധിഭൗതികമായി വ്യാഖ്യാനിക്കുമ്പോള്‍ അധ്യാത്മപരമായി, തേജോരൂപിണിയായി, വിദ്യാശക്തിയായി അതിനെ കല്‌പന ചെയ്‌തിരിക്കുന്നു. ചുരുക്കത്തിൽ അഗ്നിയുടെ മഹത്ത്വം അദ്വിതീയമാണ്. ഇതുകൂടാതെ ദ്യാവാപൃഥിവികള്‍, അഗ്നീഷോമന്മാർ, മിത്രാവരുണന്മാർ, ഇന്ദ്രാഗ്നികള്‍ എന്നിങ്ങനെയുള്ള ദേവതാദ്വന്ദ്വങ്ങളുടെ സ്‌തുതികളും ഇതിലുണ്ട്.
ഇപ്രകാരം ഋഗ്വേദം ബഹുദേവതാസ്‌തുതിപരമായ ഒരു ബൃഹദ്‌കൃതിയായി ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഭിന്നരൂപങ്ങളിലും ഭിന്നനാമങ്ങളിലും പ്രകീർത്തിക്കപ്പെടുന്ന ഇവർ വാസ്‌തവത്തിൽ ഒരേ ദേവന്റെ ഭിന്നരൂപങ്ങളാണെന്നും ഒരിടത്തു പ്രസ്‌താവിക്കുന്നുണ്ട്: (1) "ആദിത്യനെ ഇന്ദ്രനെന്നും മിത്രനെന്നും വരുണനെന്നും അഗ്നിയെന്നും പറയുന്നു; വാനത്തു വടിവിൽ പറക്കുന്ന ഗരുഡനും അദ്ദേഹം തന്നെ. മേധാവികള്‍ ഒന്നിനെ പലതാക്കിപ്പറകയാണ്. വൈദ്യുതാഗ്നി, യമന്‍, വായു എന്നിവരും അദ്ദേഹമത്ര! (1.22.164-46). (2) ഏകനായിരിക്കുന്ന സുപർണന് മേധാവികളായ കവികള്‍ അനേകത്വം കല്‌പിക്കുന്നു; യാഗങ്ങളിൽ ഏഴുഛന്ദസ്സുകളെടുത്ത് പന്തിരണ്ടു സോമപാത്രങ്ങള്‍ നിർമിക്കുകയും ചെയ്യുന്നു (10.10.114-5). ഇങ്ങനെ പല ഘട്ടങ്ങളിലും ഏകദേവതാവാദബീജങ്ങള്‍ കാണുന്നതിനു പുറമേ പത്താം മണ്ഡലത്തിലെ പുരുഷസൂക്തംകൊണ്ട് വിശ്വം മുഴുവനുംതന്നെ ഏകദേവസ്വരൂപമായി ഘോഷിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ ഋഗ്വേദദേവതകള്‍ സ്‌ഥൂലത്തിൽ പലതാണ്; എന്നാൽ സൂക്ഷ്‌മത്തിൽ ഒന്നാണ്.
അഗ്നിവരുണേന്ദ്രാദിദേവതകള്‍ക്കു പുറമേ ധാതാവ്, പ്രജാപതി, അപ്‌സരസ്സുകള്‍, ഗന്ധർവന്മാർ മുതലായ അനേകം ഉപദേവതകളും ഓരോ ദേവന്മാരുമായി ഏറ്റുമുട്ടി നാശംപ്രാപിക്കുന്ന ദേവവിരോധികളായ അനേകം അസുരന്മാരും മനു മുതലായ രാജർഷികളും അംഗിരസ് മുതലായ അനേകം ഋഷികളും മറ്റും ഋഗ്വേദത്തിൽ പ്രസ്‌തുതന്മാരായിട്ടുണ്ട്. യാഗം എന്ന പേരിനെ ആധാരമാക്കി പ്രപഞ്ചത്തെക്കുറിച്ചുള്ള ചരിത്രം മുഴുവന്‍ ഊഹിച്ചെടുക്കത്തക്കവച്ചമാണ് ഈ വിശിഷ്‌ടകൃതി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.
വേദപ്രാമാണ്യം
ജ്ഞാനമീമാംസയിൽ ആസ്‌തികദർശനങ്ങള്‍ വേദത്തെ പ്രമാണമായി കല്‌പിച്ചിട്ടുണ്ട്. ഈ പ്രമാണത്തിന് ആഗമം എന്നാണുപേർ. "ശബ്‌ദവിജ്ഞാനാത് സമ്യഗസന്നികൃഷ്‌ടാർഥാനുഭവഃ ആഗമഃ' എന്ന നിർവചനമനുസരിച്ച് ശബ്‌ദം വഴിക്കുള്ള അറിവിൽനിന്ന് ബാഹ്യാഭ്യന്തരേന്ദ്രിയസ്‌പർശമില്ലാത്ത ഒരു വിഷയത്തെക്കുറിച്ചുള്ള ശരിയായ അനുഭവം തരുന്നത് ആഗമമാണ്. വേദത്തിന് വേദത്വം സിദ്ധിച്ചിട്ടുള്ളതുതന്നെ പ്രത്യക്ഷം, അനുമാനം എന്നിവയ്‌ക്കപ്പുറത്തുള്ള അറിവിനെ നല്‌കുന്നതുകൊണ്ടാണെന്ന് പ്രാമാണികന്മാർ പറയുന്നു:
""പ്രത്യക്ഷേണാനുമിത്യാ വാ യസ്‌തൂപായോ ന ബുധ്യതേ ഏതം വിദന്തി വേദേന തസ്‌മാദ്‌വേദസ്യ വേദതാ''
അപൗരുഷേയമായ വേദത്തിലെ മന്ത്രങ്ങള്‍ സത്യദർശികളായ മഹർഷികളുടെ ദർശനങ്ങളാകയാലാണ് അതിന് ഈ പ്രാമാണ്യം സിദ്ധമായിട്ടുള്ളത്. വേദങ്ങള്‍ നാലും വേദസമ്മതിയുള്ള പുരാണങ്ങളും ശാസ്‌ത്രങ്ങളും ആഗമപരിധിയിൽപ്പെടുന്നു. ഏറ്റവും പ്രാക്തനമായ ഋഗ്വേദം സർവഥാ ആദൃതമായ ഒരു പ്രമാണഗ്രന്ഥമാണ്.
സാഹിത്യാംശം
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സാഹിത്യകൃതി എന്ന മേന്മയും ഋഗ്വേദത്തിനുതന്നെ ലഭിക്കുന്നു. "ശബ്‌ദശാസ്‌ത്രപരമായും ചരിത്രപരമായും ആത്മജ്ഞാനപരമായും ഇന്നുവരെ ലോകത്തിലറിയപ്പെട്ടിട്ടുള്ളവയിൽ വച്ച് അഗ്രിമസ്ഥാനം വഹിക്കുന്ന ഗ്രന്ഥം ആര്യവർഗക്കാരുടെ ഏറ്റവും പഴക്കമുള്ളതായ വേദം തന്നെയാണ്' എന്ന് വേദപണ്ഡിതനായ മാക്‌സ് മുള്ളർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആര്യന്മാരുടെ ഇരുളടഞ്ഞ ആദിമചരിത്രത്തിൽനിന്ന് ക്രമികമായ സന്ധ്യ, ഉദയം മുതലായവയൊന്നുമില്ലാത്ത, പെട്ടെന്നുള്ള ഒരു സൂര്യപ്രകാശമാണ് ഋഗ്വേദത്തിൽ കാണുന്നത്. ആഡംബരഹീനതകൊണ്ടുള്ള അകൃത്രിമഭംഗി ഉഷസ്സിന്റെ വർണനയിൽ മാത്രമേ ഇവിടെ കാണുന്നുള്ളൂ. മറ്റെല്ലാം ശബ്‌ദാർഥാലങ്കാരഭാസുരമായ, വളർച്ചയെത്തിയ കല്‌പനകള്‍ നിറഞ്ഞ, ഒന്നാന്തരം സാഹിത്യരൂപമാണ്. കാവ്യസങ്കേതങ്ങളെ നല്ലപോലെ പഠിച്ചശേഷം നിഷ്‌കൃഷ്‌ടമായ അഭ്യാസംകൊണ്ടു നിരവദ്യമാക്കിയ പ്രതിഭയാണ് ഈ കൃതിയിൽ ഉടനീളം കാണുന്നത്. "ഒരു പരിഷ്‌കാരത്തിന്റെ ആദ്യദശയിലുള്ള ഗാനങ്ങളിൽ കാണാറുള്ള പ്രകൃത്യനുസൃതമായ അനാഡംബരത്വം, വികാരാവേശം, ശുദ്ധി എന്നിവ ഋഗ്വേദത്തിൽ അദ്‌ഭുതാവഹമായ വിധത്തിൽ കുറവാണ്' എന്ന് പ്രാഫസർ കോവൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏകദേശം 15-ഓളം വിഭിന്ന വൃത്തങ്ങള്‍ ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. സപ്‌തവർഗങ്ങളെപ്പറ്റി പ്രസ്‌താവിച്ചപ്പോള്‍ ഗായത്രി മുതലായ ഈ ഛന്ദസ്സുകളെ പരാമർശിച്ചിട്ടുണ്ട്. ത്രിഷ്‌ടുപ് എന്ന ഛന്ദസ് ഋഗ്വേദത്തിന്റെ അഞ്ചിൽ രണ്ടു ഭാഗവും സ്വായത്തമാക്കിയിരിക്കുന്നു.
ശബ്‌ദാലങ്കാരം, അർഥാലങ്കാരം എന്നിങ്ങനെ രണ്ടുവിധത്തിലുള്ള സൗന്ദര്യാംശങ്ങളും ഋഗ്വേദസൂക്തങ്ങളിൽ സുലഭമാണ്:
(1) ""സൂര്യോ ദേവീമുഷസം രോചമാനാം മര്യോ ന യോഷാമഭ്യേതി പശ്ചാത്'' (2) ""അശ്യാമ തം കാമമഗ്നേ തവോതീ അശ്യാമ രയിം രയിവസ്സുവീരം'' (3) ""വപുർവപുഷ്യാ സ ച താം'' (4) ""ശ്രദ്ധേ ശ്രദ്ധാപയ'' (5) ""സചിത്രചിത്രം ചിതയന്തമസ്‌മേ ചിത്രക്ഷത്ര ചിത്രതമം വയോധാം''
ഇങ്ങനെ ദ്വിതീയാക്ഷരത്തിലും ആദ്യാക്ഷരത്തിലും മറ്റും പ്രാസദീക്ഷയുള്ളതും യമകസുന്ദരങ്ങളുമായ വരികള്‍ ഈ കൃതിയിലുണ്ട്. സാമ്യോക്തിമൂലകങ്ങളും അതിശയോക്തിമൂലകങ്ങളുമായ അലങ്കാരങ്ങളും, സ്വഭാവോക്തി, ശ്ലേഷം എന്നിവയും ഋഗ്വേദകവികള്‍ പ്രയോഗിച്ചിട്ടുണ്ട്. ഉപമാനങ്ങള്‍ തെരഞ്ഞെടുക്കുന്നതിൽ അവർ കാള, കുതിര, സിംഹം, പശു, പക്ഷി, നദി, പർവതം, മൈതാനം, വൃക്ഷം, സമുദ്രം എന്നിങ്ങനെയുള്ള പരിചിതവസ്‌തുക്കളെ സമാശ്രയിക്കുക നിമിത്തം അലങ്കാരങ്ങളുടെ ആഹാര്യശോഭയിൽപ്പോലും അകൃത്രിമതയുടെ പരിവേഷമുണ്ടാക്കാന്‍ ശ്രമിച്ചതായിത്തോന്നുന്നു. ചില ദൃഷ്‌ടാന്തങ്ങള്‍:
(1) ""വാശ്രാ ഇവ ധേനവഃ സ്യന്ദമാനാ അഞ്‌ജഃ സമുദ്രമവജഗ്മുരാപഃ'' (1.7.32-2) (അപ്പോള്‍ ഒലിച്ച തച്ചീരുകള്‍ പാഞ്ഞാഴിയുള്‍പ്പുക്കിതുമ്പയിടും പൈക്കള്‍ പോലവേ). (2) ""തുഗ്രാ ഹ ഭുജ്യുമശ്വിനോദമേഘ രയിം ന കശ്ചിന്‍മമൃവാന്‍ അവാഹാഃ'' (1.17.116-3) (തുഗ്രന്‍ ഭുജ്യുവിനെ സമുദ്രയാത്രയ്‌ക്ക്, ഒരു ആസന്നമരണന്‍ ധനത്തെ എന്നപോലെ, കൈവിട്ടു). (2) ""കന്യേവ തന്വാ ശാശദാനാ ഏഷി ദേവ ദേവമിയക്ഷമാണം സംസ്‌മയമാനാ യുവതിഃ പുരസ്‌താ- ദാവിർവക്ഷാംസി കൃണുഷേ വിഭാതി'' (1.17.123-10) (പെണ്‍പൈതൽപോലുടുക്കാതേ നടന്നൊടു-വന്‍പുറ്റ ദേവനിൽച്ചെല്ലുന്നു ദേവി നീ, മുമ്പിൽ വെണ്‍ പുഞ്ചിരിക്കൊള്‍വൂ യുവതിയായ്, സമ്പന്നശോഭയായ് കാട്ടുന്നുമാർത്തടം). (4) ""ദ്വാദശാരം നിഹിതജ്ജരായ വർവർത്തി ചക്രം പരിദ്യാമൃതസ്യ ആപുത്രാ അഗ്നേ മിഥുനാസോ അത്രു സപ്‌ത ശതാനി വിംശതിശ്ച തസ്ഥഃ'' (1.22.164-11)
(പന്തിരണ്ട് ഏർക്കാലുകളുള്ളതും പഴക്കം വരാത്തതുമായ സത്യസ്വരൂപന്റെ തേർചക്രം വാനിനെ ചുറ്റി നടക്കുന്നു. അഗ്നേ, അതിൽ എഴുനൂറ്റിരുപത് ആണ്‍-പെണ്‍മക്കള്‍ കുടികൊള്ളുന്നുണ്ട്). ഇവിടെ ചക്രം സംവത്സരവും, ഏർക്കാലുകള്‍ പന്ത്രണ്ടുമാസങ്ങളും എഴുന്നൂറ്റിരുപത് ആണ്‍-പെണ്‍മക്കള്‍ 360 ദിവസങ്ങളുടെ 720 ദിനരാത്രങ്ങളുമായാണ് സങ്കല്‌പിക്കപ്പെട്ടിട്ടുള്ളത്. ഋഗ്വേദകവികളുടെ ഭാവനാഭംഗികള്‍ കാണിക്കുവാന്‍ ഇപ്രകാരം എത്ര വേണമെങ്കിലുമുദാഹരിക്കാം. സന്താനം, സമ്പത്ത്, ആയുസ്സ്, ആരോഗ്യം മുതലായവയ്‌ക്കുവേണ്ടി നിരന്തരം പ്രാർഥിക്കുന്ന ഈ കവികളുടെ സാഹിത്യത്തിൽ ശുഭാപ്‌തിവിശ്വാസത്തിന്റെ ശോഭനമായ പ്രകാശമാണ് എവിടെനോക്കിയാലും കാണുന്നത്. പല ആഖ്യാനങ്ങളും നാടകീയരംഗങ്ങളും ഈ കൃതിയെ രസപ്രചുരമാക്കിയിട്ടുള്ളതായും കാണാം. ഇന്ദ്രനും വൃത്രനും തമ്മിലുള്ള ശത്രുത, അഗ്നി ഭൂമിയിലവതരിക്കുന്നത് തുഗ്രന്‍ എന്ന രാജാവിന്റെ ദ്വീപാന്തരങ്ങള്‍ പിടിച്ചടക്കുന്നതിനുള്ള സംരംഭം, ദീർഘതമസ്സിന്റെ കരളലിയിക്കുന്ന സഹനശക്തി, വാമദേവനും ഇന്ദ്രനും തമ്മിലുള്ള സംവാദം, ത്രസദസ്യു എന്ന രാജാവ് തന്റെ രഥംമുട്ടി മരിച്ച ബാലനെ പുരോഹിതപ്രഭാവത്താൽ പുനരുജ്ജീവിപ്പിക്കുന്നത്. ഇന്ദ്രന്‍ ദധീചിമഹർഷിയുടെ കുതിരയുടെ തല കണ്ടെത്തിയത്. ത്രിതന്‍ കൂട്ടുകാരായ ഋഷികളാൽ കിണറ്റിലേക്കു തള്ളപ്പെട്ടു കഷ്‌ടപ്പെടുന്നത് തുടങ്ങിയ അനേകം സംഭവങ്ങളും ഋജ്രാശ്വന്‍, സരമ, മേഷന്‍, ഗർഗന്‍, മേധാതിഥി, രേഭന്‍, കഥീവാന്‍ എന്നിരുടെ കഥകളും ഈ കൃതിയിലുണ്ട്. ലോപാമുദ്ര, അപാല എന്നീ വനിതാമഹർഷികളുടെ ഉപാഖ്യാനങ്ങള്‍ രസാവഹങ്ങളാണ്. ഭാവിയിൽ പല പുരാണങ്ങളിലുമായി ചിതറിക്കിടക്കുന്ന ഒട്ടുവളരെ ഉപാഖ്യാനങ്ങളുടെ സ്രാതസ്സുകളാണ് ഇവയെല്ലാം. വസിഷ്‌ഠനും വിശ്വാമിത്രനും തമ്മിലുള്ള കുടിപ്പക പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതിന്റെ ഉദ്‌ഗമസ്ഥാനവും ഋഗ്വേദമാണ്. ലഘുസ്‌തോത്രങ്ങളുടെ സമാഹാരമായി തോന്നുന്ന ഋഗ്വേദം ഇപ്രകാരം ഒരു നല്ല ശബ്‌ദാലങ്കാരരസഭാവപുഷ്‌ടമായ വിശിഷ്‌ടപ്രാചീനസാഹിത്യകൃതിയായി പരിഗണിക്കാവുന്നതാണ്. ഇതിലെ ഉഷസ്സിനെപ്പറ്റിയും രാത്രിയെപ്പറ്റിയും (മണ്ഡലം 10) അരണ്യാനിയെപ്പറ്റിയുമുള്ള ഋക്കുകള്‍ ശുദ്ധസാഹിത്യത്തിന് ഉത്തമോദാഹരണങ്ങളായി എക്കാലവും വാഴ്‌ത്തപ്പെടുമെന്നതിൽ മതഭേദമില്ല.
സാമൂഹികാംശം
മധ്യയൂറോപ്പിൽനിന്ന് എത്രയോ നൂറ്റൂണ്ടുകള്‍ക്കു മുമ്പ് ആര്യന്മാരുടെ ഒരു വിഭാഗം കിഴക്കോട്ടു നീങ്ങുകയും ഇറാനിൽ താമസമുറപ്പിക്കുകയും ചെയ്‌തു. ഈ ഇറാനിയന്‍ ആര്യന്മാരിൽനിന്ന് ഒരു കൂട്ടർ പിന്നീട് ഇന്ത്യയിലേക്കു കടന്നുവരികയും (ബി.സി. 2500) ക്രമേണ ഹാരപ്പന്‍ജനസമൂഹത്തെ കീഴടക്കി പഞ്ചനദം ജയിച്ചു യമുനാതടത്തിലെത്തി താമസമുറപ്പിക്കുകയും ചെയ്‌തു എന്നതാണ് ഋഗ്വേദത്തിൽ പ്രതിഫലിക്കുന്ന ആര്യജനചരിത്രം. ഋഗ്വേദത്തിലെ ആദ്യസൂക്തങ്ങള്‍ കാബുള്‍ (കുഭാ) നദീതീരത്തുവച്ചെഴുതപ്പെട്ടവയാണ്. തുടർന്നു ഗംഗാതടത്തിലെത്തുമ്പോഴേക്കും ഋഗ്വേദകാലം അവസാനിക്കുന്നു. ഗോധനന്മാരായിരുന്ന ആ ആര്യജനതയുടെ സമുദായം സുസംഘടിതമായിരുന്നുവെന്ന് പ്രസ്‌തുതകൃതി പ്രഖ്യാപിക്കുന്നുണ്ട്.
അന്ന് ഏകപത്‌നീത്വം സർവാദൃതമായ ഒരു നിയമമായിരുന്നു. എങ്കിലും രാജാക്കന്മാർക്ക് ബഹുപത്‌നീത്വം അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ ബഹുഭർത്തൃത്വം ഒരിക്കലും സമ്മതിക്കപ്പെട്ടിരുന്നില്ല. സ്വേച്ഛാനുസാരം വിച്ഛേദം വരുത്തുവാന്‍ പാടില്ലാത്തവച്ചം പരിശുദ്ധമായിട്ടാണ് വിവാഹബന്ധത്തെ സമുദായം വീക്ഷിച്ചത്. അപരക്രിയകള്‍ക്ക് സന്തതി അത്യാവശ്യമാണെന്നു വിശ്വസിച്ചതുകൊണ്ട് അനപത്യകളായ വിധവകള്‍ക്കു പുനർവിവാഹം വിഹിതമായിരുന്നു. സ്‌ത്രീധനസമ്പ്രദായം നിലവിലുണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്. വിവാഹാനന്തരം സ്‌ത്രീ ഭർത്തൃഗൃഹത്തിൽ പാർക്കുകയും ശ്വശുരനെയും ശ്വശ്രുവിനെയും ഭർത്തൃസഹോദരങ്ങളെയും ഭരിക്കുകയും ചെയ്‌തുപോന്നിരുന്നു. പത്‌നീസഹിതനായിട്ടാണ് ഓരോ വിവാഹിതനും മതാനുഷ്‌ഠാനങ്ങള്‍ നടത്തിയിരുന്നത്. ബാല്യവിവാഹം അന്ന് അറിയപ്പെട്ടിരുന്നില്ല. ഗൃഹനാഥന്‍ അച്ഛന്‍തന്നെയായിരുന്നു. ചൂതുകളിക്കാരനായ പുത്രനെ കച്ചുപൊട്ടിച്ചുവിട്ട ഒരു സംഭവത്തെ ഋഗ്വേദത്തിൽ പരാമർശിച്ചിട്ടുണ്ട്. പുത്രന്മാരിലും മറ്റു സമ്പത്തുകളിലും പൂർണാധികാരം അച്ഛന്‍ തന്നെയാണ് ആമരണം ഏറ്റെടുത്ത് നടത്തിയിരുന്നത്. പുത്രനില്ലാത്ത അച്ഛന്റെ സ്വത്തിന് അവകാശം ദൗഹിത്രനുള്ളതായിരുന്നു. പശു, കുതിര, സ്വർണം മുതലായ ജംഗമസ്വത്തുക്കള്‍ കുടുംബത്തിലെ ഏതംഗത്തിനും സ്വകാര്യമായി കൈവശംവയ്‌ക്കാനവകാശമുണ്ടായിരുന്നു. സമുദായത്തിലെ ഏറ്റവും ചെറിയ കച്ചി കുടുംബമായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്. കുടുംബനാഥനു "കുലപന്‍' എന്നായിരുന്നു സ്ഥാനനാമം. അനേകം കുടുംബങ്ങള്‍ ചേർന്ന് "ഗ്രാമ'ത്തിലെ നായകന്‍ "ഗ്രാമണി' എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
മുമ്പു സൂചിപ്പിച്ചപോലെ ഋഗ്വേദം പത്താം മണ്ഡലത്തിലെ പുരുഷസൂക്തം പില്‌ക്കാലത്തു ഭാരതത്തിലുണ്ടായ ചാതുർവർണ്യം എന്ന ആശയത്തിന്റെ സ്രാതസ്സാണ് എന്നു പറയപ്പെടുന്നുണ്ടെങ്കിലും പ്രസ്‌തുത മണ്ഡലം പിന്നീടു കൂട്ടിച്ചേർത്തതായിട്ടാണ് ഇപ്പോഴത്തെ നിഗമനം. അതനുസരിച്ച് ഋഗ്വേദകാലത്തു ചാതുർവർണ്യവ്യവസ്ഥയുണ്ടായിരുന്നില്ല എന്ന നിഗമനത്തിലേത്തേണ്ടിവരുന്നു. എന്നാൽ ആര്യന്മാരും പൂർവനിവാസികളായിരുന്ന അനാര്യന്മാരും തമ്മിലുള്ള ഭേദം നല്ലപോലെ പ്രകടമായിരുന്നു. ദാസന്‍, ദസ്യു, അസുരന്‍, പിശാചന്‍, രാക്ഷസന്‍ എന്നീ പേരുകളിലാണ് അവർ അനാര്യന്മാരെ വിളിച്ചിരുന്നത്. ഇക്കൂട്ടർ തമ്മിൽ ഭാഷാഭേദവുമുണ്ടായിരുന്നു; മതാനുഷ്‌ഠാനങ്ങളിലും വ്യത്യാസമുണ്ടായിരുന്നു. അനാര്യർക്കിടയിലുണ്ടായ ലിംഗാരാധനയെ ഋഗ്വേദാര്യന്മാർ നിന്ദിച്ചിട്ടുണ്ട്. നഗരവാസികളും പരിഷ്‌കൃതരും വലിയ ദുർഗങ്ങള്‍ കെട്ടി തങ്ങളുടെ രാജ്യങ്ങള്‍ സംരക്ഷിച്ചുപോരുന്നവരുമായ ഹരപ്പാ-അനാര്യന്മാരെ വളരെ ക്ലേശിച്ചാണ് അശ്വാരൂഢരും ബലശാലികളുമായ ആര്യന്മാർ കീഴടക്കിയത്. ഈ യുദ്ധങ്ങളെപ്പറ്റിയുള്ള സൂചനകള്‍ ഋഗ്വേദത്തിൽ എവിടെനോക്കിയാലും കാണാം. ഇന്ദ്രനെപ്പറ്റിയുള്ള സ്‌തുതികള്‍ മിക്കവാറും പ്രബലരായ ഈ ശത്രുക്കളെ സംഹരിക്കുന്നതിനു സഹായമപേക്ഷിച്ചുകൊണ്ടുള്ളതാണ്.
മൂന്നുതരത്തിലുള്ള വസ്‌ത്രങ്ങളാണ് ഋഗ്വേദാര്യന്മാർ ധരിച്ചിരുന്നത്: നീവി(അടിവസ്‌ത്രം), സാധാരണ വസ്‌ത്രം, മേൽവസ്‌ത്രം. സൗവർണക്കസവിട്ടതും വിവിധവർണങ്ങളുള്ളതുമായ വസ്‌ത്രങ്ങള്‍ ചിലർ ധരിക്കാറുള്ളതായി പരാമർശമുണ്ട്. കഴുത്തിൽ മാല, കാതിൽ വലയങ്ങള്‍, കൈയിൽ വളകള്‍, കാലിൽ ചിലങ്കകള്‍ എന്നിവ സ്‌ത്രീകളെപ്പോലെ പുരുഷന്മാരും അണിയുമായിരുന്നു. പുരുഷന്മാർ താടി വളർത്തിയിരുന്നു; ചിലപ്പോള്‍ മുഖം വടിച്ചിരുന്നതായും കരുതാം. "വപ്‌താവ്' എന്ന പദമാണ് ക്ഷുരകന് ഉപയോഗിച്ചിരുന്നത്. പാലും ക്ഷീരോത്‌പന്നങ്ങളും ഋഗ്വേദാര്യന്മാരുടെ പ്രധാനഭക്ഷണമായിരുന്നു. ധാന്യം പാലിൽ പാകംചെയ്‌തും അരി, ബാർലി എന്നിവകൊണ്ടു അടയുണ്ടാക്കി നെയ് ചേർത്തും അവർ ഭക്ഷിച്ചിരുന്നു. യാഗത്തിൽ വധിക്കപ്പെട്ട കോലാടുകളുടെയും ചെമ്മരിയാടുകളുടെയും മാംസവും ഒരു മുഖ്യാഹാരമായിരുന്നു. പശുക്കള്‍ ഹിംസിക്കപ്പെട്ടിരുന്നില്ല; അവയെ "അഘ്‌ന്യ'കളായി പരിഗണിച്ചിരുന്നു. സോമപാനം ശ്രയസ്‌കരമായും സുരാപാനം ദോഷകരമായും അവർ കരുതി. തേർപന്തയം, കുതിരപ്പന്തയം, പാട്ട്, നൃത്തം, ചൂതുകളി എന്നിവയായിരുന്നു അവരുടെ മുഖ്യവിനോദങ്ങള്‍. പണംവച്ചു ചൂതാടി കുടുംബം ദരിദ്രമായിത്തീരുന്ന സംഭവങ്ങള്‍ ധാരാളം അന്നുണ്ടായിരുന്നു എന്നൂഹിക്കാന്‍ ചില ദ്യൂതഭർത്സനസൂക്തങ്ങള്‍ സഹായകമാണ്. പറ, ദുന്ദുഭി, കർക്കരി, ഓടക്കുഴൽ, സാരംഗി തുടങ്ങിയവയായിരുന്നു അവർ ഉപയോഗിച്ച വാദ്യോപകരണങ്ങള്‍. ഋഗ്വേദാര്യസമുദായം അലയുന്ന വർഗക്കാരായിരുന്നില്ല. മരംകൊണ്ടും മറ്റും ഉറപ്പുള്ള കെട്ടിടങ്ങളുണ്ടാക്കി അവയിലാണ് അവർ താമസിച്ചിരുന്നത്.
സാമ്പത്തിക സ്ഥിതി
ഋഗ്വേദാര്യസമൂഹം തത്ത്വത്തിൽ കാർഷികമായിരുന്നു. കൃഷിക്കാണ് അവർ ഏറ്റവും പ്രാമുഖ്യം തൊഴിൽമണ്ഡലത്തിൽ നൽകിയിരുന്നത്. ആറും എട്ടും പന്ത്രണ്ടും കാളകള്‍ വലിക്കുന്ന നുകങ്ങള്‍ അവർ ഉപയോഗിച്ചിരുന്നു. കൃത്രിമത്തോടുകള്‍ വഴി ജലസേചനം നടത്തി വർഷത്തിൽ രണ്ടുതവണ അവർ വിളവെടുത്തിരുന്നു. യവം, ധാന്യം, വ്രീഹി എന്നീ പേരുകളാണ് കൊയ്‌തെടുത്ത ധാന്യങ്ങള്‍ക്കു നൽകിയിരുന്നത്. പശുക്കളെയും മറ്റു കന്നുകാലികളെയും മേയ്‌ക്കുന്നതിനുള്ള പുൽമൈതാനങ്ങളും മറ്റും ധാരാളമായി അവർ ഒരുക്കിയിരുന്നു. കന്നുകാലികളെ രക്ഷിക്കുന്നതിനും വിനോദത്തിനും ആഹാരത്തിനുമായി ഹിംസ്രമൃഗങ്ങളെ വേട്ടയാടുന്നതിൽ അവർ വ്യാപരിച്ചിരുന്നു.
മരാശാരികള്‍ക്കു പ്രത്യേകപ്രാധാന്യം അന്നുണ്ടായിരുന്നു. പന്തയങ്ങള്‍ക്കും യുദ്ധാവശ്യങ്ങള്‍ക്കും വേണ്ട തേരുകള്‍, വണ്ടികള്‍, ഭവനങ്ങള്‍ മുതലായവ നിർമിക്കുന്നതിന് അവരുടെ സേവനം അത്യന്താപേക്ഷിതമായിരുന്നു. മഴുവും ഈർച്ചവാളുമായിരുന്നു അവരുടെ പ്രധാനായുധങ്ങള്‍. കുതിരകള്‍ക്കുള്ള ജീനി, സഞ്ചികള്‍, ഞാണുകള്‍ മുതലായവ നിർമിക്കുന്നതിനു കന്നുകാലികളുടെ തുകൽ സുലഭമായി ഉപയോഗിക്കപ്പെട്ടിരുന്നതുകൊണ്ട് തുകൽവ്യവസായം അന്ന് അഭിവൃദ്ധിപ്പെട്ടിരുന്നു എന്നൂഹിക്കാം. പുരുഷന്മാരാണ് നെയ്‌ത്തിൽ ഏർപ്പെട്ടിരുന്നത്. അവർ പരുത്തിത്തുണികളും രോമകംബളങ്ങളും നെയ്‌തിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങള്‍ പലവിധം തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന സമ്പ്രദായവും അന്നു നിലവിലുണ്ടായിരുന്നു. അച്ഛന്‍ വൈദ്യന്‍, മകന്‍ ഋഷി, അമ്മ ധാന്യം പൊടിക്കുന്നവള്‍-ഇപ്രകാരമുള്ള ഒരു കുടുംബം ഋഗ്വേദത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ലോഹപ്പണികളിലും വൈദഗ്‌ധ്യം അവർക്കുണ്ടായിരുന്നു. വ്യാപാരബന്ധങ്ങള്‍ സത്യസന്ധതയോടെയാണ് അവർ നടപ്പിലാക്കിയിരുന്നത്. ഇങ്ങനെ നോക്കിയാൽ ശിഥിലമല്ലാത്ത ഒരു നല്ല സമ്പദ്‌വ്യവസ്ഥ ഋഗ്വേദാര്യന്മാർക്കിടയിൽ ഉണ്ടായിരുന്നതായി വിചാരിക്കാം.
രാഷ്‌ട്രീയ സ്ഥിതി
ഋഗ്വേദാര്യന്മാരുടെ കൈയിൽ വിസ്‌തീർണമായ ഒരു ഭൂവിഭാഗമുണ്ടായിരുന്നുവെന്നതിന് സൂക്തങ്ങളിൽനിന്നു ലഭിക്കുന്ന ഭൂമിശാസ്‌ത്രപരമായ തെളിവുകളുണ്ട്. കുഭ (Kabul), ഗോമതി(Gomal), സുവാസ്‌തു(Swat), സിന്ധു(Indus), വിതസ്‌ത(Jhelum), അസിക്‌നി(Chenab), പരുഷ്‌ണി(Ravi), വിപാശ(Beas), ശുതുദ്രി(Sutlej),, സരസ്വതി, യമുന ഗംഗ എന്നീ നദികളെപ്പറ്റിയെല്ലാം അവർക്ക് അറിവുണ്ടായിരുന്നു. ഗംഗയെപ്പറ്റിയുള്ള പരാമർശം ഒരിടത്തേ കാണുന്നുള്ളൂ.
ഋഗ്വേദാര്യന്മാർക്കിടയിൽത്തന്നെ ഭരതന്മാർ, പൂരുക്കള്‍, യദുക്കള്‍, കുരുക്കള്‍, പാഞ്ചാലന്മാർ, ചേദികള്‍, മാത്‌സ്യന്മാർ എന്നിങ്ങനെ അനേകം അവാന്തരവർഗങ്ങളുണ്ടായിരുന്നു. ഇതിനുപുറമേയാണ് അന്നത്തെ അനാര്യവർഗക്കാർ. ആധിപത്യത്തിനുവേണ്ടി ഇവർ പരസ്‌പരം മല്ലടിച്ചിരുന്നു. ഇവരിൽ സുദാസന്റെ നേതൃത്വത്തിൽ നടന്ന മഹായുദ്ധത്തെ "ദാശരാജ്ഞം' എന്ന പേരിൽ വേദത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്. സ്‌തുതികള്‍കൊണ്ടു പ്രസന്നനായ ഇന്ദ്രന്റെ സഹായത്തോടുകൂടി സുദാസന്‍ വിജയിച്ച ആ യുദ്ധത്തിൽ വമ്പിച്ച കൂട്ടക്കൊലകള്‍ നടന്നതായി കാണുന്നു. സുദാസന്‍ ഭരതന്മാരുടെ രാജാവായിരുന്നു. ദാശരാജ്ഞത്തിൽ വിജയിയായ ഈ ഭാരതരാജനിൽ നിന്നാണ് ഇന്ത്യയ്‌ക്ക് പിന്നീട് ഭാരതം എന്ന പേർ സിദ്ധിച്ചത് എന്ന ഒരഭിപ്രായമുണ്ട്. എപ്പോഴും വിരോധികളുമായി ഏറ്റുമുട്ടേണ്ടിവന്ന ആര്യസമുദായക്കാർക്ക് രാജശക്തിയെ ആശ്രയിക്കാതെ നിർവാഹമില്ലായിരുന്നു. ആയതിനാൽ രാഷ്‌ട്രപാലകന്‍ രാജാവായിട്ടാണ് കരുതപ്പെട്ടിരുന്നത്. രാജ്യാധികാരം പാരമ്പര്യംവഴിക്കു കൈപ്പറ്റിപ്പോന്നു. എന്നാൽ പ്രതേ്യകസാഹചര്യങ്ങളിൽ ജനങ്ങള്‍ രാജാവിനെ സ്വേച്ഛപോലെ തെരഞ്ഞെടുത്തിരുന്നതായും സൂചനകളുണ്ട്. മന്ത്രിമാരുടെ ഉപദേശാനുസാരമാണ് രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്. ജനപ്രതിനിധികളുടെ "സഭ'കള്‍ രാജാവിന്റെ അധികാരത്തെ നിയന്ത്രിച്ചിരുന്നതിനും ഋഗ്വേദത്തിൽ തെളിവുണ്ട്. ഇപ്രകാരം സാമൂഹ്യമായും സാമ്പത്തികമായും രാഷ്‌ട്രീയമായും പുരോഗമിച്ച ഒരു ജനതയായിരുന്നു ഋഗ്വേദദാചാര്യന്മാർ എന്നു കാണാം.
വിജ്ഞാന സ്രാതസ്സ്
ഋഗ്വേദത്തെ ഭാരതീയ സകലകലകളുടെയും ശാസ്‌ത്രങ്ങളുടെയും മൂലസ്രാതസ്സായി പരിഗണിക്കാറുണ്ട്. ഈ ബൃഹദ്‌കൃതിയിൽ സൂചിപ്പിക്കാത്തതോ കാണാത്തതോ ആയ യാതൊരു ചര്യയും ഭാരതീയമായിട്ടില്ല. ഋഗേ്വദമന്ത്രങ്ങളുടെ സാമാന്യർഥം വിട്ടു വിശേഷാർഥം ചിന്തിക്കുമ്പോള്‍ എല്ലാ അധ്യാത്മ തത്ത്വങ്ങളും തത്ത്വചിന്താപദ്ധതികളും അവയിലടങ്ങിയിട്ടുള്ളതായിക്കാണുന്നു. ജഗത്‌സൃഷ്‌ടിയിൽ ആദ്യം ഭൂമിയും ദേവന്മാരും സൂര്യന്മാരുമാരുമുണ്ടായി എന്നുള്ള അവ്യക്തമായ അവസ്ഥ സാംഖ്യസിദ്ധാന്തത്തിലെ പരിണാമവാദത്തിന് ആധാരമായിരിക്കുന്നു. അസത്തിൽനിന്നു സത്തുണ്ടായി, പിന്നീട് അപ്പുകള്‍ ജനിച്ചു, അവയിൽനിന്നു ബുദ്ധിയുണ്ടായി എന്നും മറ്റും ആ പരിണാമരൂപത്തെ സാംഖ്യസിദ്ധാന്തക്കാർ നിരൂപണം ചെയ്യുന്നുണ്ട്. ദ്വൈതം, അദൈ്വതം എന്നീ ചിന്താപദ്ധതികളുടെയും സ്രാതസ്സ് ഈ വേദംതന്നെയാണ്. ദേഹത്തിൽനിന്നു വേർപെട്ട ആത്മാവ് പിതൃപിതാമഹാദികള്‍ പോയ വഴി സഞ്ചരിച്ച് പരേതരാജധാനിയിൽ ചെന്നു ദേവതകളോടുകൂടി സുഖിച്ചിരിക്കുന്ന പിതൃക്കളെ പ്രാപിക്കുന്നതായും, പരലോകഗാമിയായ ജീവരാശിയെ യമന്‍ സുഖമാർഗം കാണിച്ചുകൊടുത്ത് ആദരിക്കുന്നതായും, പാപികള്‍ ഭൂമിയുടെ അധോഭാഗത്തിൽ അന്ധമായ തമസ്സിനെ പ്രാപിക്കുന്നതായും മറ്റുമുള്ള പരാമർശങ്ങള്‍ കൂട്ടിച്ചേർത്തു പരിഷ്‌കരിച്ചാണ് പുരാണങ്ങള്‍ കഥകളെ കൈകാര്യം ചെയ്‌തിട്ടുള്ളത്. പുരാണങ്ങളിലെ പല ഉപാഖ്യാനങ്ങളുടെയും സ്രാതസ്സ് ഋഗ്വേദദമാണ്. ഇന്ന് ലോകത്തിൽ കാണുന്ന വീണാഗാനാദിസമ്പ്രദായങ്ങള്‍ക്ക് ആധാരമായി ഈ കൃതിയിൽ പല ഭാഗങ്ങളുമുണ്ട്. "ജഗ്രാഹ പാഠ്യമൃഗ്‌വേദാത്' എന്നു നാട്യശാസ്‌ത്രത്തെപറ്റി പ്രസ്‌താവിക്കുന്നതിൽനിന്ന് നാട്യം മുതലായ കലകള്‍ക്കും ഇത് പ്രഭവമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്‌പം എന്നീ വേദാംഗങ്ങള്‍ ശബ്‌ദശാസ്‌ത്രം, ഛന്ദശ്ശാസ്‌ത്രം, സാഹിത്യശാസ്‌ത്രം മുതലായ പില്‌ക്കാലത്തെ ഭാരതീയശാസ്‌ത്രശാഖകളുടെ ആധാരശിലകളായി വർത്തിക്കുന്നു. ധനുർവേദം, ആയുർവേദം മുതലായ ശാസ്‌ത്രങ്ങളുടെയും അടിസ്ഥാനം ഋഗ്വേദവും മറ്റു വേദങ്ങളുമാണ്. ക്ലാസ്സിക്കൽ സംസ്‌കൃതം ഋഗ്വേദഭാഷയുടെ പരിണാമമാണ്.
വ്യാഖ്യാനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍
കൃഷ്‌ണ ദ്വൈപായനന്‍ എന്ന വ്യാസന്‍ വേദസംഹിത രൂപവത്‌കരിച്ച് ആര്യന്മാരുടെ ധർമത്തിന് അസ്‌തിവാരമിട്ടു. ഹോമാദികർമങ്ങള്‍ പ്രമാദംകൂടാതെ നടത്തി പ്രസ്‌തുതമതത്തിന് ഐകരൂപ്യം വരുത്തുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. അതിനെത്തുടർന്നു വളർന്നുവന്ന വിപുലമായ വൈദികസാഹിത്യത്തിന്റെ ഭാഗങ്ങളാണ് നിരുക്തം, വ്യാകരണം, ബ്രാഹ്മണം മുതലായവ. പല വീക്ഷണകോണുകളിൽനിന്ന് നിരീക്ഷിച്ചു പഠിക്കാവുന്ന ഋഗേ്വദാദികള്‍ക്കു പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. അവയിൽ പ്രസിദ്ധങ്ങള്‍ നൈരുക്തികം, യാജ്ഞികം, വൈയാകരണം, ജ്യൗതിഷം, സാമ്പ്രദായികം, ആധ്യാത്മികം, ഐതിഹാസികം എന്നീ ഏഴുതരം വ്യാഖ്യാനങ്ങളാണ്. ഇതോടൊപ്പം പാശ്ചാത്യർ വേദപഠനം ആരംഭിച്ചതോടുകൂടി ആഗമികം എന്ന പുതിയ വ്യാഖ്യാനപ്രസ്ഥാനവും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. സാമ്പ്രദായികപ്രസ്ഥാനത്തിന് സായണന്റെ വേദാർഥപ്രകാശം ആണ് മുഖ്യഗ്രന്ഥം. ഈ പ്രസ്ഥാനത്തെ ഭാരതത്തിൽ കൂടുതൽ പ്രചരിക്കുവാന്‍ സഹായിച്ചിട്ടുള്ളത് സ്‌കന്ദസ്വാമി, വെങ്കടമാധവന്‍, ഉദ്‌ഗീഥന്‍ മുതലായവരുടെ വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളുമാണ്. മേല്‌പറഞ്ഞ വ്യാഖ്യാതാക്കളുടെ കാലത്തിന്റെ പൗർവാപര്യങ്ങളെപ്പറ്റി നിഷ്‌കൃഷ്‌ടമായ ജ്ഞാനം ലഭിച്ചിട്ടില്ല. മാധവന്റേതായി ഋഗേ്വദത്തിനു സമഗ്രമായ ഒരു അനുക്രമണിയും രചിക്കപ്പെട്ടിട്ടുണ്ട്. ഡോ. കുഞ്ഞന്‍ രാജാവിന്റെ പ്രൗഢമായ അവതാരികയോടുകൂടി ഋഗ്വേദാനുക്രമണി പ്രകാശിതമായിട്ടുണ്ട് (1932).
ബ്രാഹ്മണങ്ങള്‍ വേദവിഹിതങ്ങളായ കർമങ്ങളുടെ അർഥം വ്യാഖ്യാനിച്ചുതരുന്നവയും ആ കർമങ്ങളെ യഥാവിധി നിർവഹിക്കുന്നതിനുള്ള മാർഗങ്ങളെ വിസ്‌തരിക്കുന്നവയുമാണ്. എല്ലാ വേദസംഹിതകള്‍ക്കും അതാതിനോടു ബന്ധപ്പെട്ട ബ്രാഹ്മണങ്ങളുണ്ട്. ഋഗ്വേദത്തോടു ബന്ധപ്പെട്ട രണ്ടു ബ്രാഹ്മണങ്ങളാണ് ഐതരേയം, കൗഷീതകി എന്നിവ. ചില യാഗങ്ങളെപ്പറ്റി ഐതരേയം വിസ്‌തരിക്കുമ്പോള്‍ മറ്റു ചില യാഗങ്ങളെക്കുറിച്ചു കൗഷീതകി വ്യാഖ്യാനിക്കുന്നു. രണ്ട് ഉപനിഷത്തുകളും ഇതേ പേരിൽ അറിയപ്പെടുന്നു. കേരളത്തിൽ ശുകപുരം ഗ്രാമത്തിൽ കൗഷീതകശാഖക്കാരാണ് ഭൂരിപക്ഷവും. ഒട്ടാകെ നോക്കിയാൽ ഈ ശാഖക്കാർ ഇവിടെ ന്യൂനപക്ഷക്കാരാണ്. 1968-ൽ ശ്രീകൃഷ്‌ണശർമയുടെ പ്രയത്‌നഫലമായി കൗഷീതകിബ്രാഹ്മണം ജർമനിയിൽ അച്ചടിപ്പിക്കുകയുണ്ടായി.
പൂണെയിൽനിന്നു വൈദികസംശോധനമണ്ഡലം 1933-41-ൽ സായണഭാഷ്യത്തോടുകൂടി ഋഗ്വേദം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1957-ൽ സത്വലേക്കർ സംഹിത മാത്രമായും; 1966-ൽ വിശ്വബന്ധു സ്‌കന്ദസ്വാമിയുടെയും ഉദ്‌ഗീഥന്റെയും ഭാഷ്യങ്ങളും, സായണഭാഷ്യത്തെ ആസ്‌പദമാക്കി മുദ്‌ഗലന്‍ എഴുതിയ വൃത്തിയും, വെങ്കിടമാധവന്റെ വ്യാഖ്യയും ചേർത്തും പ്രസാധനം ചെയ്‌തു. കെ. ശാസ്‌ത്രി സിദ്ധാഞ്‌ജനം എന്ന വ്യാഖ്യാനത്തോടുകൂടിയും ഋഗ്വേദം പ്രകാശിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യർക്ക് വേദങ്ങളെ ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തത് മാക്‌സ്‌മുള്ളർ ആണ്. സായണഭാഷ്യത്തോടുകൂടിഋഗ്വേദം അദ്ദേഹം 1848-ൽ പ്രസിദ്ധീകരിച്ചു.
1876-88-ൽ ആദ്യമായി എ. ലുഡ്‌വിഗ് ആറ് വാല്യങ്ങളിൽ ഋഗ്വേദം സമ്പൂർണമായി ജർമന്‍ഭാഷയിലേക്കു വിവർത്തനം ചെയ്‌തു. 1925-28-ൽ വിൽസണ്‍ ഇംഗ്ലീഷ്‌തർജുമ പ്രസിദ്ധപ്പെടുത്തി. ഇതിനുമുമ്പുതന്നെ ഗ്രിഫിത്ത് എന്ന പണ്ഡിതന്റെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിട്ടുണ്ട് (1896-97). ലാന്‍ഗ്ലോയ് ഫ്രഞ്ചിലേക്കും ടോല സ്‌പാനിഷ് ഭാഷയിലേക്കും (1968), ആർ.സി. ദത്ത് 1963-ൽ ബംഗാളിയിലേക്കും ഈ കൃതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികഭാഷയിൽ ഋഗ്വേദപരിഭാഷ ആദ്യമായി ഉണ്ടായിട്ടുള്ളത് മറാഠിയിലും ബംഗാളിയിലും തുടർന്ന് മലയാളത്തിലും (മഹാകവി വള്ളത്തോള്‍) ആണ്. ദയാനന്ദസരസ്വതിയുടെയും (വേദാർഥ്രപകാശം), അരവിന്ദഘോഷിന്റെയും (അഗ്നിമന്ത്രാഃ) വ്യാഖ്യയോടുകൂടിയ സംഹിതാപ്രസിദ്ധീകരണങ്ങള്‍ പുനഃപ്രകാശിതങ്ങളായിട്ടുണ്ട്. കാലത്തെ അതിജീവിച്ചുകൊണ്ട് തലമുറകളിലൂടെ പകർന്നു കിട്ടിയിട്ടുള്ള ലോകത്തിലെ പ്രാചീനതമഗ്രന്ഥമായ ഋഗേ്വദം പുരാതനഭാരതത്തിന്റെ ഭൂമിശാസ്‌ത്രപരവും ചരിത്രപരവും സാമൂഹികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയാണ്. ഭാരതീയമായ എല്ലാ ശാസ്‌ത്രങ്ങളുടെയും തത്ത്വചിന്താപദ്ധതികളുടെയും കലകളുടെയും സ്രാതസ്സായി ഇതു വാഴ്‌ത്തപ്പെടുകയും ചെയ്യുന്നു. ഭാഷാഭേദംകൊണ്ടും വ്യാകരണവിശേഷതകൊണ്ടും ഇവിടത്തെ പണ്ഡിതന്മാർക്കുപോലും സുഗ്രഹമല്ലാതായിത്തീർന്ന ഈ സാഹിത്യത്തെ തിരോധാനം എന്ന ദുരന്തത്തിൽനിന്നും രക്ഷിച്ചുദ്ധരിച്ചത് യാസ്‌കനും സായണനുമാണ്. എന്നാലും അബ്രാഹ്മണർക്ക് അപ്രവേശയോഗ്യമായിരുന്ന ഇതിൽ പാശ്ചാത്യപണ്ഡിതന്മാർ പ്രേവശിച്ചതോടുകൂടി സാമാന്യവ്യുത്‌പത്തിയുള്ള ഏതൊരാള്‍ക്കും ഇത് അഭിഗമ്യമായിത്തീർന്നു. ഇന്ന് എത്രയോ വിദ്വാന്മാർ ഈ കൃതിയിൽ ഭാരതത്തിലും വിദേശങ്ങളിലും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിനു മുഴുവന്‍ വിശേഷിച്ചു ഭാരതത്തിന് അഭിമാനിക്കാവുന്ന ഒരു വിശിഷ്‌ടകൃതിയാണ് ഋഗ്വേദം എന്നതിനു സംശയമില്ല. നോ. അഥർവവേദം; യജുർവേദം; വേദങ്ങള്‍; സാമവേദം
(ഏർക്കര രാമന്‍നമ്പൂതിരി; സ.പ.)