This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചറാണി ദേവി (1968 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:34, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ചറാണി ദേവി (1968 - )

ഇന്ത്യന്‍ ഭാരോദ്വഹനതാരം. 1968 മാ. 1-ന്‌ മണിപ്പൂരിലെ ഇംഫാലിൽ കുഞ്ചറാണി ദേവി ജനിച്ചു. ഇംഫാലിലെ സിന്താം സിന്‍ഷാങ്‌ റെസിഡന്റ്‌ ഹൈസ്‌കൂളിലെ വിദ്യാഭ്യാസ കാലത്തുതന്നെ കായികരംഗത്ത്‌ മികവു പുലർത്തിയിരുന്നു. മഹാരാജാ ബോധചന്ദ്ര കോളജിലെ ബിരുദപഠന കാലത്താണ്‌ ഭാരോദ്വഹനം സ്വന്തം മേഖലയായി തിരഞ്ഞെടുത്തത്‌.

1965 മുതലാണ്‌ കുഞ്ചറാണി ദേവി ദേശീയ ഭാരോദ്വഹന ചാമ്പ്യഷിപ്പുകളിൽ പങ്കെടുക്കുവാന്‍ തുടങ്ങിയത്‌. 44, 46, 48 കിലോഗ്രാം വിഭാഗങ്ങളിലാണ്‌ പ്രധാനമായും ഇവർ മത്സരിച്ചിരുന്നത്‌. നേടിയവയിലധികവും സ്വർണമെഡലുകളായിരുന്നു. 1987-ൽ തിരുവനന്തപുരത്തുവച്ചുനടന്ന മത്സരത്തിൽ കുഞ്ചറാണി ദേവി പുതിയ രണ്ടു ദേശീയ റെക്കോർഡുകള്‍ സ്ഥാപിച്ചു. 1994-ൽ പുണെയിൽവച്ച്‌ 46 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡലും 1998-ൽ മണിപ്പൂരിൽവച്ച്‌ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡലും ഇവർ കരസ്ഥമാക്കി.

കുഞ്ചറാണി ദേവി പങ്കെടുത്ത ആദ്യ ലോകവനിതാ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പ്‌ 1989-ലെ മാഞ്ചസ്റ്റർ ചാമ്പ്യന്‍ഷിപ്പായിരുന്നു. ഇവിടെനിന്നും മൂന്നു വെള്ളിമെഡലുകള്‍ നേടിയ ഇവർ തുടർന്നു നടന്ന ഏഴ്‌ ലോകചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കുകയും 1993-ലെ മെൽബണ്‍ ചാമ്പ്യന്‍ഷിപ്പൊഴികെ മറ്റെല്ലായിടങ്ങളിൽനിന്നും മെഡൽ നേടുകയും ചെയ്‌തു.

ഏഷ്യന്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പുകളിലും തുടർച്ചയായി പങ്കെടുത്തിട്ടുള്ള ഇവർ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. ഷാങ്‌ഹായി(1989)യിൽനിന്ന്‌ ഒരു വെള്ളി മെഡലും രണ്ടു വെങ്കലവും, ഇന്‍ഡോനേഷ്യ(1991)യിൽനിന്ന്‌ മൂന്നു വെള്ളിമെഡലും ഇവർക്ക്‌ നേടാനായി. ദക്ഷിണ കൊറിയ(1995)യിൽനിന്ന്‌ 46 കിലോഗ്രാം വിഭാഗത്തിൽ രണ്ടു സ്വർണമെഡലും ഒരു വെങ്കലവും നേടിക്കൊണ്ടാണ്‌ കുഞ്ചറാണി ദേവി ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചത്‌. ബെയ്‌ജിങ്‌ (1990), ഹിരോഷിമ (1994) ഏഷ്യന്‍ ഗെയിംസുകളിലും കുഞ്ചറാണി ദേവി വെങ്കലമെഡൽ ജേതാവായിരുന്നു. സ്റ്റിറോയ്‌ഡ്‌ ഉപയോഗം കണ്ടുപിടിച്ചതിനെത്തുടർന്ന്‌ 2001-ൽ ആറുമാസം ഇവർക്ക്‌ മത്സരരംഗത്തുനിന്ന്‌ വിട്ടുനില്‌ക്കേണ്ടിവന്നു.

2006-ൽ മെൽബണിൽവച്ചുനടന്ന കോമണ്‍വെൽത്ത്‌ ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിൽ കുഞ്ചറാണി ദേവി സ്വർണമെഡൽ ജേതാവായിരുന്നു. അന്‍പതിലേറെ അന്തർദേശീയ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള കുഞ്ചറാണി ദേവിയെ രാഷ്‌ട്രം അർജുന അവാർഡും (1990), രാജീവ്‌ഗാന്ധി ഖേൽരത്‌ന പുരസ്‌കാരവും (1996-97) നല്‌കി ആദരിച്ചിട്ടുണ്ട്‌. കെ.കെ. ബിർള സ്‌പോർട്‌സ്‌ അവാർഡും ഇവർക്ക്‌ ലഭിച്ചിട്ടുണ്ട്‌. സെന്‍ട്രൽ റിസർവ്‌ പൊലിസ്‌ ഫോഴ്‌സിൽ അസിസ്റ്റന്റ്‌ കമാന്‍ഡന്റായി സേവനമനുഷ്‌ഠിച്ചുവരുന്നു (2011).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍