This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂളിഡ്‌ജ്‌ ട്യൂബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:01, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂളിഡ്‌ജ്‌ ട്യൂബ്‌

Coolidge Tube

എക്‌സ്‌ രശ്‌മികളെ ഉത്‌പാദിപ്പിക്കുന്നതിനുള്ള ഒരു ഉപകരണം. 1913-ൽ യു.എസ്‌. ഭൗതികശാസ്‌ത്രജ്ഞനായ കൂളിഡ്‌ജ്‌ (1873-1975) സംവിധാനം ചെയ്‌ത ഉപകരണം. "താപായണിക പ്രഭാവ'(thermionic effect)ത്തെയാണ്‌ അടിസ്ഥാനമാക്കുന്നത്‌. ഇതിൽ ടങ്‌സ്റ്റണ്‍ ഫിലമെന്റ്‌ കാഥോഡായും കോപ്പർദണ്ഡ്‌ ആനോഡായും പ്രവർത്തിക്കുന്നു. ആനോഡിൽ വരത്തക്കവണ്ണം ലക്ഷ്യം ഘടിപ്പിച്ചിരിക്കുന്നു. ഏതാണ്ട്‌ 0.0001 മില്ലിമീറ്റർ മർദത്തിലുള്ള ഒരു ബള്‍ബിലായി ആനോഡും കാഥോഡും വച്ചിരിക്കുന്നു. ആനോഡും കാഥോഡും യഥാക്രമം ഒരു ഉച്ച വോള്‍ട്ടതാ ബാറ്ററിയുടെ ധനധ്രുവമായും ഋണധ്രുവമായും ഘടിപ്പിച്ച്‌ ആവശ്യമായ പൊട്ടന്‍ഷ്യൽ വ്യത്യാസം ബള്‍ബിനകത്ത്‌ ലഭ്യമാക്കുന്നു.

ഫിലമെന്റ്‌ ഒരു നിമ്‌ന വോള്‍ട്ടതാ ബാറ്ററി കൊണ്ടു ചൂടുപിടിപ്പിക്കുമ്പോള്‍ താപായണിക-ഉത്സർജനം ഉണ്ടാകുന്നു. ഇപ്രകാരം ഉത്സർജിക്കപ്പെടുന്ന ഇലക്‌ട്രാണുകളെ അവതല ലോഹപ്രതലം ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഫിലമെന്റിനും ലക്ഷ്യത്തിനും ഇടയ്‌ക്കുള്ള ഉയർന്ന പൊട്ടന്‍ഷ്യൽ വ്യത്യാസംകൊണ്ട്‌ ഇലക്‌ട്രാണുകള്‍ അത്യധികം വേഗത്തിൽ ബിന്ദുവിലേക്കു ചലിക്കുന്നു. ബള്‍ബിലെ മർദം വളരെ കുറവായതിനാൽ ഇലക്‌ട്രാണുകള്‍ തമ്മിലുള്ള സംഘർഷണസാധ്യത കുറയുന്നു. ഫിലമെന്റിൽനിന്ന്‌ ഇപ്രകാരം അതിവേഗത്തിൽ ചലിക്കുന്ന ഇലക്‌ട്രാണുകള്‍ ലക്ഷ്യത്തിൽ പതിക്കുമ്പോള്‍ അതിൽനിന്ന്‌ എക്‌സ്‌ രശ്‌മികള്‍ ബഹിർഗമിക്കുന്നു. പ്രവർത്തനം നടക്കുമ്പോള്‍ ആനോഡിന്റെ താപനില ക്രമീകരിക്കുന്നതിന്‌ തണുത്ത ജലംകൊണ്ട്‌ അതിനെ സദാ തണുപ്പിക്കണം.

ന്യൂനതകള്‍ പരിഹരിക്കപ്പെടുമ്പോള്‍ ട്യൂബിന്‌ താഴെപ്പറയുന്ന മേന്മകള്‍ ഉണ്ടായിരിക്കും. വോള്‍ട്ടതയിൽ വ്യത്യാസം വരുത്താതെ തന്നെ ട്യൂബിലൂടെ ഒഴുകുന്ന ധാര നിയന്ത്രിക്കാം. ഇതിൽ ഉത്‌പാദിതമാകുന്ന ഇലക്‌ട്രാണുകളുടെ എണ്ണം കുഴലിലെ വാതകത്തെ ആശ്രയിക്കുന്നില്ല. കൂടാതെ രശ്‌മിയുടെ തീവ്രത ഫിലമെന്റിന്റെ താപനില വ്യത്യാസപ്പെടുത്തി നിയന്ത്രിക്കാം. ട്യൂബ്‌ നിർവാതമാക്കിയതിനാൽ രശ്‌മിയുടെ തീവ്രത പ്രയുക്തമായ ഉന്നത വോള്‍ട്ടതയെ മാത്രം ആശ്രയിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍