This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാല്‍വിന്‍, മെല്‍വിന്‍ (1911 - 97)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാല്‍വിന്‍, മെല്‍വിന്‍ (1911 - 97)
Calvin, Melvin
നോബല്‍ സമ്മാനിതനായ യു.എസ്. രസതന്ത്രജ്ഞന്‍. പ്രകാശ സംശ്ലേഷണത്തില്‍ കാര്‍ബണിന്റെ സഞ്ചാരപാത കണ്ടെത്തിയതിനും വിശദീകരിച്ചതുമാണ് ഇദ്ദേഹത്തിന് 1961ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.
1911 ഏ. 8ന് മിനസോട്ടയിലെ സെന്റ് പോളില്‍ ജനിച്ചു. റഷ്യയില്‍ നിന്ന് യു.എസ്സിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് കാല്‍വിന്റെ മാതാപിതാക്കള്‍. 1931ല്‍ മിഷിഗണ്‍ കോളജ് ഒഫ് മൈനിങ് ആന്‍ഡ് ടെക്‌നോളജി(ഇന്ന് മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്നു)യില്‍ നിന്ന് രസതന്ത്രത്തില്‍ ബി.എസ്. ബിരുദവും 1935ല്‍ മിനസോട്ടാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്‌ടറേറ്റ് ബിരുദവും നേടി. 1935 മുതല്‍ 37 വരെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ സേവനം അനുഷ്‌ഠിച്ചശേഷം 1937ല്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ അധ-്യാപകനായി. 1946ല്‍ ഇദ്ദേഹം ലാറന്‍സ് റേഡിയേഷന്‍ ലബോറട്ടറിയിലെ ബയോ ഓര്‍ഗാനിക് കെമിസ്‌ട്രി വിഭാഗത്തിന്റെ മേധാവിയായി. ഈ ബയോഓര്‍ഗാനിക് കെമിസ്‌ട്രി വിഭാഗമാണ് 1960ല്‍ "ലബോറട്ടറി ഒഫ് കെമിക്കല്‍ ബയോഡൈനമിക്‌സ്' ആയി വികസിച്ചത്. 1967ല്‍ കാല്‍വിന്‍ ബെര്‍ക്ക്‌ലി ലബോറട്ടറിയിലെ അസോസിയേറ്റ് ഡയറക്‌ടറായി നിയമിക്കപ്പെട്ടു. 1971ല്‍ ഇദ്ദേഹം അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ അധ-്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ലോറന്‍സ് റേഡിയേഷന്‍ ലബോറട്ടറിയില്‍ ആണ് കാല്‍വിന്‍ തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ (1948) ആരംഭിച്ചത്. ആദ-്യകാലത്തു തന്നെ ഇദ്ദേഹം കാര്‍ബണിക തന്മാത്രകളുടെ സംരചനയിലും സ്വഭാവത്തിലും ആകൃഷ്‌ടനായിരുന്നു. ഇതിനുപുറമേ, സമന്വയ സംയുക്തങ്ങളുടെ രാസത്വരകസ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന താത്‌പര്യവും പ്രകാശസംശ്ലേഷണപഠനങ്ങള്‍ക്കുള്ള പ്രരകശക്തികളായി മാറി.
പരസ്‌പരാശ്രിതമായ അനവധി രാസപ്രക്രിയകളുടെ സങ്കീര്‍ണമായ സമ്മേളനമാണ് പ്രകാശസംശ്ലേഷണം. അന്തരീക്ഷത്തില്‍നിന്ന് ഇഛ2 ഉം ജലവും ആഗിരണം ചെയ്‌ത് സസ്യങ്ങള്‍ കാര്‍ബോഹൈഡ്രറ്റ് നിര്‍മിക്കുകയും ഓക്‌സിജന്‍ പുറന്തള്ളുകയും ചെയ്യുന്നു. എന്നാല്‍ ഇതിലുള്‍പ്പെടുന്ന ജൈവരാസപ്രക്രിയകളെക്കുറിച്ച് കാല്‍വിനു മുമ്പുവരെ വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. പ്രകാശസംശ്ലേഷണത്തിന്, പ്രകാശപ്രവര്‍ത്തനമെന്നും (light reaction) പ്രകാശരഹിത പ്രവര്‍ത്തനമെന്നും (dark reaction) രണ്ടു ഘട്ടങ്ങള്‍ ഉണ്ട്. ഈ രണ്ടു ഘട്ടങ്ങളും കാല്‍വിന്റെ ഗവേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സസ്യങ്ങളില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ സ്വാംശീകരണം ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ ഘട്ടത്തില്‍ (പ്രകാശരഹിതപ്രവര്‍ത്തനം) കാര്‍ബണ്‍ സഞ്ചരിക്കുന്ന പാതയുടെ ഒരു രൂപരേഖ കണ്ടുപിടിക്കുവാന്‍ കാല്‍വിനു സാധിച്ചു. ഇ14 ഐസോടോപ്പിന്റെ ഉപയോഗവും ക്രാമറ്റോഗ്രാഫിക രീതികളുമാണ് കാല്‍വിന്റെ ഗവേഷണത്തില്‍ സഹായകമായത്. 1945നുശേഷം സുലഭമായ കാര്‍ബണ്‍14, തന്റെ ഗവേഷണങ്ങളില്‍ വളരെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ക്ലോറെല്ല എന്ന ഹരിത ആല്‍ഗയിലാണ് കാല്‍വിനും സഹപ്രവര്‍ത്തകരും പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. കാല്‍വിന്‍ പ്രകാശസംശ്ലേഷണ സംബന്ധിയായ റേഡിയോ ആക്‌ടിവതയുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ ക്ലോറെല്ലയിലേക്ക് അല്‌പനിമിഷത്തേക്ക് കടത്തിവിട്ടശേഷം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആദ്യം ഏതു യുഗ്മത്തോടാണ് ചേരുന്നതെന്നു അദ്ദേഹവും സഹപ്രവര്‍ത്തകരും നിരീക്ഷിച്ചു. ഒരു അനയോണ്‍ എക്‌സ്‌ചേഞ്ച് റെസിനില്‍ പശപോലെ കാണപ്പെട്ട ഒരു വസ്‌തുവാണ് പ്രകാശസംശ്ലേഷണത്തില്‍ കാര്‍ബണ്‍ എത്തിക്കഴിഞ്ഞുള്ള ആദ്യനിമിഷങ്ങളില്‍ രൂപംകൊള്ളുന്നതെന്ന് ഇദ്ദേഹം മനസ്സിലാക്കി. അനയോണ്‍ എക്‌സ്‌ചേഞ്ച് റെസിനില്‍ പറ്റിപ്പിടിച്ച ഈ വസ്‌തു പെട്ടെന്നു കഴുകിമാറ്റാന്‍ കഴിയുന്നതായിരുന്നില്ല. സാധാരണ കാര്‍ബോക്‌സിലിക് അമ്ലങ്ങള്‍, സള്‍ഫേറ്റുകള്‍, ഫോസ്‌ഫേറ്റുകള്‍ എന്നിവ താരതമേ-്യന പെട്ടെന്ന് കഴുകി മാറ്റാമെന്നിരിക്കെ, ഈ പുതിയ വസ്‌തു മാറ്റാന്‍ കാഠിന-്യമേറിയ അമ്ലങ്ങളോ ക്ഷാരങ്ങളൊ തന്നെ വേണ്ടിവന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള കാര്‍ബോക്‌സിലിക് അമ്ലം ആയിരിക്കുമെന്ന് ഊഹിച്ചെങ്കിലും ഒരു സാധാരണ കാര്‍ബോക്‌സിലിക് അമ്ലത്തിന് അത്രത്തോളം ദൃഢത പ്രകടിപ്പിക്കുവാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നുള്ള ഗവേഷണങ്ങളിലൂടെയാണ് പ്രകാശസംശ്ലേഷണത്തില്‍ കാര്‍ബണ്‍ ആദ്യഉത്‌പന്നം മൂന്നു കാര്‍ബണ്‍ ആറ്റങ്ങള്‍ അടങ്ങിയ ഫോസ്‌ഫോഗ്ലിസറിക് അമ്ലം ആണെന്ന് ഇദ്ദേഹം കണ്ടെത്തിയത്. ഇത് കാല്‍വിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം നല്‍കിയ ഒരു കണ്ടെത്തലായിരുന്നു. തുടര്‍ന്ന്, ഫോസ്‌ഫോഗ്ലിസറിക് അമ്ലത്തിനും അന്ത്യഉത്‌പന്നമായ ഗ്ലൂക്കോസിനും മധ്യേയുണ്ടാകുന്ന വിവിധ കാര്‍ബോഹൈഡ്രറ്റുകളെ തിരിച്ചറിയുവാനും ഇവ രൂപംകൊള്ളുന്ന രാസപ്രക്രിയകള്‍ വിശദീകരിക്കുവാനും കാല്‍വിനു കഴിഞ്ഞു. ഇപ്രകാരം ഊര്‍ജം തീരെകുറവായ കാര്‍ബണ്‍ ഡൈഓക്‌സൈഡ് തന്മാത്രയില്‍ നിന്നും ഉയര്‍ന്ന ഊര്‍ജമുള്ള ഗ്ലൂക്കോസ് തന്മാത്ര രൂപംകൊള്ളുന്നതുവരെയുള്ള കാര്‍ബണിന്റെ സഞ്ചാരം കാല്‍വിന്‍ ചക്രം എന്നറിയപ്പെടുന്നു. ഇതിനെല്ലാം പുറമേ, സസ്യങ്ങളില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനം സ്വീകരിക്കുന്നത് അഞ്ചു കാര്‍ബണ്‍ ആറ്റങ്ങള്‍ അടങ്ങിയ റിബുലോസ് ബൈഫോസ്‌ഫേറ്റ് എന്ന തന്മാത്രയാണെന്നും കാല്‍വിന്‍ കണ്ടെത്തുകയുണ്ടായി. ഭൂമിയില്‍ ജീവന്റെ ആവിര്‍ഭാവത്തെപ്പറ്റി ആഴത്തില്‍ പഠിച്ച കാല്‍വിന്‍ ബഹിരാകാശത്തെ മറ്റ് പല ഗ്രഹങ്ങളിലും ജീവന്റെ തുടിപ്പുണ്ടാവുമെന്നു ഗാഢമായി വിശ-്വസിച്ചിരുന്നു.
മെല്‍വിന്‍ കാല്‍വിനു നോബല്‍ സമ്മാനത്തിന് പുറമേ ധാരാളം മറ്റു ബഹുമതികളും ലഭിച്ചിട്ടുണ്ട്. 1964ല്‍ റോയല്‍ സൊസൈറ്റിയില്‍ നിന്ന് ലഭിച്ച "ഡേവി മെഡല്‍', 1978ല്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയില്‍ നിന്ന് നേടിയ "പ്രീസ്റ്റ്‌ലി മെഡല്‍' എന്നിവ ഇതില്‍പ്പെടുന്നു. 1954ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സിലേക്കും 1958ല്‍ അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ദ് തിയറി ഒഫ് ഓര്‍ഗാനിക് കെമിസ്‌ട്രി (1940), ഐസോടോപിക് കാര്‍ബണ്‍ (1949), പാത്ത് ഒഫ് കാര്‍ബണ്‍ ഇന്‍ ഫോട്ടോസിന്തസിസ് (1957), ഫോട്ടോസിന്തസിസ് ഒഫ് കാര്‍ബണ്‍ കോമ്പൗണ്ട്‌സ് (1962), കെമിക്കല്‍ എവലൂഷന്‍ (1961) എന്നിവ കാല്‍വിന്‍ രചിച്ച പ്രമുഖ ഗ്രന്ഥങ്ങളാണ്. 1997ജനു. 8ന് ഇദ്ദേഹം അന്തരിച്ചു.