This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കസ്റ്റേയാ, റേമന്‍ (1797-1867)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കസ്റ്റേയാ, റേമന്‍ (1797-1867)
Castilla, Ramon
പെറുവിലെ സൈനിക രാഷ്‌ട്രീയ നേതാവ്. 1845 മുതല്‍ 51വരെയും 1855 മുതല്‍ 62 വരെയും ഇദ്ദേഹം പ്രസിഡന്റായിരുന്നു.
1797 ആഗ. 31നു താരാപാക (ഇപ്പോള്‍ ചിലിയില്‍)യില്‍ റേമന്‍ കസ്റ്റേയാ (Ramon Castilla) ജനിച്ചു. സ്വാതന്ത്യ്രസമരം ആരംഭിച്ചപ്പോള്‍ ചിലിയിലെ രാജകീയ സേനയില്‍ ചേരുകയും 1812-17 വരെ പ്രവര്‍ത്തിക്കുകയും ചെയ്‌തു. 1817ല്‍ അര്‍ജന്റീന്‍ചിലിയില്‍ ദേശീയസേന പിടികൂടി, ബ്യൂനേസ് അയേഴ്‌സിനു സമീപമുള്ള ക്യാമ്പിലേക്ക് അയച്ചു. അവിടെ നിന്നു പെറുവിലേക്ക് ഒളിച്ചു കടന്നു. 1820 വരെ രാജകീയ സേനയില്‍ തുടര്‍ന്നു. ജോസ് ദെ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള വിമോചനസേനയില്‍ ചേര്‍ന്നതോടെ ഇദ്ദേഹം കൂറുമാറി. 1824ല്‍ യുദ്ധം അവസാനിക്കുന്നതുവരെ സാന്‍മാര്‍ട്ടിന്റെയും, സൈമണ്‍ ബൊളിവറുടെയും കീഴില്‍ സേവനം നടത്തി. 1845ല്‍ പെറുവിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കസ്റ്റേയാ പ്രസിഡന്റായതോടെ പെറുവില്‍ സമാധാനം പുനഃസ്ഥാപിച്ചു. രാജ്യമൊട്ടാകെ പുരോഗതിയുടെ ചലനങ്ങള്‍ ദൃശ്യമായി.
ഇദ്ദേഹത്തിന്റെ കാലത്ത് പെറുവില്‍ ആദ്യമായി ബജറ്റ് തയ്യാറാക്കപ്പെട്ടു. രാജ്യത്തെ നൈട്രറ്റ് വിഭവങ്ങള്‍ ചൂഷണം ചെയ്‌തു ദേശീയ വരുമാനം വര്‍ധിപ്പിച്ച് പൊതുക്കടത്തിന്റെ തോതു കുറച്ചു. പൊതുമരാമത്തു പണികളാരംഭിച്ചും, വിദ്യാഭ്യാസസംവിധാനം വികസിപ്പിച്ചും, ഗതാഗതവാര്‍ത്താവിനിമയ ബന്ധങ്ങള്‍ നവീകരിച്ചും, പ്രതിരോധം മെച്ചപ്പെടുത്തിയും പെറുവിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കസ്റ്റേയായ്‌ക്കു കഴിഞ്ഞു. നീഗ്രാകള്‍ അനുഭവിച്ചിരുന്ന അടിമത്തം അവസാനിപ്പിച്ചുവെന്നു മാത്രമല്ല; ശതാബ്‌ദങ്ങളായി ഇന്ത്യരില്‍ നിന്നും പിരിച്ചുവന്ന തലനികുതി നിര്‍ത്തലാക്കുകയും ചെയ്‌തു. 1860ല്‍ ഒരു പുതിയ ഭരണഘടന അംഗീകരിക്കുകയും അത് 1920 വരെ പ്രാബല്യത്തിലിരിക്കുകയും ചെയ്‌തു. 1862ല്‍ പ്രസിഡന്റ് പദവിയില്‍ നിന്നു വിരമിച്ചുവെങ്കിലും ദേശീയ പ്രശ്‌നങ്ങളില്‍ ക്രിയാത്‌മകമായ താത്‌പര്യം വച്ചു പുലര്‍ത്തിവന്നു.
സ്‌പെയിനുമായി ഉണ്ടാക്കിയ വിവാന്‍കോ പ്രജാ സന്ധി (Vivanco Preja Treaty) യെക്കുറിച്ച് പുതിയ പ്രസിഡന്റായ ജൂവാന്‍ അന്തോണിയോ പെസെതുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് 1864ല്‍ ഇദ്ദേഹം നാടു കടത്തപ്പെട്ടു.
പെസതിന്റെ പിന്‍ഗാമിയായ മരിയാനോ ഇഗ്‌നേസിയോ പ്രാദോയ്‌ക്കെതിരായി 1867ല്‍ കസ്റ്റേയാ ഒരു കലാപത്തിനു നേതൃത്വം നല്‌കി. എന്നാല്‍ ഇത് അവസാനിക്കുന്നതിനു മുമ്പ് (1867 മേയ് 25) ഇദ്ദേഹം ഒരു അപകടത്തില്‍പ്പെട്ടു മരിച്ചു.