This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിവര്‍ണാശ്രമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:35, 1 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.247 (സംവാദം)

അതിവര്‍ണാശ്രമി

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ ആശ്രമങ്ങളുടെയും വര്‍ണങ്ങളുടെയും വ്യവസ്ഥകള്‍ക്ക് അതീതനായവന്‍. സന്ന്യാസത്തിന്റെ അന്ത്യഘട്ടമായ ഹംസസന്ന്യാസത്തിന് അപ്പുറമെത്തിയവരാണ് അതിവര്‍ണാശ്രമികള്‍ അഥവാ പരമഹംസന്‍മാര്‍.

രാമകൃഷ്ണദേവന്‍ പരമഹംസനായി കരുതപ്പെടുന്നു. പരമഹംസനായ ദത്താത്രേയനെപ്പറ്റി പുരാണത്തില്‍ വ്യവഹരിക്കുന്നുണ്ട്. ഭാഗവതത്തില്‍ വര്‍ണിക്കുന്ന ഋഷഭയോഗിയുടെ സര്‍വസംഗപരിത്യാഗത്തിനുശേഷമുള്ള ചര്യാപ്രകാരങ്ങള്‍ അതിവര്‍ണാശ്രമി(അവധൂതന്‍മാര്‍)കളുടെ സംപൂര്‍ണചര്യകളായി കണക്കാക്കപ്പെടുന്നു. ശുകബ്രഹ്മര്‍ഷിയും അതിവര്‍ണാശ്രമിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അതിവര്‍ണാശ്രമികള്‍ വര്‍ണാശ്രമവ്യവസ്ഥകളൊന്നും പാലിക്കാറില്ല. 'ഹംസസ്സോഹം, സോഹം ഹംസഃ', എന്ന മന്ത്രത്തിനേക്കാള്‍ കേവലം പ്രണവ (ഓം)ത്തിനാണ് ഇവര്‍ പ്രാമുഖ്യം കല്പിക്കുന്നത്. ഉദ്ദണ്ഡനെ പരാജയപ്പെടുത്തിയ കാക്കശ്ശേരിഭട്ടതിരി വാര്‍ധക്യത്തില്‍ അതിവര്‍ണാശ്രമിയായിത്തീര്‍ന്നതായി ഐതിഹ്യമുണ്ട്. സന്ധ്യാവന്ദനംപോലും ചെയ്യാതിരുന്ന കാക്കശ്ശേരിയോട് കാരണം ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം അതിവര്‍ണാശ്രമികളുടെ മാനസികാവസ്ഥയെ തുറന്നുകാട്ടുന്നതായിരുന്നു: "ഹൃദയാകാശത്തില്‍ ജ്ഞാനാനന്ദസ്വരൂപനായ ഹരി (സൂര്യന്‍) എപ്പോഴും ശോഭിച്ചുകൊണ്ടിരിക്കുന്നു. ആ ഹരിക്ക് ഉദയവുമില്ല അസ്തമയവുമില്ല. അപ്പോള്‍ എങ്ങനെയാണ് സന്ധ്യയെ ഉപാസിക്കുക?

ഓരോ നിമിഷവും ഈശ്വരസമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ട് ബ്രഹ്മഭാവത്തില്‍ മുഴുകിയിരിക്കുന്നവരാണ് ജീവന്‍ മുക്തരായ അതിവര്‍ണാശ്രമികള്‍. ഇവര്‍ വര്‍ണാശ്രമവ്യവസ്ഥകള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് അനുകരണീയരല്ല. ഋഷഭയോഗിയെ അനുകരിച്ചുണ്ടായ പല പാഷണ്ഡന്‍മാരെയും നിന്ദിതരായി ഭാഗവതത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. നോ: അവധൂതന്‍ (എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍