This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളരിചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:45, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കളരിചികിത്സ

കളരിയില്‍ വച്ച്‌ മെയ്‌വഴക്കം, വടിപ്പയറ്റ്‌, വാള്‍പ്പയറ്റ്‌, ചാട്ടങ്ങള്‍, മറിച്ചിലുകള്‍ തുടങ്ങിയ അഭ്യാസമുറകള്‍ പരിശീലിക്കുമ്പോള്‍ സംഭവിക്കാവുന്ന അഭിഘാതങ്ങള്‍, അസ്ഥിഭംഗം മുതലായ അപകടങ്ങള്‍ക്ക്‌ പ്രതിവിധിയായി കളരി ആചാര്യന്മാര്‍ രൂപപ്പെടുത്തിയ ഒരു ചികിത്സാസമ്പ്രദായം. കേരളത്തിന്റെ പ്രാചീനായോധന കലയായ കളരിപ്പയറ്റിനോളം തന്നെ പഴക്കമുണ്ട്‌ കളരിചികിത്സയ്‌ക്കും.

വീഴ്‌ചകള്‍മൂലവും അടി, ഇടി, തട്ട്‌ എന്നിവ കൊണ്ടും മറ്റും സംഭവിക്കുന്ന മര്‍മാഭിഘാതം, അസ്ഥിഭംഗം, സന്ധിഭ്രംശം, ഉളുക്ക്‌, ചതവ്‌, നാഡിപ്പിഴ മുതലായവയ്‌ക്കും അതുമൂലം ക്രമേണ സംഭവിക്കാവുന്ന മറ്റനവധി രോഗങ്ങള്‍ക്കും കളരിചികിത്സയില്‍ പ്രതിവിധികളുണ്ട്‌. ആയുര്‍വേദശാസ്‌ത്രത്തിലെ പഞ്ചകര്‍മ ചികിത്സാവിധി അടിസ്ഥാനമാക്കി രൂപപ്പെടുത്തി, ആയുര്‍വേദ ഔഷധങ്ങളെ മാത്രം ആശ്രയിച്ചു തയ്യാറാക്കുന്ന ഫലപ്രദമായ ഔഷധവിധികളാണ്‌ കളരിചികിത്സയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഉഴിച്ചില്‍, കിഴിവെച്ചുകെട്ടല്‍, ധാര, നസ്യം എന്നീ രീതികള്‍ക്കു പുറമേ പ്രത്യേക രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള കഷായം, തൈലം, ഘൃതം, ചൂര്‍ണം, ഗുളിക, ലേഹ്യം എന്നിവയും കളരിചികിത്സയില്‍ ഉപയോഗിക്കുന്നു. ശരീര ശാസ്‌ത്രം, മര്‍മശാസ്‌ത്രം, നാഡീശാസ്‌ത്രം, അസ്ഥിഘടന, സന്ധിഘടന, മാംസഘടന, രക്തചംക്രമണം എന്നിവ കളരിചികിത്സകന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്‌. ആയുര്‍വേദത്തിലെ വിദഗ്‌ധന്മാരുടെ സ്വാനുഭവങ്ങളും യുക്തികളും കൊണ്ട്‌ തനതായി രൂപപ്പെടുത്തിയ ഈ സമ്പ്രദായത്തില്‍ അതിന്റേതായ പ്രത്യേകതകള്‍ പരിശീലിപ്പിക്കുന്ന രീതികളും ഗ്രന്ഥങ്ങളും അനവധിയുണ്ട്‌.

ആയുര്‍വേദശാസ്‌ത്രത്തിലെ മര്‍മവിഭാഗത്തില്‍ നിന്ന്‌ വ്യത്യസ്‌തവും വിപുലവുമാണ്‌ കളരിചികിത്സയുടെ കാതലായ മര്‍മവിഭാഗം. കളരിചികിത്സയില്‍ കുലമര്‍മങ്ങള്‍, കോച്ചുമര്‍മങ്ങള്‍, അഭ്യാസമര്‍മങ്ങള്‍ എന്ന്‌ മൂന്നു മര്‍മവിഭാഗങ്ങളുണ്ട്‌. ഓരോ മര്‍മത്തിലും ഏല്‌ക്കുന്ന ക്ഷതങ്ങളില്‍ നിന്നുമുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ പ്രത്യേക ലക്ഷണങ്ങളും മറുകൈകളും ചികിത്സാരീതികളും ഔഷധപ്രയോഗങ്ങളും വളരെ വിപുലമായി കളരിചികിത്സയില്‍ പ്രതിപാദിക്കുന്നുണ്ട്‌. മര്‍മാഭിഘാതം കൊണ്ട്‌ ബോധം നഷ്ടപ്പെടുന്ന ഒരു രോഗിയുടെ ലക്ഷണങ്ങളില്‍ നിന്നുമാത്രം ഏതു മര്‍മത്തില്‍ ഏറ്റ അഭിഘാതം മൂലമാണ്‌ രോഗിക്ക്‌ ബോധം നശിച്ചതെന്നും അതിനുള്ള മറുകൈ ഏതു സ്ഥാനത്ത്‌ ചെയ്യണമെന്നും മറ്റും കളരിചികിത്സയില്‍ പ്രതിപാദിക്കുന്നുണ്ട്‌. അസ്ഥികള്‍ ഒടിഞ്ഞും നാഡി മാറിയും വരുന്ന രോഗികളെ ചില പ്രത്യേക "വശങ്ങള്‍' പ്രയോഗിച്ച്‌ പൂര്‍വസ്ഥിതിയില്‍ ആക്കുവാനും അതതു സ്ഥാനങ്ങള്‍ക്കു പറ്റിയ വിധം ചീളുകളും മറ്റുമുപയോഗിച്ച്‌ വച്ചു കെട്ടുവാനും കളരിചികിത്സകനു കഴിയും.

ആയുര്‍വേദത്തില്‍ നിന്നും വളരെ വ്യത്യസ്‌തമായ ചില ഔഷധനിര്‍മാണരീതികള്‍ കളരിചികിത്സയിലുണ്ട്‌. വളരെപ്പെട്ടെന്നു ഫലം കിട്ടുന്ന ചില ഔഷധങ്ങള്‍ കളരിചികിത്സാസമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. "നവരക്കിഴി'യില്‍ ആയുര്‍വേദത്തിലും കളരിചികിത്സയിലും വ്യത്യസ്‌തമായ ചില പ്രയോഗങ്ങള്‍ പ്രകടമാണ്‌. "ഇലക്കിഴി'യിലെ ഔഷധങ്ങളുടെ എണ്ണവും തരവും വ്യത്യസ്‌തമാണ്‌. ആയുര്‍വേദത്തിലെ "പിഴിച്ചിലി'ന്റെ ഒരു വകഭേദമായി രൂപപ്പെടുത്തിയതും സാധാരണക്കാര്‍ക്ക്‌ സ്വീകരിക്കാന്‍ സുകരവും ആദായപ്രദവും ഫലപ്രദവുമായ ഒരു ചികിത്സാരീതിയാണ്‌ കളരിചികിത്സയിലെ "ഉഴിച്ചില്‍'. (നോ: ഉഴിച്ചില്‍) കളരിചികിത്സയിലെ കാതലായ പരിശീലനവിഭാഗവും ഉഴിച്ചിലാണ്‌. കാലു കൊണ്ടും കൈകൊണ്ടും രണ്ടു വിധത്തില്‍ ഉഴിച്ചില്‍ നടത്തുന്നുണ്ട്‌.

കളരിചികിത്സാപഠനത്തില്‍ ഗുരുകുല വിദ്യാഭ്യാസസമ്പ്രദായത്തിനാണ്‌ പ്രാധാന്യം കല്‌പിച്ചിരിക്കുന്നത്‌. ഗ്രന്ഥപരിചയത്തിനു പുറമേ ഗുരുവിനെ സഹായിച്ചും ഗുരുവിന്റെ സാന്നിധ്യത്തില്‍ നേരിട്ട്‌ പരിചയിച്ചും ഉണ്ടാകുന്ന കഴിവുകളാണ്‌ കളരിചികിത്സയുടെ നേട്ടങ്ങള്‍. ധര്‍മം, ക്ഷമ, സ്‌നേഹം, സഹാനുഭൂതി എന്നീ ഗുണവിശേഷങ്ങള്‍ ഒരു കളരി ചികിത്സകനുണ്ടായേ തീരൂ. കളരിചികിത്സകന്‍ പ്രസന്നനും ശാന്തനുമായിരിക്കണം; രോഗങ്ങള്‍ കാണുമ്പോള്‍ ഭ്രമിക്കരുത്‌. മനസ്സിലാവാത്തത്‌ ഏറ്റെടുക്കാന്‍ ധൃതി കാട്ടരുത്‌, അഭിമാനം നോക്കി എന്തെങ്കിലും ചെയ്യുകയുമരുത്‌. കേരളത്തില്‍ മാത്രം പ്രചാരമുള്ളതും കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയ്‌ക്ക്‌ യോജിച്ചതും കേരളത്തില്‍ സുലഭമായി കിട്ടുന്ന ഔഷധങ്ങളുടെ പ്രത്യേകതകള്‍ കൊണ്ടു മാത്രം രൂപപ്പെടുത്തിയതുമായ ചികിത്സാസമ്പ്രദായമാണ്‌ ഇത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

(സി.വി. ഗോവിന്ദന്‍കുട്ടി നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍