This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌തൂരി എലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:26, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കസ്‌തൂരി എലി

Musk rat

വടക്കേ അമേരിക്കയിലാകമാനം കാണപ്പെടുന്ന ജലജീവിയായ കരണ്ടുതീനി (rodent). ശോ.നാ. ഒണ്‍ഡാട്ര സൈബത്തികസ്‌ (Ondatra Zibethicus).ഒരു പ്രത്യേക ഗ്രന്ഥി (iguinal gland) ഉത്‌പാദിപ്പിക്കുന്ന സ്രവം മൂലം ഇതിന്‌ ഒരു പ്രത്യേക ഗന്ധം ലഭിക്കുന്നു. എലിയുടേതുപോലുള്ള ശരീരവും വശങ്ങളിലേക്ക്‌ പരന്ന വാലും ഇതിന്റെ പ്രത്യേകതകളാണ്‌. ദേഹത്തിന്‌ 40 സെ.മീറ്ററും വാലിന്‌ 25 സെ.മീറ്ററും നീളം കാണും; പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉദ്ദേശം 1.5 കി.ഗ്രാം ഭാരവും ഉണ്ടാകും. ബീവറിനോട്‌ സാദൃശ്യമുള്ള ഈ ജന്തുവിന്റെ ശരീരത്തിന്‌, മുകളില്‍ ഇരുണ്ട തവിട്ടുനിറവും അടിയില്‍ ചാരനിറവും ആയിരിക്കും. പട്ടുപോലെ മൃദുവും ഇടതിങ്ങിയതുമായ രോമത്താല്‍ ശരീരമാസകലം ആവൃതമായിരിക്കുന്നു. എന്നാല്‍ ദേഹത്തിനു മുകളിലായി ഇടയ്‌ക്കിടെ നീണ്ടു പരുപരുത്ത രോമവും കാണാറുണ്ട്‌.

കുളങ്ങളും നദികളുമാണ്‌ കസ്‌തൂരി എലിയുടെ വാസസ്ഥാനം. തറ തുരന്നുണ്ടാക്കുന്ന മാളങ്ങളില്‍ ഇതു ജീവിക്കുന്നു. ബലമേറിയ ഉളിപ്പല്ലുകളും നഖങ്ങളും ഉപയോഗിച്ചാണ്‌ മാളങ്ങള്‍ തുരക്കുന്നത്‌. മാളത്തില്‍ രണ്ടു ദ്വാരങ്ങളുണ്ട്‌: വെള്ളത്തിനടിയില്‍ തുറക്കുന്ന ഒന്നും, വെള്ളത്തിനു മുകളിലേക്കു തുറക്കുന്ന മറ്റൊന്നും. ചതുപ്പു പ്രദേശങ്ങളില്‍ പലപ്പോഴും ഇത്‌ 0.75 മുതല്‍ 1.25 വരെ മീ. ഉയരത്തില്‍ ഇലകളും കമ്പുകളും കൂട്ടിയിട്ട്‌ ചെറുകുന്നുകള്‍ ഉണ്ടാക്കാറുണ്ട്‌. ഈ കുന്നുകള്‍ക്കുള്ളിലായി നിരവധി ജന്തുക്കള്‍ക്ക്‌ ഒരുമിച്ചു കഴിയാന്‍ പാകത്തില്‍ വലുപ്പമേറിയ മാളങ്ങളുണ്ടാക്കുന്നു. എല്ലും "കണ'യും മറ്റും ചെളി ഉപയോഗിച്ച്‌ ചേര്‍ത്താണ്‌ ഈ മാളങ്ങളുണ്ടാക്കുന്നത്‌.

അതിവിദഗ്‌ധനായ ഒരു നീന്തല്‍ക്കാരനാണ്‌ കസ്‌തൂരി എലി. ജലസസ്യങ്ങള്‍, വേര്‌, പഴങ്ങള്‍, പച്ചക്കറികള്‍, പുല്ലുവര്‍ഗങ്ങള്‍,കക്കകള്‍ തുടങ്ങി മാംസം വരെ എന്തു കിട്ടിയാലും ഇതു ഭക്ഷിക്കുന്നു. ഇതിന്റെ രോമ(fur)ത്തിന്‌ വിപണിയില്‍ പ്രിയം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ ധാരാളമായി ഇതു വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. 1942 ദിവസമാണ്‌ കസ്‌തൂരി എലിയുടെ ഗര്‍ഭകാലം. വര്‍ഷത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ തവണ പ്രസവിക്കാറുണ്ട്‌. ഓരോ പ്രസവത്തിലും 57 കുട്ടികള്‍ ഉണ്ടായിരിക്കും. രോമത്തിന്റെ പ്രാധാന്യം മൂലം 1905ല്‍ യൂറോപ്പിലേക്ക്‌ കസ്‌തൂരി എലി കൊണ്ടുവരപ്പെട്ടു. മനുഷ്യനിര്‍മിതമായ അണക്കെട്ടുകള്‍, തോടുകള്‍ എന്നിവ ഈ ജന്തു തുരന്നു നാശമുണ്ടാക്കിത്തീര്‍ക്കുന്നു. പ്രാഗിലാണ്‌ ഇതിനെ ഇറക്കുമതി ചെയ്‌തു വളര്‍ത്താനാരംഭിച്ചത്‌. എന്നാല്‍ വളരെക്കുറച്ചു സമയത്തിനുള്ളില്‍ മധ്യയൂറോപ്പിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും ഇത്‌ വ്യാപിക്കുകയുണ്ടായി.

ഫ്‌ളോറിഡ വാട്ടര്‍ റാറ്റ്‌ എന്നയിനം (Neofiber alleni) "റൗണ്ട്‌ടെയ്‌ല്‍ഡ്‌ മസ്‌ക്‌ റാറ്റ്‌' എന്ന പേരിലും അറിയപ്പെടാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍