This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറാന്റ്‌ ചെടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:13, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുറാന്റ്‌ ചെടി

Currant

ശൈത്യമുള്ള പ്രദേശങ്ങളിൽ വളരുന്ന സാക്‌സിഫ്രാജേസി സസ്യകുടുംബത്തിലെ ഒരു ഫലവർഗച്ചെടി. 16-ാം ശതകത്തിനുമുമ്പ്‌ കുറാന്റ്‌ ചെടി കൃഷിചെയ്‌തിരുന്നതായി സൂചിപ്പിക്കുന്ന രേഖകളൊന്നും ലഭ്യമല്ലാത്തതിനാൽ ആ കാലഘട്ടത്തിനു ശേഷമാണ്‌ ഇതിന്റെ കൃഷി ആവിർഭവിച്ചിരുന്നതെന്ന്‌ അഭ്യൂഹിക്കേണ്ടിയിരിക്കുന്നു. റോമാക്കാർ ഈ ഫലവർഗത്തെക്കുറിച്ച്‌ അജ്ഞരായിരുന്നു. അമേരിക്കയിൽ ഇന്ന്‌ കൃഷിചെയ്യപ്പെടുന്ന കുറാന്റ്‌ ചെടികള്‍ യൂറോപ്യന്‍ റെഡ്‌ കുറാന്റ്‌ (Ribes vulgare), യൂറോപ്യന്‍ ബ്ലാക്ക്‌ കുറാന്റ്‌ (Ribes nigrum) എന്നീ സ്‌പീഷീസുകളിൽനിന്ന്‌ ഉടലെടുത്തവയാണ്‌. 19-ാം ശതകത്തിന്റെ പ്രാരംഭഘട്ടത്തിൽ ചെമപ്പ്‌ (R. rubrum), പിങ്ക്‌ (R. petraeum), വെള്ള (R. sativum) എന്നിങ്ങനെയാണ്‌ കുറാന്റ്‌ ചെടികളെ തരംതിരിച്ചിരിക്കുന്നത്‌. ഇന്ന്‌ നിരവധി പുതിയ ഇനങ്ങള്‍ ആവിർഭവിച്ചിട്ടുണ്ട്‌. ഇതര ഫലവർഗച്ചെടികള്‍ വളരാന്‍ അനുകൂല സാഹചര്യമില്ലാത്ത അതിശൈത്യമുള്ള പ്രദേശങ്ങളിൽപ്പോലും നിഷ്‌പ്രയാസം നട്ടുവളർത്താമെന്നത്‌ കുറാന്റ്‌ ചെടിയുടെ പ്രത്യേകതയാണ്‌. വിത്തു നട്ടോ കൊമ്പുമുറിച്ചുനട്ടോ പ്രവർധനം നടത്താം.

ഒരു കുറ്റിച്ചെടിയായി വളരുന്ന കുറാന്റിന്റെ ഇലകള്‍ക്ക്‌ ഏകദേശം മുന്തിരിയിലകളുടെ ആകൃതിയാണ്‌. ചെറിയ നെല്ലിക്കയോളം വലുപ്പമുള്ള കായ്‌കള്‍ മുന്തിരിച്ചെടിയിലേതുപോലെയുള്ള കുലകളിൽ കാണപ്പെടുന്നു.

രുചിപ്രദവും ഉന്മേഷദായകവുമായ പഴുത്ത കായ്‌കള്‍ അതേപടിയോ ജെല്ലി മുതലായവയുണ്ടാക്കാനോ ഉപയോഗിക്കുന്നു. ചെമപ്പ്‌ കുറാന്റ്‌ പഴങ്ങള്‍കൊണ്ടുണ്ടാക്കുന്ന ജെല്ലിക്ക്‌ മറ്റുള്ളവയെ അപേക്ഷിച്ച്‌ മേന്മയേറുമെന്നതിനാൽ ഈ ആവശ്യത്തിലേക്കായാണ്‌ പഴങ്ങള്‍ മുഖ്യമായും ഉപയോഗപ്പെടുത്തുന്നത്‌. വെള്ളക്കുറാന്റ്‌ പഴങ്ങള്‍ക്ക്‌ പുളി കുറവായതിനാൽ അവ അതേപടി ഭക്ഷിക്കുവാന്‍ ധാരാളമായി ഉപയോഗിക്കുന്നു. കറുത്ത കുറാന്റ്‌ പഴങ്ങള്‍കൊണ്ടുള്ള ജെല്ലിയും ജാമും അതിവിശിഷ്‌ടങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍