This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമിതാബ് ബച്ചന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമിതാബ് ബച്ചന്‍ (1942 - )
ഹിന്ദി ചലച്ചിത്ര താരം. 1942-ല്‍ ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ പ്രശസ്ത കവി ഹരിവംശറായി ബച്ചന്റെയും തേജി ബച്ചന്റെയും മകനായി ജനിച്ചു. നൈനിറ്റാള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കൈറോറിമാല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍ പിന്നീട് കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കി. 1968-ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969-ല്‍ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. 1971-ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചന്‍ ഹിന്ദിസിനിമാലോകത്ത് ശ്രദ്ധേയനായി. പരമ്പരാഗത നായകവേഷങ്ങളെ തിരസ്കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ചീര്‍ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1975-ല്‍ അടിയന്തിരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വന്‍ജനപ്രീതി നേടി. അമര്‍ അക്ബര്‍ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ല്‍ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൌഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തില്‍ എത്തിക്കുകയും 1984-ല്‍ ഇദ്ദേഹം അലഹാബാദില്‍ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1997-ല്‍ അമിതാബ് ബച്ചന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കായി എ.ബി.സി.എല്‍. എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വന്‍ സാമ്പത്തികബാധ്യതയാണുണ്ടാക്കിയത്. സ്റ്റാര്‍ പ്ളസ് ടെലിവിഷനില്‍ അവതരിപ്പിച്ച 'കോന്‍ ബനേഗ കരോര്‍പതി' എന്ന പരിപാടിയുടെ വന്‍ വിജയം ഇദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി. 1982-ല്‍ കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടവും 2005-ല്‍ ഉണ്ടായ രോഗബാധയും ആരാധകരെ ഉല്‍കണ്ഠാകുലരാക്കി. ഈ രണ്ട് അവസരങ്ങളിലും രാജ്യത്തുടനീളം ആരാധകര്‍ ഇദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുകയുണ്ടായി.
നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള 'ബിഗ്ബി' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബച്ചന്‍ ബി.ബി.സിയുടെ വോട്ടെടുപ്പില്‍ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിനിമ, ടെലിവിഷന്‍, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളില്‍ ബച്ചന്‍ സജീവസാന്നിധ്യമാണ്. പ്രശസ്ത അഭിനേത്രി ജയഭാധുരിയാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്, ശ്വേത എന്നിവര്‍ മക്കളും.
(ഒ. രാധിക)