This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമായുറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:32, 3 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കമായുറ

Kamayura

ഒരു അമേരിക്കന്‍ ജനവര്‍ഗം. ബ്രസീലില്‍ ആമസോണിന്‍െറ പോഷകനദിയായ സിന്‍ഗുവിന്‍െറ തീരത്തുള്ള വനങ്ങളില്‍ ഇവര്‍ നിവസിക്കുന്നു. പുല്ലുമേഞ്ഞ ചെറിയ മണ്‍കുടിലുകളിലാണ്‌ ഇവര്‍ താമസിക്കുന്നത്‌. ഒരു അധിവാസപ്രദേശത്ത്‌ പത്തോ അമ്പതോ കുടിലുകള്‍ കാണും. ജ്യേഷ്‌ഠാഌജന്‌മാര്‍ ജ്യേഷ്‌ഠത്തി അഌജത്തിമാരെ വിവാഹം കഴിക്കുകയാണ്‌ പതിവ്‌. കൂട്ടുകുടുംബസമ്പ്രദായം നിലവിലുണ്ടെങ്കിലും അച്ഛഌം അമ്മയും കുട്ടികളും പ്രത്യേക ഘടകമായിത്തന്നെ വര്‍ത്തിക്കുന്നു. കൃഷിയും മത്‌സ്യബന്ധനവും ആണ്‌ ഇവരുടെ പ്രധാന തൊഴിലുകള്‍. മാനിയോക്‌ എന്ന ഒരുതരം കിഴങ്ങ്‌, ഉരുളക്കിഴങ്ങ്‌, ചോളം, പുകയില, പരുത്തി, പഴവര്‍ഗങ്ങള്‍ എന്നിവയാണ്‌ പ്രധാന കാര്‍ഷികവിളകള്‍. സ്ഥിരമായി ഒരിടത്തും താമസിക്കാറില്ല; ഒരു സ്ഥലത്തെ മണ്ണിന്‍െറ ഫലഭൂയിഷ്‌ഠത കുറയുമ്പോള്‍ ആ സ്ഥലം ഉപേക്ഷിച്ച്‌ പുതിയ സ്ഥലം അന്വേഷിച്ചു പോകുകയാണ്‌ ഇവരുടെ പതിവ്‌. ചിലപ്പോള്‍ വേട്ടയാടിയും ഉപജീവനം നടത്താറുണ്ട്‌. വേട്ടയാടുന്നതിഌം മീന്‍പിടിക്കുന്നതിഌം അമ്പും വില്ലുമാണ്‌ ഉപയോഗിക്കുക. കെണിയൊരുക്കിയും നദീജലത്തില്‍ വിഷാംശം കലര്‍ത്തിയും മത്സ്യബന്ധനം നടത്താറുണ്ട്‌.

മതകാര്യങ്ങളില്‍ പൗരോഹിത്യം വഹിക്കുന്ന ഷാമാന്‍ (Shaman) തന്നെയാണ്‌ ഈ വര്‍ഗത്തിന്‍െറ നേതാവും പരമാധികാരിയും. സൂര്യന്‍ എന്നര്‍ഥമുള്ള "ക്വാറ്റ്‌' (Kuat) ആണ്‌ പ്രധാന ആരാധനാമൂര്‍ത്തി. വേട്ടയാടലും മത്സ്യബന്ധനവും വിവാഹച്ചടങ്ങുകളും ശിശുജനനവുമൊക്കെ സമൂഹത്തിലുള്ളവര്‍ ഒന്നുചേര്‍ന്നാഘോഷിക്കുന്നു. അങ്ങേയറ്റം സൗഹാര്‍ദപൂര്‍ണമായ ജീവിതമാണ്‌ കാമായുറ വര്‍ഗത്തിന്റേത്‌. ശത്രുക്കളല്ലെന്നു ബോധ്യമുള്ള അന്യവ്യക്തികളെ ഇവര്‍ തങ്ങളുടെ ഇടയിലേക്ക്‌ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു.

ലിംഗഭേദമഌസരിച്ചുള്ള തൊഴില്‍ വിഭജനം ഇവരുടെയിടയില്‍ സര്‍വസാധാരണമാണ്‌. കാടുവെട്ടിത്തെളിച്ച്‌ കൃഷിസ്ഥലം ഒരുക്കുന്നതും കൃഷി ഇറക്കുന്നതുമാണ്‌ പുരുഷന്മാരുടെ ജോലികള്‍. ബാക്കി കാര്‍ഷികജോലികള്‍ സ്‌ത്രീകളാണ്‌ ചെയ്യുന്നത്‌. പുരുഷന്മാര്‍ വീടുണ്ടാക്കുകയും വേട്ടയാടുകയും മീന്‍പിടിക്കുകയും വിളവെടുപ്പില്‍ സ്‌ത്രീകളെ സഹായിക്കുകയും ചെയ്യുന്നു. കൃഷികാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിഌ പുറമേ സ്‌ത്രീകള്‍ ഭക്ഷണം പാകം ചെയ്യുകയും വെള്ളംകോരുകയും കുട്ടികളെ സംരക്ഷിക്കുകയും കുട്ട നെയ്യുകയും ചെയ്യുന്നു. ഇവരുടെ പാചകരീതി വളരെ സങ്കീര്‍ണമാണ്‌. മാനിയോക്‌ കിഴങ്ങും മത്‌സ്യവുമാണ്‌ കമായുറകളുടെ പ്രധാന ഭക്ഷണസാധനങ്ങള്‍. ഇവ ലഭ്യമാകാതെ വരുമ്പോള്‍ ഇക്കൂട്ടര്‍ വേട്ടയാടാന്‍ പോകുന്നു; വിനോദത്തിഌ വേണ്ടിയും വേട്ടയാടാറുണ്ട്‌. കമായുറകളുടെ ഇടയില്‍ അനവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട്‌. പ്രകൃതിയെ പ്രസാദിപ്പിക്കുന്നതിഌവേണ്ടി ഇവര്‍ പാട്ടും നൃത്തവും നടത്താറുണ്ട്‌.

ബ്രസീലിയന്‍ സംസ്‌കാരത്തിന്‍െറ അമിത സ്വാധീനംകൊണ്ട്‌ തങ്ങളുടേതായ അപരിഷ്‌കൃത സ്വഭാവവിശേഷങ്ങള്‍ വെടിയാന്‍ കമായുറകള്‍ നിര്‍ബന്ധിതരായിരിക്കുന്നു. തിരോഭവിച്ചുകൊണ്ടിരിക്കുന്ന കമായുറ ഉള്‍പ്പെടെ സിന്‍ഗുനദീതടങ്ങളിലെ വനാന്തരങ്ങളില്‍ നിവസിക്കുന്ന ഇന്ത്യന്‍ ജനവര്‍ഗങ്ങളെ സംരക്ഷിക്കുന്നതിഌവേണ്ടി ബ്രസീല്‍ ഗവണ്‍മെന്റ്‌ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍