This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഷ്, പോളികാർപ് (1911 - 93)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുഷ്, പോളികാർപ് (1911 - 93)
Kush, Polycarp
നോബൽ സമ്മാനിതനായ ജർമന്‍-യു.എസ്. ഭൗതികശാസ്‌ത്രജ്ഞന്‍. 1911 ജനു. 26-ന് ജർമനിയിലെ ബ്ലാക്കന്‍ബർഗിൽ ജനിച്ചു. ക്ലെവ്‌ലെന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലും ഇല്ലിനോയിലും ആയി വിദ്യാഭ്യാസം ചെയ്‌തു. 1936-ൽ പ്രാകാശിക സ്‌പെക്‌ട്രാസ്‌കോപ്പിയെ ആധാരമാക്കി സമർപ്പിച്ച ഗവേഷണപ്രബന്ധത്തിന് ഇല്ലിനോയ് സർവകലാശാലയിൽ നിന്ന് ഇദ്ദേഹത്തിന് ഡോക്‌ടർ ബിരുദം ലഭിച്ചു. 1931-41 കാലയളവുകളിലായി ഇല്ലിനോയ്, മിനസോട്ട, കൊളംബിയ എന്നീ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. രണ്ടാംലോകയുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കായി ഇദ്ദേഹം മൈക്രാവേവ് ട്യൂബുകളെയും ജനറേറ്ററുകളെയുംകുറിച്ചു പഠനം നടത്തി. 1946-ൽ കൊളംബിയയിലേക്കുതന്നെ മടങ്ങിയ ഇദ്ദേഹം 1949-ൽ കൊളംബിയാ സർവകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗത്തിന്റെ പ്രാഫസറായി. 1949-52, 1960-63 എന്നീ കാലഘട്ടങ്ങളിൽ ഇദ്ദേഹം കൊളംബിയാ സർവകലാശാലയിലെ ഭൗതിക ശാസ്‌ത്രവിഭാഗത്തിന്റെ പ്രാഫസർ, 1952-60 കാലയളവിൽ കൊളംബിയ റേഡിയേഷന്‍ ലബോറട്ടറിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. 1969-ൽ കൊളംബിയാ സർവകലാശാലയുടെ വൈസ്‌പ്രസിഡന്റായി കുഷ് നിയമിതനായി.
അണു-തന്മാത്രാഘടനയെക്കുറിച്ചു നടത്തിയ ഗവേഷണങ്ങളാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഇലക്‌ടോണുകളുടെ കാന്തികഘൂർണനത്തെ (Magnetic moment) കൃത്യമായി നിർണയിച്ചതിന് ഇദ്ദേഹം 1955-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം ഡബ്ല്യു.ഇ.ലാംബു (W.E.Lamb) മായി പങ്കിട്ടു. ഡോ. കുഷ്, നാഷണൽ അക്കാദമി ഒഫ് സയന്‍സസിലെ അംഗമായിരുന്നു. 1993-ൽ ഇദ്ദേഹം അന്തരിച്ചു.