This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുമർ, ഏണ്‍സ്റ്റ് എഡ്വേഡ് (1810 - 93)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുമർ, ഏണ്‍സ്റ്റ് എഡ്വേഡ് (1810 - 93)
Kummer, Ernst Eduard
അങ്കഗണിതത്തിലും ജ്യാമിതിയിലും അഗാധമായ പഠനങ്ങള്‍ നടത്തിയ ജർമന്‍ ഗണിതശാസ്‌ത്രജ്ഞന്‍. ഇദ്ദേഹം 1810 ജനു. 29-നു സോറൗവിൽ ജനിച്ചു. മതപഠനത്തിനുവേണ്ടി 1828-ൽ ഹാലെ (Halle)സർവകലാശാലയിൽ ചേർന്നെങ്കിലും താമസിയാതെ ഗണിതശാസ്‌ത്രപഠനത്തിലേക്കു തിരിഞ്ഞു. 1831-ൽ ഇദ്ദേഹം ഗണിതശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റ് ബിരുദം നേടി. സോറൗവിലും ലൈപ്‌സിഗ്ഗിലുമായി ഇദ്ദേഹം പതിനൊന്നു വർഷക്കാലം അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ഇക്കാലത്ത് കുമർ ജർമനിയിലെ ഉന്നതശീർഷരായ ഗണിതശാസ്‌ത്രജ്ഞരുമായി സമ്പർക്കം പുലർത്തിപ്പോന്നു. ഇദ്ദേഹം 1842-ൽ ബ്രസ്‌ലൗവിൽ ഗണിതശാസ്‌ത്ര പ്രാഫസറായി നിയമിതനായി. 1855-ൽ ബെർലിന്‍ യുദ്ധകോളജിൽ പ്രാഫസറായി ചേർന്നു.
ഫെർമെയുടെ അവസാനത്തെ പ്രമേയ (Fermat's last theorem)വുമായി ബന്ധപ്പെട്ട ബീജീയസംഖ്യാഫീൽഡുകളുടെ അങ്കഗണിത മൗലിക പ്രമേയത്തിന്റെ സംസ്ഥാപനമാണ് കുമറിന്റെ ഏറ്റവും മഹത്തായ സംഭാവന. അയുക്ലീഡിയ ക്ഷേത്രഗണിത (Non-Euclidean geometry)ത്തിന്റെ കണ്ടുപിടിത്തത്തിനെന്നപോലെ ഗണിതീയവും ദാർശനികവുമായ പ്രാധാന്യം ഈ സംഭാവനയ്‌ക്കും അവകാശപ്പെടാവുന്നതാണ്. ആദർശസംഖ്യകള്‍ എന്നൊരു പ്രതിഭാസംതന്നെ ഇദ്ദേഹം ഇതിനായി അവതരിപ്പിച്ചു. 1857-ൽ ഇതിന് പാരിസ് സയന്‍സസ് അക്കാദമി സമ്മാനം നല്‌കി ഇദ്ദേഹത്തെ ബഹുമാനിക്കുകയുണ്ടായി. നാലു വിമകള്‍ (dimensions) ഉള്ള സ്‌പേസിലെ തരംഗതലം പ്രതിനിധീകരിക്കുന്ന ചതുർഘാതതലം(quartic space) ഇദ്ദേഹത്തിന്റെ ക്ഷേത്രഗണിത ഗവേഷണഫലമായി ആവിഷ്‌കൃതമായി. ഹൈപർജ്യാമിതീയ ഫലനങ്ങ(hyper geometric functions)ളുടെ സിദ്ധാന്തത്തിന് കുമർ മൗലികസംഭാവനകള്‍ നല്‌കിയിട്ടുണ്ട്. കുമറിന്റെ പഠനങ്ങള്‍ എല്ലാംതന്നെ അഗാധവും സൂക്ഷ്‌മവുമായിരുന്നു. 1893 മേയ് 14-നു ബെർലിനിൽവച്ച് ഇദ്ദേഹം നിര്യാതനായി.