This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ചാംപനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:26, 7 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഞ്ചാംപനി

Measles

വൈറസ് (virus) മൂലമുണ്ടാകുന്ന ഒരു സാധാരണ സാംക്രമികരോഗം. മണ്ണന്‍, പൊങ്ങമ്പനി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ഉദ്ഭവനകാലം (incubation period) 10-14 ദിവസങ്ങളാണ്. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

രോഗലക്ഷണങ്ങള്‍. പനി, കണ്ണില്‍നിന്നും മൂക്കില്‍ നിന്നും വെള്ളമെടുപ്പ്, ചെറിയ ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. നാലഞ്ചു ദിവസങ്ങള്‍ക്കകം ചുവന്ന ത്വക്ക്-ക്ളോമങ്ങള്‍ (papulae) പ്രത്യക്ഷമാകുന്നു. വായ്ക്കകത്ത് സ്ഫോടങ്ങള്‍ (koplick's spots) ഇതിനു മുമ്പുതന്നെ പ്രത്യക്ഷമായിട്ടുണ്ടായിരിക്കും. ഈ സ്ഫോടങ്ങള്‍ ദേഹമാസകലം വ്യാപിക്കുകയും ത്വക്ക് ചുവന്നു തടിക്കുകയും ചെയ്യുന്നു. രോഗത്തിന്റെ തീവ്രത കുറയുന്നതോടെ ഈ പുള്ളികള്‍ മങ്ങി തവിട്ടുനിറമാകുകയും ക്രമേണ മായുകയും ചെയ്യുന്നു.

ശ്വേതമണ്ഡലത്തിലെ പുണ്ണ് (corneal ulcer), വായ്പ്പുണ്ണ് ബ്രോങ്കോന്യൂമോണിയ (bronchopneumonia), മധ്യകര്‍ണശോഥം (otitis media), വയറിളക്കം എന്നിവ സങ്കീര്‍ണതകളായി ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്.

ചികിത്സ. പ്രത്യേക ചികിത്സ ഇല്ല. ലാക്ഷണിക പ്രതിവിധികള്‍ സ്വീകരിക്കുകയും സങ്കീര്‍ണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. രോഗിയെ രോഗാരംഭം മുതല്‍ മാറ്റിത്താമസിപ്പിക്കേണ്ടതാണ്.

രോഗപ്രതിരോധം. ആന്റിമീസില്‍സ് വാക്സിന്‍ സജീവരോഗപ്രതിരോധമായും ഗാമാഗ്ളോബുലിന്‍ നിഷ്ക്രിയപ്രതിരോധശക്തി നല്കാന ായും ഉപയോഗിക്കുന്നു. 1958-ല്‍ എന്‍ഡേഴ്സും (Enders) സഹപ്രവര്‍ത്തകരുംകൂടിയാണ് ആന്റിമീസില്‍സ് വാക്സിന്‍ ആദ്യമായി പരീക്ഷിച്ചുനോക്കിയത്. മറ്റൊരു മൃതവൈറസ് വാക്സിനും (killed -virus vaccine) ലഭ്യമാണ്. ആജീവനാന്തപ്രതിരോധത്തിന് ജീവനുള്ള നിഷ്ക്രിയവൈറസുകളുടെ വാക്സിനാണ് പറ്റിയത്. മൃതവൈറസ്വാക്സിന്‍ താത്കാലികപ്രതിരോധശക്തി മാത്രമേ നല്കുന്നുള്ളു. ഈ വാക്സിനുകള്‍ എല്ലാം 1960 മുതല്‍ ഉപയോഗത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്.

ജര്‍മന്‍ മീസില്‍സ് (Rubella). അപകടകാരിയല്ലാത്ത ഒരു സാംക്രമികരോഗം. 19-ാം ശ.-ത്തില്‍ ജര്‍മനിയില്‍ പടര്‍ന്നുപിടിച്ച ഈ രോഗം വിശദമായ പഠനങ്ങള്‍ക്കു വിധേയമാകുകയും ജര്‍മന്‍ മീസില്‍സ് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ഇതും ഒരു പ്രത്യേക വൈറസ് മൂലമാണുണ്ടാകുന്നതെന്ന് ഹിരോ (Hiro), ടസാക്ക (Tasaka) എന്നിവര്‍ 1938-ല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ 1962-ല്‍ മാത്രമാണ് ഈ വൈറസിനെ വേര്‍തിരിച്ചെടുത്തത്.

മുതിര്‍ന്ന കുട്ടികളിലും ചെറുപ്പക്കാരിലുമാണ് സാധാരണയായി ഈ രോഗം കണ്ടുവരുന്നത്.

ലക്ഷണങ്ങള്‍. ഉദ്ഭവനകാലം 10 മുതല്‍ 20 ദിവസങ്ങളാണ്. സാധാരണ 17-18 ദിവസങ്ങള്‍ മതിയാകും. ശരീരത്തില്‍ തടിപ്പ് (rash) ആണ് ആദ്യം പ്രകടമാകുന്ന രോഗലക്ഷണം. അഞ്ചാംപനിയിലുള്ളതിനെക്കാള്‍ മങ്ങിയ നിറമേ കാണാറുള്ളു. ഇത് ഒരു ദിവസത്തിനുള്ളില്‍തന്നെ പ്രത്യക്ഷപ്പെടുകയും രണ്ടു ദിവസങ്ങള്‍ക്കുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. കൊപ്ളിക് സ്ഫോടങ്ങള്‍ ഉണ്ടാകാറില്ല. സാധാരണയായി പനി കാണാറില്ല. കഴുത്തില്‍ ചെവിക്കു പുറകിലായി ലസികാഗ്രന്ഥി (lymphgland) വീര്‍ത്തുവരുന്നു. ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലും വീക്കം അനുഭവപ്പെടാറുണ്ട്.

ചികിത്സ. പരിപൂര്‍ണവിശ്രമവും ജലാംശം കൂടുതലുള്ള ലഘു ആഹാരവും മൂലം രോഗം ഭേദപ്പെടുന്നു.

ഗര്‍ഭിണികളില്‍. ഗര്‍ഭിണികള്‍ക്കു ജര്‍മന്‍ മീസില്‍സ് പിടിപെട്ടാല്‍ ഗര്‍ഭസ്ഥശിശുവിനു ചില വൈകല്യങ്ങള്‍ വരാനിടയുണ്ട്. ഗര്‍ഭകാലത്ത് ഈ രോഗം ബാധിക്കുക മൂലം, ജനിക്കുന്ന ശിശുക്കളുടെ കണ്ണിനും ഹൃദയത്തിനും വൈകല്യങ്ങള്‍ വരുന്നതായി ആസ്റ്റ്രേലിയന്‍ ഡോക്ടറായ എന്‍.എം. ഗ്രെഗ് (1941) രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുക്കളുടെ മിക്കവാറും എല്ലാ അവയവങ്ങളെയും ഈ രോഗം പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ രോഗം മൂലം മരിച്ച ശിശുക്കളുടെ അസ്ഥികള്‍, ശ്വാസകോശങ്ങള്‍, കരള്‍, ഹൃദയം, മലം, മൂത്രം എന്നിവയില്‍ വൈറസുകളുടെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഈ രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും പ്രതിരക്ഷാ(ശാാൌിശ്വമശീിേ) നടപടികളെടുക്കുകയും വേണം.

(ഡോ. കമലാഭായി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍