This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഞ്ചടികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഞ്ചടികള്‍
സന്‍മാര്‍ഗപ്രതിപാദകങ്ങളായി ഉത്തരകേരളത്തില്‍ പ്രചാരത്തിലിരുന്ന ഒരു തരം ചെറിയ പാട്ടുകള്‍. 'അഞ്ചടി' എന്ന പേരിന്റെ ആഗമം എന്തെന്ന് തീര്‍ത്തുപറയാന്‍ നിര്‍വാഹമില്ല. തമിഴില്‍ കുറള്‍, ചിന്ത്, അളവ്, നെടില്‍, കുളിനെടില് എന്നിങ്ങനെ അഞ്ചുതരം അടികളുള്ളതില്‍ ഏതെങ്കിലുമൊന്ന് അനുസരിച്ച് പാട്ട് എഴുതിയാല്‍ അത് അഞ്ചടിയാകും എന്ന് ഉള്ളൂര്‍ അഭ്യൂഹിക്കുന്നു. അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളാണ് അഞ്ചടികള്‍ എന്നാണ് ആര്. നാരായണപ്പണിക്കരുടെ അഭിപ്രായം. ഉത്തരകേരളത്തില്‍ പല പ്രമുഖഗൃഹങ്ങളിലും കുടിയിരുത്തി പൂജിക്കുന്ന ദേവതകളെക്കുറിച്ചുള്ള ഗാനങ്ങളാണ് അഞ്ചടികള്‍. കാഞ്ഞിരക്കാട്ട് അഞ്ചടി, ചെല്ലൂര്‍ അഞ്ചടി, തിരൂര്‍ അഞ്ചടി, കണ്ണിപ്പറമ്പത്ത് അഞ്ചടി ഇങ്ങനെ അനേകം അഞ്ചടികള്‍ ഗുണ്ടര്‍ട്ടിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായിക്കാണുന്നു.
ഗൃഹദേവതകളെ പുരസ്കരിച്ച് നടത്തുന്ന വെള്ളാട്ട്, തിറ, വെള്ളകെട്ട് മുതലായ കെട്ടിയാട്ടങ്ങള്‍ക്ക് അഞ്ചടികള്‍ പാടുക പതിവാണ്. അതിന്റെ ഓരോ ഈരടി കഴിയുമ്പോഴും മുഴക്കുന്ന വാദ്യം, കുറേക്കഴിഞ്ഞ് കെട്ടിയാട്ടക്കാരന്‍ ഉറഞ്ഞുതുടങ്ങുമ്പോള്‍ മുറുകും; പിന്നെ പാട്ടുണ്ടാവില്ല. ഇത്തരം അഞ്ചടികളില്‍ അതാതു ദൈവത്തിന്റെയും ദൈവമിരിക്കുന്ന സ്ഥലത്തിന്റെയും പേരുകള്‍ ചേര്‍ത്തു ചൊല്ലും. ഒരേ അഞ്ചടി തന്നെ യഥോചിതം ദൈവനാമവും സ്ഥലനാമവും മാറ്റിച്ചൊല്ലുന്ന സമ്പ്രദായവും ഉണ്ട്. കെട്ടിയാട്ടക്കാരല്ലാത്ത ചിലരും ഉത്സവസ്ഥലത്ത് അഞ്ചടിചൊല്ലും. ചിലപ്പോള്‍ അത് പൂരപ്പാട്ടിലെപ്പോലെ ചോദ്യോത്തരരൂപത്തിലുള്ള മത്സരപ്പാട്ടുകളായിട്ടായിരിക്കും. ചില അഞ്ചടികളില്‍ ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ ഐതിഹ്യം പ്രതിപാദിച്ചിരിക്കും.
കോഴിക്കോട് കല്ലിങ്ങല്‍ കുടുംബത്തിലെ കുഞ്ഞിക്കോരു മൂപ്പന്റെ അപദാനങ്ങള്‍ വര്‍ണിക്കുന്ന ഒരു അഞ്ചടി ഭാഷാപോഷിണി മാസികയില്‍ നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യന്‍ പ്രസിദ്ധീകരിച്ചിരുന്നതായി (1904) ഉള്ളൂര്‍ സ്മരിക്കുന്നു. തമിഴിലെ സുപ്രസിദ്ധമായ ആചിരിയവിരുത്തത്തിലാണ് അതിന്റെ രചന. മൂപ്പന്റെ സമാധിസ്ഥലത്തെ വണ്ണാന്മാര് ആ പാട്ട് തോറ്റത്തിന്റെ മട്ടില്‍പാടിവന്നിരുന്നു.
കണ്ണിപ്പറമ്പത്ത് അഞ്ചടിയില്‍നിന്ന് ഉദ്ധരിക്കപ്പെട്ടവയാണ് താഴെക്കൊടുത്തിരിക്കുന്ന വരികള്‍: 'പലരോടും നിനയാതെയൊരുകാര്യം തുടങ്ങൊല്ല,
പണം മോഹിച്ചൊരുത്തനെ ചതിച്ചീടൊല്ല, അറിവുള്ള ജനങ്ങളോടെതിര്‍ക്കാനും നിനയ്ക്കൊല്ല, അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ല; ഗുരുനാഥനരുള്‍ചെയ്താലെതിര്‍വാക്കു പറകൊല്ല, മരണമുണ്ടെനിക്കെന്നതൊരിക്കലും മറക്കൊല്ല, ധനം കണ്ടാലഹംഭാവം നടിച്ചീടൊല്ല' താളാത്മകമായ പലേ വൃത്തങ്ങളും അഞ്ചടിയുടെ രചനയ്ക്ക് സ്വീകൃതമായിട്ടുണ്ട്. ഉദാ.
(1) 'പപ്പും ചിറകും വച്ചുകഴിഞ്ഞാല്‍
പറവകള്‍ വാനില്‍ പായുന്നു കണ്ടും കേട്ടും കരളിലുറച്ചാല്‍ കല്ലിലെഴുത്തായ്ത്തീരുന്നു'
(2) 'ഏതുമറിയാതെ പാപികളോരോന്നേ
ചെയ്തിടും കര്‍മങ്ങളെന്നുവേണ്ടാ ബോധവാന്മാരതു കണ്ടിട്ടടങ്ങായ്കില്‍ പാപമുണ്ടായ്വരും മാനുഷരേ'.