This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ റഹിമാന്‍, മുഹമ്മദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:05, 9 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് (1898 - 1945)

കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവ്. മലബാറില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അബ്ദുല്‍ റഹിമാന്‍ 1898-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കോഴിക്കോട് ബാസല്‍ മിഷന്‍ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഉപരിപഠനം നടത്തി. മൌലാനാ അബ്ദുല്‍ കലാം ആസാദിന്റെ ഖിലാഫത്ത് ആന്‍ഡ് ജസീറത്തുല്‍ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ല്‍ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു അബ്ദുല്‍ റഹിമാന്റെ രാഷ്ട്രീയ രംഗപ്രവേശം. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറില്‍ ശക്തമായതോടെ കോണ്‍ഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികള്‍ അബ്ദുല്‍ റഹിമാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തില്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൌത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വര്‍ഗീയ പരിവേഷം നല്കാന്‍ ചില കോണ്‍ഗ്രസ്സുകാര്‍ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുല്‍ റഹിമാന്‍ ഇതിനെ ഒരു കര്‍ഷക കലാപമായാണ് വിലയിരുത്തിയത്.

കലാപം തുടങ്ങി 2 മാസങ്ങള്‍ക്കുശേഷം 1921, ഒക്ടോബറില്‍ പട്ടാളനിയമം ലംഘിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുല്‍ റഹിമാനെ 2 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചു. 1923-ലാണ് ഇദ്ദേഹം മോചിതനായത്; തുടര്‍ന്ന് വീണ്ടും കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുവാന്‍ ഒരു പത്രം ആവശ്യമാണെന്ന് മനസ്സിലാക്കിയ അബ്ദുല്‍ റഹിമാന്‍ 1924-ല്‍ അല്‍-അമീന്‍ എന്ന പത്രം ആരംഭിച്ചു. മുസ്ലിം ജനവിഭാഗങ്ങളില്‍ ദേശാഭിമാനവും സ്വാതന്ത്യ്രവാഞ്ചയും ഉളവാക്കുന്നതില്‍ ഈ പത്രം വഹിച്ച പങ്ക് സുപ്രധാനമാണ്. മലബാറില്‍ നിന്നുള്ള മാപ്പിളമാരെ കൂട്ടത്തോടെ ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള മദ്രാസ് സര്‍ക്കാരിന്റെ നീക്കത്തെ വിജയകരമായി ചെറുക്കുവാന്‍ അല്‍-അമീനിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു.

1921-ലെ കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ വിശ്വാസം നഷ്ടപ്പെട്ട മുസ്ലിം സമുദായം മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ തന്നെ 1930-ലെ നിയമലംഘനപ്രസ്ഥാനത്തില്‍ നിന്ന് മുസ്ലിങ്ങള്‍ വിട്ടുനില്‍ക്കുമെന്ന ധാരണ രാഷ്ട്രീയ വൃത്തങ്ങളില്‍ നിലനിന്നിരുന്നു. നിയമലംഘനപ്രസ്ഥാനത്തെ ബഹിഷ്കരിക്കുവാനുള്ള ചില മുസ്ലിം നേതാക്കളുടെ ആഹ്വാനവും ഈ വിശ്വാസത്തിനു ആക്കം കൂട്ടി. എന്നാല്‍ മുസ്ലിങ്ങള്‍ നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുക്കണമെന്ന അബ്ദുല്‍ റഹിമാന്റെ നിലപാട് അവര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുകയും നിരവധി യുവാക്കള്‍ നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ചെയ്തു. നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അബ്ദുല്‍ റഹിമാന് 9 മാസം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1931-ല്‍ കെ.പി.സി.സി.യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ്സിലെ വലതുപക്ഷ വിഭാഗവുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാവുകയും കേന്ദ്ര നിയമനിര്‍മാണസഭയിലേയ്ക്ക് 1934-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് അബ്ദുല്‍ റഹിമാന്‍ കെ.പി.സി.സി. അംഗത്വം രാജിവച്ചു. 1935-ല്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ സജീവമായ ഇദ്ദേഹം കോണ്‍ഗ്രസ്സിലെ ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. കോണ്‍ഗ്രസ്സിനുള്ളില്‍ മറ്റൊരു ഗ്രൂപ്പായി പ്രവര്‍ത്തിച്ച അബ്ദുല്‍ റഹിമാനും അണികളും ദേശീയ മുസ്ലിങ്ങള്‍ എന്നാണ് അറിയപ്പെട്ടത്.

1937-ല്‍ ഏറനാട് വള്ളുവനാട് നിയോജകമണ്ഡലത്തില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ മദ്രാസ് അസംബ്ളിയിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1938, 39, 40 എന്നീ വര്‍ഷങ്ങളിലെ കെ.പി.സി.സി. തെരഞ്ഞെടുപ്പുകളില്‍ അബ്ദുല്‍ റഹിമാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയ വിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് കോണ്‍ഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാന്‍ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് ഇദ്ദേഹത്തിനു സാധിച്ചു. മലബാറില്‍ കര്‍ഷക പ്രസ്ഥാനം ശക്തിപ്രാപിച്ചത് കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ-മുസ്ലിം കൂട്ടുകെട്ടിന്റെ കാലത്തായിരുന്നു. 1939-ല്‍ രാജാജി മന്ത്രിസഭ ഭൂബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കമ്മിറ്റിയിലെ അംഗമെന്നനിലയില്‍ അബ്ദുല്‍ റഹിമാന്‍ ഇ.എം.എസ്., ഇ. കണ്ണന്‍ എന്നിവരോടൊപ്പം സമര്‍പ്പിച്ച വിയോജന കുറിപ്പാണ് പിന്നീടു കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമങ്ങളുടെ അടിസ്ഥാനമായിത്തീര്‍ന്നത്.

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്റെ യുദ്ധ സംരംഭങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനത്തോട് വിയോജിച്ച അബ്ദുല്‍ റഹിമാന്‍ അവരില്‍ നിന്നും അകന്ന് സുഭാഷ് ചന്ദ്രബോസിന്റെ ഫോര്‍വേഡ് ബ്ളോക്കുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

നേതാജിയുടെ അറസ്റ്റിനു പിന്നാലെ 1940 ജൂല. 3-ന് രാജ്യരക്ഷാ നിയമം 26-ാം വകുപ്പുപ്രകാരം അബ്ദുല്‍ റഹിമാനും അറസ്റ്റ് ചെയ്യപ്പെട്ടു. 5 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഇദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടിവന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. ഇതിനോടകം ശക്തിപ്രാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്തതിനാല്‍ ഇദ്ദേഹത്തിന് അവരുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. എങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനിന്ന അബ്ദുല്‍ റഹിമാന് കേരളത്തിലെ മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗത്തെ ദേശീയധാരയില്‍ നിലനിര്‍ത്തുവാന്‍ കഴിഞ്ഞു.

   1945 ന. 23-ന് ഇദ്ദേഹം അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍