This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തർപ്രദേശ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:57, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

[മറയ്ക്കുക]

ഉത്തർപ്രദേശ്‌

ഉത്തർപ്രദേശ്‌

ഇന്ത്യയിലെ ഒരു സംസ്ഥാനം. ഇന്ത്യയിലെ മൊത്തം ഭൂവിസ്‌തൃതിയുടെ 7.33 ശതമാനം (240,928 ച.കി.മീ.) ഉള്‍ക്കൊള്ളുന്ന ഉത്തർപ്രദേശ്‌ വിസ്‌തീർണത്തിൽ അഞ്ചാമത്തെ സംസ്ഥാനമാണ്‌. ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്ന ഈ സംസ്ഥാനത്തിന്റെ വടക്ക്‌ ഉത്തരഖണ്ഡും നേപ്പാളും കിഴക്ക്‌ ബിഹാറും ഝാർഖണ്ഡും തെക്ക്‌ മധ്യപ്രദേശും ഛത്തീസ്‌ഗഢും പടിഞ്ഞാറ്‌ രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളും ദേശീയതലസ്ഥാനമായ ഡൽഹിയും സ്ഥിതിചെയ്യുന്നു. ഉത്തർപ്രദേശിന്റെ അക്ഷാംശസ്ഥാനം 23o52' വടക്കു മുതൽ 31o28' വടക്കുവരെയും രേഖാംശസ്ഥാനം 77o3' കിഴക്കുമുതൽ 84o39' കിഴക്കുവരെയുമാണ്‌. നേപ്പാളുമായി അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം ലക്‌നൗ ആണ്‌. ഉത്തർപ്രദേശിന്റെ വ്യാവസായികതലസ്ഥാനമായി അറിയപ്പെടുന്ന കാണ്‍പൂർ ആണ്‌ ഏറ്റവും വലിയ നഗരം. അലഹബാദ്‌, വാരാണസി, കാണ്‍പൂർ, ലക്‌നൗ, ആഗ്ര തുടങ്ങി നിരവധി ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെ നാടാണ്‌ ഈ സംസ്ഥാനം. ലക്‌നൗ, മീററ്റ്‌, ആഗ്ര, അലിഗഡ്‌, ബറേലി, ഗാസിയാബാദ്‌, നോയ്‌ഡ, ഗോരഖ്‌പൂർ തുടങ്ങിയവ മറ്റു പ്രധാന നഗരങ്ങളാണ്‌. ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ്‌ ഉത്തർപ്രദേശിനുള്ളത്‌. ജനസംഖ്യ: 199,581,477 (2011). ഭരണസൗകര്യാർഥം ഈ സംസ്ഥാനത്തെ 72 ജില്ലകളായി തിരിച്ചിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ജില്ലകളുള്ള സംസ്ഥാനമാണ്‌ ഉത്തർപ്രദേശ്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച്‌ ഉത്തർപ്രദേശിനെ രണ്ടു പ്രധാനമേഖലകളായി തരംതിരിച്ചിരിക്കുന്നു; വടക്കുള്ള വിശാലമായ ഗംഗാസമതലപ്രദേശങ്ങളും തെക്ക്‌ ഭാഗത്തുള്ള വിന്ധ്യാനിരകളും പീഠഭൂമിപ്രദേശങ്ങളും.

ഗംഗാസമതലപ്രദേശം

യമുനാ ദോബ്‌ (Doab), ഘാഗ്‌ര സമതലം, ഗംഗാസമതലം, തെറായ്‌ പ്രദേശങ്ങള്‍ എന്നിവ ഈ മേഖലയിൽ ഉള്‍പ്പെടുന്നവയാണ്‌. നിരപ്പേറിയതും വളരെയേറെ ഫലപുഷ്‌ടിയുമുള്ള എക്കൽമച്ചിന്റെ നിക്ഷേപങ്ങളുമുള്ള ഈ മേഖലയിൽ നിരവധി കുളങ്ങളും തടാകങ്ങളും നദികളും കാണപ്പെടുന്നു. ഈ മേഖലയുടെ പടിഞ്ഞാറരികിൽ ആരവല്ലിനിരകളുടെ അവശിഷ്‌ടങ്ങളായ ചെങ്കൽ കൂനകള്‍ കാണപ്പെടുന്നു. പ്ലീസ്റ്റോസീന്‍ യുഗത്തിലോ അതിനുശേഷമുള്ള കാലഘട്ടങ്ങളിലോ ശിലാപടലങ്ങള്‍ക്ക്‌ മുകളിൽ രൂപപ്പെട്ടിട്ടുള്ള കനത്ത എക്കൽ നിക്ഷേപങ്ങളാണ്‌ ഗംഗാസമതലപ്രദേശങ്ങളിൽ കാണപ്പെടുന്നത്‌. ഈ സമതലത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തിന്‌ വടക്കുനിന്നും തെക്കോട്ട്‌ നേരിയ ചരിവാണുള്ളത്‌. ലോകത്തിലെ ഏറ്റവും ഫലപുഷ്‌ടിയുള്ള പ്രദേശങ്ങളിൽ ഒന്നാണ്‌ ഗംഗാസമതലം.

വിന്ധ്യാനിരകളും പീഠഭൂമി പ്രദേശങ്ങളും

കാഠിന്യമേറിയ ശിലാപാളികളാൽ നിർമിതമായ ഈ മേഖലയുടെ ഉപരിതലം കുന്നുകളും സമതലങ്ങളും താഴ്‌വരകളും പീഠഭൂമികളും നിറഞ്ഞതാണ്‌. ജലദൗർലഭ്യം ഈ മേഖലയെ താരതമ്യേന വരണ്ടതാക്കിമാറ്റിയിരിക്കുന്നു. ഈ മേഖലയുടെ ശരാശരി ഉയരം 300 മുതൽ 450 മീ. വരെയാണ്‌. പീഠഭൂമി പ്രദേശത്തിന്റെ ചരിവ്‌ പൊതുവേ വടക്കു-കിഴക്ക്‌ ദിശയിലാണ്‌. യമുനയുടെ പോഷകനദികളായ ബേത്‌വ, കെന്‍ എന്നിവ ഈ ദിശയിലാണ്‌ ഒഴുകുന്നത്‌. പൊതുവേ മഴകുറഞ്ഞ ഈ പ്രദേശത്ത്‌ ജലസേചനസൗകര്യങ്ങളുടെ സഹായത്താൽ ഗോതമ്പ്‌, ചോളം എന്നീ ധാന്യങ്ങള്‍ കൃഷിചെയ്യുന്നു.

അപവാഹം

ഗംഗയും മുഖ്യപോഷകനദിയായ യമുനയുമാണ്‌ ഉത്തർപ്രദേശിൽക്കൂടെ ഒഴുകുന്ന പ്രധാനനദികള്‍. ഈ സംസ്ഥാനത്തുവച്ചാണ്‌ ഗംഗയുടെ പോഷകനദികളായ രാംഗംഗ, ഗോമതി, ഘാഗ്‌ര, ഗാണ്ഡക്‌ എന്നിവ ഗംഗയുടെ ഇടതുഭാഗത്തും സോണ്‍, ടോണ്‍സ്‌, യമുന എന്നിവ വലതുഭാഗത്തും വന്നുചേരുന്നത്‌. ഘാഗ്‌രയുടെ പോഷകനദിയായ കാളി (ശാരദ), തപ്‌തി എന്നിവയും യമുനയുടെ പോഷകനദികളായ ചംബൽ, സിന്ധ്‌, ബേത്‌വ, കെന്‍ എന്നിവയും ഉത്തർപ്രദേശിലെ അപവാഹക്രമത്തിൽ സാരമായ പങ്കുവഹിക്കുന്നു. ഗംഗയുടെ പ്രഭവസ്ഥാനത്തിന്‌ അധികം അകലെയല്ലാതെയുള്ള യമുനാഹിമാനിയിൽനിന്നാണ്‌ യമുനാനദിയുടെ ഉദ്‌ഭവം. ഹിമാലയത്തിലെ രാകേഷ്‌താൽ എന്ന തടാകത്തിൽ ഉദ്‌ഭവിച്ച്‌ "കരിയാല' എന്ന പേരിൽ നേപ്പാളിലൂടെ ഒഴുകിയെത്തുന്ന നദിയാണ്‌ ഘാഗ്‌ര, ഗാണ്ഡക്കിന്റെ പ്രഭവവും ഹിമാലയത്തിന്റെ മറുപുറത്താണ്‌. മേല്‌പറഞ്ഞവ കൂടാതെ ഗംഗാവ്യൂഹത്തിൽപ്പെട്ട കോസി, ഗൗള, സായി, കല്യാണി എന്നീ ചെറുനദികളും ഭാഗികമായി ഉത്തർപ്രദേശിലൂടെ ഒഴുകുന്നുണ്ട്‌. യമുനയൊഴിച്ച്‌ ഗംഗയുടെ വലത്തുനിന്നുള്ള പോഷകനദികളെല്ലാം വിന്ധ്യാ-സത്‌പുര നിരകളിൽ ഉദ്‌ഭവിക്കുന്നവയാണ്‌. സോണ്‍നദിയുടെ ഉദ്‌ഭവം അമർ കാണ്ടക്‌ പർവതത്തിൽനിന്നാണ്‌. ഗംഗയുടെ വലതുപാർശ്വത്തിലുള്ള ചന്ദ്രപ്രഭ, കർമനാശ, റിഹന്‍ഡ്‌, ബേലന്‍, ദാസന്‍ എന്നീ നദികളും ചെറുതെങ്കിലും പ്രാധാന്യമർഹിക്കുന്നവയാണ്‌. ഗംഗാനദി സംസ്ഥാനത്തിന്റെ തെക്കേപ്പകുതിയിലൂടെയാണ്‌ ഒഴുകുന്നത്‌. തന്മൂലം ഇടതുപാർശ്വത്തിലുള്ള നദികള്‍ നീളക്കൂടുതലുള്ളവയാണ്‌. ജലസമൃദ്ധങ്ങളായ നദികള്‍ ധാരാളം എക്കലും മച്ചും വഹിച്ചുകൊണ്ട്‌ വന്ന്‌ സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങളിൽ നിക്ഷേപിക്കുന്നു.

കാലാവസ്ഥ

വൈവിധ്യമുള്ള കാലാവസ്ഥയാണ്‌ ഉത്തർപ്രദേശിലേത്‌. വടക്കന്‍ പ്രദേശങ്ങളിൽ മിതോഷ്‌ണകാലാവസ്ഥയും തെക്കുഭാഗത്തുള്ള ഉയരംകൂടിയ കുന്നിന്‍പ്രദേശങ്ങളിലും മധ്യഭാഗത്തെ സമതലപ്രദേശങ്ങളിലും ഉഷ്‌ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥയുമാണ്‌ അനുഭവപ്പെടുന്നത്‌. സമതലങ്ങളിൽ ജനുവരിയിൽ 12.5o മുതൽ 17.5o വരെ ചൂടനുഭവപ്പെടുന്നു. മേയ്‌-ജൂണ്‍ മാസങ്ങളിൽ ചൂട്‌ 27oC-32.5oC ഇടയിലാണ്‌. 1958-ൽ ഗോണ്ടയിൽ രേഖപ്പെടുത്തിയ 49.9oC ആണ്‌ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില.

ഉത്തർപ്രദേശിന്റെ കിഴക്കുഭാഗത്ത്‌ 100-200 സെന്റിമീറ്ററും പടിഞ്ഞാറുഭാഗത്ത്‌ 60-100 സെന്റിമീറ്ററും മഴ ലഭിക്കുന്നു. ജൂണിനും സെപ്‌തംബറിനുമിടയ്‌ക്കുള്ള കിഴക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ്‌ 90 ശതമാനം മഴയും ലഭിക്കുന്നത്‌. ഈ നാലു മാസക്കാലയളവിലെ കനത്ത മഴമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം ഉത്തർപ്രദേശിന്റെ കിഴക്കുഭാഗത്ത്‌ ജീവനും സ്വത്തിനും കാർഷികവിളകള്‍ക്കും കനത്ത നാശനഷ്‌ടങ്ങള്‍ വരുത്താറുണ്ട്‌. ഡിസംബർ മുതൽ മാർച്ച്‌ വരെയുള്ള കാലയളവിൽ ഈ സംസ്ഥാനത്തിന്റെ വടക്കന്‍മേഖലയിൽ മഞ്ഞുവീഴ്‌ച സാധാരണമാണ്‌.

സസ്യജാലം

ഉത്തർപ്രദേശിന്റെ സമതലങ്ങള്‍ സസ്യസമൃദ്ധമാണ്‌. സമതലപ്രദേശങ്ങളിൽ വലിയതോതിൽ സ്വാഭാവികവനങ്ങള്‍ കാണാം. ഇവിടെ 10 സെന്റിമീറ്ററിനും 150 സെന്റിമീറ്ററിനും ഇടയിൽ മഴപെയ്യുന്ന പ്രദേശങ്ങളിൽ ഉഷ്‌ണമേഖലാ ആർദ്ര ഇലപൊഴിയും കാടുകള്‍ കാണുന്നു. ഉയരംകൂടിയതും ഉയരംകുറഞ്ഞതുമായ മരങ്ങള്‍ ഈ കാടുകളുടെ പ്രത്യേകതകളാണ്‌. താഴ്‌ന്നപ്രദേശങ്ങളിൽ പലതരത്തിലുള്ള മുളകള്‍, ഈറ്റ, സാൽ, നെല്ലി, ജാമുന്‍ എന്നീ മരങ്ങള്‍ വളരുന്നു. ഓക്‌, സാൽ, ബെന്‍, പാല, പുളി, ഇലിപ്പ, അത്തി, ഞാവൽ എന്നിവയാണ്‌ ഇവിടെ കാണപ്പെടുന്ന മറ്റു പ്രധാനവൃക്ഷങ്ങള്‍. സമതലങ്ങളിലെ മിക്കഭാഗത്തും വരണ്ട ഇലപൊഴിക്കും കാടുകള്‍ കാണാം. നദീതീരങ്ങളിൽ ഞാവൽ, ശിംശിപ, ബാബൂള്‍, പുളി, ആൽ, മാവ്‌, ആര്യവേപ്പ്‌ എന്നിവ വളരുന്നു. സംസ്ഥാനത്തിന്റെ തെക്ക്‌-പടിഞ്ഞാറുഭാഗത്ത്‌ ഈർപ്പം വളരെകുറഞ്ഞ പ്രദേശങ്ങളിൽ ഉഷ്‌ണമേഖലാ മുള്‍ക്കാടുകള്‍ കാണാം. വേപ്പ്‌, ധാമന്‍, സാൽ, ഉന്നം എന്നിവയാണ്‌ ഇവിടെവളരുന്ന മരങ്ങളിൽ ചിലത്‌. ഈ മരങ്ങളിൽനിന്നു പലതരത്തിലുള്ള പശയും അരക്കും ലഭിക്കുന്നു.

ജന്തുജാലം

ഉത്തർപ്രദേശിൽ വൈവിധ്യമാർന്ന ജന്തുജാലമാണുള്ളത്‌. റോഹു, ഈൽ, ഫിൽസ, മഗുർ, മിർഗണ്‍, പാർഥന്‍, മഹാഗേർ, രാസല, ട്രൗട്ട്‌, ലാബി, മിറർ കാർപ്പ്‌, വിറ്റൽ തുടങ്ങിയ മത്സ്യങ്ങള്‍ ഈ സംസ്ഥാനത്തെ നദികളിൽ സുലഭമാണ്‌. തത്ത, കുരുവി, മൂങ്ങ, രാപ്പാടി, നീലകണ്‌ഠ്‌, ചിൽ തുടങ്ങിയ പക്ഷികളെ ഇവിടെ കാണാം. പുലി, കാട്ടുനായ, ആന, മലയാട്‌, ചീറ്റപ്പുലി, കഴുതപ്പുലി, കടുവ, കാരിമാന്‍, കസ്‌തൂരിമാന്‍, സംബാർ, കരടി എന്നിവയാണ്‌ ഇവിടെ കാണപ്പെടുന്ന വന്യമൃഗങ്ങള്‍.

ജനങ്ങള്‍

ജനവിതരണം

2011 മാ. 1-ലെ സെന്‍സസ്‌ പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ്‌ ഉത്തർപ്രദേശ്‌. സംസ്ഥാനത്തിലെ 70 ശതമാനത്തോളം ജനങ്ങളും ഗംഗാസമതല പ്രദേശങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ജനസംഖ്യയുടെ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്‌. ഈ സംസ്ഥാനത്തിലെ ജനസാന്ദ്രത 820.4 ച.കി.മീ. ആണ്‌.

മതങ്ങള്‍

ഉത്തർപ്രദേശിൽ അനേകം ഹൈന്ദവതീർഥാടനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട അനേകം സ്ഥലങ്ങളും ഈ സംസ്ഥാനത്തിലുണ്ട്‌. മൊത്തം ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളും 18 ശതമാനം മുസ്‌ലിങ്ങളുമാണ്‌. സിക്കുകാർ, ബുദ്ധർ, ക്രസ്‌തവർ, ജൈനർ എന്നിവരാണ്‌ മതന്യൂനപക്ഷങ്ങള്‍.

ഭാഷകള്‍

ഉത്തർപ്രദേശിലെ പ്രധാനഭാഷകളാണ്‌ ഹിന്ദിയും ഉറുദുവും. സംസ്ഥാനത്തെ 85 ശതമാനം ജനങ്ങളുടെയും മാതൃഭാഷ ഹിന്ദിയും 15 ശതമാനം ആള്‍ക്കാരുടെ മാതൃഭാഷ ഉറുദുവുമാണ്‌. ഈ സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയാണ്‌ ഹിന്ദി.

സംസ്‌കാരം

ഭൂമിശാസ്‌ത്രപരമായി വൈവിധ്യമുള്ള പ്രദേശങ്ങളും സംസ്‌കാരങ്ങളുമുള്ള ഉത്തർപ്രദേശ്‌ ഇന്ത്യന്‍സംസ്‌കൃതിയുടെ പുരാതനകേന്ദ്രങ്ങളിലൊന്നാണ്‌. പരിപാവനമായ നിരവധി പുണ്യസങ്കേതങ്ങളുടെയും തീർഥാടനകേന്ദ്രങ്ങളുടെയും നാടാണ്‌ ഉത്തർപ്രദേശ്‌. ഹിന്ദുക്കളുടെ പ്രശസ്‌തമായ പുണ്യതീർഥകേന്ദ്രമായ കാശി ഗംഗാനദിയുടെ തീരത്താണ്‌.

ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക പുരോഗതിക്ക്‌ നിസ്‌തുലസംഭാവനകള്‍ നൽകിയ ബനാറസ്‌ ഹിന്ദു സർവകലാശാലയും അലിഗഡ്‌ മുസ്‌ലിം സർവകലാശാലയും ഈ സംസ്ഥാനത്തിലാണ്‌. ആധുനികകാലത്തെ സപ്‌താദ്‌ഭുതങ്ങളിലൊന്നായ താജ്‌മഹൽ ഉത്തർപ്രദേശിലെ ആഗ്രയിൽ യമുനാതീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ഭാരതത്തിലെ ആറ്‌ ക്ലാസ്സിക്കൽ നൃത്തരൂപങ്ങളിലൊന്നായ കഥക്‌ ഉത്തർപ്രദേശിന്റെ സംഭാവനയാണ്‌.

ചരിത്രം

പ്രാക്കാലത്ത്‌ മധ്യദേശം എന്നറിയപ്പെട്ടിരുന്ന മേഖലയാണ്‌ ഇന്നത്തെ ഉത്തർപ്രദേശ്‌. മിർസാപൂർ, മീററ്റ്‌, ബുന്ദേർഖണ്ഡ്‌ എന്നീ പ്രദേശങ്ങളിൽനിന്ന്‌ കണ്ടെടുത്ത ചരിത്രാവശിഷ്‌ടങ്ങള്‍ ഉത്തർപ്രദേശിന്റെ പൗരാണികത്വത്തിലേക്കു വെളിച്ചം വീശുന്നു.

ഋഗ്വേദകാലം മുതൽക്കാണ്‌ ഏതാണ്ട്‌ സുവ്യക്തമായ ഒരു ചരിത്രം ഈ പ്രദേശത്തെ സംബന്ധിച്ചു ലഭിക്കുന്നത്‌. സപ്‌തസിന്ധു(ആധുനിക പഞ്ചാബ്‌)വിൽ കുടിയേറിയ ആര്യന്മാർ ക്രമേണ കിഴക്കോട്ടു നീങ്ങി ആര്യസംസ്‌കാരം സരസ്വതീ-ഗംഗാ നദികള്‍ക്കിടയിലുള്ള ഭൂഭാഗത്തേക്ക്‌ വ്യാപിപ്പിച്ചു. തുടർന്നുള്ള ചരിത്രത്തെപ്പറ്റി വ്യക്തമായ രേഖകളില്ല; പുരാണങ്ങള്‍ അവ്യക്തമായ ഒരു ചിത്രമാണ്‌ നല്‌കുന്നത്‌. എന്നാൽ ബി.സി. 6-ാം ശതകത്തോടെ കൂടുതൽ വ്യക്തമായ ഒരു ചരിത്രം ലഭിക്കുന്നുണ്ട്‌. മേധാവിത്വത്തിനുവേണ്ടി മത്സരിച്ചിരുന്ന നിരവധി മഹാജനപദങ്ങള്‍ (രാജ്യങ്ങള്‍) ഇക്കാലത്ത്‌ രൂപംകൊണ്ടിരുന്നു. കുരു, പാഞ്ചാലം, ശൂരസേനം, വത്സം, കോസലം, മല്ലം, കാശി, ചേദി, അംഗം, മഗധ, വ്രിജി, മത്സ്യം, അശ്‌മകം, അവന്തി, ഗാന്ധാരം, കാംബോജം എന്നിവയായിരുന്നു ഈ ജനപദങ്ങള്‍. ഇതിൽ ആദ്യത്തെ എട്ടെച്ചം മാത്രമേ ഉത്തർപ്രദേശിൽപ്പെട്ടിരുന്നുള്ളൂ. ഹരിയങ്ക, ശിശുനാഗ, നന്ദ, ഗുപ്‌ത രാജവംശങ്ങള്‍ ഭരിച്ച ഇവിടം പിന്നീട്‌ മൗഖാരികളുടെയും ഗൂർജര പ്രതിഹാരന്മാരുടെയും നിയന്ത്രണത്തിലായി. എ.ഡി. 9-ഉം 10-ഉം ശതകങ്ങളിൽ ഗൂർജര-പ്രതിഹാരന്മാർ വടക്കേ ഇന്ത്യയിൽ പ്രബലരായി; 11-ാം ശതകത്തിന്റെ ആരംഭത്തിൽ മുഹമ്മദ്‌ ഗസ്‌നിയുടെ ആക്രമണം വരെ ഈ നില തുടർന്നു. പ്രതീഹാരന്മാരുടെ തിരോധാനം ഉത്തർപ്രദേശിൽ രാഷ്‌ട്രീയാസ്വാസ്ഥ്യങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്‌ക്കും വഴിയൊരുക്കി. ഇക്കാലത്ത്‌ രംഗപ്രവേശം ചെയ്‌ത ഗഹർവന്മാർ രാജ്യത്ത്‌ ക്രമവും ഐശ്വര്യവും പുനഃസ്ഥാപിക്കുന്നതിൽ പ്രധാന പങ്കാണ്‌ വഹിച്ചത്‌. ഈ രാജവംശത്തിലെ പ്രധാന രാജാവായ ജയചന്ദ്രന്‍ മുഹമ്മദ്‌ ഗോറിയുമായുള്ള യുദ്ധത്തിൽ ചമാന രാജാവായിരുന്ന പൃഥ്വിരാജിനെ സഹായിക്കാന്‍ വിസമ്മതിക്കുകയുണ്ടായി. മുഹമ്മദ്‌ ഗോറിയുമായുള്ള 1192-ലെ ടെറെയിന്‍ യുദ്ധത്തിൽ പൃഥിരാജന്‍ പരാജയപ്പെട്ടതോടെ മീററ്റ്‌, അലിഗഢ്‌, കനൗജ്‌, വാരണാസി എന്നീ ജനപദങ്ങള്‍ ഗോറിക്കു കീഴടങ്ങി. ഗോറിയുടെ ലഫ്‌റ്റനന്റായിരുന്ന കുത്‌ബുദ്ദീന്‍ ഐബക്ക്‌ ഡൽഹി കേന്ദ്രമാക്കി അടിമവംശം സ്ഥാപിക്കുന്നത്‌ 1206-ലാണ്‌. ഡൽഹി സുൽത്താന്മാരുടെ കാലത്ത്‌ ഉത്തർപ്രദേശ്‌ അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഡൽഹി സുൽത്താന്മാർക്കുശേഷം മുഗളന്മാരാണ്‌ ഉത്തർപ്രദേശിൽ ആധിപത്യം സ്ഥാപിച്ചത്‌. 18-ാം ശതകത്തിൽ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയുമായി സമ്പർക്കത്തിലേർപ്പെട്ട ഉത്തർപ്രദേശിലെ സുപ്രധാന നാട്ടുരാജ്യമായിരുന്നു അവധ്‌. ബ്രിട്ടീഷ്‌ സമ്പർക്കംമൂലം അവധിന്‌ നിരവധി പ്രദേശങ്ങള്‍ പല സന്ദർഭങ്ങളിലായി നഷ്‌ടപ്പെട്ടു. അവധ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട്‌ ചേർക്കപ്പെടുന്നത്‌ 1856-ലാണ്‌. 1857-ലെ ബ്രിട്ടീഷ്‌ വിരുദ്ധസമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഈ നടപടി. ഈ സമരത്തിൽ ഉത്തർപ്രദേശിലെ ജനങ്ങള്‍ മഹത്തായ പങ്കാണ്‌ വഹിച്ചത്‌. 1857-ലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റിന്ത്യാക്കമ്പനിയുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ബ്രിട്ടീഷ്‌ രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിലായി. ഉത്തർപ്രദേശിലെ രണ്ട്‌ പ്രധാന പ്രവിശ്യകളായ ആഗ്രയും അവധും സംയോജിക്കപ്പെട്ടു. 1902-ൽ ഇതിന്റെ പേര്‌ ആഗ്ര-അവധ്‌ സംയുക്ത പ്രാവിന്‍സുകള്‍ എന്നാക്കിമാറ്റി. 1935-ൽ യുണൈറ്റഡ്‌ പ്രാവിന്‍സ്‌ എന്ന ചുരുക്കപ്പേര്‌ സ്വീകരിച്ചു. ഏറെക്കാലം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും സിരാകേന്ദ്രമായിരുന്നു ഉത്തർപ്രദേശിലെ അലഹബാദ്‌.

1947-ൽ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്യ്രം ലഭിച്ചതിനുശേഷം രാംപൂർ, തെഹ്‌രി-ഗഡ്‌വാള്‍, ബനാറസ്‌ എന്നീ പ്രദേശങ്ങള്‍ യുണൈറ്റഡ്‌ പ്രാവിന്‍സിനോട്‌ കൂട്ടിച്ചേർത്തു. 1950 ജനു. 12-ന്‌ ഈ പ്രദേശത്തിന്‌ ഉത്തർപ്രദേശ്‌ എന്ന നാമം നല്‌കപ്പെട്ടു. ഗോവിന്ദ വല്ലഭപന്ത്‌ ആയിരുന്നു ഉത്തർപ്രദേശിന്റെ ആദ്യമുഖ്യമന്ത്രി. 2000-ത്തിൽ ഉത്തർപ്രദേശിൽനിന്നു ഉത്തരാഞ്ചൽ എന്ന പേരിൽ, ഇപ്പോഴത്തെ ഉത്തരഖണ്ഡ്‌ സംസ്ഥാനത്തെ വേർപെടുത്തി ഒരു പ്രത്യേക സംസ്ഥാനം രൂപീകരിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്‌ട്രീയഭാഗധേയങ്ങള്‍ രൂപപ്പെടുത്തുന്നതിൽ ഉത്തർപ്രദേശിന്‌ എക്കാലവും നിർണായകമായ പങ്കുണ്ടായിരുന്നു. പണ്ഡിറ്റ്‌ ജവാഹർലാൽ നെഹ്‌റു, ലാൽബഹദൂർ ശാസ്‌ത്രി, ഇന്ദിരാഗാന്ധി, എണ്‍പതുകളിൽ പ്രധാനമന്ത്രിസ്ഥാനം അലങ്കരിച്ച രാജീവ്‌ഗാന്ധി, വി.പി.സിങ്‌ വരെയുള്ളവർ ഉത്തർപ്രദേശിൽനിന്ന്‌ ഉള്ളവരായിരുന്നുവെന്നത്‌ ഈ സംസ്ഥാനത്തിന്റെ രാഷ്‌ട്രീയപ്രാധാന്യം വിളിച്ചറിയിക്കുന്നു. സരോജിനി നായിഡുവായിരുന്നു ആദ്യ ഗവർണർ. ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന സുചേത കൃപലാനിയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റുകളും ലോക്‌സഭാ സീറ്റുകളും ഉള്ള സംസ്ഥാനമാണ്‌ ഉത്തർപ്രദേശ്‌. ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന മായാവതി ഇന്ത്യയിലെ ആദ്യത്തെ ദലിത്‌ വനിതാ മുഖ്യമന്ത്രിയാണ്‌.

സമ്പദ്‌വ്യവസ്ഥ

കൃഷി

സംസ്ഥാനത്തെ 66 ശതമാനം ജനങ്ങളും കർഷകരാണ്‌. ഭക്ഷ്യധാന്യങ്ങളുടെയും എച്ചക്കുരുക്കളുടെയും ഉത്‌പാദനത്തിൽ ഒന്നാംസ്ഥാനം ഉത്തർപ്രദേശിനാണ്‌. ഗോതമ്പ്‌, ബാർലി, ചോളം, കരിമ്പ്‌, ഉരുളക്കിഴങ്ങ്‌ എന്നിവ ഏറ്റവുമധികം ഉത്‌പാദിപ്പിക്കുന്നത്‌ ഈ സംസ്ഥാനത്താണ്‌. ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കാർഷികമേഖലയെ ആശ്രയിച്ചാണ്‌ നിലനിൽക്കുന്നത്‌. രാജ്യം ആകെ ഉത്‌പാദിപ്പിക്കുന്ന ഗോതമ്പിന്റെ മൂന്നിലൊന്നും ബാർലിയുടെ പകുതിയും ഇവിടെനിന്നുള്ളതാണ്‌.

വനസമ്പത്ത്‌

ഔദ്യോഗിക കണക്കനുസരിച്ച്‌ 5-13 ദശലക്ഷം ച.കി.മീ. വനപ്രദേശങ്ങള്‍ ഉത്തർപ്രദേശിലുണ്ട്‌. മൊത്തം ഭൂവിസ്‌തൃതിയുടെ 12.8 ശതമാനമാണിത്‌.

ഖനനം

ധാതുവിഭവങ്ങളുടെ ലഭ്യത വളരെ കുറവായ സംസ്ഥാനമാണ്‌ ഉത്തർപ്രദേശ്‌. സിലിക്ക, ചുച്ചാമ്പുകല്ല്‌, കൽക്കരി എന്നിവയാണ്‌ ഇവിടെനിന്നും ഖനനം ചെയ്യുന്ന പ്രധാന ധാതുക്കള്‍. ജിപ്‌സം, മാഗ്നൈസൈറ്റ്‌, ഫോസ്‌ഫറൈറ്റ്‌, ബോക്‌സൈറ്റ്‌ എന്നിവയുടെ ചെറിയനിക്ഷേപങ്ങളും ഈ സംസ്ഥാനത്തിലുണ്ട്‌.

വ്യവസായം

വസ്‌ത്രനിർമാണവും പഞ്ചസാരയുത്‌പാദനവുമാണ്‌ ഉത്തർപ്രദേശിൽ ദീർഘകാലമായി നിലനിന്നുവരുന്ന പ്രധാന വ്യവസായങ്ങള്‍. ഉത്തർപ്രദേശിലെ ഫാക്‌ടറി തൊഴിലാളികളിലെ മൂന്നിലൊന്ന്‌ ഈ വ്യവസായങ്ങളിൽ തൊഴിൽചെയ്യുന്നു. സസ്യ എച്ച, ചണ ഉത്‌പന്നങ്ങള്‍, സിമന്റ്‌ നിർമാണം എന്നിവയാണ്‌ മറ്റു വ്യവസായമേഖലകള്‍. ഇവിടത്തെ വന്‍കിടഫാക്‌ടറികളിൽ യന്ത്രസാമഗ്രികള്‍, സ്റ്റീൽ, ടെലിഫോണ്‍, ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ എന്നിവയും രാസവളങ്ങളും ഉത്‌പാദിപ്പിക്കുന്നു. മഥുരയിലെ എച്ച ശുദ്ധീകരണശാലയും മിർസാപൂർ ജില്ലയിലെ കൽക്കരിഖനികളും കേന്ദ്രഗവണ്‍മെന്റിനു കീഴിലുള്ള പദ്ധതികളാണ്‌. ഇവിടത്തെ ഏറ്റവും വലിയ കുടിൽവ്യവസായം കൈത്തറിയാണ്‌. തുകൽ ചെരുപ്പുകള്‍, കായികോപകരണങ്ങള്‍, പിച്ചളപാത്രങ്ങള്‍, പരവതാനി, കരകൗശലവസ്‌തുക്കള്‍ എന്നിവ കയറ്റുമതി ചെയ്യുന്നു. ഭദോഹിയിലെയും മിർസാപൂരിലെയും പരവതാനികള്‍ പ്രശസ്‌തമാണ്‌. വാരാണസിയിലെ പട്ട്‌, മൊറാദാബാദിലെ അലങ്കാരപ്പണികള്‍ ചെയ്‌ത പിച്ചളപാത്രങ്ങള്‍, ലഖ്‌നൗവിലെ ചിക്കാന്‍ ചിത്രത്തുന്നൽ, നാഗിനയിലെ കരിമരംകൊണ്ടുള്ള കൊത്തുപണികള്‍, ഫിറോസാബാദിലെ സ്‌ഫടികപാത്രങ്ങള്‍ എന്നിവയും പ്രസിദ്ധമാണ്‌.

ഗതാഗതം

റോഡുഗതാഗതം

റോഡ്‌ ഗതാഗതത്തിൽ ഇന്ത്യയിൽ മഹാരാഷ്‌ട്ര കഴിഞ്ഞാൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനമാണ്‌ ഉത്തർപ്രദേശ്‌. മൊത്തം 4,942 കി.മീ. നീളമുള്ള 31 ദേശീയ പാതകള്‍ ഈ സംസ്ഥാനത്തിലുണ്ട്‌.

റെയിൽവേ ഗതാഗതം

റെയിൽവേ ഗതാഗതം. ഏകദേശം 8,926 കി.മീ. നീളമുള്ള റെയിൽപ്പാളങ്ങളാണ്‌ ഈ സംസ്ഥാനത്തിലുള്ളത്‌. ഉത്തര റെയിൽവേയുടെ പ്രധാന ജങ്‌ഷനാണ്‌ ലഖ്‌നൗ. മറ്റു പ്രധാന ജങ്‌ഷനുകളാണ്‌ ആഗ്ര, കാണ്‍പൂർ, അലഹബാദ്‌, വാരാണസി എന്നിവ.

വ്യോമ ഗതാഗതം

ഉത്തർപ്രദേശിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ ലഖ്‌നൗ. പ്രധാനപ്പെട്ട ആഭ്യന്തരവിമാനത്താവളങ്ങളാണ്‌ ഗോരഖ്‌പൂർ, ആഗ്ര, കാണ്‍പൂർ, അലഹബാദ്‌, വാരാണസി എന്നിവ.

ജല ഗതാഗതം

ഉത്തർപ്രദേശിലെ അലഹബാദ്‌ മുതൽ പശ്ചിമബംഗാളിലെ ഹാള്‍സിയ വരെയുള്ള ദേശീയ ജലപാത-ക-ന്റെ 600 കി.മീ. നീളം ഉത്തർപ്രദേശിലൂടെയാണ്‌ കടന്നുപോകുന്നത്‌.

(എസ്‌. വിൽഫ്രഡ്‌ ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍