This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഡുപ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:06, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉഡുപ്പി

Udupi

കർണാടക സംസ്ഥാനത്തിലെ ഒരു നഗരം. ഉഡുപ്പി ജില്ലയുടെ തലസ്ഥാനമാണ്‌ ഈ നഗരം. മംഗലാപുരത്തുനിന്ന്‌ 62 കി.മീ. വടക്കും കുണ്ഡപ്പൂരിന്‌ 42 കി.മീ. തെക്കുമായി സ്ഥിതിചെയ്യുന്നു. ദ്വൈതസിദ്ധാന്താനുസാരികളായ മാധ്വബ്രാഹ്മണരുടെ പ്രധാന ആരാധനാകേന്ദ്രമാണ്‌ ഉഡുപ്പി. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്‌; കൈത്തറിനെയ്‌ത്താണ്‌ പ്രധാന വ്യവസായം.

ഉഡുപ്പിയിലെ ശ്രീകൃഷ്‌ണക്ഷേത്രം ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ലക്ഷോപലക്ഷം ഭക്തജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ദ്വൈതസിദ്ധാന്തസ്ഥാപകനായ മധ്വാചാര്യരാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ നിർവഹിച്ചത്‌. 1238-ൽ ഉഡുപ്പിക്കു സമീപമുള്ള പാജകക്ഷേത്രത്തിൽ ഭൂജാതനായ മധ്വാചാര്യർ വായുഭഗവാന്റെ അവതാരമാണെന്നു വിശ്വസിക്കപ്പെടുന്നു; ഇദ്ദേഹത്തെ രാമായണത്തിലെ ഹനുമാനായും മഹാഭാരതത്തിലെ ഭീമസേനനായും സങ്കല്‌പിച്ചുകൊണ്ടുള്ള ഐതിഹ്യങ്ങള്‍ വിശ്വാസപ്രമാണങ്ങളായി അംഗീകരിക്കുന്ന സ്ഥിതി ഇന്നും മാറിയിട്ടില്ല. ഒരിക്കൽ മാൽപേ തീരത്തിനടുത്തു കൊടുങ്കാറ്റിലകപ്പെട്ടു മുങ്ങാറായ ഒരു കപ്പൽ മധ്വാചാര്യർ ദിവ്യശക്തിയാൽ സുരക്ഷിതമായി കരയ്‌ക്കടുപ്പിച്ചുവെന്നും ആ കപ്പലിലുണ്ടായിരുന്ന കൃഷ്‌ണ-ബലരാമ വിഗ്രഹങ്ങള്‍ കണ്ടെടുത്ത്‌ കൃഷ്‌ണനെ ഉഡുപ്പിയിലും ബലരാമനെ വദഭാണ്ഡേശ്വരത്തും പ്രതിഷ്‌ഠിച്ചുവെന്നുമാണ്‌ ക്ഷേത്രാത്‌പത്തിയെസംബന്ധിച്ച ഐതിഹ്യം. ഉഡുപ്പിക്ഷേത്രത്തിലെ തീർഥക്കുളത്തിന്‌ മാധ്വസരോവരം എന്നാണു പേർ. വ്യാസമഹർഷി ദാനം ചെയ്‌തെന്നു കരുതപ്പെടുന്ന സാളഗ്രാമങ്ങളും ഉഡുപ്പിക്ഷേത്രത്തിൽ കാണാം. ഈ ക്ഷേത്രത്തിലെ പൂജാകർമങ്ങളുടെ ചുമതല എട്ടുമഠാധിപതികള്‍ക്കായി മധ്വാചാര്യർ പകുത്തുകൊടുത്തു. ഓരോ മഠാധിപതിയും ആവർത്തനസ്വഭാവത്തോടെ ഈരാണ്ടുകാലത്തെ പൂജാകർമങ്ങള്‍ നടത്തണമെന്നാണു വ്യവസ്ഥ. പൂജാരിസ്ഥാനം അടുത്ത സ്ഥാനിക്കുകൈമാറുന്ന ചടങ്ങിനെ പര്യായം എന്നു പറഞ്ഞുവരുന്നു.

ഉഡുപ്പിക്ഷേത്രത്തിലെ മൂർത്തിവിഗ്രഹം ശ്രീകോവിലിന്റെ പ്രധാന കവാടത്തിലേക്കു ദർശനമായല്ല സ്ഥിതിചെയ്യുന്നത്‌; പ്രത്യുത ഇടതു പാർശ്വത്തിലുള്ള ഒരു ജാലകത്തിന്‌ അഭിമുഖമായാണ്‌. 16-ാം ശതകത്തിൽ ഭക്തകവിയായ കനകദാസന്‌ അയിത്തത്തിന്റെ പേരിൽ ദർശനം നിഷേധിക്കപ്പെട്ടുവെന്നും ഇതിൽ വിപ്രതിപത്തി തോന്നിയ ഭഗവാന്‍ കനകദാസന്‍ കീർത്തനം ആലപിച്ച ദിക്കിലേക്കു തിരിഞ്ഞിരുന്നുവെന്നും അവിടെ ഒരു ജാലകം ഉളവായി എന്നുമാണ്‌ ഇതേക്കുറിച്ചുള്ള ഐതിഹ്യം. ഈ ജാലകത്തിന്‌ "കനകാനകിണ്ടി' എന്നാണ്‌ പേര്‌. തെക്കന്‍ കർണാടകജില്ലയിൽപ്പെട്ടതും ഉഡുപ്പി ആസ്ഥാനമാക്കിയുള്ളതുമായ താലൂക്കിനും ഉഡുപ്പി എന്നു തന്നെയാണ്‌ പേര്‌.

(എസ്‌. ജയശങ്കർ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍