This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എപ്പിഡയാസ്‌കോപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എപ്പിഡയാസ്‌കോപ്പ്
Epidiascope
അതാര്യമായ വസ്‌തുക്കളുടെ ആവർധിത പ്രതിബിംബങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രാകാശികോപകരണം (optical instrument).എപ്പിസ്‌കോപ്പും പ്രക്ഷേപലാന്റേണ്‍ (projection lantern)അഥവാ ഡയാസ്‌കോപ്പും സംയോജിപ്പിച്ചിട്ടുള്ളതാണിത്. കടലാസ്സിൽ വരച്ചിട്ടുള്ള ചിത്രമോ, ഒരു പുസ്‌തകത്തിന്റെ പേജോ പോലുള്ള വസ്‌തുക്കളുടെ പ്രതിബിംബങ്ങളാണ് ഇതിലൂടെ പ്രക്ഷേപിക്കപ്പെടുന്നത്. ഗ്ലാസ്‌പ്ലേറ്റിൽ വരച്ചിട്ടുള്ള ചിത്രം, ഫോട്ടോഗ്രാഫിക് സ്ലൈഡ് എന്നിവ പ്രക്ഷേപിക്കുവാനുപയോഗിക്കുന്ന ഒന്നാണ് പ്രക്ഷേപലാന്റേണ്‍. എപ്പിഡയാസ്‌കോപ്പിനെ ഒരു പ്രക്ഷേപലാന്റേണായും ഉപയോഗിക്കാം. എപ്പിഡയാസ്‌കോപ്പിന്റെ പ്രവർത്തനം വ്യക്തമാക്കുന്ന ഒരു ചിത്രം താഴെ കൊടുക്കുന്നു.
എപ്പിസ്‌കോപ്പായി ഉപയോഗിക്കുമ്പോള്‍ പ്രതിബിംബം ലഭ്യമാക്കേണ്ട അതാര്യവസ്‌തുവിനെ AB എന്ന സ്ഥാനത്തു വയ്‌ക്കുന്നു. സ്രാതസ്സി(S)ൽ നിന്നും പുറപ്പെടുന്ന പ്രകാശം ലെന്‍സി(C1)ലൂടെ കടന്ന് വസ്‌തുവിൽ പതിക്കുന്നു. R എന്ന അവതല (concave) ദർപ്പണം സ്രാതസ്സിൽനിന്നുള്ള പ്രകാശരശ്‌മികളെ വസ്‌തുവിലേക്കു പ്രതിഫലിപ്പിച്ച് വസ്‌തുവിനെ പ്രകാശിപ്പിക്കുന്നു. ക്ഷിതിജവുമായി 45º-ൽ ചരിച്ചുവച്ചിട്ടുള്ള സമതലദർപ്പണം (M) ഈ പ്രകാശരശ്‌മികളെ പ്രതിഫലിപ്പിക്കുന്നു. ലെന്‍സി (L)ലൂടെ കടന്നുപോകുന്ന ഈ കിരണങ്ങള്‍ വസ്‌തുവിന്റെ വർധമാനമായ ഒരു പ്രതിബിംബം സ്‌ക്രീനിൽ ലഭ്യമാക്കുന്നു. P2 എന്ന റാക്ക് പിനിയണ്‍വ്യൂഹം ഫോക്കസന(focussing)ത്തെ സഹായിക്കുന്നു.
ഈ ഉപകരണം തന്നെ ഒരു പ്രക്ഷേപലാന്റേണായി ഉപയോഗിക്കണമെങ്കിൽ ഫോട്ടോഗ്രാഫിക് സ്ലൈഡ് D-ൽ വച്ചശേഷം സ്രാതസ്സ് (S)ലെന്‍സ്((C2)ന്റെ മുന്നിലേക്കു തിരിക്കുന്നു. സ്രാതസ്സിൽ നിന്നും വരുന്ന പ്രകാശരശ്‌മികള്‍ C2-ൽ വീഴുന്നതുമൂലം ലെന്‍സിന്റെ തൊട്ടടുത്തു വച്ചിട്ടുള്ള ഫോട്ടോ സ്ലൈഡ് പ്രകാശിതമാകുന്നു. P1 എന്ന റാക്ക് പിന്നിയണ്‍ വ്യൂഹത്തിന്റെ സഹായത്തോടെ F എന്ന ലെന്‍സിന്റെ സ്ഥാനം ക്രമീകരിച്ച് വസ്‌തുവിന്റെ ആവർധിതപ്രതിബിംബം ലഭ്യമാക്കുന്നു.
(എന്‍. മോഹന്‍)