This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരട്ടകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:44, 10 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരട്ടകള്‍

ഒരേ പ്രസവത്തിൽ ജനിക്കുന്ന രണ്ടു ശിശുക്കള്‍. സാധാരണയായി ഒരു സ്‌ത്രീ ഒരു സമയം ഒരു ശിശുവിനെയാണ്‌ പ്രസവിക്കാറുള്ളത്‌. ചില സന്ദർഭങ്ങളിൽ ഇരട്ടപ്രസവവും സംഭവിക്കുന്നുണ്ട്‌. മൂന്നും (triplets) നാലും (quadruplets) അഞ്ചും (quintuplets) ആറും (sixtuplets) ഏഴും (seventuplets) കെുട്ടികള്‍ വീതം ഒരേ പ്രസവത്തിൽ ജനിച്ച അപൂർവസംഭവങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിക്കാണുന്നു.

ചിലയവസരങ്ങളിൽ ഒരേ പ്രസവത്തിലുള്ള രണ്ടു ശിശുക്കളുടെ അഥവാ ഇരട്ടകളുടെ ഗർഭസ്ഥിതവളർച്ചയിൽ വ്യത്യാസം കാണാറുണ്ട്‌. ശിശുക്കളുടെ ഹൃദയപേശികളുടെ ശക്തിവ്യത്യാസമനുസരിച്ച്‌ മാതാവിന്റെ രക്തം ഒരു ശിശുവിലേക്കുമാത്രം ഒഴുകുകയും അത്‌ മറ്റേതിനെക്കാള്‍ വളർച്ച പ്രാപിക്കുകയും ചെയ്യുന്നു എന്നതാണ്‌ ഈ വ്യത്യാസത്തിന്റെ കാരണം. ചിലയവസരങ്ങളിൽ ഒരു ശിശുവിന്റെ ദേഹം മുഴുവനും ഞെങ്ങിഞെരുങ്ങിയ രീതിയിൽ കാണാവുന്നതാണ്‌. ഈ അവസ്ഥയെ ഫീറ്റസ്‌ പേപ്പിറേഷ്യസ്‌ (foetus papyraceus)എന്നു പറയുന്നു. സാധാരണയായി ഇരട്ടശിശുക്കള്‍ക്ക്‌ ഒറ്റയ്‌ക്കു ജനിക്കുന്ന ശിശുക്കളെക്കാള്‍ തൂക്കം കുറവായിരിക്കും.

ഗർഭാശയത്തിലുളവാകുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ ഭ്രൂണം രണ്ടായി പിളർന്ന്‌ രണ്ടു ശിശുക്കള്‍ ജനിക്കുന്നു. കഠിനമായ തണുപ്പ്‌, രക്തക്കുറവ്‌, പ്രാണവായുവിന്റെ അഭാവം തുടങ്ങിയ ചില പ്രത്യേക പരിതഃസ്ഥിതികളിൽ ഭ്രൂണത്തിന്റെ വളർച്ച നിലച്ചുപോകുന്നു. വീണ്ടും അനുകൂലപരിതഃസ്ഥിതിയിൽ ഭ്രൂണത്തിന്റെ ജീവാംശത്തിൽ (embryonic) നിന്നും ഒന്നോ രണ്ടോ മുകുളങ്ങള്‍ ഉണ്ടാകുന്നു. അവ വേണ്ടവിധത്തിൽ പരസ്‌പരം അകന്ന്‌ ഗർഭാശയത്തിൽ വളർന്നു വലുതാകുന്നപക്ഷം ശിശുക്കള്‍ക്ക്‌ വേണ്ടത്ര ആരോഗ്യം സിദ്ധിക്കുന്നതാണ്‌. പക്ഷേ, ഇങ്ങനെ ഭ്രൂണമുകുളങ്ങള്‍ വളർന്നുകൊണ്ടിരിക്കുന്ന സമയത്ത്‌ വേണ്ടത്ര സ്ഥലം ഇല്ലാതിരുന്നാൽ ഈ കുട്ടികള്‍ തമ്മിൽ ഒട്ടിച്ചേർന്നുപോകും. ഇപ്രകാരം തമ്മിൽ ഒട്ടിച്ചേർന്നിരിക്കുന്ന ശിശുക്കളെ "സയാമീസ്‌ ഇരട്ടകള്‍' എന്നു വിളിക്കുന്നു. ചിലപ്പോള്‍ ഉദരങ്ങള്‍ തമ്മിൽ ചേർന്നിരിക്കും. ഇതിനെ ഓംഫാലോഫാഗസ്‌ എന്നു പറയുന്നു. നെഞ്ചുകള്‍ ഒട്ടിച്ചേർന്നിരിക്കുന്നവയെ ക്രനിയോഫാഗസ്‌ എന്നും പൃഷ്‌ഠഭാഗം ചേർന്നിരിക്കുന്നവയെ വൈഗോഫാഗസ്‌ എന്നും പറയുന്നു. സയാമീസ്‌ ഇരട്ടകള്‍ ശസ്‌ത്രക്രിയമൂലം വേർപ്പെടുത്താതെ 63 വർഷത്തോളം ജീവിച്ചിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു (ഉദാ. ചുങ്ങും യാങ്ങും എന്ന ചൈനീസ്‌ ഇരട്ടകള്‍). ഇപ്പോള്‍ സയാമീസ്‌ ഇരട്ടകളെ ശസ്‌ത്രക്രിയയിലൂടെ വേർപെടുത്തുന്നത്‌ വിരളമല്ലാതായിരിക്കുന്നു. ഒരു ഭ്രൂണം രണ്ടായി പിളർന്ന്‌ അതിൽനിന്നും ഇരട്ടകള്‍ ഉണ്ടായാൽ ആ ശിശുക്കള്‍ക്ക്‌ ലിംഗസാമ്യവും രൂപസാദൃശ്യവും ഉണ്ടായിരിക്കും. അതിനാൽ ഇപ്രകാരമുള്ള ഇരട്ടകളെ സജാതീയ ഇരട്ടകള്‍ (mono ovular twins)എന്നുപറയുന്നു. അവർ ഒരേ രക്തഗ്രൂപ്പിൽപ്പെട്ടിരിക്കും. രണ്ട്‌ ആർത്തവങ്ങള്‍ക്കിടയിൽ സാധാരണയായി ഒരു അണ്ഡം മാത്രമേ പൂർണവളർച്ച പ്രാപിക്കുകയുള്ളൂ. എന്നാൽ പൂർണവളർച്ച പ്രാപിച്ച രണ്ട്‌ അണ്ഡങ്ങള്‍ ഗർഭാശയത്തിലേക്കു പ്രവേശിക്കുകയും വെണ്ണേറെ പുരുഷബീജങ്ങളോടു സംയോജിക്കുകയും ചെയ്യുമ്പോള്‍ രണ്ടു ഭ്രൂണങ്ങള്‍ ഗർഭാശയത്തിൽ വളരാനിടയാകുന്നു. ഇങ്ങനെ ജനിക്കുന്ന ശിശുക്കള്‍ ലിംഗസാമ്യമുള്ളവരായിരിക്കണമെന്നില്ല. ഇവരെ വിജാതീയ ഇരട്ടകള്‍ എന്നുപറയുന്നു. വ്യത്യസ്‌ത അണ്ഡങ്ങളിൽ നിന്നുണ്ടാകുന്ന സന്തതികള്‍ക്ക്‌ രൂപ സാദൃശ്യമുണ്ടായിരിക്കുകയില്ല. ഇവ ഒരു മാതാവിനു രണ്ടു പ്രസവത്തിൽനിന്നു ജനിക്കുന്ന കുട്ടികളെപ്പോലെയിരിക്കും. ലിംഗവ്യത്യാസമുണ്ടെങ്കിൽ അവ വിജാതീയ ഇരട്ടകളാണെന്നുള്ളതിനു സംശയമില്ല. എന്നാൽ ലിംഗവ്യത്യാസമില്ലാതെയും വിജാതീയ ഇരട്ടകള്‍ ഉണ്ടാകാറുണ്ട്‌.

ഗൊണഡോട്രാപ്പിന്‍ തുടങ്ങിയ ചില ഹോർമോണുകള്‍ കൂടുതൽ മാത്ര ഉപയോഗിക്കുന്നതിന്റെ ഫലമായി ചില സ്‌ത്രീകളിൽ ഇരട്ടകള്‍ ജനിക്കുവാന്‍ സാധ്യതയുണ്ടെന്ന്‌ സ്വീഡനിലെ ജംസെൽ എന്ന ശാസ്‌ത്രജ്ഞന്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ മുഖേന തെളിയിച്ചിരിക്കുന്നു. വന്ധ്യകളായ സ്‌ത്രീകളിൽ ഗൊണഡോട്രാപ്പിന്‍ അണ്ഡോത്‌പാദനമുണ്ടാക്കുന്നു. 100 പേർക്ക്‌ അദ്ദേഹം ഔഷധം നൽകിയതിൽ 50 പേരോളം ഗർഭിണികളാകുകയും 43 പേർ പ്രസവിക്കുകയും ചെയ്‌തു. 20 പേർ ഓരോന്നും, 14 പേർ ഈരണ്ടും, 9 പേർ മുമ്മൂന്നും കുട്ടികളെ പ്രസവിച്ചു. ചില ഹോർമോണുകള്‍ മാത്ര കൂട്ടി ഉപയോഗിക്കുന്നപക്ഷം ഇരട്ടകള്‍ ജനിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഇതിൽനിന്നു തെളിഞ്ഞു.

ഇരട്ടശിശുക്കളെ ഗർഭംധരിച്ചിരിക്കുന്ന മാതാവിന്‌ പതിവിൽക്കവിഞ്ഞ അസ്വസ്ഥത അനുഭവപ്പെടാറുണ്ട്‌. സാധാരണയായി ഗർഭിണികള്‍ക്ക്‌ ഭക്ഷണത്തിൽ താത്‌പര്യമില്ലായ്‌മ, രുചിക്കുറവ്‌, ഛർദി, തലചുറ്റൽ മുതലായ അസുഖങ്ങള്‍ അനുഭവപ്പെടാറുണ്ടെങ്കിലും മൂന്നു മാസത്തിനകം അത്‌ മിക്കവാറും ശമിക്കുകയാണു പതിവ്‌. പക്ഷേ, ഇരട്ടശിശുക്കളെ വഹിച്ചുനടക്കുന്ന മാതാവിന്റെ അസുഖങ്ങള്‍ മാസം കഴിയുന്തോറും പലപ്പോഴും വർധിച്ചുവരാറുണ്ട്‌. ശ്വാസതടസ്സം, കാലിൽ നീര്‌, ഗർഭകാലത്തുണ്ടാകുന്ന അധിക രക്തസമ്മർദം, അമ്‌നിയോട്ടിക്‌ ഫ്‌ളൂയിഡിന്റെ അളവു കൂടുന്നതിനാലുണ്ടാകുന്ന ഹൈഡ്രാമിനിയോസ്‌ വിളർച്ച, അനീമിയ, പ്രീഎക്ലംസിക്‌ ടൊക്‌സീമിയ എന്നീ രോഗങ്ങളും ഇത്തരം ഗർഭിണികളിൽ കണ്ടുവരുന്നു. ജീവകങ്ങളും ഇരുമ്പുസത്തടങ്ങിയ ടോണിക്കുകളും മറ്റും ഗർഭിണി പതിവായികഴിച്ചുകൊണ്ടിരിക്കണം. ഇതിനു പുറമേ ഗർഭിണിക്ക്‌ അത്യാവശ്യ വ്യായാമം കൂടിയേതീരൂ.

വളരെ സൂക്ഷ്‌മമായി സ്‌പർശിച്ചുനോക്കിയാൽ ഒന്നിലധികം തലയും കൈകാലുകളുംമറ്റും കണ്ടുപിടിക്കാന്‍ പ്രയാസം വരില്ല. രണ്ടു ഹൃദയങ്ങളുടെ മിടിപ്പ്‌ 10 എച്ചം എന്ന വ്യത്യാസത്തോടെ ഗർഭപാത്രത്തിന്റെ വ്യത്യസ്‌തഭാഗങ്ങളിൽ കേള്‍ക്കാവുന്നതാണ്‌. അള്‍ട്രാസൗണ്ട്‌ സ്‌കാന്‍പോലെയുള്ള നൂതന പരിശോധനാരീതിയിൽ പൂർണമായും വ്യക്തമായും ഗർഭാശയത്തിലെ ശിശുക്കളുടെ കിടപ്പും മറ്റേതെങ്കിലും ക്രമക്കേടുകളുണ്ടെങ്കിൽ അവയും മനസ്സിലാക്കാന്‍ കഴിയും. ഇത്‌ പ്രസവം ഏതുരീതിയിൽ നടത്തണം എന്നറിയുവാന്‍ സഹായിക്കുന്നു. രണ്ടു കുട്ടികളുടെ പൃഷ്‌ഠമാണ്‌ താഴെയെങ്കിൽ (Breach Presentation) സിസേറിയനാണ്‌ അഭികാമ്യം. ചില പ്രത്യേകരീതിയിൽ സ്ഥിതിചെയ്യുന്ന കുട്ടികളെ വളരെ എളുപ്പത്തിൽ പ്രസവിക്കാന്‍ സാധിച്ചെന്നുവരാം. ഉദാഹരണത്തിന്‌ ഇരട്ടകളുടെ തലയാണ്‌ താഴെയാണെങ്കിൽ (Both Vertex Presentation) സാധാരണപ്രസവം സാധ്യമാകാറുണ്ട്‌.

സ്വതവേ പ്രസവത്തിന്റെ ഒന്നാംഘട്ടം വളരെയേറെ സമയമെടുക്കുന്നു. ധാരാളം ആമ്‌നിയോട്ടിക്‌ ഫ്‌ളൂയ്‌ഡ്‌ ഉള്ളതിനാലും മറ്റുമാണ്‌ ഒന്നാം ഘട്ടം നീണ്ടുപോകുന്നത്‌. പ്രസവാനന്തരം രക്തംപോക്ക്‌ ഉണ്ടാകാനിടയുള്ളത്‌ തടയാന്‍വേണ്ട മുന്‍കരുതലുകള്‍ എടുക്കണ്ടേതാണ്‌. അതിനായി മുന്നീർ (amniotic membrance) പൊട്ടുന്നതിനായി കാത്തിരിക്കാതെ മറ്റുപാധികളുപയോഗിച്ച്‌ പൊട്ടിക്കുന്നതായാൽ ഗർഭിണിക്കാശ്വാസം കിട്ടും. മാത്രവുമല്ല, പ്രസവവേദന തുടരെ ശക്തിയോടെ ഉണ്ടാകുന്നതിനും ഇത്‌ സഹായകമാണ്‌. ആദ്യശിശുവിന്റെ പ്രസവത്തിനുശേഷം രണ്ടാമത്തെ പ്രസവത്തിനായി അരമണിക്കൂറോളം കാത്തിരിക്കാം. അതിനകം പ്രസവം നടക്കാത്തപക്ഷം ഓക്‌സിടോസിന്‍ (oxytocin) ഗ്ലൂക്കോസ്‌ എന്നിവ കുത്തിവയ്‌ക്കണം. ശിശുവിന്‌ ശ്വാസംമുട്ടലോ മറ്റു ക്ലേശങ്ങളോ അനുഭവപ്പെടുന്നപക്ഷം പ്രസവം ത്വരിതപ്പെടുത്താനായി, കുട്ടിയുടെ തല വളരെ താഴ്‌ന്ന ജംഗമനാസ്ഥിയുടെ മധ്യ അറയിലാണിരിക്കുന്നതെങ്കിൽ, ഔട്ട്‌ലെറ്റ്‌ ഫോർസെപ്‌സ്‌ (ചവണ) കൊണ്ട്‌ ശിശുവിനെ എടുക്കാവുന്നതാണ്‌. മറ്റു ചിലയവസരങ്ങളിൽ കുഞ്ഞിന്റെ തല ജംഗമനാസ്ഥിയുടെ മധ്യ അറയിലേക്ക്‌ ഇറങ്ങി ഇരിക്കാതെ വിലങ്ങനെ ഇരിക്കുന്ന അവസ്ഥയിൽ ഗർഭിണിയെ മയക്കുമരുന്നിനധീനയാക്കി യോനിക്കകത്തേക്ക്‌ സൂതിശാസ്‌ത്രജ്ഞ കൈകടത്തി (ഇന്റേണൽ പൊടാലിക്‌ വെർടന്‍) ശിശുവിന്റെ തല യോനിക്കഭിമുഖമാക്കിയശേഷം ശിശുവിനെ എടുക്കുവാന്‍ സാധിക്കും.

മൂന്നാം ഘട്ടത്തിൽ പ്രസവാനന്തരം രക്തസ്രാവമില്ലാതിരിക്കാന്‍ രണ്ടാമത്തെ പ്രസവം ത്വരിതപ്പെടുത്താതെ വേണ്ടത്ര സമയമെടുക്കാന്‍ അനുവദിക്കേണ്ടതാണ്‌. രണ്ടു ശിശുക്കളെയും പ്രസവിച്ചശേഷം 0.25 ാഴ. മെതർജിന്‍ (methergin) ഞരമ്പിലൂടെ കുത്തിവയ്‌ക്കുന്നതുകൊള്ളാം. ഇത്‌ രക്തസ്രാവത്തെ തടയുന്നു. ചില അപകടാവസ്ഥയിൽ "മറുപിള്ള' (പ്ലാസന്റ) പുറത്തേക്കുവന്നതിനുശേഷം രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ്‌ രക്തസ്രാവമുണ്ടാകാനിടയുണ്ട്‌. ഇതു തടയാനായി മാതാവിനെ പ്രസവശേഷം രണ്ടോ നാലോ മണിക്കൂറുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അതിനായി പ്ലാസന്റയുടെ അംശങ്ങളും, പ്ലാസന്റിമെമ്പ്രനേഷ്യസ്‌ ഉണ്ടെങ്കിൽ അതിന്റെ അവസാനത്തെ അംശംകൂടിയും കൈകൊണ്ട്‌ എടുത്തുകളയേണ്ടതാണ്‌.

(ഡോ. നളിനി വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍