This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എബർട്ട്‌, ഫ്രീഡറിഷ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:27, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എബർട്ട്‌, ഫ്രീഡറിഷ്‌

Ebert, Fridrich (1871 - 1925)

ജർമന്‍ രാഷ്‌ട്രതന്ത്രജ്ഞന്‍. 1871 ഫെ. 4-ന്‌ ഹൈദൽ ബർഗിൽ ജനിച്ചു. 1889-ൽ ഫെർഡിനന്‍ഡ്‌ ലാസേലിന്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക്‌ സംഘടനയുമായി സമ്പർക്കത്തിലേർപ്പെട്ടു. തൊഴിലാളി സംഘടനാപ്രവർത്തകനായിത്തീർന്ന എബർട്ട്‌ പല ഉത്തര ജർമന്‍ പട്ടണങ്ങളിലും യൂണിയന്റെ ശാഖകള്‍ സ്ഥാപിച്ചു. 1891-ൽ ബ്രമെനിൽ താമസമുറപ്പിച്ചു. അവിടെ ബ്രമെന്‍ സാഡ്‌ലെഴ്‌സ്‌ യൂണിയന്റെ അധ്യക്ഷനായി പ്രവർത്തിച്ചു. 1893-ൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ പത്രമായ ബ്രമെന്‍ ബുള്‍ഗെർ സൈറ്റുങിന്റെ പത്രാധിപസമിതിയിൽ അംഗമായി. 1900-ത്തിൽ ബ്രമെന്‍ സിറ്റി കൗണ്‍സിലിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എബർട്ട്‌ പിന്നീട്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്റായി. 1900 മാർച്ചിൽ പുതുതായി ബ്രമെനിൽ രൂപവത്‌കരിച്ച ട്രഡ്‌ യൂണിയന്റെ ലേബർ സെക്രട്ടറിയായി. വനിതാപ്രസ്ഥാനം, വിദ്യാഭ്യാസ പരിഷ്‌കരണം, തിരഞ്ഞെടുപ്പു നിയമം എന്നിവയിൽ പ്രത്യേക ശ്രദ്ധപതിച്ച ഇദ്ദേഹം വർഗാടിസ്ഥാനത്തിലുള്ള വോട്ടവകാശത്തെ എതിർത്തുവെങ്കിലും ആ സംരംഭം വിജയിച്ചില്ല. 1904-ൽ എസ്‌.പി.ഡി(സോഷ്യൽഡെമോക്രാറ്റിക്‌ പാർട്ടി)യുടെ സഹാധ്യക്ഷ പദം സ്വീകരിക്കുകയും ബെർലിനിൽ പാർട്ടിയുടെ കേന്ദ്രസമിതി അംഗമായി പ്രവർത്തിക്കുകയും ചെയ്‌തു. പാർട്ടിയുടെ കേന്ദ്രസമിതി സെക്രട്ടറിയായതിനെത്തുടർന്ന്‌ സാമ്പത്തിക കാര്യങ്ങളിലും യുവജന വിഭാഗത്തിലും പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ പ്രവർത്തനഫലമായാണ്‌ 1912-ൽ തിരഞ്ഞെടുപ്പിൽ എസ്‌.പി.ഡി.-ക്കു വമ്പിച്ച വിജയം സിദ്ധിച്ചത്‌. 1912-ൽ എൽബെർ ഫെൽഡ്‌-ബാർമെനിൽനിന്നു റൈഷ്‌റ്റാഗ്‌ അംഗമായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1913-ൽ സഹാധ്യക്ഷപദത്തിൽ നിന്നു വിരമിച്ചു. ഒന്നാം ലോകയുദ്ധകാലത്തു ജർമനിയിൽ പാർട്ടിക്കു നിരോധനം ഉണ്ടാകുമെന്ന്‌ ഭയന്ന്‌ എബർട്ടും ഖജാന്‍ജിയായ ഓട്ടോ ബ്രൗണും സ്വിറ്റ്‌സർലണ്ടിലെത്തി. ആഗ. 6-ന്‌ ബർലിനിൽ തിരിച്ചെത്തിയ എബർട്ട്‌ പാർട്ടി പ്രവർത്തനം തുടർന്നു. 1915 ഡിസംബറിൽ ഇദ്ദേഹം പാർട്ടി ചെയർമാനായി. 1917-ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന സോഷ്യലിസ്റ്റ്‌ സമാധാന സമ്മേളനത്തിൽ ജർമന്‍ സംഘത്തെ നയിച്ചത്‌ ഇദ്ദേഹമായിരുന്നു.

1918 ന. 10-ന്‌ എബർട്ട്‌ കൗണ്‍സിൽ ഒഫ്‌ പീപ്പിള്‍സ്‌ റെപ്രസന്റേറ്റീവ്‌സിന്റെ സഹാധ്യക്ഷനായി. ഒരു ദേശീയ അസംബ്ലിക്കുവേണ്ടി എബർട്ട്‌ വാദിച്ചു. 1919 ഫെ. 11-ന്‌ നാഷണൽ അസംബ്ലി വൈമാറിൽ സമ്മേളിച്ച്‌ എബർട്ടിനെ ജർമന്‍ റിപ്പബ്ലിക്കിന്റെ താത്‌കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തു. 1922 ഒക്‌ടോബറിൽ റൈഷ്‌റ്റാഗ്‌ അദ്ദേഹത്തിന്റെ കാലാവധി 1925 ജൂണ്‍ 30 വരെ നീട്ടിക്കൊടുത്തു.

പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ച കാലത്ത്‌ ജർമനിക്കു നേരിട്ട പല വിഷമഘട്ടങ്ങളും തരണം ചെയ്യാന്‍ എബർട്ടിനു സാധിച്ചു. 1920 മാർച്ചിൽ വോള്‍ഫ്‌ഗാങ്‌ കാപ്പിന്റെ കലാപത്തെ (Putsch) അദ്ദേഹം സുധീരം നേരിട്ടു. 1923-ൽ ബവേറിയന്‍ ലഹളയെ അടിച്ചമർത്തുവാന്‍ സൈന്യസഹായം ആവശ്യപ്പെടാനും എബർട്ട്‌ മടിച്ചില്ല. ഭരണഘടനയുടെ സീമകളെ മറികടക്കുവാന്‍ ഇദ്ദേഹം ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നില്ല. സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പുകളെ ഇദ്ദേഹത്തിനു പലപ്പോഴും നേരിടേണ്ടിവന്നു. 1925 ഫെ. 25-ന്‌ എബർട്ട്‌ നിര്യാതനായി.

"ജർമന്‍ ചരിത്രത്തിലെ എബ്രഹാം ലിങ്കണ്‍' എന്നാണ്‌ തിയോഡോർ ഹോയ്‌സ്‌ എബർട്ടിനെ വിശേഷിപ്പിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍