This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍സെക്‌റ്റിവോറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്‍സെക്‌റ്റിവോറ
Insectivora
ഒരു സസ്‌തനി ഗോത്രം. വലുപ്പം വളരെ കുറഞ്ഞവയും പ്രാണികളെ ഭക്ഷിക്കുന്നതുമായ സസ്‌തനികളാണ് ഈ ഗോത്രത്തിലെ അംഗങ്ങളിലധികവും. പന്തെലി (Hedgehog), ഷ്രൂ (Shrew), ടെന്‍റെക് (Tenrec), മോളുകള്‍ (moles)എന്നിവയാണ് ഇന്‍സെക്‌റ്റിവോറയിലെ ചില പ്രധാന അംഗങ്ങള്‍. ഇതിലെ വലുപ്പമേറിയ പൊട്ടമോഗാലേ ജീനസ്സിലെ ജീവികള്‍ക്ക് ഒന്നരകിലോഗ്രാം വരെ ഭാരമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ ഗോത്രത്തിലെ ഏറ്റവും ചെറിയ ജീവിയായ പിഗ്മി ഷ്രൂവിനാകട്ടെ ഏഴ് സെ.മീ. നീളം മാത്രമാണുള്ളത്. സസ്‌തനി ഗോത്രങ്ങളിൽ വച്ച് ഏറ്റവും പുരാതനമായ ഗോത്രമാണ് ഇന്‍സെക്‌റ്റിവോറ അഥവാ ശരീരഘടനാപരമായി വികാസം തീരെ കുറഞ്ഞവയാണ് ഇന്‍സെക്‌റ്റിവോറുകള്‍. 12-ഓളം ഗ്രൂപ്പ് ഇന്‍സെക്‌റ്റിവോറുകള്‍ക്ക് വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ഇന്നുള്ള ഇന്‍സെക്‌റ്റിവോറുകളെയെല്ലാം ആറ് കുടുംബങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു (Mckenna Bell 1997). കരണ്ടുതീനികളോട് (rodents) രൂപത്തിൽ സാദൃശ്യമുള്ളതിനാൽ ഇന്‍സെക്‌റ്റിവോറുകളെ പലപ്പോഴും വേർതിരിച്ചറിയാന്‍ പ്രയാസമാണ്. മറ്റു സസ്‌തനിഗോത്രങ്ങളെ അപേക്ഷിച്ച് ഇന്‍സെക്‌റ്റിവോറയിലെ അംഗങ്ങള്‍ രൂപത്തിലും സ്വഭാവത്തിലും വളരെയധികം വൈവിധ്യം പ്രകടമാക്കുന്നവയാണ്. മുന്നിലേക്ക് നീണ്ട, കൂർത്ത മോന്ത (snout)) ഇന്‍സെക്‌റ്റിവോറുകളുടെ ഒരു പൊതു സവിശേഷതയാണ്. മിക്ക ഇനങ്ങളിലും മീശ പോലെ തോന്നിക്കുന്ന നീണ്ട മുഖരോമങ്ങള്‍ (whiskers) കൊണാന്‍ കഴിയും. വളരെ ചെറിയ കച്ചുകള്‍, ചെവി എന്നിവ രോമാവൃതമായിരിക്കും. വിശേഷവത്‌കരണം തീരെ കുറഞ്ഞ ദന്തനിരയാണ് ഇന്‍സെക്‌റ്റിവോറുകളുടേത്. മിക്ക സ്‌പീഷീസിനും 44 മുതൽ 48 വരെ പല്ലുകള്‍ കാണപ്പെടുന്നു. ടെന്‍റെക്, സോളിനോഡോണ്‍ എന്നിവയിൽ ദന്താഗ്രം "ഢ' ആകൃതിയിലാണുള്ളത്; മറ്റുള്ളവയിലാകട്ടെ "ണ' ആകൃതിയിലും. കൂർത്ത മൂർച്ചയേറിയ പല്ലുകള്‍ പ്രാണികളുടെ കട്ടിയേറിയ പുറന്തോട് കടിച്ചു മുറിക്കാന്‍ ഇവയെ സഹായിക്കുന്നു. താരതമ്യേന ആധുനിക സ്‌പീഷീസായ സോളിനോഡോണിൽ ദന്തനിര, അണപ്പല്ല്, ഉളിപ്പല്ല് എന്നിങ്ങനെ വിശേഷവത്‌കൃതമായിരിക്കുന്നു. ഇടുങ്ങിയ തലയോട്, ചെറുതും മടക്കുകളില്ലാത്തതുമായ തലച്ചോറ്, വലുപ്പമേറിയ ഗന്ധഗ്രാഹിലോബ് എന്നിവയാണ് ഇന്‍സെക്‌റ്റിവോറുകളുടെ മറ്റു ചില സവിശേഷതകള്‍. കാൽപ്പാദം മുഴുവന്‍ തറയിൽ പതിച്ചുനടക്കുന്ന (Plantigrade) ഇവയുടെ കാലുകളിൽ നഖങ്ങളുള്ള അഞ്ച് വിരലുകള്‍ വീതമുണ്ട്. ജനനേന്ദ്രിയം ആന്തരികമായി സ്ഥിതി ചെയ്യുന്നതിനാൽ ഇവയിലെ ലിംഗനിർണയം പ്രയാസകരമാണ്. ഗർഭപാത്രത്തിന് കൊമ്പുകള്‍ പോലെയുള്ള രണ്ട് ഭാഗങ്ങള്‍ (bicorned type)ഉണ്ട്. വളരെയധികം മുലക്കച്ചുകളും കാണാം. ജനനസമയത്ത് വളരെ ദുർബലരായിരിക്കുന്ന കുഞ്ഞുങ്ങള്‍ ആഴ്‌ചകളോളം മാളത്തിൽത്തന്നെ കഴിയുന്നു. പ്രമേറ്റുകളുടേതിന് സമാനമായ പ്ലാസന്റ ഇവയുടെ ഒരു സവിശേഷതയാണ്.
ഒരു കുടുംബത്തിലെതന്നെ അംഗങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്‌ത ആവാസവ്യവസ്ഥകളിലാണ് കഴിയുന്നത്. ചിലതരം ഇന്‍സെക്‌റ്റിവോറുകളെ കരയിലെ മാളങ്ങളിലും പൊത്തുകളിലും കാണാന്‍ കഴിയുമെങ്കിൽ മറ്റു ചിലതിനെ ജലത്തിലാണ് കാണാന്‍ സാധിക്കുക. മരത്തിൽ ജീവിക്കുന്ന ഇന്‍സെക്‌റ്റിവോറുകളും സാധാരണമാണ്. ഇത്തരം വ്യത്യസ്‌ത ആവാസവ്യവസ്ഥയിൽ ജീവിക്കുന്നതിനാവശ്യമായ അനുകൂലനങ്ങള്‍ ഇവ ആർജിച്ചിട്ടുണ്ട്. ഉദാഹരണമായി ഡെസ്‌മന്‍, വാട്ടർഷ്രൂ എന്നിവയുടെ ചർമബന്ധിതമായ പാദം, പരന്ന വാൽ തുടങ്ങിയവ ഇവയെ ജലത്തിൽ ജീവിക്കാന്‍ പ്രാപ്‌തരാക്കിയിരിക്കുന്നു. മോളുകളുടെ ശക്തിയേറിയ മുന്‍കാലുകള്‍ കരയിൽ മാളമുണ്ടാക്കി ജീവിക്കാന്‍ അവയെ സഹായിക്കുന്നു. മിക്ക ഇന്‍സെക്‌റ്റിവോറുകളും രാത്രിയിലാണ് ഇരതേടുന്നത്. പ്രാണിഭോജികളാണ് ഈ ഗോത്രത്തിലെ മഹാഭൂരിപക്ഷവും. എന്നാൽ ചിലതരം പന്തെലികള്‍ ഒച്ച്, ഞണ്ട്, തവള എന്നിവയെയും കിഴങ്ങുവർഗങ്ങളെയും ഭക്ഷിക്കാറുണ്ട്. പന്തെലി, ടെന്‍റെക് എന്നിവയുടെ ശരീരത്തിലുള്ള മുള്ളുകളാണ് അവയെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നത്. മറ്റു സ്‌പീഷീസുകള്‍ ശരീരത്തിലെ ഒരു പ്രത്യേകഗ്രന്ഥിയിൽ നിന്നും ശക്തിയേറിയ ദുർഗന്ധം പുറപ്പെടുവിച്ചാണ് ശത്രുക്കളിൽ നിന്നു രക്ഷനേടുന്നത്.
ആസ്റ്റ്രലിയ, അന്റാർട്ടിക്ക, ഗ്രീന്‍ലന്‍ഡ് തുടങ്ങി ചുരുക്കം ചില സ്ഥലങ്ങളിലൊഴികെ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഇന്‍സെക്‌റ്റിവോറുകളെ കാണാന്‍ കഴിയും. ഇന്‍സെക്‌റ്റിവോറയെ സോറികോമോർഫ, ക്രസോക്ലോറോമോർഫ, എറിനാസിയോമോർഫ എന്നീ മൂന്ന് ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. ഈ ഉപഗോത്രങ്ങളിലായി ആറ് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സോറികോമോർഫ ഉപഗോത്രത്തിൽ നാല് കുടുംബങ്ങളാണുള്ളത്.
1. സോറിസിഡേ (Soricidae). തറയിൽ മാളങ്ങളുണ്ടാക്കി ജീവിക്കുന്ന ഷ്രൂ (shrew) ആണ് ഈ കുടുംബത്തിലെ അംഗം. ഈ കുടുംബത്തെ ക്രാസിഡിനോ, മയോസോറിസിനേ, സോറിസിനേ എന്നിങ്ങനെ മൂന്ന് ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു. 26 ജീനസുകളിലായി 375 സ്‌പീഷീസുകളെ നിർണയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ സസ്‌തനിയായ സാവീസ് പിഗ്മി ഷ്രൂ (Savi's Pygmy Shrew) ഈ കുടുംബത്തിലാണുള്ളത്. ശരാശരി ഏഴ് സെ.മീ. നീളവും രണ്ട് ഗ്രാം മാത്രം ഭാരവുമുള്ള ജീവികളാണിവ (ശാ.നാ. സന്‍കസ് എട്രുസ്‌കസ്). മിക്കവാറും സ്‌പീഷീസുകളും ഘടനയിലും സ്വഭാവത്തിലും സാദൃശ്യം പുലർത്തുന്നവയാണ്.
2. ടാൽപിഡേ (Talpidae). മോളുകള്‍ (Moles), ഡെസ്‌മന്‍ (Desman) എന്നിവയാണ് ടാൽപിഡേയിലെ പ്രധാന അംഗങ്ങള്‍. 12 ജീനസ്സുകളിലായി ഇരുപതിലധികം മോളുകളെ കണ്ടെത്തിയിട്ടുണ്ട്. തുരന്നു ജീവിക്കുന്നതിനുള്ള അനുകൂലനങ്ങളുടെ(burro-wing adaptation) വിശേഷവത്‌കരണം മോളുകളിൽ പരമാവധി കാണാന്‍ സാധിക്കും. മണ്‍കോരിയുടെ ആകൃതിയിലുള്ള മുന്‍കാലുകള്‍ ഉപയോഗിച്ച് വളരെവേഗം ഭൂമി തുരന്നു മാളമുണ്ടാക്കാന്‍ ഇവയ്‌ക്കു സാധിക്കും. സാമൂഹിക സ്വഭാവം തീരെ കുറഞ്ഞവയാണിവ. 18-21 സെ.മീ. ശരീരവലുപ്പവും 12-20 സെ.മീ. നീളത്തിൽ വാലുമുള്ള ഡെസ്‌മനുകളാണ് ടാൽപിഡെയിലെ മറ്റൊരംഗം. 400-500 ഗ്രാംവരെയാണ് ഇവയുടെ ശരാശരി ഭാരം. ഡെസ്‌മാന, ഗാലെമിസ് എന്നിവയാണ് പ്രധാന ജീനസ്സുകള്‍. 3. സോളിനോഡോന്‍റ്റിഡെ (Solenodontidae). സോളിനോഡനുകളുടെ (solenodon)രണ്ട് സ്‌പീഷീസ് മാത്രമേ ഇന്ന് കാണപ്പെടുന്നുള്ളൂ; സോ. ക്യൂബാനസ്, സോ. പാരജോക്‌സസ് എന്നിവയാണിവ. ശരാശരി 30 സെ.മീ. നീളമുള്ള ശരീരവും 20 സെ.മീ. നീളമുള്ള വാലും ഇവയുടെ പ്രത്യേകതയാണ്. പ്രാണിഭോജികളായ ഇവയെ വെസ്റ്റിന്‍ഡീസിൽ ധാരാളമായി കണ്ടുവരുന്നു. വായയ്‌ക്കുള്ളിലെ ഒരു പ്രത്യേക ഗ്രന്ഥിയിൽനിന്നും പുറപ്പെടുവിക്കുന്ന വിഷസ്രവം ഉപയോഗിച്ചാണ് ഇവ ശത്രുക്കളെ തുരത്തുന്നത്. 4. ടെന്‍റെസിഡേ (Tenrecidae). മഡഗാസ്‌കർ ദ്വീപുകളിലാണ് ടെന്‍റെക്കുകള്‍ (tenrecs) ധൊരാളമായി കണ്ടുവരുന്നത്. 10 ജീനസ്സുകളിലായി ഏതാണ്ട് 30 സ്‌പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുടുംബത്തിലെ ഏറ്റവും വലുപ്പം കൂടിയ കോമണ്‍ ടെന്‍റെകിന് (ടെ. ഇക്വേഡേറ്റസ്) വാൽ ഒഴികെയുള്ള ശരീരത്തിന് 40 സെ.മീ. വരെ നീളവും ഒരു കിലോഗ്രാമോളം ഭാരവും ഉണ്ടായിരിക്കും. വിവിധ ആവാസവ്യവസ്ഥകളിലാണ് ഇവ ജീവിക്കുന്നത്. 32-42 വരെ പല്ലുകള്‍ ഉണ്ടായിരിക്കും. 56-64 ദിവസമാണ് ഇവയുടെ ഗർഭകാലം. ഒരു പ്രസവത്തിൽ 15-20 വരെ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കും. പൊട്ടമോഗാലെ, ഒറൈസോ റിക്‌റ്റെസ്, മൈക്രാഗാലേ എന്നിവ ചില പ്രധാന ജീനസ്സുകളാണ്. ക്രസോക്ലോറോമോർഫ ഉപഗോത്രത്തിൽ ഒരേ ഒരു കുടുംബമാണുള്ളത് ക്രസോക്ലോറിഡേ (Chrysochloridae). ഗോള്‍ഡന്‍ മോള്‍ എന്നാണ് ഈ കുടുംബത്തിലെ അംഗങ്ങളുടെ പൊതുനാമം. ആഫ്രിക്കയുടെ വിവിധഭാഗങ്ങളിൽ വളരെ സാധാരണമാണിവ. 21 സ്‌പീഷീസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 11 എച്ചം വംശനാശ ഭീഷണി നേരിടുന്നവയാണ്. ഭൂമിക്കടിയിൽ മാളമുണ്ടാക്കി ജീവിക്കുന്നവയാണിവ. ശരീരത്തിന് 8-20 സെ.മീ. നീളം ഉണ്ടായിരിക്കും. ശക്തിയേറിയ മുന്‍കാലുകള്‍ മച്ച് കുഴിക്കാന്‍ ഇവയെ സഹായിക്കുന്നു. വളരെ കുറുകിയ ശരീരപ്രകൃതിയുള്ള ഗോള്‍ഡന്‍ മോളുകള്‍ക്ക് ചെമ്പുനിറം കലർന്ന തിളക്കമുള്ള രോമങ്ങളാണ് "സുവർണനിറം' നല്‌കുന്നത്. വളരെ ചെറിയ കച്ച്, ചെവി, വാൽ എന്നിവ ഭൂമിക്കടിയിലുള്ള വാസത്തിനു മറ്റൊരു അനുകൂലനമാണ്. പ്രാണിഭോജികളായ ഗോള്‍ഡന്‍ മോളുകള്‍ രാത്രികാലങ്ങളിൽ ഇരതേടി ആറ് കി.മീ. ദൂരം വരെ സഞ്ചരിക്കാറുണ്ട്. ഒരു പ്രസവത്തിൽ 1-3 വരെ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കും. ക്രസോസ്‌പലക്‌സ്, ക്രിപ്‌റ്റോക്ലോറിസ് എന്നിവയാണ് ചില പ്രധാന ജീനസ്സുകള്‍.
എറിനാസിയോമോർഫ ഉപഗോത്രത്തിൽ ഒരു കുടുംബമാണുള്ളത്; എറിനാസിഡേ (Erinaceidae) പന്തെലികളും (Hedge-hogs) ജിംന്യൂറുകളും(gymnures) ആെണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. ശരീരം മുഴുവന്‍ കാണപ്പെടുന്ന ശക്തിയേറിയ മുള്ളുകളാണ് പന്തെലികളുടെ പ്രത്യേകത. ഉരുണ്ട് ഒരു പന്തുപോലെ ആകാനുള്ള കഴിവുള്ളതിനാലാണ് ഇവയ്‌ക്ക് പന്തെലികള്‍ എന്ന പേരു ലഭിച്ചത്. രാത്രിഞ്ചരരായ പന്തെലികള്‍ പകൽസമയം കുറ്റിക്കാടുകളിലോ വൃക്ഷപ്പൊത്തിലോ പാറകളുടെ വിടവിലോ കഴിയുന്നു. പ്രാണികളാണ് ഇവയുടെ ഇഷ്‌ടഭക്ഷണം. ഇന്ത്യയിൽ കണ്ടുവരുന്ന ഒരിനമാണ് പരേക്കിനസ് മൈക്രാപസ് (Parae-chinus micropus). "മൂണ്‍ റാറ്റ്' എന്ന പേരിലും അറിയപ്പെടുന്ന ജിംന്യൂറുകള്‍ തെക്കുകിഴക്കന്‍ ഏഷ്യ, ചൈന എന്നിവിടങ്ങളിൽ കണ്ടുവരുന്നു. എക്കിനോസൊറെക്‌സ് എന്ന ജീനസ്സിന് എലിയുടേതുപോലെയുള്ള ശരീരപ്രകൃതിയാണുള്ളത്. വാലിനു സമീപമായി ശക്തിയേറിയ ദുർഗന്ധം പുറപ്പെടുവിക്കാന്‍ കഴിയുന്ന ഒരു ഗ്രന്ഥി ഇവയ്‌ക്കുണ്ട്. 50 സെന്റീമീറ്ററോളം നീളമുള്ള ശരീരം, തലയ്‌ക്കു ചുറ്റിലുമായി വെളുത്ത പൊട്ടുകള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. വളരെ നീളംകുറഞ്ഞ വാലുള്ള ഒരിനമാണ് ഹൈലോമിസ്. ഇവ കൂടാതെ വംശനാശം സംഭവിച്ച നിരവധി ഗ്രൂപ്പ് ഇന്‍സെക്‌റ്റിവോറുകളുണ്ട്. അവയിൽ പലതിന്റെയും ഫോസിലുകള്‍ ഇന്ന് ലഭ്യമാണ് ഉദാ. ഡെൽറ്റാതെറിഡിയം.
ആദ്യകാലങ്ങളിൽ പൊട്ടമോഗാലിഡേ, എലിഫന്റ് ഷ്രൂ ഉള്‍പ്പെടുന്ന മാക്രാസെലിഡിഡേ എന്നീ കുടുംബങ്ങളെയും ഇന്‍സെക്‌റ്റിവോറയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇവയെ പ്രത്യേകവർഗമാക്കി മാറ്റുകയാണുണ്ടായത്. വംശാവലി പഠനത്തിലൂടെ ചില ജന്തുശാസ്‌ത്രജ്ഞർ ഗോള്‍ഡന്‍ മോള്‍, ടെന്‍റെക് എന്നിവയെ ആഫ്രാസോറിസിഡ എന്ന പ്രത്യേകവർഗത്തിലേക്കു മാറ്റുകയും ഇന്‍സെക്‌റ്റിവോറയിലെ കുടുംബങ്ങളുടെ എച്ചം നാല് ആയി നിജപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. ഇന്‍സെക്‌റ്റിവോറയിലെ അംഗങ്ങള്‍ പ്രകടമാക്കുന്ന വൈവിധ്യവും പാരാഫൈലറ്റിക സ്വഭാവവുമാണ് ഇവയുടെ വർഗീകരണം ദുഷ്‌കരമാക്കിത്തീർത്തിരിക്കുന്നത്. നോ. പന്തെലി, മോളുകള്‍, ഷ്രൂ