This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊഞ്ഞാൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:01, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഊഞ്ഞാൽ

ബലമുള്ള മരക്കമ്പ്‌ അഥവാ വീതികുറഞ്ഞ തടിക്കഷണം അല്ലെങ്കിൽ ഓലമടൽ ഒന്നൊന്നര മീ. നീളത്തിൽ മുറിച്ച്‌ രണ്ടറ്റവും ബലമുള്ള കയറുകൊണ്ടോ ഊഞ്ഞാൽവള്ളി, ചുച്ചാമ്പുവള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്ന കാട്ടുവള്ളികൊണ്ടോ കെട്ടി, ഉയരമുള്ള മരത്തിന്റെ വശങ്ങളിലേക്കു തറനിരപ്പിന്‌ ഏറെക്കുറെ സമാന്തരമായി വളരുന്ന ശാഖകളിലോ തുലാങ്ങളിലോ നിലത്തുനിന്നും ഒരു മീറ്ററിൽ കൂടാത്ത ഉയരത്തിൽ ബന്ധിച്ച്‌ തൂക്കിയിട്ട്‌ ഇരുന്നാടാനുപയോഗിക്കുന്ന ഒരു ഉപകരണം. തൂക്കുമഞ്ചം ഇതിന്റെ ഒരു വികസിതരൂപമാണ്‌. ചിങ്ങമാസത്തിലെ തിരുവോണക്കാലത്താണ്‌ സാധാരണ കേരളത്തിലെവിടെയും ഊഞ്ഞാലുകള്‍ കെട്ടിയുണ്ടാക്കുന്നത്‌. ധനുമാസത്തിലെ തിരുവാതിരയ്‌ക്കും ഊഞ്ഞാലിടാറുണ്ട്‌. ഓണക്കാലത്ത്‌ കുട്ടികള്‍ക്ക്‌ ഊഞ്ഞാലാട്ടം ഉല്ലാസകരമായ ഒരു വിനോദമാണ്‌. ബാലികാബാലന്മാരും യുവതീയുവാക്കളും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഈ വിനോദം കാണികള്‍ക്കും സന്തോഷപ്രദമാണ്‌. ഊഞ്ഞാലിൽ ഇരുന്നും നിന്നും ആടാറുണ്ട്‌. വളരെ ഉയർന്ന മരക്കൊമ്പിൽ ബന്ധിച്ചിട്ടുള്ള നീളംകൂടിയ ഊഞ്ഞാലിൽ നിന്നുള്ള ചില്ലാട്ടത്തിൽ പല അഭ്യാസങ്ങളും കാണിക്കുന്നവരുണ്ട്‌. ഏറ്റവും ഉയരത്തിൽ ആടിപ്പറന്ന്‌ ഇല ഒടിക്കുക, ഏറ്റവും കൂടുതൽ സമയം ആടിപ്പറന്നു നിൽക്കുക, ആടിപ്പറക്കുന്നതിനിടയിൽ ചുവടുകള്‍ മാറ്റിച്ചവുട്ടി നേരെ എതിർവശത്തേക്കു തിരിയുക എന്നിവ ഇവയിൽ ചിലതു മാത്രമാണ്‌. ഇതിലൊക്കെ ഓണക്കാലങ്ങളിൽ നാട്ടിന്‍പുറത്തെ ബാലികാബാലന്മാരും യുവാക്കളും മത്സരിക്കാറുണ്ട്‌. ഗ്രാമീണ ജീവിതത്തിലെ ശാലീനവും ലളിതവുമായ ഈ വിനോദത്തിന്‌ അകമ്പടിസേവിച്ചുകൊണ്ട്‌ ഒരു ഗാനസാഹിത്യം തന്നെ ഉരുത്തിരിഞ്ഞിട്ടുണ്ട്‌. ഊഞ്ഞാൽപ്പാട്ടുകള്‍ എന്ന പേരിൽ അറിയപ്പെടുന്ന ഈ നാടന്‍പാട്ടുകളിൽ പലതും സാഹിത്യഗുണമേറിയവയുമാണ്‌. ഇവയിൽ കേരളീയ ഗ്രാമീണജീവിതത്തിന്റെ തുടിപ്പുകള്‍ വ്യക്തമായി കേള്‍ക്കാം.

സീതാസ്വയംവരം, സുന്ദരീകല്യാണം, കൃഷ്‌ണലീല, കുചേലവൃത്തം തുടങ്ങിയ ഊഞ്ഞാൽപ്പാട്ടുകള്‍ ഇന്നും ഗ്രാമീണരുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്നു. നോ. ഊഞ്ഞാൽപ്പാട്ട്‌ തമിഴിലെ ഗാനസാഹിത്യത്തിലും അനേകം ഊഞ്ഞാൽപ്പാട്ടുകളുണ്ട്‌. ഊഞ്ഞാലിന്റെ ദോലായമാനത "ഊഞ്ഞാൽപോലെ ഇളകുന്ന' എന്ന ശൈലിക്ക്‌ കാരണമായിട്ടുണ്ട്‌. ചില ക്ഷേത്രങ്ങളിൽ ദേവനോ ദേവിക്കോ ആടാന്‍ എന്ന സങ്കല്‌പത്തിൽ ഊഞ്ഞാൽ കെട്ടിയിട്ടുള്ള മണ്ഡപത്തിന്‌ ഊഞ്ഞാൽമണ്ഡപം എന്നു പറയുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍