This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്ഷരശ്ളോകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അക്ഷരശ്ളോകം
രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്നു ചില വ്യവസ്ഥകള്‍ക്കു വിധേയമായി മത്സരിച്ചോ അല്ലാതെയോ ശ്ളോകം ചൊല്ലുന്ന ഒരു സാഹിത്യവിനോദം. കേരളത്തില്‍, ഇത് വളരെക്കാലമായി പ്രചരിച്ചുപോരുന്നു. 20-ാം ശ.-ത്തിന്റെ ആരംഭദശകങ്ങളില്‍ കൊടുങ്ങല്ലൂര്‍ കളരി (നോ: കൊടുങ്ങല്ലൂര്‍ കളരി)യും മറ്റും നല്കിയ പ്രേരണയുടെയും പ്രോത്സാഹനത്തിന്റെയും ഫലമായി അഭ്യസ്തവിദ്യരായ മലയാളികളുടെ ഇടയില്‍ ഇതു പരക്കെ പ്രചരിച്ചിരുന്നു. വിദ്യാലയങ്ങളിലും മറ്റു സാംസ്കാരിക സ്ഥാപനങ്ങളിലും ഇതിനു ഗണ്യമായ സ്ഥാനം ലഭിച്ചിരുന്നു. അടിയന്തിരങ്ങളും ഉത്സവങ്ങളും മറ്റും നടക്കുന്ന കേന്ദ്രങ്ങളില്‍പോലും അക്ഷരശ്ളോകമത്സരം സര്‍വസാധാരണമായിരുന്നു. അക്ഷരശ്ളോകസദസ്സുകള്‍ക്കു കേരളീയരുടെ സാംസ്കാരിക ജീവിതത്തില്‍ ചെലുത്തുവാന്‍ കഴിഞ്ഞ സ്വാധീനത നിസ്സാരമല്ല.
അക്ഷരശ്ളോകമത്സരം തുല്യമായ അംഗസംഖ്യയുള്ള സംഘങ്ങള്‍ തമ്മിലാണു സാധാരണ നടത്തുക. സംസ്കൃത ഛന്ദസ്സുകളിലുള്ള ശ്ളോകങ്ങളേ ചൊല്ലാവൂ എന്ന വ്യവസ്ഥയുണ്ട്; അതില്‍ത്തന്നെ അനുഷ്ടുപ് തുടങ്ങിയ ലഘു വൃത്തങ്ങളിലുള്ള ശ്ളോകങ്ങള്‍ ഉപയോഗിക്കാറില്ല. ഒരു സംഘത്തില്‍പ്പെട്ട ആള്‍ ആദ്യത്തെ ശ്ളോകം ചൊല്ലിക്കഴിഞ്ഞാല്‍ എതിര്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ ആ ശ്ളോകത്തിലെ മൂന്നാം പാദത്തിലെ ആദ്യത്തെ അക്ഷരംകൊണ്ടാരംഭിക്കുന്ന ഒരു ശ്ളോകം ചൊല്ലണം; ആ ശ്ളോകത്തിന്റെ മൂന്നാം പാദത്തിലെ പ്രഥമാക്ഷരംകൊണ്ടാരംഭിക്കുന്ന ശ്ളോകം ആദ്യസംഘത്തിലെ മറ്റൊരാള്‍ ചൊല്ലണം. കൂട്ടക്ഷരമാണു കിട്ടുന്നതെങ്കില്‍ അതിന്റെ ഘടകാക്ഷരങ്ങളിലൊന്നില്‍ ആരംഭിക്കുന്ന ശ്ളോകം ചൊല്ലിയാല്‍ മതി. ഇങ്ങനെ അതു തുടര്‍ന്നുപോകുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ ആരെങ്കിലും ഒരിക്കല്‍ ചൊല്ലിയ ശ്ളോകം പിന്നീട് ആരും ചൊല്ലിക്കൂടെന്നു വ്യവസ്ഥയുണ്ട്. തന്റെ ഊഴം വരുമ്പോള്‍ കിട്ടുന്ന അക്ഷരത്തിലാരംഭിക്കുന്ന ശ്ളോകം ഒരാള്‍ക്കു സമയത്തിനു തോന്നാതെവന്നാല്‍ അയാള്‍ തോറ്റതായി കണക്കാക്കപ്പെടുകയും മത്സരത്തില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. ഇതനുസരിച്ച് ഒരു സംഘത്തിനു ശ്ളോകങ്ങളൊന്നും ചൊല്ലാനില്ലാതാകുമ്പോള്‍ ആ സംഘം പരാജയപ്പെട്ടതായി പ്രഖ്യാപിക്കുന്നു. സംഘരൂപത്തിലല്ലാതെ വ്യക്തികളെന്നനിലയില്‍ മത്സരിക്കുമ്പോഴും വ്യവസ്ഥകള്‍ക്കു മാറ്റമില്ല.
വൃത്തഭംഗം തുടങ്ങിയ ദോഷങ്ങളില്ലാത്ത ശ്ളോകങ്ങള്‍ ഈ ആവശ്യത്തിനായി മുന്‍കൂട്ടി മനഃപാഠമാക്കിവച്ചും കല്പനാശാലികളാണെങ്കില്‍ അപ്പപ്പോള്‍ സ്വയം സൃഷ്ടിച്ചും ആളുകള്‍ ഈ വിനോദത്തില്‍ പങ്കുകൊള്ളുന്നു. കൊടുങ്ങല്ലൂര്‍ കളരിയിലെ ഒരു സദസ്സില്‍വച്ച് എതിരാളികളുടെ കൂട്ടത്തിലുണ്ടായിരുന്ന, തന്റെ വൈമാത്രേയനായ മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ സൂചിപ്പിച്ചുകൊണ്ട് ഒരിക്കല്‍ വെണ്‍മണി മഹന്‍ നമ്പൂതിരിപ്പാട് പെട്ടെന്നുണ്ടാക്കി ചൊല്ലിയതായി പറയപ്പെടുന്ന
'ചൊല്ലേറുന്ന മഹീന്ദ്രനുണ്ടു മറുഭാഗ-
ത്തെന്നിരുന്നീടിലും പുല്ലോളം ബഹുമാനമില്ല കരുതി- ക്കൊള്ളേണമെല്ലാവരും; ചൊല്ലിക്കൊണ്ടു ശിരസ്സുമിന്നുമിവിടെ- താഴ്ത്തിപ്പനല്ലായ്കില്‍ ഞാ- നില്ലത്തേക്കിനിയാത്രയില്ല ശപഥം ചെയ്യുന്നു പൊയ്യല്ലഹോ'. എന്ന ശ്ളോകം സാഹിത്യലോകത്തില്‍ പ്രസിദ്ധമാണ്.
സ്ഥിരമായി അക്ഷരശ്ളോകസദസ്സുകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും എതിരാളികളെ വിഷമിപ്പിച്ചു തോല്പിക്കാന്‍ ഒരേ അക്ഷരത്തിലോ പദാദ്യം സാധാരണ വരാത്ത ഛ, ഝ, ട, ഡ തുടങ്ങിയ അക്ഷരങ്ങളിലോ ആരംഭിക്കുന്ന ശ്ളോകം ചൊല്ലാന്‍ സന്ദര്‍ഭം ഉണ്ടാക്കുകയും ചെയ്യുന്ന ചില വിദഗ്ധന്‍മാരുമുണ്ട്. ഇ.വി. കൃഷ്ണപിള്ളയുടെ ജീവിതസ്മരണകളില്‍ ഇത്തരമൊരു സന്ദര്‍ഭം പരിഹാസപൂര്‍വം അനുസ്മരിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിച്ചിരുന്നകാലത്ത് ഇ.വി. കൂടി പങ്കെടുത്ത ഒരു മത്സരത്തില്‍ ഒരാള്‍ എതിരാളികള്‍ക്കു 'ങ' എന്ന അക്ഷരം ഇട്ടുകൊടുത്തു. ആര്‍ക്കും ആ അക്ഷരത്തില്‍ ആരംഭിക്കുന്ന ശ്ളോകം ചൊല്ലാനില്ലാതിരുന്ന വിഷമഘട്ടത്തെ തരണം ചെയ്യാന്‍ ഇ.വി. ഒരു കൌശലം പ്രയോഗിച്ചു: ശ്രീകൃഷ്ണവിലാസത്തിലെ, "സുചേഷ്ടിതംകൊണ്ടു ജഗല്‍ പ്രസിദ്ധന്‍... എന്ന ശ്ളോകം, "ങുചേഷ്ടിതം കൊണ്ടു ജഗല്‍ പ്രസിദ്ധന്‍... എന്നു മാറ്റിച്ചൊല്ലി. ഇതിലെ കൃത്രിമം മറ്റുള്ളവര്‍ മനസ്സിലാക്കിയില്ലെന്നാണ് ഇ.വി. പറയുന്നത്.
സ്വരങ്ങളില്‍ 'ഞ', വ്യഞ്ജനങ്ങളില്‍ ങ, ഠ, ണ, ഥ, ഴ, റ, ന എന്നീ അക്ഷരങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ മിക്ക അക്ഷരശ്ളോകസദസ്സുകളിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇടയ്ക്ക് അസ്തമിക്കാന്‍ തുടങ്ങിയ ഈ പ്രസ്ഥാനത്തെ പുനരുദ്ധരിക്കാനുള്ള ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. തൃശൂര്‍ ആസ്ഥാനമാക്കിയുള്ള 'അക്ഷരശ്ളോകപരിഷത്ത്' എന്ന സംഘടനയും അവരുടെ മുഖപത്രമായ കവനകൌതുകം എന്ന മാസികയും ക്ഷേത്രോത്സവങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും അക്ഷരശ്ളോക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്കിവരികയും ചെയ്യുന്നു.