This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ മിലിട്ടറി അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:33, 22 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ത്യന്‍ മിലിട്ടറി അക്കാദമി

ഇന്ത്യന്‍ കരസേനാ ഓഫീസർമാർക്ക്‌ പരിശീലനം നൽകുന്ന പ്രധാന കേന്ദ്രം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സ്ഥിതിചെയ്യുന്നു. ബ്രിട്ടനിലെ സാന്‍ഹർസ്റ്റിലുള്ള റോയൽ മിലിട്ടറി അക്കാദമിയുടെ മാതൃകയിൽ ഒരു സൈനിക കോളജ്‌ ഇന്ത്യയിൽ സ്ഥാപിക്കണമെന്ന്‌ 1930-ലെ ഒന്നാം വട്ടമേശസമ്മേളനം ശിപാർശ ചെയ്‌തിരുന്നു. തുടർ നടപടിയായി അന്നത്തെ ഇന്ത്യന്‍ കമാന്‍ഡർ-ഇന്‍-ചീഫായ ഫിലിപ്‌ ചെത്‌വുഡ്‌ അധ്യക്ഷനായ ഒരു കമ്മിറ്റിയെ ഇന്ത്യാഗവണ്‍മെന്റ്‌ നിയോഗിക്കുകയുണ്ടായി. ഇന്ത്യന്‍ മിലിട്ടറി കോളജ്‌ കമ്മിറ്റി എന്നറിയപ്പെട്ട ഈ കമ്മിറ്റിയുടെ ശിപാർശപ്രകാരം 1931-ലാണ്‌ ഡെറാഡൂണിൽ അക്കാദമി സ്ഥാപിതമായത്‌. 1934-ൽ ആദ്യബാച്ച്‌ പരിശീലനം കഴിഞ്ഞ്‌ പുറത്തിറങ്ങി.

ഏകദേശം 1400 ഏക്കർ സ്ഥലത്താണ്‌ അക്കാദമി സ്ഥിതിചെയ്യുന്നത്‌. കേഡറ്റുകള്‍, പരിശീലകർ, മറ്റുദ്യോഗസ്ഥർ തുടങ്ങി ആയിരക്കണക്കിനാളുകള്‍ക്ക്‌ താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്‌. 2000-ത്തോളം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവും (ഖേദാർപാൽ ഓഡിറ്റോറിയം) ഒരു മികച്ച സ്റ്റേഡിയവും, നീന്തൽ പരിശീലന കേന്ദ്രവും അക്കാദമിയിലുണ്ട്‌. ആയിരക്കണക്കിന്‌ പുസ്‌തകങ്ങളും ജേർണലുകളും ഉള്‍ക്കൊള്ളുന്ന ലൈബ്രറികളും ചരിത്ര പ്രാധാന്യമുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയവും അക്കാദമിയിൽ പ്രവർത്തിക്കുന്നു.

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കുള്ള പ്രവേശനത്തിനായി വ്യത്യസ്‌ത പദ്ധതികള്‍ നിലവിലുണ്ട്‌. യൂണിയന്‍ പബ്ലിക്‌ സർവീസ്‌ കമ്മിഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ്‌ ഒരു രീതി. 1924 വയസ്സിനിടയിലുള്ള ബിരുദധാരികള്‍ക്ക്‌ ഈ പദ്ധതിയിലൂടെ പ്രവേശനം നേടാം. ഇങ്ങനെ പ്രവേശനം നേടുന്നവർക്ക്‌ ഒന്നരവർഷമാണ്‌ അക്കാദമിയിലെ പരിശീലനം. എന്‍ജിനീയറിങ്‌ ബിരുദധാരികളെ എഴുത്തുപരീക്ഷ കൂടാതെ നേരിട്ട്‌ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്ന രീതിയാണ്‌ മറ്റൊന്ന്‌. മറ്റ്‌ സൈനിക കോളജുകളിൽനിന്നും ബിരുദം നേടിയവർക്കുള്ള പ്രവേശനം നൽകുന്ന സമ്പ്രദായവും പ്രാബല്യത്തിലുണ്ട്‌. ഇതുപ്രകാരം പൂണെയിലെ ഖഡക്‌വാസ്ലായിലെ നാഷണൽ ഡിഫന്‍സ്‌ അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ കീഴിലുള്ള ആർമികേഡറ്റ്‌ കോളജ്‌ എന്നിവിടങ്ങളിൽനിന്നും മൂന്ന്‌ വർഷത്തെ ബിരുദം നേടിയവർക്ക്‌ അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനം നൽകുന്നു. യുദ്ധതന്ത്ര പരിശീലനം, ആയുധ പരിശീലനം, കായിക പരിശീലനം, നേതൃത്വ പരിശീലനം, ഭരണപരമായ പരിശീലനം തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പദ്ധതികളാണ്‌ അക്കാദമിയിൽ നൽകുന്നത്‌. വിജയകരമായി പരിശീലനം പൂർത്തിയാവുന്ന ഓരോ കേഡറ്റും കരസേനയിലെ കമ്മിഷന്‍ഡ്‌ ഉദ്യോഗസ്ഥനായി നിയമിക്കപ്പെടുന്നു.

വിവിധ ആഫ്രാ-ഏഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള സൈനികർക്കും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിൽ പ്രത്യേക പരിശീലനം നൽകാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍