This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർത്രറ്റിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:00, 1 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർത്രറ്റിസ്‌

Arthritis

പ്രധാനമായും സന്ധികളിൽ ഉണ്ടാകുന്ന വാതരോഗങ്ങളുടെ പൊതുനാമം. ഒരു കൂട്ടം രോഗങ്ങളെ ഈ പേരുകൊണ്ട്‌ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഓസ്റ്റിയോ-ആർത്രറ്റിസ്‌ (osteo-arthritis), റുമറ്റോയ്‌ഡ്‌ ആർത്രറ്റിസ്‌ (rheumatoid-arthritis)എന്നിവയാണ്‌ ഇവയിൽ പ്രധാനം. സന്ധികളിലും തള്ളവിരലുകളിലും ഉണ്ടാവുന്ന വേദനയോടുകൂടിയ വീക്കവും (gout)വാതപ്പനിയും (rheumatic fever) ആർത്രറ്റിസുമായി ബന്ധമുള്ള രോഗങ്ങളാണ്‌. പാശ്ചാത്യ രാജ്യങ്ങളിൽ സാധാരണമായി കണ്ടുവരുന്ന ശാരീരികവൈകല്യഹേതുകമായ (crippling) രോഗങ്ങളിൽ ആർത്രറ്റിസ്സിന്‌ അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്‌; എന്നാൽ ഇതു ബാധിച്ചാലും സാധാരണജീവിതം നയിക്കുക അസാധ്യമല്ല. വാർധക്യത്തോടെയാണ്‌ ഓസ്റ്റിയോ-ആർത്രറ്റിസ്‌ പിടിപെടുന്നത്‌. ഇതുമൂലം സന്ധികളിലെ തരുണാസ്ഥികള്‍ തേഞ്ഞുപോവുകയും പലപ്പോഴും അസ്ഥികള്‍ കൂടുതലായി വളരുകയും ചെയ്യുന്നു. വേദനയും സന്ധികളിൽ മുറുക്കവും നടക്കാന്‍ ബുദ്ധിമുട്ടും ഇതുമൂലം അനുഭവപ്പെടും. മുതുക്‌, മുട്ടുകള്‍, അരക്കെട്ട്‌, വിരലുകള്‍ എന്നിവിടങ്ങളിലെ സന്ധികളെയാണ്‌ ഇതു പ്രധാനമായും ബാധിക്കുക. എന്നാൽ റുമറ്റോയ്‌ഡ്‌ ആർത്രറ്റിസിനോളം ഉപദ്രവകാരിയല്ല ഓസ്റ്റിയോ-ആർത്രറ്റിസ്‌. വിരലുകള്‍, മണികണ്‌ഠം, പാദങ്ങള്‍, കണങ്കാൽ, തോളുകള്‍, അരക്കെട്ട്‌, മുട്ടുകള്‍, വിരലുകള്‍ എന്നീ ശരീരഭാഗങ്ങളെയാണ്‌ ഇത്‌ പ്രധാനമായും ബാധിക്കുക.

സന്ധികള്‍ക്കുള്ളിലെ ആവരണസ്‌തരങ്ങള്‍ വീർക്കുന്നതുമൂലം സന്ധികള്‍ വിങ്ങി വേദന അനുഭവപ്പെടും; അവസാനപടിയായി സന്ധികളിലെ തരുണാസ്ഥികള്‍ക്ക്‌ നാശംസംഭവിക്കുകയും അതിന്റെ ഫലമായി സന്ധികള്‍ അനക്കാന്‍ വയ്യാതാവുകയും ചെയ്യും; അംഗവൈകൃതങ്ങളും സംഭവിക്കാറുണ്ട്‌. പേശികള്‍, നാഡികള്‍, ശരീരത്തിലെ മറ്റവയവങ്ങള്‍ തുടങ്ങിയവയെയും ആർത്രറ്റിസ്‌ ബാധിക്കുന്നു. ആരംഭകാലത്തിലേ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിക്ക്‌ അംഗവൈകല്യം സംഭവിക്കാം.

റുമറ്റോയ്‌ഡ്‌ ആർത്രറ്റിസ്‌ കുട്ടികളെ ബാധിക്കുന്നതും അപൂർവമല്ല; "സ്റ്റിൽസ്‌ ഡിസീസ്‌' (Still's disease) എന്ന്‌ ഇതറിയപ്പെടുന്നു. വീക്കവും വേദനയും കുറയ്‌ക്കുന്നതിന്‌ ആസ്‌പിരിന്‍ ഉപയോഗിക്കാം. ഫിനൈൽ ബ്യൂട്ടസോണ്‍ ഉള്‍പ്പെടെ മറ്റുപല ഔഷധങ്ങളും രോഗശാന്തിക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. ചില സാഹചര്യങ്ങളിൽ വിദഗ്‌ധോപദേശമനുസരിച്ച്‌ കോർട്ടിസോണ്‍ പോലും ഉപയോഗിക്കാറുണ്ട്‌.

ഏതുതരത്തിലുള്ള റുമാറ്റിസത്തിന്റെയും ആർത്രറ്റിസിന്റെയും ചികിത്സയ്‌ക്ക്‌ ശരിയായ ശരീരനില (posture) പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ശരിയായ വ്യായാമത്തിനും ഭക്ഷണത്തിനും ആർത്രറ്റിസിന്റെ ചികിത്സയിൽ വളരെ പ്രധാനമായ പങ്കുണ്ട്‌. ആയുർവേദത്തിലും ഇതിന്‌ ഫലപ്രദമായ ചികിത്സാവിധികള്‍ നിലവിലുണ്ട്‌. സന്ധിവീക്കത്തെയും സന്ധികളെ പൊതിഞ്ഞിരിക്കുന്ന പേശികളെ ബാധിക്കുന്ന രോഗത്തെയും തിരിച്ചറിയേണ്ടതുണ്ട്‌. ബെഴ്‌സൈറ്റിസ്‌, ടെന്‍ഡനൈറ്റിസ്‌ എന്നിവ സന്ധി വീക്കത്തിൽ പെട്ടതല്ല. ഇവയുടെ ചികിത്സാരീതിയിലും വ്യത്യാസമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍