This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറന്മുള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:06, 27 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആറന്മുള

പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിന്റെ കിഴക്കെ അറ്റത്ത്‌ സ്ഥിതിചെയ്യുന്ന വില്ലേജ്‌. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡ്‌ ആറന്മുളവഴി കടന്നുപോകുന്നു; വടക്കു ഭാഗത്തുകൂടി പമ്പാനദി ഒഴുകുന്നു. കിടങ്ങന്നൂർ, ഇടശ്ശേരിമല, ഇടയാറന്മുള, മാലക്കര, ആറാട്ടുപുഴ, നീർവിളാകം, എരുമക്കാട്‌, വല്ലന, കുറിച്ചിമുട്ടം, കോട്ട എന്നീ പത്തു കരകള്‍ ചേർന്നതാണ്‌ ആറന്മുള പഞ്ചായത്ത്‌. 28,679 (2001) ജനസംഖ്യയും 2494 ച.കി.മീ. വിസ്‌തീർണവുമുള്ള ഈ പഞ്ചായത്തിനുള്ളിൽ രണ്ട്‌ ഹൈസ്‌കൂളുകളും രണ്ട്‌ അപ്പർപ്രമറി സ്‌കൂളുകളും അഞ്ച്‌ ഗ്രന്ഥശാലകളും ഒരു പ്രമറി ഹെൽത്ത്‌ സെന്ററും, പഞ്ചായത്ത്‌ ആഫീസ്‌, വില്ലേജ്‌ ആഫീസ്‌, പി.ഡബ്ല്യു.ഡി. സെക്ഷന്‍ ആഫീസ്‌, ഇലക്‌ട്രിക്കൽ സെക്ഷന്‍ ആഫീസ്‌ എന്നീ ഗവണ്‍മെന്റ്‌ ആഫീസുകളും നദീതീരത്തായി ഒരു സത്രവും ഉണ്ട്‌. ഈ സത്രത്തിന്‌ അല്‌പം കിഴക്കുമാറി ആറന്മുളക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തോടടുത്ത്‌ രാജകൊട്ടാരങ്ങള്‍ പലതുണ്ട്‌. നദീതീരപ്രദേശങ്ങള്‍ ഫലഭൂയിഷ്‌ഠമായ കൃഷി സ്ഥലങ്ങളാണ്‌. കരിമ്പാണ്‌ മുഖ്യവിള.

പണ്ടുമുതൽ പല സുകുമാരകലകളിലും കരകൗശലങ്ങളിലും സവിശേഷാഭിമുഖ്യം തെളിയിച്ചിട്ടുള്ള സ്ഥലമാണ്‌ ആറന്മുള. ഈയവും ചെമ്പും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന "ആറന്മുളക്കച്ചാടി' സവിശേഷരീതിയിലുള്ള ഒരു കരകൗശലവസ്‌തുവാണ്‌. സംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്‌തുവിദ്യാഗുരുകുലത്തിൽ കേരളത്തിലെ പാരമ്പര്യ വാസ്‌തുവിദ്യ പഠിപ്പിക്കുന്നു. കേന്ദ്രഗവണ്‍മെന്റ്‌ ആറന്മുളയെ അന്തർദേശീയ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ആറന്മുളക്ഷേത്രം. ആറന്മുളയുടെ പ്രസിദ്ധിക്കുള്ള ഒരു പ്രധാന കാരണം അവിടത്തെ പാർഥസാരഥിക്ഷേത്രമാണ്‌. ചതുർബാഹുവായ വിഷ്‌ണുവിന്റേതാണ്‌ ഇവിടത്തെ പ്രതിഷ്‌ഠാരൂപം. ഭാരതയുദ്ധത്തിൽ ഭീഷ്‌മർ അർജുനനെ നിഗ്രഹിച്ചേക്കുമെന്ന ശങ്കതോന്നിയപ്പോള്‍ കൃഷ്‌ണന്‍ കോപിച്ച്‌ അവലംബിച്ച വിശ്വരൂപത്തിലുള്ള നിലയിലാണെന്നു ചിലരും, അതല്ല കുരുക്ഷേത്രത്തിൽവച്ച്‌ ഗീതോപദേശം ചെയ്‌തശേഷം അർജുനന്‌ കാണിച്ചുകൊടുത്ത വിശ്വരൂപത്തിന്റെ നിലയിലാണെന്നു മറ്റു ചിലരും പ്രതിഷ്‌ഠാവിഗ്രഹത്തിന്‌ വ്യാഖ്യാനങ്ങള്‍ നല്‌കിവരുന്നു.

ക്ഷേത്രത്തിന്റെ ഉദ്‌ഭവം സംബന്ധിച്ച്‌ ഒന്നിലധികം ഐതിഹ്യങ്ങളുണ്ട്‌. ആറന്മുളദേവനെ ആദ്യം പ്രതിഷ്‌ഠിച്ചിരുന്നത്‌ കുറച്ചു കിഴക്കുമാറിയുള്ള നിലയ്‌ക്കൽ എന്ന സ്ഥലത്തായിരുന്നു. വ്യാഘ്രശല്യം നിമിത്തം അവിടത്തെ ജനങ്ങള്‍ സ്ഥലംവിടാന്‍ നിർബന്ധിതരായപ്പോള്‍ അവർ തങ്ങളുടെ ആരാധനാമൂർത്തിയായ പാർഥസാരഥിയുടെ വിഗ്രഹംകൂടി കൊണ്ടുപോന്നു. ഏതാനും ചാക്കമാർ ആറുമുളകള്‍ കെട്ടിയ ഒരു ചങ്ങാടത്തിൽ ദേവവിഗ്രഹവും കൊണ്ട്‌ പമ്പാനദിയിലൂടെ പടിഞ്ഞാറോട്ടു തിരിച്ചു. ആറന്മുളക്ഷേത്രം ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തുനിന്നും അല്‌പം പടിഞ്ഞാറ്‌ ചെന്നപ്പോള്‍ തെക്കേകരയിൽ ഒരു മാടത്തിൽ വിളക്കുകണ്ടു. ചങ്ങാടം അടുപ്പിച്ചു വിഗ്രഹം അവിടെ കൊണ്ടുവച്ചു. അതിനുശേഷം ജനങ്ങള്‍ചേർന്ന്‌ സങ്കേതം മച്ചിട്ടുനികഴ്‌ത്തി വിഗ്രഹം അവിടെ പ്രതിഷ്‌ഠിച്ചു.

ഈ ഐതിഹ്യത്തിൽ അല്‌പം ചരിത്രാംശം കലർന്നിട്ടുണ്ടാവാം. അന്ന്‌ വിളക്ക്‌ കണ്ടു എന്നു പറയപ്പെടുന്ന സ്ഥലത്തിന്‌ "വിളക്കുമാടം' എന്നാണ്‌ പേര്‌. ഇന്നും ആറന്മുള ഉത്സവത്തിന്‌ കൊടിയേറുന്നദിവസം രാവിലെ നെറ്റിപ്പട്ടംകെട്ടിയ ഒരു ആനയെ ക്ഷേത്രത്തിൽനിന്നും എഴുന്നെള്ളിച്ചു ഘോഷയാത്രയായി ഇടയാറന്മുളയുള്ള വിളക്കുമാടംവരെ കൊണ്ടുപോകാറുണ്ട്‌. ഘോഷയാത്ര മടങ്ങുമ്പോള്‍ ആറ്‌ മുളംചില്ലകള്‍ കെട്ടിക്കൊണ്ടുപോരും. വിഗ്രഹം കൊണ്ടുവന്ന ആറുമുള കെട്ടിയ ചങ്ങാടത്തിന്റെ സ്‌മരണയ്‌ക്കായിട്ടാണ്‌ ഈ ചില്ലകള്‍ ആറുമുളയിൽ വന്നടുത്ത സ്ഥലമായതുകൊണ്ട്‌ പില്‌ക്കാലത്ത്‌ ഈ സ്ഥലം "ആറന്മുള' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. തിരുച്ചിറ്റാറ്‌, തിരുപ്പുലിയൂർ, തിരുവാറന്‍മുള, തിരുവന്‍വണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ യഥാക്രമം യുധിഷ്‌ഠിരന്‍, ഭീമന്‍, അർജുനന്‍, നകുലന്‍, സഹദേവന്‍ എന്നീ പാണ്ഡവന്മാർ പ്രതിഷ്‌ഠിച്ചതാണെന്നും ഐതിഹ്യമുണ്ട്‌.

തമിഴ്‌പണ്ഡിതനായ നമ്മാഴ്‌വാർ ഈ ക്ഷേത്രത്തിലെ ദേവനെ തന്റെ പാടലുകളിൽ ഭക്തിപൂർവം സ്‌തുതിച്ചുകാണുന്നു. ഈ സ്ഥിതിക്ക്‌ എ.ഡി. 8-ാം ശ.-ത്തിനുമുമ്പുതന്നെ ഈ ക്ഷേത്രത്തിന്റെ പ്രശസ്‌തി മറുനാടുകളിൽപ്പോലും വ്യാപിച്ചിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്‌ണനാശാന്‍ (1765-1812) എഴുതിയ ആറന്മുളവിലാസം ഹംസപ്പാട്ടിൽ കൊ.വ. 926-ൽ (എ.ഡി. 1751) ആറന്മുള ഉള്‍പ്പെട്ടെ പ്രദേശം മാർത്താണ്ഡവർമ മഹാരാജാവ്‌ പിടിച്ചടക്കിയതായും 956 കുംഭം 29-ന്‌ (1781) ക്ഷേത്രത്തിനു തീ പിടിച്ചതായും 959 മീനം 15-ന്‌ (1784) നവീകരണപ്രതിഷ്‌ഠ നടത്തിയതായും പ്രസ്‌താവിച്ചുകാണുന്നു. മണ്‍റോയുടെ 987 (1812)-ലെ വിളംബരം അനുസരിച്ച്‌ മറ്റു ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും ഗവണ്‍മെന്റധീനതയിലായി. അതിനു മുമ്പ്‌ പത്ത്‌ ഇല്ലങ്ങളിലെ പോറ്റിമാരായിരുന്നു ഇതിന്റെ ഊരാണ്‍മക്കാർ. അവരിൽ നെടുംപ്രയാറ്റു ചെറുകാരപ്പോറ്റിയുടെ ഇല്ലം ഒഴികെ മറ്റ്‌ എല്ലാ ഇല്ലങ്ങളും പില്‌ക്കാലത്ത്‌ അന്യം നിന്നുപോയി.

സാധാരണ ക്ഷേത്രങ്ങളിൽ പതിവില്ലാത്ത ചില പ്രത്യേക വഴിപാടുകള്‍ ഇവിടെ നടത്തിവരുന്നു. കുട്ടികള്‍ക്കു തേച്ചുകുളിയും സദ്യയും നടത്തുന്ന "ആറന്മുള ഊട്ട്‌' ഇവയിൽ പ്രധാനപ്പെട്ടതാണ്‌. ഇഷ്‌ടസന്താനലബ്‌ധിക്കുവേണ്ടി വഴിപാടുനേരുന്നവർ പ്രാർഥന സഫലമാകുമ്പോള്‍ കുട്ടികളെ "അടിമകിടത്തുന്നതും' "തുലാഭാരം' തൂക്കുന്നതും, ക്ഷേത്രത്തിൽവച്ച്‌ "അന്നപ്രാശനം' നടത്തുന്നതും പതിവാണ്‌.

മകരമാസത്തിൽ അത്തംനാളിൽ കൊടിയേറി തിരുവോണംനാളിൽ ആറാടുന്ന പത്തുദിവസത്തെ ഉത്സവം ഇവിടെ ആഘോഷിക്കപ്പെടുന്നു; അഞ്ചാം ദിവസത്തെ "ഗരുഡ വാഹന എഴുന്നള്ളിപ്പ്‌' ധാരാളം ഭക്തന്മാരെ ആകർഷിക്കുന്നു. പള്ളിവേട്ടയ്‌ക്കാണ്‌ കൂടുതൽ പ്രാധാന്യം. മകരസംക്രാന്തിയുടെ തലേനാള്‍ കുട്ടികള്‍ നടത്തുന്ന "തണുങ്ങോലക്കമ്പം' കാണാന്‍ വളരെയാളുകള്‍ കൂടാറുണ്ട്‌. വൃശ്ചികമാസത്തിലെ "കളഭ'വും പ്രധാനപ്പെട്ട ഒരു ആട്ടവിശേഷമാണ്‌. ഇവ കൂടാതെ നാട്ടുകാരുടെ മാത്രം വഴിപാടായി നടത്തുന്ന മറ്റൊരുത്സവമാണ്‌ വൈശാഖമാസത്തിൽ നടത്തിവരുന്ന സപ്‌താഹയജ്ഞവും സമാപനദിവസത്തെ പുഷ്‌പാഭിഷേകവും. ചിങ്ങമാസത്തിലെ ഉത്തൃട്ടാതിനാളിൽ ആഘോഷിച്ചു പോരുന്ന വള്ളംകളി ഇപ്പോള്‍ ലോകപ്രസിദ്ധമായ ഒരു ദേശീയ ജലോത്സവമായിത്തീർന്നിരിക്കുന്നു. നോ: ആറന്മുളക്കച്ചാടി; ആറന്മുള വള്ളംകളി (എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍