This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപവാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:48, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉപവാസം

ആഹാരം ഉപേക്ഷിക്കുന്ന രീതിയിലുള്ള വ്രതം. ഇത്‌ പൂർണമായോ ഭാഗികമായോ ആവാം. ലൗകിക സുഖങ്ങളിൽ മുഴുകാതെ ശുദ്ധിയോടെ വർത്തിക്കുക എന്നതാണ്‌ ഇതിന്റെ സാമാന്യ സ്വഭാവം.

""ഉപാവൃത്തസ്യ പാപേഭ്യോ
യസ്‌തു വാസോ ഗുണൈഃസഹ
ഉപവാസഃ സ വിജ്ഞേയഃ
സർവഭോഗവിവർജിതഃ''

എന്ന അഗ്നിപുരാണവചനാനുസാരം കർമപാപങ്ങളിൽ നിന്ന്‌ വിരമിച്ച്‌ ഗുണങ്ങളോടൊപ്പം വസിക്കുക എന്നതാണ്‌ ഉപവാസം. സർവഭൂതങ്ങളിലും ദയ, സഹനശക്തി, അസൂയയില്ലായ്‌മ, ശുചിത്വം, ക്ലേശകരമായ പ്രവൃത്തികള്‍ ചെയ്യാതിരിക്കൽ, മംഗളകർമങ്ങള്‍ അനുഷ്‌ഠിക്കാതിരിക്കൽ, നീചസ്വഭാവംകാട്ടാതിരിക്കൽ, ഭോഗവസ്‌തുക്കളിൽ താത്‌പര്യമില്ലായ്‌മ ഇവയാണ്‌ ഗുണങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ധർമശാസ്‌ത്രാനുസാരമല്ലാതുള്ള നൃത്തം, ഗീതം തുടങ്ങിയ ലൗകികസുഖങ്ങളിൽനിന്ന്‌ ഉപവാസകാലത്ത്‌ ഒരാള്‍ ഒഴിഞ്ഞുമാറി നില്‌ക്കണം എന്നാണ്‌ സർവഭോഗവിവർജിതത്വംകൊണ്ടു വിവക്ഷിച്ചിട്ടുള്ളത്‌. കച്ചിൽ അഞ്‌ജനമെഴുതുക, അംഗങ്ങളിൽ ഗോരോചന തുടങ്ങിയവകൊണ്ടുള്ള കുറിക്കൂട്ടണിയുക, ശരീരത്തിൽ സുഗന്ധദ്രവ്യങ്ങള്‍ പൂശുക, പുഷ്‌പമാല്യാദികള്‍ അണിയുക, പല്ലു തേക്കുക, എച്ച തേച്ചു കുളിക്കുക, വെറ്റില മുറുക്കുക, പകലുറങ്ങുക, ചൂതുകളിക്കുക, സ്‌ത്രീസംസർഗംചെയ്യുക എന്നിവ ഉപവാസകാലത്തു ഒഴിവാക്കണമെന്ന്‌ സ്‌മൃതികളിൽ അനുശാസിച്ചിരിക്കുന്നു. വ്രതത്തിന്റെ തലേദിവസവും പിറ്റേദിവസവും ഈ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണ്‌. പിച്ചളപ്പാത്രത്തിൽ പാകംചെയ്‌ത ആഹാരം, മാംസഭോജനം, മദ്യപാനം, മറ്റു ലഹരിപദാർഥങ്ങളുടെ ഉപയോഗം, ദൂരയാത്രചെയ്യൽ, വാഹനത്തിൽ സഞ്ചരിക്കൽ, അന്യന്‍ നല്‌കുന്ന ഭക്ഷണംകഴിക്കൽ മുതലായവ വർജിക്കേണ്ടവയാണ്‌.

അനിയന്ത്രിത കാരണങ്ങളാൽ ഉപവാസം മുടങ്ങിയാൽ പ്രായശ്ചിത്തമായി ഒരു ബ്രാഹ്മണന്‌ ആഹാരം നല്‌കുകയോ അതിനുവേണ്ടിവരുന്ന ധനത്തിന്റെ ഇരട്ടി നല്‌കുകയോ വേണമെന്ന്‌ ശ്രുതിസ്‌മൃതികള്‍ അനുശാസിക്കുന്നു. ആയിരം ഉരു ദേവീസൂക്തജപമോ പ്രാണായാമം ചെയ്‌ത്‌ പന്ത്രണ്ടുരുജപമോ ഉപവാസഭംഗത്തിനുള്ള പ്രായശ്ചിത്തമാകും.

എല്ലാ മതങ്ങളും ഉപവാസത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്നുണ്ട്‌. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം യാഗഹോമാദികളായ അനുഷ്‌ഠാനങ്ങള്‍, വിവാഹാദിഷോഡശഃക്രിയകള്‍, മരണാനന്തരമുള്ള അപരക്രിയകള്‍, മറ്റു ശ്രൗതസ്‌മാർത്താദിക്രിയകള്‍ എന്നിവയൊക്കെ ചെയ്യുമ്പോള്‍ ഉപവാസമനുഷ്‌ഠിക്കണമെന്ന്‌ ശ്രുതിസ്‌മൃതികള്‍ അനുശാസിക്കുന്നുണ്ട്‌. പില്‌ക്കാലത്ത്‌ ജന്മാഷ്‌ടമി (അഷ്‌ടമിരോഹിണി), ശിവരാത്രി, പ്രദോഷം തുടങ്ങിയ പുണ്യദിനങ്ങളിലും ഉപവാസം അനുഷ്‌ഠിക്കപ്പെട്ടുപോന്നു. ഇവയിൽ ചിലതിനൊക്കെ അർധോപവാസം മതിയാകും. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക എന്ന ഈ രീതിക്ക്‌ "ഒരിക്കൽ' എന്നു പറയുന്നു. (നോ: ഒരിക്കലൂണ്‌). ഞായർ, തിങ്കള്‍, വ്യാഴം, ശനി എന്നീ ആഴ്‌ചകളിലും ഷഷ്‌ഠി, അഷ്‌ടമി, ദശമി, ഏകാദശി, ചതുർദശി എന്നീ തിഥികളിലും ചില നക്ഷത്രദിവസങ്ങളിലും "ഒരിക്കൽ' പതിവുണ്ട്‌. ഉപവാസങ്ങളുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന അനവധികഥകള്‍ ഹൈന്ദവഗ്രന്ഥങ്ങളിൽ കാണാം.

ബുദ്ധമതാനുയായികള്‍ സുഖഭോഗനിവർത്തനരൂപമായ ഉപവാസത്തിന്‌ പ്രാധാന്യം കല്‌പിച്ചിട്ടുണ്ട്‌. രാഷ്‌ട്രീയ-സാമൂഹികസേവന രംഗങ്ങളിൽ ഉപവാസം ഒരു സമരമുറയായി സ്വീകരിച്ച്‌ ആധുനികകാലത്ത്‌ ഈ ചര്യയ്‌ക്ക്‌ ഗാന്ധിജി പുതിയ അർഥം നല്‌കിയിട്ടുണ്ട്‌.

ക്രിസ്‌തുമതത്തിൽ പ്രവാസത്തിനുമുമ്പ്‌ ഉപവാസം മുഖ്യമായും വ്യക്തിപരമായിരുന്നു. ഭക്തിയുടെ ചിഹ്നമായിട്ടല്ല പ്രത്യേകസന്ദർഭങ്ങളിൽ അതിവ്യഥയുടെയോ പശ്ചാത്താപത്തിന്റെയോ ലക്ഷണമായി തന്നത്താന്‍ രട്ടു താഴ്‌ത്തി ധരിക്കയും ചാരം പൂശുകയും ചെയ്‌തിരുന്നു. സമൂഹത്തിന്റേതായ ഉപവാസം പ്രവാസാനന്തരമാണ്‌ പ്രചരിച്ചതെങ്കിലും പാപപരിഹാരദിവസാചരണം മുഖേന അതിനുമുമ്പും നടപ്പിലിരുന്നിരിക്കാം.

പ്രവാസത്തിനുശേഷം യഹൂദമതം ആണ്ടിന്റെ പ്രതേ്യക അവസരങ്ങളിൽ ആചരിക്കുന്നതിന്‌ പരസേ്യാപവാസങ്ങള്‍ നിജപ്പെടുത്തി (സെഖ. 8: 19; എസ്ഥേർ 9). ഇക്കാലത്താണ്‌ ഉപവാസം വൈയക്തികഭക്തിയുടെ നിദർശനമായത്‌. പ്രവാചകന്മാർ ഉപവാസത്തെ ഭർത്സിച്ചില്ലെങ്കിലും ആത്മാർഥതാരാഹിത്യത്തെ വിമർശിച്ചു (യിരെ. 14: 12; യെശ. 58: 3-6; യോവേൽ 2: 12-13). പുതിയനിയമകാലത്ത്‌ ഭക്തരായ പരീശന്മാർ ആഴ്‌ചയിൽ രണ്ടുപ്രാവശ്യം ഉപവസിച്ചിരുന്നു (ലൂക്കോ. 18: 12); യോഹന്നാന്റെ ശിഷ്യന്മാർ ഉപവസിക്കുന്നുണ്ടായിരുന്നു (മാർക്കോ. 2: 18). പ്രകടനപരമായ ഉപവാസത്തെ നിന്ദിച്ചെങ്കിലും രഹസ്യത്തിലുള്ളതിനെ യേശു അംഗീകരിച്ചു (മത്താ. 6 :16-18). യേശുവും പൗലോസും ഉപവസിച്ചിട്ടുണ്ട്‌ (മത്താ. 4: 2; കൊരി. 6: 5; 11: 27); രണ്ടുപേരും വിശദനിബന്ധനകള്‍ നല്‌കിയില്ല. സഹിഷ്‌ണുതയ്‌ക്കും ആത്മനിയന്ത്രണത്തിനുമാണ്‌ പൗലോസ്‌ പ്രാധാന്യം കൊടുത്തത്‌ (1 കൊരി. 9: 24-27); ഉപവാസം ഒരു ലക്ഷ്യമല്ല, മാർഗം മാത്രമാണ്‌. പുരാതന ക്രസ്‌തവസഭകള്‍ നിബന്ധനകളോടുകൂടിയ ഉപവാസം (നോമ്പ്‌) നിഷ്‌കർഷിച്ചിരുന്നു. വർത്തമാനകാലഘട്ടത്തിലും അത്‌ അനുവർത്തിച്ചുവരുന്നു. ക്രിസ്‌തു മരുഭൂമിയിൽ അനുഷ്‌ഠിച്ച പ്രാർഥനാ ജാഗരണത്തെയും ഉപവാസത്തെയും സാത്താന്റെ പരിരക്ഷകളെ ജയിച്ചതിന്റെയും ക്രിസ്‌തുവിന്റെ പീഡനാനുഭവത്തെയും അനുസ്‌മരിക്കുന്ന അമ്പതു നോമ്പും (വലിയ നോമ്പ്‌) ക്രിസ്‌തുവിന്റെ ജനനത്തിരുനാളായ ക്രിസ്‌തുമസിന്‌ മുമ്പുള്ള 25 ദിവസവും ആചരിക്കുന്ന യെൽദോ നോമ്പും. പ്രവാചകനായിരുന്ന യോന മൂന്നു പകലും മൂന്നു രാവും മത്സ്യത്തിന്റെ ഉള്ളിൽക്കഴിഞ്ഞതിനെ അനുസ്‌മരിക്കുന്ന മൂന്നു നോമ്പും പ്രധാനപ്പെട്ടതാണ്‌.

ഇസ്‌ലാമികജീവിതത്തിൽ ഏറ്റവും പ്രധാനമായ നാലു കർമാനുഷ്‌ഠാനങ്ങളാണ്‌ നമസ്‌കാരം, ഉപവാസം, നിർബന്ധദാനം, ഹജ്ജ്‌ എന്നിവ. പരിപൂർണമായ അച്ചടക്കവും നിയന്ത്രണവും ശീലിക്കുകയെന്നതാണ്‌ ഉപവാസം കൊണ്ട്‌ ഇസ്‌ലാം പ്രധാനമായും ഉദ്ദേശിക്കുന്നത്‌. "സത്യവിശ്വാസികളെ, നിങ്ങള്‍ക്കു മുമ്പുള്ളവരോട്‌ കല്‌പിച്ചിരുന്നതുപോലെതന്നെ വ്രതാനുഷ്‌ഠാനം നിങ്ങളോടും നാം ഇതാ നിർബന്ധമായി കല്‌പിക്കുന്നു'. (ഖുർആന്‍ 3: 183). ഉപവാസം മൂന്നുതരത്തിലുണ്ട്‌ ; (i) നിർബന്ധ ഉപവാസം; റംസാന്‍മാസത്തിലെ വ്രതം ഇതിൽപ്പെടുന്നു. (ii) ഐച്ഛികവ്രതം; ഇത്‌ ഷവാൽ മാസത്തിൽ ആദ്യത്തെ 6 ദിവസം, ദുൽഹജ്ജ്‌ 9-ന്‌ ഒരു ദിവസം, അറഫാ ദിവസം, മുഹറം 10-ന്‌ ഒരു ദിവസം, എല്ലാ ചാന്ദ്രമാസത്തിലും 13, 14, 15 എന്നീ ദിവസങ്ങള്‍, എല്ലാ ആഴ്‌ചയിലും തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങള്‍. രണ്ടു പെരുന്നാള്‍ ദിവസങ്ങളിൽ "ഐച്ഛികനോമ്പ്‌' നിഷിദ്ധമാണ്‌, (ഏതെങ്കിലും അതിഥിസത്‌കാരത്തിൽ ചേരുവാന്‍ നിർബന്ധിതനാകുമ്പോള്‍ ഐച്ഛികോപവാസം തുടങ്ങിയാലും തുടക്കംവച്ച്‌ വേണ്ടെന്നു വയ്‌ക്കാവുന്നതാണ്‌); (iii) പ്രായശ്ചിത്തോപവാസം; കഠിനമായ കുറ്റങ്ങള്‍ക്കായുള്ള പ്രതിവിധിയാണിത്‌. ഖുർആന്‍ 2-ാം അധ്യായത്തിലെ 196-ാം വാക്യം തെറ്റുകുറ്റങ്ങള്‍ പൊറുത്തുകിട്ടുവാന്‍ വ്രതമനുഷ്‌ഠിക്കുന്നതിനെക്കുറിച്ചു പറയുന്നു. അപരാധങ്ങളുടെ കാഠിന്യമനുസരിച്ച്‌ ഈ വ്രതം രണ്ടുമാസം തുടർച്ചയായോ ഏഴോ മൂന്നോ ദിവസങ്ങളോ അനുഷ്‌ഠിക്കാവുന്നതാണ്‌.

അല്ലാഹുവിനുവേണ്ടി എല്ലാവിധ ദേഹേച്ഛകളും ഭക്ഷണപാനീയങ്ങളും ഉപേക്ഷിക്കുകയെന്നതാണ്‌ ഉപവാസത്തിന്റെ മുഖ്യഭാഗം. ശരീരേച്ഛകള്‍ക്ക്‌ അടിമപ്പെടാതിരിക്കുകയെന്ന ഉറച്ചതീരുമാനത്തോടെ വേണം ഉപവാസത്തിൽ ഏർപ്പെടേണ്ടത്‌. പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ പൂർണമായും ഉപേക്ഷിക്കണം. മാനസികമായ പരിശുദ്ധിയും പ്രധാനമാണ്‌. യാതൊരുവിധ ദുശ്ചിന്തകള്‍ക്കും ദുഷ്‌പ്രവൃത്തികള്‍ക്കും വ്രതമനുഷ്‌ഠിക്കുന്നവന്‍ വിധേയനാകാന്‍ പാടില്ല. ഭക്ഷണപാനീയങ്ങള്‍ ഉപയോഗിച്ചാൽ വ്രതം തെറ്റുന്നതുപോലെതന്നെ ദുശ്ചിന്തകളും ദുഷ്‌പ്രവൃത്തികളും ഉപവാസം തെറ്റിക്കുമെന്നാണ്‌ അനുശാസിക്കപ്പെട്ടിരിക്കുന്നത്‌. ശാരീരികമായും മാനസികമായും സാമൂഹികമായുമുള്ള ലക്ഷ്യങ്ങളോടെയാണ്‌ ഉപവാസം ഇസ്‌ലാമിൽ കല്‌പിച്ചിട്ടുള്ളത്‌. വൈദ്യശാസ്‌ത്രത്തിൽ. മിക്കവാറും എല്ലാം ചികിത്സാസമ്പ്രാദായങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സരളചികിത്സാമുറയാണ്‌ ഉപവാസം. ആരോഗ്യസംരക്ഷണത്തിനും രോഗശാന്തിക്കും ആശ്രയിക്കാവുന്ന ഒന്നാണിത്‌. ആയുർവേദത്തിൽ ബൃഹണം (തടിപ്പിക്കൽ), ലംഘനം (മെലിയിക്കൽ) എന്നിങ്ങനെ രണ്ടുതരം ചികിത്സകളുള്ളതിൽ രണ്ടാമത്തെ ഇനത്തിൽ പെടുന്ന ഒന്നാണ്‌ ഉപവാസം. രക്തശുദ്ധി, കഫശമനം (കഫവികാരമുള്ളപ്പോള്‍), അതിസ്ഥൗല്യം, ത്വഗ്‌രോഗം, സദേ്യാവ്രണങ്ങള്‍ (മുറിവു പറ്റിയ ഉടനെയുള്ള വ്രണങ്ങള്‍), ഗുന്മരോഗങ്ങള്‍ മുതലായവയ്‌ക്കുള്ള ചികിത്സയിൽ ലംഘനോപവാസത്തിനു മുഖ്യസ്ഥാനമുണ്ട്‌. ദഹനാവയവങ്ങള്‍ക്കും വിസർജനാവയവങ്ങള്‍ക്കും വിശ്രമം, ദോഷപാകം, രസരക്താദിധാതുശുദ്ധി, ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും പ്രസാദം എന്നിവയാണ്‌ ഉപവാസത്തിന്റെ ഫലം. തമകശ്വാസത്തിന്‌ (bronchial asthma) ഉപവാസം ഫലപ്രദമായ ഒരു ചികിത്സയായി അടുത്തകാലത്തെ ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. ജ്വരചികിത്സയിൽ ആദ്യഘട്ടം ഉപവാസമാണ്‌.

എത്രകാലം ഉപവസിക്കാം എന്നതു രോഗസ്വഭാവം, വയസ്‌, ശരീരബലം മുതലായവ അനുസരിച്ചുവേണം നിർണയിക്കുവാന്‍, ദോഷപാകം തികച്ചും ഉണ്ടാകുന്നതുവരെ എന്നുള്ളതാണു സാമാന്യനിയമം. സാധാരണയായി ഏഴു മുതൽ പത്തുവരെ ദിവസം ആകാം. രോഗി ദുർബലനാണെങ്കിൽ കാലദൈർഘ്യം കുറയ്‌ക്കണം. ഉപവാസത്തിനു നിരാഹാരം എന്നും ഫലാഹാരം എന്നും നിരാഹാരത്തിന്‌ സജലം എന്നും നിർജലം എന്നും വിഭാഗങ്ങളുണ്ട്‌. എങ്കിലും ഉപവാസികള്‍ക്കു സാമാനേ്യന ജലപാനം നിഷേധിച്ചിട്ടില്ല. ശരീരമാലിന്യങ്ങള്‍ മൂത്രരൂപത്തിൽ പുറത്തുകളയുവാന്‍ ജലപാനം സഹായകമാണ്‌. ജലത്തിൽ ചെറുനാരങ്ങനീരും ഉപ്പും ചേർത്തു കഴിക്കുന്നത്‌ ആശാസ്യമാണ്‌. തേങ്ങാവെള്ളവും ഉപവാസകാലത്തു വിലക്കപ്പെട്ടിട്ടില്ല. ചുരുക്കം ചില ഘട്ടങ്ങളിൽ (കഫവൃദ്ധിയുള്ളപ്പോഴും മറ്റും) ഹ്രസ്വകാലത്തേക്കു മാത്രം വിധിച്ചിട്ടുള്ളതാണു നിർജലമായ ഉപവാസം. ഗർഭിണി, വൃദ്ധന്‍, ദുർബലന്‍ മുതലായവർക്കു ശുദ്ധോപവാസം നിഷേധിക്കപ്പെട്ടിരിക്കുന്നു.

(ഡോ. എന്‍.പി. ഉച്ചി; ടി. ജോണ്‍; പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ഷാ; ഡോ. പി.ആർ. വാര്യർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍