This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉപനിഷത്തുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉപനിഷത്തുകള്‍
വേദങ്ങളുടെ വ്യാഖ്യാനമായ ബ്രാഹ്മണങ്ങളുടെ അനുബന്ധങ്ങളും വേദാന്തതത്ത്വചിന്തയുടെ അടിസ്ഥാനവും ഭാരതീയദർശനങ്ങളുടെയെല്ലാം ഉറവിടവും ഉപനിഷത്തുകളാണെന്നു പറയുന്നതിൽ തെറ്റില്ല. "ധർമേ... ഉപനിഷദ്' എന്ന് അമരകോശവും "ഭവേദുപനിഷദ്ധർമേ' എന്ന് മേദിനിയും നിർവചനങ്ങള്‍ നൽകിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉപനിഷത്ത് എന്ന പദം ധർമം എന്നതിന്റെ പര്യായമെന്ന നിലയിൽ ഭാരതീയസംസ്കാരത്തിൽ പ്രസിദ്ധിയാർജിച്ചിട്ടുണ്ടെന്ന് വരുന്നു. "ഉപ' (സമീപത്തിൽ), "നിഷദ്' (നി-സദ് ഇരിക്കുക എന്ന അവസ്ഥ) എന്ന് വിഗ്രഹിച്ച് അർഥം പറയുന്നതുകൊണ്ട് ഈ പദത്തിന് "ഗുരുപാദാന്തികത്തിലിരുന്ന് അഭ്യസിക്കപ്പെടുന്നത്' എന്ന വിവക്ഷയും ലഭിച്ചിട്ടുണ്ട്.
ബ്രഹ്മസൂത്രങ്ങള്‍ ഉപനിഷത്തുകളുടെ സൂത്രരൂപത്തിലുള്ള ഒരു സംക്ഷിപ്തസംഗ്രഹണം മാത്രമാണ്. ഉപനിഷത്തുകളാകുന്ന പശുക്കളിൽനിന്നു കറന്നെടുക്കുന്ന പാലായിട്ടാണ് ഭഗവദ്ഗീത ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. വിവിധ വേദാന്തചിന്തകളുടെ മുഖ്യമായ പ്രചോദനം ഉപനിഷത്തുകളാണ്. ജൈനമതത്തിലെ ആദർശവാദം, കർമസിദ്ധാന്തം എന്നിവയ്ക്കും ബുദ്ധമതത്തിലെ ക്ഷണികവാദം, സംവൃതിസത്യം, പരമാർഥസത്യം എന്നീ സങ്കല്പങ്ങള്ക്കും അവിദ്യയാണ് ഭവചക്രത്തിന്റെ മൂലഹേതു എന്ന ദർശനത്തിനും ഉപനിഷത്സിദ്ധാന്തങ്ങളോടു കടപ്പാടുണ്ട്. സാംഖ്യദർശനത്തിലെ പ്രകൃതിസിദ്ധാന്തം ശ്വേതാശ്വതരോപനിഷത്തിൽ നിന്നും ത്രഗുണ്യ സിദ്ധാന്തം (സത്വം, രജസ്, തമസ് എന്നിങ്ങനെ പ്രകൃതിയിൽ മൂന്നു ഗുണങ്ങളുണ്ടെന്ന സിദ്ധാന്തം) ഛാന്ദോഗ്യോപനിഷത്തിലെ മൂന്നു നിറങ്ങള്‍ എന്ന സങ്കല്പത്തിൽനിന്നും പുരുഷന്, മനസ്, ബുദ്ധി, അഹങ്കാരം എന്നിവ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച സിദ്ധാന്തം കഠോപനിഷത്തിൽനിന്നും, ലിംഗശരീരം എന്ന ആശയം പ്രശ്നോപനിഷത്തിൽ നിന്നുമാണ് എടുക്കപ്പെട്ടിട്ടുള്ളത്. പതഞ്ജലിയുടെ യോഗദർശനം ശ്വേതാശ്വതരോപനിഷത്തിനോട് കടപ്പെട്ടിരിക്കുന്നു. കഠം അഷ്ടാംഗയോഗത്തിലെ ഒരംഗമായ ധാരണയെക്കുറിച്ചും മുണ്ഡകം വെറും ഒരു പ്രക്ഷകന് എന്ന നിലയിൽ ജീവനെക്കുറിച്ചും വിവരിക്കുന്നു. ഈശോപനിഷത്ത് പില്ക്കാലത്തിലെ വേദാന്തദർശനത്തിലെ ജ്ഞാനകർമസമുച്ചയവാദത്തെ പിന്താങ്ങുന്നു.
ഉപനിഷത്തുകള്‍ ഭാരതീയചിന്തകരെ എന്നപോലെ വിദേശപണ്ഡിതന്മാരെയും സ്വാധീനിച്ചിട്ടുണ്ട്. പ്രസിദ്ധ ജർമന്‍ തത്ത്വചിന്തകനായ ഷോപ്പന്‍ഹോവർ പറയുന്നത് ഉപനിഷത്തുകളെപ്പോലെ അത്രയും ഗുണപ്രദവും ഉന്മേഷപ്രദവുമായ പഠനം വേറെയില്ലെന്നാണ്. മാക്സ്മുള്ളറും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ഡോയ്സന്റെ പക്ഷത്തിൽ ഉപനിഷത്തുകള്‍ കാന്റിന്റെയും ഷോപ്പന്ഹോവറുടെയും ആശയങ്ങളെ മുന്‍കൂട്ടി കാണുന്നുണ്ടെന്നാണ്.
കർതൃത്വം, കാലം. ഉപനിഷത്തുകളുടെ കർത്താക്കള്‍ ആരെല്ലാമാണെന്ന് ഖണ്ഡിതമായി പറയുകവയ്യ. എന്നാൽ അവയിലെ ചില പ്രധാനസിദ്ധാന്തങ്ങള് ആരുണി, യാജ്ഞവല്ക്യന്, ബാലാകി, ശ്വേതകേതു, ശാണ്ഡില്യന്‍ എന്നീ വിഖ്യാത മഹർഷിമാരുടെ പേരുകളോട് ബന്ധപ്പെട്ടു കിടക്കുന്നു.
സാധാരണ ദർശനങ്ങളിൽ കാണുന്നതുപോലെ യുക്തി യുക്തമോ ന്യായാനുസാരമോ ആയ ഒരു തത്ത്വമീമാംസാ പദ്ധതി ഉപനിഷത്തുകളിൽ കാണാന്‍ കഴിയുകയില്ല; എന്നാൽ ചില സുപ്രധാന മൗലികസിദ്ധാന്തങ്ങള്ക്ക് അവ രൂപം നൽകുന്നുണ്ട്. ഇരുന്നൂറിലധികം ഉപനിഷത്തുകള്‍ ഉള്ളതായി പറയപ്പെടുന്നു. എന്നാൽ പൗരാണികമായ കണക്കനുസരിച്ച് അവയുടെ എച്ചം നൂറ്റിയെട്ടാണ്. ഉപനിഷത്തുകളുടെ പേരുകള്‍ അകാരാദിക്രമത്തിൽ താഴെ കൊടുക്കുന്നു. അക്ഷമാലിക, അക്ഷി, അഥർവശിര, അദ്വയതാരക, അധ്യാത്മ, അമൃതനാദ, അവധൂത, ആത്മ, ആത്മപൂജ, ആത്മബോധ, ആരുണിക, ആശ്രമ, ഈശാവാസ്യ, ഏകാക്ഷര, ഐതരേയ, കഠ, കഠരുദ്ര, കലിസംതരണ, കാലാഗ്നിരുദ്ര, കുണ്ഡിക, കൃഷ്ണോപനിഷത്ത്, കേന, കൈവല്യ, കൗഷീതക, ക്ഷുരികാ, ഗണപതി, ഗരുഡ, ഗർഭ, ഗായത്രി, ഗായത്രീരഹസ്യ, ഗോപാലപൂർവതാപിനി, ചതുർവേദ, ചാക്ഷുഷ, ഛാന്ദോഗ്യ, ജാബാല, ജാബാലദർശന, ജാബാലി, തുരീയാതീത, തുളസി, തൈത്തിരീയ, ത്രിശിഖബ്രാഹ്മണ, ത്രിപുരാ, ദക്ഷിണാമൂർത്തി, ദോവ്യുപനിഷത്ത്, ദ്വയ, ധ്യാനബിന്ദു, നാദബിന്ദു, നാരദപരിവ്രാജക, നാരായണ, നിരാലംബ, നിർവാണ, നീലരുദ്ര, നൃസിംഹപൂർവതാപിനീ, നൃസിംഹഷട്ചക്ര, പഞ്ചബ്രഹ്മ, പരബ്രഹ്മ, പരമഹംസ, പരമഹംസപരിവ്രാജക, പാശുപതബ്രഹ്മ, പൈങ്ഗല, പ്രണവ, പ്രശ്ന, പ്രാണാഗ്നിഹോത്ര, ബഹ്വൃച, ബ്രഹ്മ, ബ്രഹ്മബിന്ദു, ബ്രഹ്മവിദ്യാ, ബൃഹദാരണ്യക, ഭാവനാ, ഭിക്ഷുക, മണ്ഡലബ്രാഹ്മണ, മന്ത്രിക, മഹാവാക്യ, മഹോപനിഷത്ത്, മാണ്ഡൂക്യ, മുണ്ഡക, മുദ്ഗല, മൈത്രായണി, മൈത്രയി, യാജ്ഞവാല്ക്യ, യോഗകുണ്ഡലി, യോഗചൂഡാമണി, യോഗതത്ത്വ, യോഗരാജ, രാധാ, രാമപൂർവതാപിനീ, രുദ്ര, രുദ്രാക്ഷജാബാല, ലാംഗുല, വ്രജസൂചിക, ശരഭ, ശഭ്യായനീയ, ശാണ്ഡില്യ, ശാരീരിക, ശിവസങ്കല്പ, ശുകരഹസ്യ, ശ്വേതാശ്വതര, സന്ന്യാസ, സരസ്വതീരഹസ്യ, സർവസാര, സാവിത്രീ, സീതാ, സുബാല, സൂര്യ, സൗഭാഗ്യലക്ഷ്മി, സ്കന്ദ, സ്വസംവേദ്യ, ഹംസ.
ഇവയിൽ മുഖ്യം ഈശാവാസ്യം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിങ്ങനെ പത്തെച്ചമാണ്. ശങ്കരാചാര്യർ ഇവയ്ക്കും ശ്വേതാശ്വതരത്തിനും ഭാഷ്യങ്ങള്‍ രചിച്ചിട്ടുണ്ട്. അതിനുംപുറമേ കൗഷീതകം, മഹാനാരായണം എന്നീ രണ്ടു ഉപനിഷത്തുകളെക്കുറിച്ചും പരാമർശിക്കുന്നു. മേൽപ്രസ്താവിച്ച പതിമൂന്ന് ഉപനിഷത്തുകളോടുകൂടി മൈത്രയീ എന്ന ഉപനിഷത്തുംകൂടി ചേർന്നാൽ പതിനാല് മുഖ്യ ഉപനിഷത്തുകളായി. ഇവയിൽവച്ച് ബൃഹദാരണ്യകവും ഛാന്ദോഗ്യവുമാണ് പുരാതനവും ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സമ്പന്നവും. ഉപനിഷത്തുകളുടെ കാലനിർണയം അത്ര എളുപ്പമല്ല. ഗദ്യരൂപത്തിലുള്ള ഐതരേയം, കൗഷീതകം, ഛാന്ദോഗ്യം, കേനം, തൈത്തിരീയം, ബൃഹദാരണ്യകം എന്നിവയും ഈശം, കഠം എന്നിവയും ബി.സി. 8-ഉം 7-ഉം നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ടിട്ടുള്ളതായി കരുതപ്പെടുന്നു. അവ ബുദ്ധനു മുമ്പുതന്നെയുള്ളവയാണ്.
ഉപനിഷത്തുകള്‍ ശ്രുതിഗ്രന്ഥങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇവയ്ക്ക് ബ്രാഹ്മണങ്ങളുമായി അടുത്ത ബന്ധമുണ്ടെങ്കിലും യാഗാദികർമങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന ബ്രാഹ്മണങ്ങളിൽ നിന്ന് ഇവ തുലോം ഭിന്നങ്ങളാണ്. മുണ്ഡകോപനിഷത്തിൽ യാഗങ്ങളുടെ നേരെ ഒരു കടന്നാക്രമണം തന്നെ നടത്തുന്നതായിക്കാണാം. ഈ വക അനുഷ്ഠാനങ്ങളിൽ നിന്ന് എന്തെങ്കിലും നന്മവരുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അയാള്‍ ഒരു മൂഢനാണെന്നും അയാളെ ജരാമരണം പിടികൂടുമെന്നും പറയുന്നു. ബൃഹദാരണ്യകോപനിഷത്തിൽ യജ്ഞാദികളോടുള്ള ഈ എതിർപ്പ് ലാക്ഷണികമായിട്ടാണ് പ്രകടിപ്പിച്ചുകാണുന്നത്. ഉള്ളടക്കം. പ്രാചീന-ഉപനിഷദ്ഭാഷ്യകാരന്മാരും ആധുനികപണ്ഡിതന്മാരും ഉപനിഷത്തുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച വിശകലനത്തിൽ ഏകാഭിപ്രായക്കാരല്ല. പ്രാചീനരുടെ പക്ഷം ഉപനിഷത്തുകള്‍ ശ്രുതിഗ്രന്ഥങ്ങളാകകൊണ്ട് അവയിലെ സിദ്ധാന്തങ്ങള്‍ക്ക് ഒരൈകരൂപ്യം ഉണ്ടെന്നാണ്, എന്നാൽ ആധുനിക പണ്ഡിതന്മാർ ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല. അവരുടെ പക്ഷത്തിൽ ഉപനിഷത്തുകളിൽ വ്യത്യസ്തങ്ങളും ചിലപ്പോള്‍ പരസ്പരവിരുദ്ധങ്ങളുമായ പല സിദ്ധാന്തങ്ങളുമുണ്ട്; എന്നാൽ ഈ സിദ്ധാന്തങ്ങളെല്ലാം തുല്യപ്രാധാന്യമുള്ളവയല്ല എന്നാണ്.
ഉപനിഷത്തുകളിലെ ഏറ്റവും പ്രധാനപ്പെട്ടതും അതേസമയം ഏറ്റവും വികാസം പ്രാപിച്ചതുമായ സിദ്ധാന്തം ഏകതത്ത്വവാദാത്മകവും ആദർശവാദപരവുമാണെന്നു പറയാം. ഈ ഏകതത്ത്വം ആത്മീയമായതുകൊണ്ടാണ് പ്രസ്തുതസിദ്ധാന്തത്തെ ആദർശവാദപരമായി കണക്കാക്കുന്നത്. ഇതിനർഥം അനേകത്വവാദവും യഥാതഥവാദവും ഉപനിഷത്തുകളിൽ ഇല്ലെന്നല്ല; അവയ്ക്ക് അത്ര പ്രാധാന്യം കല്പിച്ചിട്ടില്ലെന്നുമാത്രം.
ഉപനിഷത്തുകളെ ഒട്ടാകെ പരിശോധിച്ചുനോക്കിയാൽ അവയിൽ രണ്ടു സുപ്രധാനപദങ്ങളെ നമുക്കു കണ്ടെത്താന്‍ കഴിയും; ബ്രഹ്മം, ആത്മാവ്. "വളരുക' അഥവാ "പൊട്ടിപ്പുറപ്പെടുക' എന്നർഥംവരുന്ന ബൃഹദ് ധാതുവിൽ നിന്നാണ് ബ്രഹ്മം എന്ന പദത്തിന്റെ നിഷ്പത്തി. ക്രമേണ ഈ പദം പ്രപഞ്ചത്തിന്റെ അടിസ്ഥാനതത്ത്വത്തെ സൂചിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ ബ്രഹ്മം ബാഹ്യപ്രപഞ്ചത്തെ വസ്തുനിഷ്ഠമായി നോക്കുമ്പോള്‍ കണ്ടെത്തുന്ന പരമതത്ത്വമായിത്തീരുന്നു.
എന്നാൽ പരമയാഥാർഥ്യത്തെ മറ്റൊരു പന്ഥാവിൽക്കൂടിയും നോക്കിക്കാണാന്‍ കഴിയും. ആ പന്ഥാവ് മനുഷ്യന്റെ ആന്തരസത്തയിലേക്കു നയിക്കുന്നു. ഇവിടെ ആത്മനിഷ്ഠമായ ഒന്നിനെക്കുറിച്ച്-ആത്മാവിനെക്കുറിച്ച്-ആണ് അന്വേഷണം. ആത്മാവ് എന്ന പദത്തിന് "ശ്വാസം' എന്നായിരിക്കണം ആദ്യത്തെ അർഥം. പിന്നീടാണ് അതിന് മനുഷ്യന്റെ ആത്മാവ് എന്നർഥം കൈവന്നത്. തത്ത്വമസി. ഈ രണ്ടു തത്ത്വങ്ങളും യഥാർഥത്തിൽ ഒന്നുതന്നെയാണ് എന്ന ഉപനിഷത്തുകളുടെ നിഗമനം ഭാരതീയ ദർശനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഒന്നാണ്. ഡോയ്സന്റെ പക്ഷത്തിൽ ഈ ആശയം മനുഷ്യരാശിക്കു മുഴുവന്‍ വിലപ്പെട്ട ഒന്നാണ്. അത് നീയാകുന്നു (തത്ത്വം അസി), ഞാന്‍ ബ്രഹ്മമാകുന്നു (അഹം ബ്രഹ്മാസ്മി) എന്നീ മഹാവാക്യങ്ങള്‍ പ്രസ്തുത ഐക്യത്തെയാണ് പ്രഖ്യാപിക്കുന്നത്. ആത്മബ്രഹ്മൈക്യം പരമതത്ത്വത്തിന്റെ ആത്മീയതയെയും അസന്ദിഗ്ധതയെയും അനന്തതയെയും വെളിപ്പെടുത്തുന്നു. സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്ന തൈത്തിരീയോപനിഷദ് വാക്യവും ഇതുതന്നെയാണ് അർഥമാക്കുന്നത്. "സച്ചിദാനന്ദം' എന്ന സങ്കല്പവും ഇതുതന്നെ ദ്യോതിപ്പിക്കുന്നു.
ഉപനിഷത്തുകളിലെ ആദർശാത്മക ഏകത്വവാദം രണ്ടു വ്യത്യസ്തരൂപങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചില വാക്യങ്ങളിൽ പരമതത്ത്വം സപ്രപഞ്ചമായും മറ്റു ചിലവയിൽ നിഷ്പ്രപഞ്ചമായുമാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്; എന്നാൽ ബ്രഹ്മത്തെ ഒരേസമയം സപ്രപഞ്ചമായും നിഷ്പ്രപഞ്ചമായും വർണിക്കുന്ന വാക്യങ്ങളും ഇല്ലാതില്ല. ഛാന്ദോഗ്യോപനിഷത്തിലെ "ശാണ്ഡില്യവിദ്യ' എന്ന കാണ്ഡത്തിൽ ബ്രഹ്മത്തെ "തജ്ജലാന്‍' എന്നു വിളിക്കുന്നതായി കാണാം. അത് (തത്) ജനിപ്പിക്കുക (ജ), ലോകത്തെ വീണ്ടും ലയിപ്പിക്കുക (ല), അതിനെ നിലനിർത്തിപ്പോരുക (അന്)എന്നാണ് അതിനർഥം. അങ്ങനെ ബ്രഹ്മം പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകമാണെന്നു സങ്കല്പിക്കപ്പെടുന്നു. ഈ സങ്കല്പം അനുസരിച്ച് ബ്രഹ്മം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാൽ ബൃഹദാരണ്യകോപനിഷത്തിൽ ബ്രഹ്മം നിഷ്പ്രപഞ്ചമായാണ് ചിത്രീകരിക്കപ്പെട്ടു കാണുന്നത്. അത് യാതൊന്നിനെയും ഉള്‍ക്കൊള്ളുന്നില്ല, എല്ലാറ്റിനെയും നിഷേധിക്കുന്നു. ഇതല്ല, ഇതല്ല (നേതിനേതി) എന്ന നിഷേധവാക്യം അതിനെയാണ് സൂചിപ്പിക്കുന്നത്.
മായ. പ്രസിദ്ധമായ മായാസിദ്ധാന്തം ശാങ്കരാദ്വൈതത്തിൽ കാതലായ ഒന്നാണ്. "മായ' എന്ന പദത്തെ ഉപനിഷത്തുകളിലും കണ്ടുമുട്ടുന്നുണ്ട്. മായകൊണ്ടാണ് യഥാർഥത്തിൽ നിഷ്പ്രപഞ്ചമായ ബ്രഹ്മം സപ്രപഞ്ചമായി തോന്നുന്നത്. എന്നാൽ ഉപനിഷത്തുകളിൽ കാണുന്ന മായാസിദ്ധാന്തം ശാങ്കരാദ്വൈതത്തിൽ എന്നപോലെ അത്ര സങ്കീർണമല്ല.
പഞ്ചഭൂതാത്മകം. ചേതനവും അചേതനവുമായ വസ്തുതകളോടുകൂടിയ ഈ പ്രപഞ്ചത്തിന്റെ മൂലകാരണം ബ്രഹ്മമാണെന്ന് ഉപനിഷത്തുകള്‍ പറയുന്നു. ആദ്യം ആകാശം പിന്നെ മുറയ്ക്ക് വായു, അഗ്നി, ജലം, ഭൂമി എന്നീ ഭൂതങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഓരോ ഭൂതത്തിനും അതിന്റേതായ ഗുണവിശേഷമുണ്ട്. ആകാശം ശബ്ദത്തോടുകൂടിയതും വായു സ്പർശത്തോടുകൂടിയതും അഗ്നി രൂപത്തോടുകൂടിയതും ജലം രസത്തോടുകൂടിയതും ഭൂമി ഗന്ധത്തോടുകൂടിയതുമാകുന്നു. ഈ പഞ്ചഭൂതങ്ങളിൽ നിന്നാണ് ജൈവവും അജൈവവുമായ സകല വസ്തുക്കളും ഉണ്ടായിത്തീരുന്നത്.
ജീവനും പുരുഷനും. ഉപനിഷത്തുകളിലെ മനശ്ശാസ്ത്രം ജീവനെക്കുറിച്ചാണ് മുഖ്യമായും പ്രതിപാദിച്ചുകാണുന്നത്. ജീവനെ ഭോക്താവും കർത്താവുമായിട്ടാണ് അവ സങ്കല്പിക്കുന്നത്. ഓരോ ജീവനും പ്രാണന്, മനസ്, ശരീരം എന്നിവയോടുകൂടിയതാണ്. ഇവയിൽ ശരീരത്തിനു മാത്രം ഓരോ ജന്മത്തിലും മാറ്റം സംഭവിക്കുന്നു. ജീവന്റെ ബോധപൂർവമായ പ്രവൃത്തികള്‍ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളുടെയും അഞ്ചു കർമേന്ദ്രിയങ്ങളുടെയും സഹായത്തോടുകൂടി മനസ് നിർവഹിക്കുന്നു. വിജ്ഞാനം, അഹങ്കാരം എന്നിവ മനസ്സിന്റെ ശക്തിവിശേഷങ്ങളാണ്. ഉപനിഷത്തുകള്‍ ജീവന്റെ അസ്തിത്വത്തിന് പ്രത്യക്ഷമായ തെളിവുകളൊന്നും നല്കുന്നില്ലെങ്കിലും പരോക്ഷമായ സൂചനകള്‍ കൊടുക്കുന്നുണ്ട്. ഉദാഹരണമായി, ജീവനെ പലേടത്തും പുരുഷന് എന്നു വിവരിക്കുന്നു. പുരിശയന് ആണ് പുരുഷന്, അതായത് "ശരീരാന്തർഭാഗത്ത് സ്ഥിതിചെയ്യുന്നവന്‍' എന്നർഥം. അപ്പോള്‍ ഭൗതികശരീരം യാതൊന്നിനുവേണ്ടിയാണോ നിലകൊള്ളുന്നത് ആ വസ്തുവിന്റെ അസ്തിത്വത്തെ അത് സൂചിപ്പിക്കുന്നു; ആ വസ്തു ജീവനല്ലാതെ മറ്റൊന്നുമല്ല. ജീവന്റെ അസ്തിത്വത്തിന് മറ്റൊരു സൂചനയും നല്കപ്പെട്ടു കാണുന്നുണ്ട്. ആ സൂചന കർമസിദ്ധാന്തത്തെ ആസ്പദമാക്കിയുള്ളതാണ്. അതുകൊണ്ട് ദേഹാന്തരപ്രാപ്തിക്കു വശംവദനായ ഒരു ജീവനിൽ വിശ്വസിച്ചേ തീരൂ.
ഉപനിഷത്തുകള്‍ ജീവിതത്തിന്റെ ധാർമികവശത്തെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. തിന്മ എന്നത് തത്ത്വമീമാംസാപരമായ ഒന്നാണ്. ബ്രഹ്മത്തിന് ഏകത്വം കൂടിയുള്ളപ്പോള്‍ അതിനെ നാനാത്വത്തോടുകൂടി മാത്രം കാണുകയെന്ന ദോഷമാണ് തിന്മ. ആത്മസാക്ഷാത്കാരം. ജീവിതത്തിന്റെ പരമോദ്ദേശ്യം മോക്ഷമാണെന്നും അത് ബ്രഹ്മമായിത്തീരലാണെന്നും ഉപനിഷത്തുകള്‍ പറയുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ആത്മസാക്ഷാത്കാരമാണ് മോക്ഷം. അത് ധാർമികവും ബുദ്ധിപരവുമായ പരിപൂർണത കൈവന്ന ഒരവസ്ഥയാണ്. ആത്മാവ്-അനാത്മാവ്, നന്മ-തിന്മ എന്നിങ്ങനെ സാധാരണ പറയാറുള്ള ദ്വന്ദ്വങ്ങള്‍ക്ക് ഉപരിയായ ഒരവസ്ഥയാണത്. "ജീവന്മുക്തി' എന്ന സങ്കല്പം ഉപനിഷത്തുകള്‍ക്ക് അപരിചിതമല്ല. ജീവന്മുക്താവസ്ഥയിൽ പ്രപഞ്ചനാനാത്വം പ്രത്യക്ഷപ്പെടാതിരിക്കുന്നില്ല; എന്നാൽ അതാണ് അന്തിമമായ നില എന്ന വിശ്വാസം എന്നെന്നേക്കുമായി ഇല്ലാതാകുന്നു. അങ്ങനെ, പരലോകത്തിലേ മോക്ഷം ലഭ്യമാകുകയുള്ളൂവെന്ന ആദ്യകാലങ്ങളിലെ വൈദികമതത്തിൽനിന്ന് ഉപനിഷത്തുകള്‍ ബഹുദൂരം മുന്നോട്ടുപോന്നിട്ടുള്ളതായി കാണാം. അവസാനം ഒരാള്‍ തന്റെ ഭൗതികശരീരത്തിൽനിന്നും വേർപെടുമ്പോള്‍ അയാള്‍ ബ്രഹ്മമായിത്തീരുന്നു; ഇതാണ് വിദേഹമുക്തി. ധാർമികാനുഷ്ഠാനങ്ങളിൽ ബദ്ധശ്രദ്ധരായിരുന്നാലും സമ്പൂർണജ്ഞാനം ജീവിതകാലത്ത് നേടാന്‍ കഴിയാത്തവർക്ക് ഉപനിഷത്തുകള്‍ ക്രമമുക്തിയെയും വിഭാവനം ചെയ്യുന്നുണ്ട്.
വൈരാഗ്യം. മോക്ഷപ്രാപ്തിക്ക് വൈരാഗ്യത്തെ അഭ്യസിക്കുകയും ജ്ഞാനത്തെ സമ്പാദിക്കുകയും ആണ് മാർഗങ്ങള്‍. അഹങ്കാരത്തെ ഉന്മൂലനം ചെയ്താൽ വൈരാഗ്യം ഉണ്ടാകും. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങളിൽനിന്ന് നേടുന്ന ശിക്ഷണമാണ് വൈരാഗ്യത്തിനു വഴിതെളിക്കുന്നത്. ഈ ശിക്ഷണം സന്ന്യാസത്തിലേക്കു നയിക്കുന്നു. എന്നാൽ സന്ന്യാസം എന്ന പദത്തിന് നാലാമത്തെ ആശ്രമമായ സന്ന്യാസം എന്നർഥം ഉപനിഷത്തുക്കള്‍ കല്പിക്കുന്നില്ല. ശ്രവണം, മനനം, നിദിധ്യാസം അഥവാ ധ്യാനം എന്നിവ ക്രമമായി അഭ്യസിച്ചാൽ ജ്ഞാനം കൈവരും. പരമസത്യത്തെ ഗുരുവിന്റെ സഹായത്തോടെ കേട്ടറിയുക എന്നതാണ് ശ്രവണം; ഗുരുവിൽനിന്നു പഠിച്ച സത്യത്തെക്കുറിച്ചുള്ള പരിചിന്തനമാണ് മനനം: മനനം കൊണ്ട് താന്‍ പഠിച്ച ശ്രുതിവാക്യങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് തനിക്കുതന്നെ കൂടുതൽ ബോധ്യംവരുന്നു. നിദിധ്യാസം വിശ്വാസത്തെ കൂടുതൽ അഗാധവും ദൃഢതരവുമാക്കിത്തീർക്കുന്നു. അത് ആത്മസാക്ഷാത്കാരത്തിന് വഴി തെളിക്കുന്നു. പലതരം ഉപാസനകളെ ഉപനിഷത്തുകള്‍ നിദിധ്യാസത്തിനായി നിർദേശിക്കുന്നുണ്ട്.
ഈശ്വരവാദം. ബ്രഹ്മവാദത്തെയാണ് ഉപനിഷത്തുകള്‍ സാമാനേ്യന സ്വീകരിക്കുന്നതെങ്കിലും ഈശ്വരവാദം ചുരുക്കം ചിലവയിൽ കാണാം. ശ്വേതാശ്വതരോപനിഷത്തിൽ ഈശ്വരവാദത്തിനുവേണ്ട എല്ലാ അവശേ്യാപാധികളും-ഈശ്വരന്, ജീവന്, പ്രപഞ്ചം, ഭക്തി എന്നീ സങ്കല്പങ്ങള്-കാണാം; എന്നാൽ അവിടെയും തനിസഗുണസങ്കല്പമല്ല, സഗുണസങ്കല്പം നിർഗുണസങ്കല്പത്തിൽ ലയിച്ചിട്ടുള്ളതായിട്ടാണ് കാണുന്നത്.
ഉപനിഷത്തത്ത്വങ്ങള്ക്ക് പരസ്പരവിരുദ്ധങ്ങളായ വ്യാഖ്യാനങ്ങളാണ് വിവിധ ദാർശനിക പണ്ഡിതന്മാർ നല്‍കിയിട്ടുള്ളത്. പരമസത്യത്തെക്കുറിച്ചുള്ള പരമജ്ഞാനം ഉപനിഷത്തുകളിൽ അടങ്ങിയിരിക്കുന്നു. മനുഷ്യനിൽ അടങ്ങിയിട്ടുള്ള അനശ്വരതത്ത്വത്തിനോട് സാദൃശ്യമുള്ള ഒരു പ്രപഞ്ചസത്യം ഉണ്ടെന്നും അതാണ് നശ്വരമായ പ്രപഞ്ചത്തിന്റെ അനശ്വരതത്ത്വം എന്നും ഉപനിഷത്തുകള്‍ സിദ്ധാന്തിക്കുന്നു. ഇതേ ദർശനസിദ്ധാന്തം പാർമണൈഡ്സ്, പ്ലേറ്റോ, കാന്റ് തുടങ്ങിയ ദാർശനികരിലും കാണാം. സ്വാധീനം-യൂറോപ്പിൽ. 1640-ൽ ഷാജഹാന് ചക്രവർത്തിയുടെ മൂത്തപുത്രന് ദാരാ ഷുക്കോവ് കാശ്മീർ ജീവിതകാലത്ത് ഉപനിഷത്തുകളെപ്പറ്റി കേള്‍ക്കാന്‍ ഇടയായി. കാശിയിൽനിന്നു നിരവധി പണ്ഡിതന്മാരെ വരുത്തി ഉപനിഷത്തുകളെ പേർഷ്യന്‍ ഭാഷയിലേക്ക് അദ്ദേഹം തർജുമ ചെയ്യിച്ചു. 1775-ൽ ആന്ക്വറ്റിന്-ദു പെറോണ്‍ ഉപനിഷത്തുകള്‍ ലത്തീന്‍ ഭാഷയിലേക്ക് തർജുമ ചെയ്യുകയും 1801-02-ൽ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഈ തർജുമ ഷോപ്പന്‍ഹോവർ വായിക്കാന്‍ ഇടയാകുകയും അത് അദ്ദേഹത്തിന്റെ ദർശനത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്തു.
മാക്സ്മുള്ളർ 51 സഞ്ചികകളിലായി 1875 മുതൽ പ്രസിദ്ധീകരിച്ച സേക്രഡ് ബുക്സ് ഒഫ് ദി ഈസ്റ്റ് എന്ന ഗ്രന്ഥപരമ്പരയിൽ 12 ഉപനിഷത്തുകള്‍ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തുചേർത്തിട്ടുണ്ട്. ആർ. എ. ഹ്യൂമിന്റെ തേർട്ടീന്‍ പ്രിന്‍സിപ്പൽ ഉപനിഷത്ത്സ് (1921) മറ്റൊരു ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ്. പതിനാറെച്ചം എന്‍. റിനവ്യു ഫ്രഞ്ചിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു (Upanishads, Texte et-traduction les Upanisads, 1943-56). ചില ഉപനിഷത്തുകളുടെ ജർമന്വിവർത്തനം (Der Sprachge brauch attern Upanishads, Sanskrit, 1915)നേടത്തിയത് എ. ഫർസ്റ്റ് എന്ന പണ്ഡിതനാണ്. വേറെയും ചില ജർമന്‍ ഭാഷാന്തരങ്ങള്‍ ചില ഉപനിഷത്തുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഓ. വെക്കർ (Der Gebrauch der Kasus in der Upanishad Literature, 1905), ബി. ലീബിക് (Panini,1891), ഡബ്ല്യു. കീർഫെൽ (Bietrager Upanishad ina Epos, 1908)എന്നിവ ഇതിൽ പ്രധാനങ്ങളാണ്. ഉപനിഷത്തത്ത്വങ്ങളെക്കുറിച്ചുള്ള പ്രമുഖപഠനങ്ങളുടെ കർത്താക്കളിൽ എ.ബി. കീത്തും (Religion and Philosophy of the Vedas and Upanishads, 1925) സെി.എ. ജേക്കബും (Eucooeance to the principal Upanishads and the Bhagavad Gita, 1963) ഏ.ഈ ഗൗച്ചും(The Philosophy of the Upanishads, 1882) സെി.ഡബ്ല്യു. ബ്രൗണും (The Human Body in the Upanishads, 1921) ബെഹുദൂർമാലും (The Religion of the Buddha and its Relation to Upanishads, 1958) മുമ്പന്തിയിൽ നില്ക്കുന്നു. റോമന്‍ ലിപികളിൽ ഉപനിഷത്തുകളുടെ മൂലപാഠവും അതിനുള്ള വ്യഖ്യാനവും നല്കിയിട്ടുള്ളതിനു പുറമേ ഡോ. എസ്. രാധാകൃഷ്ണന് ഇവയെക്കുറിച്ച് ഒരു വിദഗ്ധപഠനവും നടത്തിയിട്ടുണ്ട് (The Philosophy of the Upanishads).
ശങ്കരാചാര്യർ, ആനന്ദഗിരി, നിഖിലാനന്ദന് തൊട്ട് ആധുനികന്മാർ വരെയുള്ള എച്ചമറ്റ ഭാരതീയപണ്ഡിതന്മാർ സംസ്കൃതത്തിലും മറ്റു ഭാരതീയ ഭാഷകളിലും ഉപനിഷത്തുകള്‍ക്ക് തയ്യാറാക്കിയിരിക്കുന്ന ഭാഷ്യങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിവർത്തനങ്ങള്‍ക്കും കണക്കില്ല. വിവർത്തനം, ഭാഷ്യം, വ്യാഖ്യാനം, സംക്ഷേപണം എന്നീ വിവിധ രൂപങ്ങളിലായി ഒട്ടനവധി ഉപനിഷത്കൃതികള്-ഗദ്യമായും പദ്യമായും-മലയാളത്തിൽ പുറത്തുവന്നിട്ടുണ്ട്. നോ. ആദിശങ്കരന്; ഭഗവദ്ഗീത
(ഡോ. ഇ.ഐ. വാരിയർ; സ.പ.)