This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്മാര്‍ക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:18, 13 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.128 (സംവാദം)

അഗ്മാര്‍ക്ക്

Agmark

'കാര്‍ഷികവിപണനം' എന്നര്‍ഥം വരുന്ന ഒരു ഇംഗ്ളീഷ് സംജ്ഞയുടെ (Agricultural Marketing) സംക്ഷിപ്തരൂപം. 1937-ലെ കാര്‍ഷികോത്പന്ന (തരംതിരിക്കലും വിപണനവും) നിയമനിര്‍മാണത്തിനുശേഷം, 'അഗ്മാര്‍ക്ക്' എന്നത് ഇന്ത്യയില്‍ ഉത്പന്നങ്ങളുടെ കലര്‍പ്പില്ലായ്മയുടെയും ഗുണത്തിന്റെയും ദേശീയ ചിഹ്നമായിത്തീര്‍ന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലും വിവിധ സാഹചര്യങ്ങളിലുമുള്ള കാര്‍ഷികോത്പന്നങ്ങളുടെ ഗുണത്തിന് വന്‍തോതില്‍ വ്യത്യാസമുണ്ടാകുന്നു. എന്നാല്‍ ഈ ഗുണവ്യത്യാസം വിലനിലവാരത്തില്‍ അര്‍ഹമാംവിധം പ്രതിഫലിക്കുന്നതുമില്ല. തത്ഫലമായി ഉത്പാദകര്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ താത്പര്യം കുറയാന്‍ തുടങ്ങി. അങ്ങനെ നല്ല സാധനങ്ങള്‍ ഗൃഹാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും ലഭിക്കാന്‍ പ്രയാസം നേരിട്ടു. ഉത്പന്നങ്ങള്‍ക്കു പൊതുവായ ഒരു ഗുണനിലവാരമില്ലെന്നായപ്പോള്‍ വ്യാപാരരംഗത്ത് മായം ചേര്‍ക്കലുള്‍പ്പെടെയുളള അഴിമതികള്‍ നടമാടാന്‍ തുടങ്ങി. ഈ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള ഒരു പരിഹാരമെന്നനിലയിലാണ് മുന്‍ചൊന്ന നിയമം പ്രാവര്‍ത്തികമാക്കിയത്.

കാര്‍ഷികോത്പന്നങ്ങളുടെ ഭൌതികവും ആന്തരികവുമായ സവിശേഷതകള്‍ ശരിയായ രീതിയില്‍ പരിശോധിച്ച ശേഷമാണ് അവയുടെ തരംതിരിക്കലിനുള്ള നിലവാരം തിട്ടപ്പെടുത്തുന്നത്. ഉത്പന്നങ്ങളുടെ തൂക്കം, ആകൃതി, വലുപ്പം, നിറം, അപദ്രവ്യങ്ങള്‍, കേടുപാടുകള്‍, ഗുണത്തെ ബാധിക്കുന്ന ഈര്‍പ്പം, ചൂട് തുടങ്ങിയവ കൊണ്ടുണ്ടാകുന്ന കേടുകള്‍ എന്നിവയെല്ലാം ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടുന്നു. നിയമാനുസരണം തിട്ടപ്പെടുത്തുന്ന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്പന്നങ്ങളെ തരംതിരിച്ച് വിപണനമുദ്ര (അഗ്മാര്‍ക്ക്)യോടുകൂടി വില്പ്പന നടത്തുവാന്‍ സന്നദ്ധമാകുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിന് അധികാരപത്രം നല്കുന്നു. ഗവണ്‍മെന്റിന്റെ കാര്‍ഷിക വിപണനോപദേഷ്ടാവാണ് ഇങ്ങനെ അധികാരപത്രങ്ങള്‍ അനുവദിച്ചുകൊടുക്കുന്നത്. ചില കയറ്റുമതിച്ചരക്കുകള്‍ക്ക് ഇത്തരം തരംതിരിക്കലും മുദ്രചാര്‍ത്തലും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

1943-ല്‍ ഈ നിയമത്തിന് കാലാനുസൃതമായ പരിഷ്കാരം വരുത്തി. അതോടെ, കൂടുതല്‍ കാര്‍ഷികോത്പന്നങ്ങളെ നിയമപരിധിയില്‍ ഉള്‍പ്പെടുത്തി. ക്ഷീരോത്പന്നങ്ങള്‍, സസ്യ-എണ്ണകള്‍, മുട്ടകള്‍, പഴവര്‍ഗങ്ങള്‍, പഴവര്‍ഗോത്പന്നങ്ങള്‍, കാപ്പി, ഗോതമ്പ്, അരി, പരുത്തി, അടയ്ക്ക, ടര്‍പന്റയിന്‍, റസിന്‍, കമ്പിളി, പുകയില, തുകല്‍സാധനങ്ങള്‍ തുടങ്ങി നാല്പ്പതിലധികം ഉത്പന്നങ്ങളുടെ ഇരുന്നൂറ്റിയന്‍പതോളം ഇനങ്ങള്‍ക്ക് 'അഗ്മാര്‍ക്ക്' നല്കപ്പെട്ടിട്ടുണ്ട്.

                                                                                     (എന്‍. രങ്കനാഥന്‍)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍