This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനൌപചാരിക വിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:23, 5 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.59 (സംവാദം)

അനൌപചാരിക വിദ്യാഭ്യാസം

കിളീൃാമഹ ഋറൌരമശീിേ


നിശ്ചിതമായ സിലബസോ, പാഠപുസ്തകങ്ങളോ, മറ്റു സംവിധാനങ്ങളോ, ടൈംടേബിളോ കൂടാതെയുള്ള വിദ്യാഭ്യാസം. ഈ പഠന സമ്പ്രദായം പരീക്ഷാരീതിയോ വ്യക്തിഗത അസസ്മെന്റോ കൂടാതെ തന്നെ അവരവര്‍ക്കിഷ്ടമുള്ള വിഷയങ്ങള്‍ തൊഴിലധിഷ്ഠിതമായോ അല്ലാതെയോ തങ്ങളുടെ പഠനത്തിനു തിരഞ്ഞെടുക്കുന്നതിനും അതിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറുന്നതിനും സാധാരണ ജനതയ്ക്കു അവസരം ഒരുക്കുന്നു. ഈ പദ്ധതിയില്‍ അധ്യാപകനും വിദ്യാര്‍ഥിയുമില്ല. ഇതിനുപകരം ഇന്‍സ്ട്രക്ടര്‍, പ്രേരക് എന്നിങ്ങനെ അറിയപ്പെടുന്ന സംഘാടകനും പഠിതാവും മാത്രം. പഠിതാക്കളുടെ പ്രായവും ഒരുപോലെ ആകണമെന്നില്ല. മിക്കവാറും പഠിതാക്കള്‍ അവരവര്‍ക്ക് വേണ്ടത് പഠിക്കുന്നു. ഓരോരുത്തര്‍ക്കും വ്യക്തിഗതശ്രദ്ധ ഉറപ്പുവരുത്തുന്നു. മറ്റുള്ളവര്‍ക്ക് യാതൊരു തടസ്സവും ഉണ്ടാക്കാതെ പഠിക്കാനും അറിയാനും ഉള്‍ക്കൊള്ളാനും കഴിയുന്നു. ഈ സമ്പ്രദായത്തില്‍ വ്യക്തികള്‍ തമ്മിലുള്ള അന്തരം, അവരുടെ അഭിരുചി എന്നിവ ഒട്ടും അവഗണിക്കപ്പെടുന്നില്ല.


ജീവിതവും ചുറ്റുപാടും അവരവരുടെ ആശയാഭിലാഷങ്ങളുമായി ബന്ധമുള്ള ഈ വിദ്യാഭ്യാസരീതിയില്‍ തൊഴില്‍ നേടാനും ഉള്ള തൊഴില്‍ മെച്ചപ്പെടുത്താനും അവസരം ലഭിക്കുമെന്നുള്ള സൌകര്യവുമുണ്ട്. ആജീവനവിദ്യാഭ്യാസം എന്ന സങ്കല്പം യാഥാര്‍ഥ്യത്തിലെത്തിക്കാനും അനൌപചാരിക വിദ്യാഭ്യാസം അവസരമുണ്ടാക്കുന്നു. വെറും എഴുത്തും വായനയും പഠിപ്പിക്കലല്ല അനൌപചാരിക വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമാക്കുന്നത്. മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ജനങ്ങളെ സന്നദ്ധരാക്കുക, അറിവും കഴിവും സമ്പാദിക്കുക, മനോഭാവത്തില്‍ മാറ്റം വരുത്തുക, അന്വേഷണത്വരയും പ്രവര്‍ത്തനോത്സുകതയും വര്‍ദ്ധിപ്പിക്കുക സ്വാഭിപ്രായ പ്രകടനശേഷി മെച്ചപ്പെടുത്തുക എന്നിങ്ങനെ ഒട്ടേറെ ലക്ഷ്യങ്ങള്‍ ഈ പദ്ധതിക്കുണ്ട്.


ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി ഇന്ന് കാലദേശാനുസൃതമായി വൈവിധ്യമാര്‍ന്ന മാറ്റമുള്‍ക്കൊണ്ട് തീരെ പഠിക്കാത്തവര്‍ക്ക് സാക്ഷരത, കുറച്ച് പഠനശേഷം കൊഴിഞ്ഞുപോയവര്‍ക്ക് തുടര്‍വിദ്യാഭ്യാസം, പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് കാലോചിതമായ വിജ്ഞാന വര്‍ദ്ധനവിനായുള്ള ഇന്‍സര്‍വീസ് തുടര്‍വിദ്യാഭ്യാസം എന്നിങ്ങനെ അനൌപചാരിക വിദ്യാഭ്യാസത്തിന്റെ പട്ടിക നീണ്ടുപോകുന്നു. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴില്‍രംഗത്തെ സാങ്കേതിക പരിജ്ഞാനത്തിനായും അനൌപചാരികമാര്‍ഗങ്ങളിലൂടെ വിദ്യാഭ്യാസം നല്കപ്പെടുന്നു. ഭാരതത്തിലെ പ്രത്യേക സാഹചര്യത്തില്‍ നിരക്ഷരതാനിര്‍മാര്‍ജനവും പോസ്റ്റ് ലിറ്ററസി പ്രവര്‍ത്തനങ്ങളുമാണ് അനൌപചാരിക വിദ്യാഭ്യാസ പ്രക്രിയയിലെ പ്രധാന ഘടകങ്ങള്‍.


അനൌപചാരിക വിദ്യാഭ്യാസത്തില്‍ 2 പ്രധാന സമീപനങ്ങള്‍ കണ്ടുവരുന്നു. 15-35 വയസ്സ് പ്രായക്കാരായ മുപ്പതോളം പഠിതാക്കളെ ഒരു വര്‍ഷക്കാലം തുടരെ പഠിപ്പിക്കുന്ന സി.ബി.എ.ഇ.പി., (ഇആഅഋജ) ആണ് ആദ്യത്തേത്. അടുത്തത് ബഹുജനവിദ്യാഭ്യാസ പരിപാടി അഥവാ എം.പി.ഇ.എല്‍. (ങജഋഘ). കേന്ദ്രാധിഷ്ഠിത പരിപാടി സാധ്യമല്ലാത്തിടങ്ങളില്‍ 5 പേരെയോ ഒരു കുടുംബത്തെയോ സാക്ഷരരാക്കാന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി.


ജനശിക്ഷണ്‍ നിലയങ്ങള്‍ സ്ഥാപിച്ചും ജില്ലാതല റിസോഴ്സ് സെന്ററുകള്‍ സംഘടിപ്പിച്ചും മള്‍ട്ടിപ്പിള്‍ സ്റ്റ്രാറ്റജി അവലംബിച്ചും അനൌപചാരിക വിദ്യാഭ്യാസം ഔപചാരിക സംവിധാനത്തിന് പൂരകമായി മുന്നോട്ടു നയിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അനൌപചാരിക വിദ്യാഭ്യാസത്തിന്റെ നൂറുശതമാനം വിജയത്തിന് ബോധവത്ക്കരണം അത്യന്താപേക്ഷിതമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍