This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍ നായര്‍, സി.വി (1905 - 44)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:49, 25 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നാരായണന്‍ നായര്‍, സി.വി (1905 - 44)

കളരിപ്പയറ്റിന്റെ പ്രചാരകനും സി.വി.എന്‍. കളരി സ്ഥാപിക്കുന്നതിന് പ്രചോദനമേകിയ വ്യക്തിയുമായ ആയോധന കലാകാരന്‍. 1905 ഡി. 23-ാം തീയതി തലശ്ശേരിയിലെ തിരുവങ്ങാട്ട് ചിറ്റാരത്ത് ഒതയോത്ത് കുഞ്ഞുണ്ണിനമ്പ്യാരുടെയും ചമ്പാടന്‍ വീട്ടില്‍ അമ്മുവമ്മയുടെയും മകനായി ജനിച്ചു. വീട്ടിനടുത്തുള്ള എഴുത്തുപള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തിലേ പഠനത്തിലെക്കാളേറെ താത്പര്യം കളികളിലായിരുന്നു. ജന്മനാ മേല്ച്ചുണ്ടിലുണ്ടായിരുന്ന മുറിവ് സഹപാഠികളുടെയും മറ്റും പരിഹാസത്തിന് കാരണമായതും കായികകലകളോടുള്ള അഭിനിവേശവും പതിനാലാം വയസ്സില്‍ പഠനം നിര്‍ത്തുന്നതിന് പ്രേരകമായി. തുടര്‍ന്ന് സമ്പൂര്‍ണ കായിക പരിശീലനത്തില്‍ മുഴുകി. ഹൈജംപ്, നീന്തല്‍, ഡൈവിങ് എന്നിവയായിരുന്നു ആദ്യകാലത്തെ ഇഷ്ടകായികയിനങ്ങള്‍. അക്കാലത്ത് ഒരു നെയ്ത്തുകമ്പനിയില്‍ തൊഴിലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കളരിപ്പയറ്റുകലയിലേക്ക് താത്പര്യം മാറിയത്. അതിനിടെ ജന്മനായുണ്ടായിരുന്ന അധരവൈകല്യം ശസ്ത്രക്രിയ ചെയ്ത് ഭേദപ്പെടുത്തുകയും ചെയ്തിരുന്നു. പുന്നോലില്‍ കോട്ടയ്ക്കല്‍ കണാരന്‍ ഗുരുക്കളായിരുന്നു കളരിപ്പയറ്റുരംഗത്തെ ഗുരു.

1926-ല്‍ ഇദ്ദേഹത്തിന്റെ അഭ്യാസപാടവം മാനിച്ച് കണാരന്‍ ഗുരുക്കള്‍ക്കും ഇദ്ദേഹത്തിനുമായി മട്ടന്നൂര്‍ മധുസൂദനന്‍ നായര്‍ എന്നയാള്‍ മട്ടന്നൂരില്‍ ഒരു കളരി സ്ഥാപിച്ചുനല്കി. 1928-ല്‍ നാരായണന്‍, തന്റെ ജന്മദേശമായ തിരുവങ്ങാട്ട് സ്വന്തമായൊരു കളരി സ്ഥാപിക്കുകയും ചെയ്തു. കളരിപ്പയറ്റ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് പ്രസ്തുത കലയെ പ്രചരിപ്പിക്കാം എന്നു തീരുമാനിച്ചുറച്ച് ഇദ്ദേഹം മലബാറില്‍ പല സ്ഥലങ്ങളിലും പയറ്റുപ്രദര്‍ശനങ്ങള്‍ നടത്തി. അവ വന്‍ ജനപ്രീതി പിടിച്ചുപറ്റി. പയ്യോളിയിലും കോഴിക്കോട്ടും നടന്ന പ്രദര്‍ശനങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രശസ്തി മലബാറിനപ്പുറവും എത്തിച്ചു. പാലക്കാട്ടുവച്ച് അസിസ്റ്റന്റ് കളക്ടറായിരുന്ന ശ്രീലങ്കക്കാരന്‍ ജയരാജുമായി നടത്തിയ പയറ്റ്, തൃപ്പൂണിത്തുറ ഹില്‍പാലസില്‍ വച്ച് അമ്മമഹാറാണിയുടെ ക്ഷണപ്രകാരം നടത്തിയ പയറ്റ് എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്തി കേരളത്തിലുടനീളം എന്നല്ല, മറുദേശങ്ങളിലും വ്യാപിപ്പിച്ചു.

1931-ല്‍ കളരിപ്പയറ്റു പ്രചരണാര്‍ഥം ഇദ്ദേഹം 'കേരള കളരിസംഘം' സ്ഥാപിച്ചു. 1938-ല്‍ സംഘം ശ്രീലങ്കയില്‍ പ്രദര്‍ശനം നടത്തി. ഈ കാലത്ത് കടുത്ത പരിശീലനമുറകളും വിശ്രമമില്ലാത്ത പ്രദര്‍ശനപരിപാടികളും കാരണം ഇദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. എങ്കിലും അതൊക്കെ അവഗണിച്ച്, 1942-ല്‍ ബാംഗ്ളൂരിലും മൈസൂറിലും പയറ്റുപ്രദര്‍ശനങ്ങള്‍ നടത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടുവെങ്കിലും 1944-ല്‍ കൊയിലാണ്ടിയില്‍ ഇദ്ദേഹം ഒരു പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കളരിപ്പയറ്റു പ്രചാരണത്തിനായി അന്നോളം സ്വന്തം ആരോഗ്യം അവഗണിച്ചുപോലും പ്രവര്‍ത്തിച്ച ആ ആയോധന കലാകാരന്‍ കൊയിലാണ്ടിയിലെ പയറ്റുതറയില്‍ തളര്‍ന്നുവീഴുകയായിരുന്നു. പിന്നീടുള്ള ജീവിതകാലം മുഴുവന്‍ ഇദ്ദേഹം പടവെട്ടിയത് തീരാരോഗങ്ങളോടായിരുന്നു. ദേശവിദേശങ്ങളില്‍ കളരിപ്പയറ്റു പ്രചരിപ്പിക്കുന്നതിനായി കളരികളും സംഘങ്ങളും സ്ഥാപിക്കണമെന്നതാണ് തന്റെ അന്ത്യാഭിലാഷമെന്നറിയിച്ചുകൊണ്ട് 1944 ജൂ. 27-ന് 39-ാം വയസ്സില്‍ നാരായണന്‍നായര്‍ ഈ ലോകത്തോടു വിടപറഞ്ഞു.

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശിഷ്യന്മാരും അനുജന്‍ ബാലന്‍നായരും മുന്‍കൈയെടുത്ത് സി.വി.എന്‍. കളരി സ്ഥാപിച്ചു. അത് വളരെവേഗം വളര്‍ന്നു. അക്കൂട്ടത്തില്‍ മൂത്തമകന്‍ സി.വി.ഗോവിന്ദന്‍കുട്ടിനായരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സി.വി.എന്‍. കളരി അന്തര്‍ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധേയമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍