This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാടന്‍പാട്ടുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
നാടന്‍പാട്ടുകള്‍
ഒരു വാമൊഴി സാഹിത്യരൂപം. സാധാരണജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടവയും തലമുറകളിലൂടെയുള്ള കൈമാറ്റത്തിന് വിധേയമാകുന്നവയുമാണ് നാടന്‍പാട്ടുകള്‍. അവ അജ്ഞാതകര്‍ത്തൃകങ്ങളാണ്. ഇതാണ് നാടന്‍പാട്ടുകളെക്കുറിച്ചുള്ള പരമ്പരാഗത നിര്‍വചനം. എന്നാല്‍ ആധുനിക ഫോക്ലോര്‍ പഠനം ജ്ഞാതകര്‍ത്തൃകങ്ങളായ രചനകളെയും നാടന്‍പാട്ടുകളായി കണക്കാക്കുന്നു. പക്ഷേ, അവ ജനസാമാന്യത്തിന്റെ പൂര്‍ണ അംഗീകാരമുള്ളതും അവരുടെ ജീവിതത്തിന്റെ ഭാഗമായതുമാകണം. ചടങ്ങുസംബന്ധമായ എത്രയോ നാടന്‍പാട്ടുകള്‍ ഇതിനുദാഹരണം. സമൂഹം പുനഃസൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നവ എന്നതിനാല്‍ നാടന്‍പാട്ടുകള്‍ക്ക് വ്യക്തമായ ചരിത്രമുണ്ടാകുകയില്ല. എന്നുമാത്രമല്ല അവ ദേശം, കാലം, ഉള്ളടക്കം, ശൈലി, രൂപം എന്നു തുടങ്ങി വിവിധ തലങ്ങളില്‍ വ്യത്യസ്തരൂപങ്ങളില്‍ നിലനില്ക്കുന്നു. അവയില്‍ കഥാഗാനങ്ങള്‍ എന്ന ആഖ്യാനപരമായ ഗാനങ്ങളും കേവലം ഭാവാത്മകമായ നാടോടിപ്പാട്ടുകളുമാണുള്ളത്.
ഉത്പത്തി
ഇന്നത്തെ ജനത ഇന്നലത്തെ പ്രാകൃതജനതയുടെ തുടര്‍ച്ചയാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍, നാടന്‍പാട്ടുകള്‍ പിറന്നത് പ്രാകൃതഗാനങ്ങളില്‍ നിന്നാണെന്നു പറയാം. പ്രിമിറ്റീവ് സോങ് എന്ന ഗ്രന്ഥത്തില്‍ പ്രാകൃതഗാനങ്ങളുടെ ഉത്പത്തിയെപ്പറ്റി സി.എം. ബൗറ ഇങ്ങനെ രേഖപ്പെടുത്തുന്നു:
'പ്രാചീന ശിലായുഗത്തിന്റെ പല സവിശേഷതകളും ഇന്നും നിലനിര്‍ത്തുന്നതും പ്രാകൃതജനതയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതും അവരുടെ സാമ്പത്തിക പരിതഃസ്ഥിതിയില്‍ നിന്ന് ഉടലെടുത്തതുമാണ് പ്രാകൃതഗാനങ്ങള്‍. അവ ആദികാലത്ത് ആഹ്ളാദപ്രകടനത്തിന് താളം നല്കുക എന്ന മട്ടില്‍ പിറന്നവയായിരിക്കാം. അത് ഭക്ഷണം സമ്പാദിക്കല്‍, പ്രകൃതിശക്തികളെ കീഴ്പ്പെടുത്തല്‍ തുടങ്ങിയ പ്രാകൃതജനതയുടെ ജീവിതസമ്പ്രദായങ്ങളോടിഴചേര്‍ന്ന് രൂപപ്പെട്ടവയുമായിരിക്കും. ആദികാലത്ത് അര്‍ഥമുള്ള വാക്കുകള്‍പോലും ഉപയോഗിച്ചിരിക്കാനിടയില്ല. താളാനുസൃതമായ ചലനത്തിന് ഇണങ്ങും മട്ടിലുള്ള ശബ്ദസംഗതികള്‍ മാത്രമായിരിക്കും അവയില്‍ ഉണ്ടായിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ താളാത്മകനാദങ്ങളായിരുന്നു പ്രാകൃതഗാനങ്ങളില്‍ ഉണ്ടായിരുന്നതെന്നു പറയാം. താളാത്മകനാദങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍ എളുപ്പം കഴിഞ്ഞു എന്നതിനാല്‍, പില്ക്കാലത്ത് താളാത്മകനാദങ്ങള്‍ക്കൊപ്പിച്ച് താളാത്മക ചലനങ്ങള്‍ പിറന്നു എന്നൊരു പാരസ്പര്യവും ഉണ്ടായി.
പ്രാകൃത ജനതയ്ക്കിടയില്‍ അത് ഏറെക്കാലം നിലനില്ക്കുന്നത്, അതിനെന്തെങ്കിലും ഒരു ധര്‍മം സമൂഹത്തിലുണ്ട് എന്നതിനാലാണ്. നാടന്‍പാട്ടുകള്‍ പ്രധാനമായും രണ്ടുതരം ആവശ്യങ്ങളാലാണ് നിലനിന്നിരുന്നത്.
1. സവിശേഷധര്‍മങ്ങളില്ലാത്ത, 'മത'പരമല്ലാത്ത, കേവലം ഭാവാത്മകമായ ആഘോഷവേളകള്‍ക്കിണങ്ങുന്ന പാട്ടുകള്‍-അത്തരം പാട്ടുകാരുടെ ഇംഗിതങ്ങള്‍ക്കും മനോഗതികള്‍ക്കും അനുസരിച്ച് മാറ്റങ്ങളുണ്ടാകും.
2. ഏതെങ്കിലും ഒരു ചടങ്ങിനെ അഥവാ ക്രിയാംശത്തെ ഓര്‍ത്തുവയ്ക്കാന്‍ സഹായിക്കുന്ന പാട്ടുകള്‍. ഇത് മിക്കവാറും, ദൈവികമായ സഹായം തേടുന്നതിനായി നടത്തപ്പെട്ടിരുന്ന ക്രിയകളായിരുന്നു.
ഈ രണ്ടുതരം പ്രാകൃതഗാനങ്ങളിലും അക്കാലത്തെ ജീവിതവ്യവസ്ഥിതിയുടെ ഭാഗമായി ഒരു പ്രത്യേകത നിലനിന്നിരുന്നതായി ക്കാണാം-അവ അതിന്റെ എല്ലാ തലങ്ങളിലും സാമൂഹ്യസ്വഭാവമാര്‍ന്നതായിരുന്നു. പില്ക്കാലത്തുണ്ടായ ജീവിതപരിഷ്കാരങ്ങള്‍ മനുഷ്യര്‍ക്ക് വൈയക്തികത നല്കി. അതുകൊണ്ട് നാടന്‍പാട്ടുകളില്‍ വൈയക്തിക ഭാവങ്ങളോടൊപ്പംതന്നെ സാമൂഹിക സ്വഭാവത്തിന്റെ പരഭാഗശോഭയും പ്രകടമാണ്.
ചുരുക്കത്തില്‍, പ്രാകൃതഗാനങ്ങളും നാടന്‍പാട്ടുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്: പ്രാകൃതഗാനങ്ങള്‍ പാടുന്നതും ആസ്വദിക്കുന്നതും സമൂഹം ഒന്നിച്ചാണ്. നാടന്‍പാട്ടുകളില്‍ പാട്ടുകാര്‍ ഒരു വിഭാഗവും കേള്‍വിക്കാര്‍ മറ്റൊരു വിഭാഗവുമായിരിക്കും. നാടന്‍പാട്ടുകളുടെ രചനയിലും ആലാപനത്തിലും സമൂഹം മുഴുവന്‍ പങ്കെടുക്കുന്നില്ലെങ്കിലും, അതിന്റെ പിറവിയും പ്രചരണവുമെല്ലാം പ്രസ്തുത സമൂഹം അംഗീകരിച്ച രീതിയിലധിഷ്ഠിതമായിരിക്കും. എന്നുമാത്രമല്ല, ആര് പാടുന്നു എന്നതിലല്ല, നാടന്‍പാട്ടുകളില്‍ പ്രാധാന്യം, എന്ത്? എങ്ങനെ പാടുന്നു? എന്നതിലാണ്.അങ്ങനെ വരുമ്പോള്‍ ഒരേ വിഷയം തന്നെ എല്ലാവരും അംഗീകരിച്ച രീതിയില്‍ പാടുമ്പോള്‍ പാട്ടുകാരുടെ ചെറിയ തോതിലുള്ള വൈയക്തികമായ കൂട്ടിച്ചേര്‍ക്കലുകളോ കിഴിക്കലുകളോ ഉണ്ടാവുക സ്വാഭാവികം. അതുകൊണ്ട് പ്രാകൃതഗാനങ്ങളെക്കാള്‍ വൈയക്തികത പുലര്‍ത്തുന്നവയാണ് നാടോടി ഗാനങ്ങള്‍ എന്നു പറയാം. 'കവിത'കളിലെന്നപോലെ അത് നൂറുശതമാനവും വൈയക്തികമല്ല, എന്നാല്‍ പ്രാകൃതഗാനങ്ങളിലെന്നതുപോലെ അത് നൂറുശതമാനം സാമൂഹികത പുലര്‍ത്തുന്നു.
പ്രാകൃതഗാനങ്ങള്‍, ഒരു സമൂഹത്തിലെ ഏതെങ്കിലും പ്രശ്നങ്ങളോടുള്ള പ്രതികരണമായിട്ടാണല്ലോ പിറന്നത്. അങ്ങനെ പൊടുന്നനെ ഉണ്ടാകുന്നതാകയാല്‍, അത് തീവ്രമായിരിക്കും. നാടന്‍പാട്ടുകള്‍ ഇത്തരത്തിലുള്ള നൈമിഷിക പ്രതികരണം അല്ല എന്നതിനാല്‍, അതിന് തീവ്രത താരതമ്യേന കുറയും. ഇനി അഥവാ ഒരു നൈമിഷികപ്രതികരണം എന്ന നിലയ്ക്കാണ് അതുണ്ടാകുന്നതെങ്കില്‍പ്പോലും ജനസാമാന്യം അത് സ്വീകരിക്കുകയും കൈമാറുകയും പുനരാവിഷ്കരിക്കുകയും ചെയ്യുമ്പോള്‍ അതിന് ജനസാമാന്യത്തിന്റെ പൊതുസങ്കല്പത്തിനിണങ്ങുംമട്ടിലുള്ള പരിണാമങ്ങള്‍ ഉണ്ടാകും. ആവര്‍ത്തനസ്വഭാവമുള്ളതുകൊണ്ടുതന്നെ അതിന് വൈകാരികത കുറയും. പക്ഷേ, കഥാഗാനങ്ങളെയപേക്ഷിച്ച് വൈകാരികതയും ആത്മനിഷ്ഠതയും നാടന്‍പാട്ടുകള്‍ക്ക് കൂടും. ഇത് നാടോടിപ്പാട്ടുകളുടെ പൊതുവായ കാര്യമാണ്. ഇത്തരത്തില്‍ സാമാന്യവത്ക്കരിക്കാന്‍ ആവുന്നതല്ല ഒറ്റയൊറ്റ പാട്ടുകളുടെ പിറവിയുടെ ചരിത്രം.
കഥാഗാനങ്ങളുടെ ഉത്പത്തി, ചരിത്ര-ഭൂമിശാസ്ത്ര പഠനരീതി (ഫോക്ലോര്‍ പഠനത്ത് ഇത് ഫിന്നിഷ് രീതി എന്നറിയപ്പെടുന്നു) കൊണ്ട് കണ്ടുപിടിക്കാം. എന്നാല്‍ കേവലം ഭാവാത്മകമായ ഒരു നാടന്‍പാട്ടിന്റെ ഉത്പത്തി ശാസ്ത്രീയമായി കണ്ടുപിടിക്കുക ശ്രമകരമാണ്. അവ ഏറെയും ആത്മനിഷ്ഠമാണ് എന്നതാണ് പ്രധാനകാരണം. നാടന്‍പാട്ടുകള്‍ കാലത്തില്‍ നിന്ന് കാലത്തിലേക്കെന്നപോലെ, ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു സംക്രമിക്കുന്നു എന്നതിനാല്‍ ഭാഷയും ശൈലിയും നോക്കിയുള്ള ഉത്പത്തിവിചാരങ്ങള്‍ സാര്‍ഥകമാവില്ല. ഇത്തരത്തില്‍ ഓരോ നാടന്‍പാട്ടിന്റെയും ഉദ്ഭവം കൃത്യമായി പറയുക സാധ്യമല്ല.
സാമാന്യസ്വഭാവം
ഏതെങ്കിലും ഒരു കാലത്ത് ഒരു സ്രഷ്ടാവ് (സ്രഷ്ടാക്കളോ) രൂപം കൊടുത്തതാകാം നാടോടിപ്പാട്ടുകള്‍. പിന്നീട് അത് സാമൂഹ്യപുനഃസൃഷ്ടിയിലൂടെയാണ് നിലനില്ക്കുക. ഭാഷ, ഉള്ളടക്കം, ഭാവം തുടങ്ങി ഒട്ടുമിക്ക തലങ്ങളിലും സാമൂഹ്യപുനഃസൃഷ്ടിയുടെ വേളയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ജ്ഞാതകര്‍ത്തൃകമാണെങ്കിലും, അത് വ്യക്തിയുടെ സൃഷ്ടി എന്നതില്‍നിന്ന് സമൂഹത്തിന്റെ സൃഷ്ടിതന്നെയായി മാറും. എന്നുമാത്രമല്ല ഓരോ കാലഘട്ടത്തിലും സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ആ പാട്ടുകളെ സ്വാധീനിക്കുകയും ചെയ്യും. പാഠാന്തരങ്ങള്‍ നിലനില്ക്കും എന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ട് നേര്‍രേഖയിലുള്ള ഒരു ചരിത്രം ഓരോ നാടന്‍പാട്ടിനും കണ്ടുപിടിക്കാന്‍ കഴിയണമെന്നില്ല. താളാത്മകത, സ്വതസ്ഫുരണത, ആത്മനിഷ്ഠത തുടങ്ങിയവയാണ് നാടന്‍പാട്ടുകളുടെ മറ്റു സവിശേഷതകള്‍. ഇതര ഫോക്ലോര്‍ രൂപങ്ങള്‍ക്കെന്നപോലെ യുക്തിരാഹിത്യവും അതിനുണ്ടായേക്കാം.
തനതായ ശൈലിയാണ് നാടോടിപ്പാട്ടുകളുടെ മറ്റൊരു പ്രത്യേകത. അതില്‍ പ്രകടനാത്മകത കാണുകയില്ല. ഉപമകളും രൂപകങ്ങളും നിറഞ്ഞ, തെളിഞ്ഞ ശൈലിയായിരിക്കും ഉണ്ടാവുക. ജനസാമാന്യത്തിന് വളരെ പരിചിതമായ ഉപമാനങ്ങളാവും ഉപയോഗിച്ചിട്ടുണ്ടാവുക. സംഭാഷണശൈലിയോട് അടുത്തുനില്ക്കുന്ന ഒരു ഭാഷാശൈലിയാണ് പൊതുവേ കാണുക.
വര്‍ഗീകരണം
ഒരേ പാട്ടിനുതന്നെ പലതരം സവിശേഷതകളുള്ളതിനാല്‍ നാടോടിപ്പാട്ടുകളുടെ വര്‍ഗീകരണം സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. പുള്ളുവന്‍ പാട്ട് അനുഷ്ഠാനഗാനമാണ്; അതേ സമയം സാമുദായികഗാനമാണ്. വഞ്ചിപ്പാട്ടിനെ തൊഴില്‍പരമായ ഗാനമായും യാത്രാസംബന്ധിയായ ഗാനമായും കേവലം വിനോദഗാനമായുമൊക്കെ തരംതിരിക്കാം. ചുരുക്കത്തില്‍ നിയതമായ കളങ്ങളില്‍ നാടോടിപ്പാട്ടുകളെ ഒതുക്കുക അസാധ്യം തന്നെയാണ്. ശാസ്ത്രീയമായ വര്‍ഗീകരണത്തിന് ഇറങ്ങിത്തിരിച്ചിട്ടുള്ള ഫോക്ലോര്‍ പഠിതാക്കള്‍ക്കും സാഹിത്യചരിത്രകാരന്മാര്‍ക്കുമൊക്കെ ഏകകണ്ഠമായ ഒരു ധാരണ മുന്നോട്ടു വയ്ക്കാനാകാത്തത്, ഇത്തരം അതിവ്യാപനസാധ്യത നിലനില്ക്കുന്നതുകൊണ്ടാണ്. ഇന്ന് ഫോക്ലോര്‍ പഠനരംഗം അംഗീകരിച്ചിരിക്കുന്നത്, വിശകലനസൗകര്യത്തിനിണങ്ങുന്ന തരം വര്‍ഗീകരണത്തെയാണ്.
ഉദാഹരണത്തിന് ഉള്ളടക്കത്തെപ്പറ്റിയുള്ള പഠനത്തിന് ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള വിഭജനംകൂടി ഉള്‍പ്പെടുന്ന രീതിയില്‍ വര്‍ഗീകരണം നടത്താം. എങ്കിലും അങ്ങനെ നോക്കുമ്പോള്‍ നാടന്‍ പാട്ടുകളുടെ വര്‍ഗീകരണത്തിന് ചുരുങ്ങിയത് നാലു മാനദണ്ഡങ്ങളെങ്കിലും ഉണ്ടാകുന്നതാണ്.
1. പാടുന്ന ആളിനെ/ആളുകളെ അടിസ്ഥാനപ്പെടുത്തി
2. ഉള്ളടക്കത്തെ അടിസ്ഥാനമാക്കി
3. ഭാവത്തെ അടിസ്ഥാനമാക്കി
4. സന്ദര്‍ഭത്തെ അടിസ്ഥാനമാക്കി.
ഈ നാല് അടിസ്ഥാനമാനദണ്ഡങ്ങള്‍ക്കും അതിവ്യാപന സാധ്യതയുണ്ട്. ഉദാഹരണത്തിന് മാര്‍ഗംകളി ആലാപനം ചെയ്യുന്നത് സ്ത്രീകളാണ്. ഉള്ളടക്കപരമായി, അത് മതപരഗാനമാണ്. ഭാവത്തെ അടിസ്ഥാനമാക്കുമ്പോള്‍ ആഹ്ലാദകാരിയും സന്ദര്‍ഭത്തെ അടിസ്ഥാനമാക്കുമ്പോള്‍ അത് കല്യാണപ്പാട്ടുമാകും. പാടുന്ന ആളുകളെ അടിസ്ഥാനമാക്കുമ്പോള്‍ സ്ത്രീ/പുരുഷന്‍/കുട്ടികള്‍ എന്നിങ്ങനെ മാത്രം തരംതിരിക്കാവുന്ന പാട്ടുകളുണ്ട്. അവയില്‍ ചിലത് ചില സമുദായാംഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്നവയാണ്. ഉള്ളടക്കത്തെ അടിസ്ഥാനമാക്കുമ്പോള്‍ നിരവധി ഉപവിഭാഗങ്ങളുടെ സാധ്യത തെളിഞ്ഞുവരും-ഉദാഹരണത്തിന് മതപരം, സമൂഹപരം, തത്ത്വചിന്താപരം, ബോധനപരം എന്നിങ്ങനെ. മലയാളത്തില്‍, ഫോക്ലോര്‍ എന്ന ഗ്രന്ഥമെഴുതിയ രാഘവന്‍ പയ്യനാട് കഥാഗാനങ്ങള്‍ ഒഴിച്ചുള്ള നാടോടിപ്പാട്ടുകളെ ഇങ്ങനെ സാമാന്യമായി വര്‍ഗീകരിച്ചിരിക്കുന്നു.
1. പണിപ്പാട്ടുകള്‍
2.പാവനഗീതങ്ങള്‍
3. ഗാര്‍ഹികമായ പാട്ടുകള്‍
4. കുട്ടികളുടെ പാട്ടുകള്‍
5. ആഘോഷപ്പാട്ടുകള്‍
6. തെറിപ്പാട്ടുകള്‍
ഇതനുസരിച്ച് പണിപ്പാട്ടുകളില്‍ നായാട്ടുപാട്ട്, കൃഷിപ്പാട്ട്, അധ്വാനഭാരം ലഘൂകരിക്കുന്നതിനുള്ള പാട്ടുകള്‍, ഒറ്റയ്ക്കു ചെയ്യുന്ന ജോലികള്‍ക്കിടെ പാടുന്ന പാട്ടുകള്‍ എന്നിങ്ങനെ ഉപവിഭാഗങ്ങള്‍ പലതുമാകാം. അവയില്‍ വീണ്ടും നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന് കൃഷിപ്പാട്ടിനെ നമുക്ക് ഉഴവുപാട്ടുകള്‍, വിത്തുവിതപ്പാട്ടുകള്‍, ഞാറ്റുപാട്ടുകള്‍, കളപ്പാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍, മെതിപ്പാട്ടുകള്‍ തുടങ്ങി പലതായി വിഭജിക്കാം.
പാവനഗീതങ്ങള്‍ പ്രകൃത്യാരാധനപരമായ പാട്ടുകള്‍, മതപരമായ ഗാനങ്ങള്‍, അനുഷ്ഠാനഗാനങ്ങള്‍, തത്ത്വചിന്താപരമായ ഗാനങ്ങള്‍ എന്നിങ്ങനെ പല മട്ടിലാണ്.
ഗാര്‍ഹികഗാനങ്ങള്‍ ഉള്ളടക്കം, സന്ദര്‍ഭം എന്നിവയനുസരിച്ച് പലതാണ്. അരവുപാട്ടും കുത്തുപാട്ടും തുടങ്ങി അതു 'കത്തു' പാട്ടുകളോളം നീളുന്നു.
കുട്ടികളുടെ പാട്ടുകള്‍ ഉള്ളടക്കം, ധര്‍മം എന്നിവയുടെ അടിസ്ഥാനത്തില്‍ വീണ്ടും വിഭജിക്കാനാവുംവിധം വലിയൊരു മേഖലയാണ്.
ആഘോഷപ്പാട്ടുകള്‍, തെറിപ്പാട്ടുകള്‍ എന്നിവയുടെ അവസ്ഥയും ഇതുതന്നെ.
ഈ വിഭജനത്തില്‍ വേണമെങ്കില്‍ ഒന്നുകൂടെ ചേര്‍ക്കാവുന്നതാണ് എന്ന് തോന്നാം: നിരര്‍ഥക ഗാനങ്ങള്‍. ഭാഷാപരമായ ആ വര്‍ഗീകരണം പക്ഷേ, ആവശ്യമില്ലെന്നതാണ് വസ്തുത. കാരണം നിരര്‍ഥകഗാനങ്ങള്‍ പണിപ്പാട്ടുകളോ ആഘോഷഗാനങ്ങളോ പാവനഗീതങ്ങളോ ഗാര്‍ഹികഗാനങ്ങളോ ഏതെങ്കിലുമാകാം.
നാടന്‍പാട്ടുകള്‍-ലോകരാഷ്ട്രങ്ങളില്‍
നാടന്‍പാട്ടുകളുടെ മൂല്യത്തെ ശരിയായി കണ്ടറിയാനും അതിനെ അടിസ്ഥാനപ്പെടുത്തി ജനജീവിതത്തിന്റെ പ്രവണതകളിലേക്ക് ഇറങ്ങിച്ചെല്ലാനും അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. നാടന്‍പാട്ടുകള്‍ക്ക് പ്രസിദ്ധമാണ് പ്രസ്തുത രാജ്യം. അമേരിക്കയിലെ നാടന്‍പാട്ടുകളെ യുദ്ധകഥകള്‍, കുറ്റവാളികളുടെ കഥകള്‍, ശോകാന്തജീവിതത്തെക്കുറിച്ചുള്ള പാട്ടുകള്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കാം. കറുത്തവരുടെ നീഗ്രോ ഗാനങ്ങള്‍, നാവികഗാനങ്ങള്‍, മരപ്പണിക്കാരുടെ പാട്ടുകള്‍ എന്നിങ്ങനെ മറ്റൊരു വിഭാഗം കൂടിയുണ്ട്. മരപ്പണിക്കാരനും ഇടയനും റെയില്‍ തൊഴിലാളിയും നെയ്ത്തുകാരനും അവരുടെ തൊഴിലിന് അനുസരിച്ചുള്ള പാട്ടുകളുണ്ട്. 'ഇടയരുടെ പാട്ടുകള്‍' എന്നത് അമേരിക്കയില്‍ വളരെ ശ്രദ്ധേയമാണ്. റെയില്‍ റോഡുതൊഴിലാളികള്‍ പാടുന്ന പാട്ടുകള്‍ തീവണ്ടി അപകടങ്ങളെയും കങ്കാണിമാരുടെ ക്രൂരതകളെയും പറ്റിയാണ്. 'കേസീ ജോണ്‍സ്' എന്ന നാടന്‍പാട്ട് ഒരു എഞ്ചിന്‍ ഡ്രൈവറുടെ മരണത്തെ വര്‍ണിക്കുന്നതാണ്. അമേരിക്കക്കാരുടെ നീഗ്രോഗാനങ്ങളില്‍ നാടകീയതയും സാന്മാര്‍ഗികാംശവും മുന്തിനില്‍ക്കുന്നു.
ആഫ്രിക്കന്‍ ജനതയുടെ ജീവിതത്തിന്റെ പരമസത്ത തന്നെയാണ് നാടന്‍പാട്ടുകളില്‍ കാണുന്നത്. ഈണവും താളവും അവരുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. വിവാഹം, മരണം, വിളവെടുപ്പ് തുടങ്ങിയ അവസരങ്ങളില്‍ ചെണ്ടകൊട്ടി അവര്‍ നാടന്‍പാട്ട് പാടുന്നു. കൊയ്ത്തു കഴിഞ്ഞ് പാടങ്ങള്‍ ഒഴിയുമ്പോഴാണ് ആഫ്രിക്കയിലെ ഗ്രാമീണര്‍ ഉത്സവം ആഘോഷിക്കുന്നത്.
റഷ്യക്കാരാണ് ഏറ്റവും കൂടുതല്‍ നാടന്‍പാട്ടുകള്‍ പാടുന്നഒരു വിഭാഗം. അവരുടെ വീരപരാക്രമങ്ങള്‍ പാട്ടുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നു. റഷ്യക്കാരുടെ കര്‍ഷകഗാനങ്ങളും തൊഴില്‍പ്പാട്ടുകളും അവരുടെ ജീവിതരീതിയെ ചിത്രീകരിക്കുന്നു. ശരിയായ അര്‍ഥത്തില്‍ നോക്കിയാല്‍ 'വിജയോത്സവഗാന'ങ്ങളാണ് അവരുടെ നാടന്‍പാട്ടുകളിലധികവും.
ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും പാരമ്പര്യഗായകര്‍ കഥാഗാനങ്ങള്‍ പാടിയിരുന്നു. ഗുമ്മറെ ഫ്രാന്‍സിസിന്റെ പഠനങ്ങള്‍ പ്രധാനമായും കഥാഗാനങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളവയാണ്. അദ്ദേഹത്തിന്റെ പോപ്പുലര്‍ ബാലഡ് (കഥാഗാനങ്ങള്‍) ശ്രദ്ധേയമാണ്. കഥാഗാനങ്ങള്‍ ഒരു ആശയവിനിമയോപാധി എന്ന നിലയ്ക്കുകൂടിയാണ് പാശ്ചാത്യനാടുകളില്‍ പഠിക്കപ്പെടുന്നത്. ഫിന്‍ലാന്‍ഡിലും കഥാഗാനങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. ഫിന്‍ലാന്‍ഡുകാരനായ എച്ച്.ജി.പോക്സ്തന്‍ എന്ന ഗവേഷകന്‍ നാടന്‍പാട്ടുകളെപ്പറ്റിയും അവയുടെ നൃത്തങ്ങളെപ്പറ്റിയും ഡി.പോയ്ട്രി ഫെന്നിക്ക എന്നപേരില്‍ അഞ്ച് വാല്യങ്ങളിലായി ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജര്‍മനിയിലെ നാടന്‍ഗാനങ്ങളിലെകഥകള്‍ തന്നെ ഡെന്മാര്‍ക്കിലും നോര്‍വെയിലും സ്വീഡനിലും ഐസ്ലന്‍ഡിലും സ്കോട്ട്ലന്‍ഡിലും ഇംഗ്ളണ്ടിലും നെതര്‍ലന്‍ഡ്സിലും കാണുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്‍ഡോനേഷ്യന്‍ ദ്വീപസമൂഹത്തില്‍പ്പെട്ട ബാലിദ്വീപിലെ ജനങ്ങള്‍ക്ക് സംഗീതം ഒരു അനുഷ്ഠാനം പോലെയാണ്. മഹാഭാരതം കഥ പാടി അവതരിപ്പിക്കുന്ന ഒരു നൃത്തമാണ് ബറോങ് (ബാധ ഒഴിപ്പിക്കല്‍ നൃത്തം).
നാടന്‍പാട്ടുകള്‍ ഒരു ജനതയുടെ വികാരങ്ങളുടെ അകൃത്രിമ പ്രവാഹമാണ്. പ്രകൃതിഭംഗി, കാലാവസ്ഥ, സാമൂഹികസ്ഥിതി, അന്തരീക്ഷം എന്നിവയുടെ വ്യത്യസ്തതയ്ക്കനുസൃതമായി വിവിധങ്ങളായ താളത്തിലും ഈണത്തിലും ഉള്ള പാട്ടുകള്‍ നാനാഭാഗങ്ങളില്‍ നിലനില്‍ക്കുന്നു. സാംസ്കാരിക ഐക്യത്തിനുള്ള അവിതര്‍ക്കിതമായ തെളിവുകളാണ് നാടന്‍പാട്ടുകള്‍. സംസ്കാരത്തിന്റെ രത്നഖനികളായ നാടന്‍പാട്ടുകളെ തേടിപ്പിടിച്ച് സംരക്ഷിക്കേണ്ടത് ഏവരുടെയും ചുമതലയാണ്.
നാടന്‍പാട്ടുകള്‍ - ഇന്ത്യയില്‍
വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളുള്ള ഭാരതം നാടന്‍പാട്ടുകള്‍കൊണ്ട് സമ്പന്നമാണ്. ഭാരതത്തിലെ നാടന്‍പാട്ടുകളിലധികവും അതതു സംസ്ഥാനങ്ങളിലെ നാടന്‍നൃത്തങ്ങളോട് ബന്ധപ്പെട്ടാണു നിലനില്‍ക്കുന്നത്. ഭാരതത്തിലെ നാടന്‍പാട്ടുകളില്‍ ഗവേഷണം നടത്തിയിട്ടുള്ള ദേവേന്ദ്ര സത്യാര്‍ഥി ഇങ്ങനെ അഭിപ്രായപ്പെടുന്നു: 'ഭാരതീയ പാരമ്പര്യത്തിന്റെ സത്തായ ഭാഗത്തിന്റെ ഏറിയപങ്കും നാടന്‍പാട്ടുകളിലുണ്ട്. അത് സാമാന്യജനതയുടെ വികാരവിജൃംഭിതമായ ആത്മാവിഷ്കാരമാണ്'. ചാള്‍സ് ഗോവര്‍ എന്ന പണ്ഡിതന്‍ 1871-ല്‍ പ്രസിദ്ധീകരിച്ച തെക്കേ ഇന്ത്യയിലെ നാടന്‍പാട്ടുകള്‍ എന്ന ഗ്രന്ഥമാണ് ഭാരതത്തില്‍ നാടന്‍പാട്ടുഗവേഷണത്തിന് തുടക്കം കുറിച്ചത്.
ഭാരതത്തില്‍ നാടന്‍പാട്ടുകള്‍ക്ക് ഏറ്റവും പ്രശസ്തി നേടിയിട്ടുള്ളത് കാശ്മീരാണ്. ഇവിടെ സ്ത്രീകള്‍ പങ്കെടുക്കുന്ന 'കജ്റി' എന്ന നൃത്തത്തില്‍ നാടന്‍പാട്ടുപാടി കുമ്മിയടിച്ച് മുന്നോട്ടുനീങ്ങുന്ന കാഴ്ച ഏറെ രസകരമാണ്. ഹാഫിസ് എന്നറിയപ്പെടുന്ന നര്‍ത്തകിമാര്‍ പങ്കെടുക്കുന്ന 'ബാന്‍ഡാ' എന്ന ഓപ്പറാ നൃത്തത്തിന് നാടന്‍പാട്ടുകള്‍ പാടാറുണ്ട്. കൃഷിക്കാര്‍ പങ്കെടുക്കുന്ന 'സ്വേജി' എന്ന നൃത്തത്തിനും ശ്രുതിമധുരമായ പാട്ടുകളുണ്ട്.
അസമില്‍ ശ്രീകൃഷ്ണനെ സംബന്ധിച്ചുള്ള പാട്ടുകളാണധികവും. കാര്‍ഷികോത്സവവുമായി ബന്ധപ്പെട്ടതും വൈശാഖിദിനത്തില്‍ നടത്തുന്നതുമായ 'ബിഹു' നൃത്തത്തിന് മനോഹരമായ നാടന്‍പാട്ടുകള്‍ ആലപിക്കാറുണ്ട്. നാഗന്മാര്‍ പടപ്പാട്ടുകളും കൃഷിപ്പാട്ടുകളും പാടാറുണ്ട്. മുളകള്‍ കൈയിലേന്തി സ്ത്രീകള്‍ നടത്തുന്ന 'ലുഷായ്' നൃത്തത്തിന് പാടുന്നത് നാടന്‍പാട്ടുകളാണ്.
മണിപ്പൂര്‍, നൃത്തത്തിന്റെയും പാട്ടിന്റെയും നാടാണ്. ഇവിടത്തെ 'ലായ്ഹരോബോ' എന്നറിയപ്പെടുന്ന ശിവപാര്‍വതിനൃത്തത്തിന് നാടന്‍പാട്ടുകള്‍ ആലപിക്കുന്നു. ദസറ ആഘോഷവേളയില്‍ നടത്താറുള്ള, കൃഷ്ണന്റെയും രാധയുടെയും ജീവിതത്തെ വെളിവാക്കുന്ന 'കുണ്ട്' എന്ന രാസനൃത്തത്തിന് പാടുന്ന പാട്ടുകള്‍ മനോഹരമാണ്. മണിപ്പൂരിലെ 'മഹാരാസ', 'രാസലീല' തുടങ്ങിയ മനോഹരമായ നാടന്‍നൃത്തങ്ങള്‍ക്കും ശ്രുതിമധുരമായ നാടന്‍പാട്ടുകള്‍ അകമ്പടിയുണ്ടാകും.
ബംഗാളില്‍ ഏറ്റവും പ്രചാരമുള്ള നാടന്‍നൃത്തമായ കീര്‍ത്തനനൃത്തത്തിന് മതപരമായ നാടന്‍പാട്ടുകള്‍ പാടാറുണ്ട്. സന്താള്‍ വര്‍ഗക്കാരുടെ ഗോത്രനൃത്തത്തിനും ബൗള്‍മാരുടെ ആരാധനാനൃത്തത്തിനും ബംഗാളിജനത പാട്ടുകള്‍ പാടി വരുന്നുണ്ട്. ബംഗാളിലെ മില്‍ഡാജില്ലയില്‍ 'ഗംഭീരഗാനങ്ങള്‍' എന്നപേരില്‍ അതതുകാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ നാടന്‍പാട്ടിലൂടെ അവതരിപ്പിക്കാറുണ്ട്. ബംഗാളിലെ 'മൈശാല്‍ ഗാനങ്ങള്‍' കാട്ടില്‍ കാലിമേയ്ക്കുന്നവരുടെ പാട്ടുകളാണ്. ദുര്‍ഗാപൂജയോടനുബന്ധിച്ച് ഗ്രാമവാസികള്‍ 'ആഗമനി', 'വിജയാ' എന്നീ പേരുകളിലുള്ള ഭക്തിരസപ്രധാനമായ നാടന്‍പാട്ടുകള്‍ ആലപിക്കാറുണ്ട്. ഭത്യാലി, ത്സുമര്‍ എന്നിവ ബംഗാളിലെ കാലികഗാനരൂപങ്ങളാണ്.
ഝാര്‍ഖണ്ഡിലെ സന്താള്‍വര്‍ഗക്കാര്‍ നര്‍ത്തകരും പാട്ടുകാരുമാണ്. കര്‍മ, മാഘ, ബേഹ, ഹീറോ, ആനന്ദി എന്നീ പ്രധാന നൃത്തങ്ങളോടൊപ്പം ശ്രുതിമധുരമായ നാടന്‍പാട്ടുകള്‍ പാടുന്നു. ഛോട്ടാനാഗ്പൂരിലെ ഒറയോണ്‍ എന്ന വര്‍ഗക്കാര്‍ 'ജഡുര്‍' എന്ന നാടന്‍നൃത്തത്തില്‍ പ്രേമത്തെ വാഴ്ത്തിക്കൊണ്ട് സ്ത്രീയും പുരുഷനും ചേര്‍ന്ന് നാടന്‍പാട്ടുപാടി നൃത്തംചെയ്യുന്നു. ഇവിടത്തെ 'ലാഹ്സ്വ' നൃത്തത്തിനും 'ഖോയല്‍' നൃത്തത്തിനും ശ്രുതിമധുരമായ നാടന്‍പാട്ടുകള്‍ ആലപിക്കപ്പെടുന്നുണ്ട്. കൃഷിക്കാര്‍ നടത്തുന്ന രാമ്ലീലാനൃത്തം, കീര്‍ത്തനനൃത്തം, ഭഗത്നൃത്തം, വിദ്യാപതിനൃത്തം, പൂജാനൃത്തം തുടങ്ങിയവയ്ക്ക് മതപരമായ നാടന്‍പാട്ടുകള്‍ പാടാറുണ്ട്.
മധ്യപ്രദേശിലെ ഭീല്‍വര്‍ഗക്കാരും ഗോണ്ട് വര്‍ഗക്കാരും മികച്ച നാടന്‍നര്‍ത്തകരാണ്. ഗോണ്ട് വര്‍ഗക്കാരുടെ 'ജൂമാര്‍' നൃത്തത്തിന് സാമൂഹികവിഷയങ്ങളെ സംബന്ധിച്ച പ്രേമഗാനങ്ങള്‍ പാടുന്നു. മാര്‍ച്ചുമാസം നടത്താറുള്ള ഭീല്‍വര്‍ഗക്കാരുടെ 'ഭഗോറിയ' നൃത്തത്തിന് പുരുഷന്മാര്‍ ആയുധങ്ങളുമേന്തി നാടന്‍പാട്ടു പാടുന്നു. ഒറീസയും നാടന്‍പാട്ടുകള്‍ക്ക് പ്രസിദ്ധമാണ്. അധ്വാനത്തിനുശേഷം ഗ്രാമീണയോദ്ധാക്കള്‍ പാട്ടുപാടി നൃത്തംചെയ്യുന്നതാണ് 'പൈക്ക്' എന്ന നൃത്തം. കലിംഗയുദ്ധമാണ് നൃത്തത്തിന് പശ്ചാത്തലം.
ഉത്തര്‍പ്രദേശില്‍ നെല്ല്, ചോളം എന്നിവ കൃഷിചെയ്യുന്നതുമായി ബന്ധപ്പെട്ട് കുമയൂണില്‍ നടത്തുന്ന 'ശ്രാവണ്‍' എന്ന നൃത്തത്തിന് പാടുന്ന പാട്ടുകള്‍ ശ്രദ്ധേയമാണ്. അവരുടെ പാട്ടിന് 'ബൌള്‍' എന്നാണ് പറയുന്നത്. സെഹ്രാദാം ജില്ലയിലെ ജനന്‍സര്‍-ബവാര്‍ വര്‍ഗക്കാരുടെ നൃത്തമായ 'ബരദിനടി' നൃത്തത്തിന് ചോദ്യോത്തരമട്ടിലുള്ള പ്രേമഗാനങ്ങള്‍ പാടാറുണ്ട്. ഇവിടത്തെ ചെരുപ്പുകുത്തികള്‍ മതപരവും വിനോദപ്രദവുമായ നാടന്‍പാട്ടുകള്‍ പാടാറുണ്ട്. 'ചൈതി', 'സാവന്‍', 'കജ്ലി' എന്നിവ ഇവിടത്തെ ഗാനരൂപങ്ങളാണ്.
ഹിമാചല്‍പ്രദേശില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന 'തുഷിമിഗ്' എന്ന ഉത്സവത്തിന്റെ പരിസമാപ്തിയോടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് നാടന്‍പാട്ടുകള്‍ പാടുകയും അതിനോടൊപ്പം നൃത്തംചെയ്യുകയും ചെയ്യുന്നു. 'ചംബ' എന്ന നാടന്‍നൃത്തത്തിന് പാടുന്ന പാട്ടുകളും വളരെ മനോഹരമാണ്. ഈ അവസരത്തില്‍ ഹിമാചല്‍വാസികള്‍ ആട്ടിടയന്മാരുടെ പാട്ടുകള്‍ പാടാറുണ്ട്. മകരസംക്രാന്തി ആഘോഷവേളയില്‍ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ച് രാസനൃത്തം നടത്തുന്നു. ഇതിനായി ചരിത്രസംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടന്‍പാട്ടുകള്‍ പാടാറുണ്ട്.
പഞ്ചാബില്‍ പൌര്‍ണമിദിനത്തില്‍ വയല്‍പ്രദേശത്ത് ഗോതമ്പ് വിതയ്ക്കുമ്പോള്‍ പുരുഷന്മാര്‍ അവതരിപ്പിക്കുന്ന 'ഭംഗ്ഡ' നൃത്തത്തിന് 'ധോലാ', 'ബോലീ' എന്നീ പേരുകളിലുള്ള നാടന്‍പാട്ടുകള്‍ (കൃഷിപ്പാട്ട്) ആലപിക്കുന്നു. മലയോരങ്ങളിലും സമതലപ്രദേശങ്ങളിലും നടത്താറുള്ള കാര്‍ത്തി നൃത്തത്തിന് നാടന്‍ പാട്ടുകള്‍ പാടാറുണ്ട്. പഞ്ചാബി വനിതകള്‍ നടത്തുന്ന 'ഗിധാ' നൃത്തത്തിന് പാടുന്ന നാടന്‍പാട്ടുകള്‍ ശ്രുതിമധുരമാണ്. കുഞ്ഞിന് ആയുരാരോഗ്യം ആശംസിക്കുന്ന പഞ്ചാബുകാരുടെ പാട്ടാണ് 'ലോരി'.
വഞ്ചിപ്പാട്ടില്‍ ഗുജറാത്ത് സമ്പന്നമാണ്. 'അബാവണി', 'ഭാമിനി' എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്. ഗുജറാത്തി നവരാത്രി ഉത്സവക്കാലത്ത് ഗ്രാമീണസ്ത്രീകള്‍ പങ്കെടുക്കാറുള്ള ഗര്‍ഭനൃത്തത്തിന് നാടന്‍പാട്ടുകള്‍ ആലപിക്കാറുണ്ട്. പ്രസ്തുത ഉത്സവവേളയില്‍ 'ഗാര്‍ബ' എന്ന നൃത്തത്തിന് ഗാര്‍ബാപാട്ടുകള്‍ പാടാറുണ്ട്. രാസനൃത്തത്തിനും പാട്ടുകളുണ്ട്.
ഹരിയാനയില്‍ കൊയ്ത്തുത്സവത്തിന്റെ ആരംഭത്തില്‍ നടത്താറുള്ള 'ധാംയാല്‍' എന്ന നൃത്തത്തിന് ശ്രുതിമധുരമായ നാടന്‍പാട്ടുകള്‍ പാടാറുണ്ട്. മഹാരാഷ്ട്രയിലെ കോളിവര്‍ഗത്തില്‍പ്പെട്ട മുക്കുവരുടെ നൃത്തത്തിന് പാടുന്ന നാടന്‍പാട്ടുകള്‍ കടലിലെ അപകടങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. മുംബൈയിലെ ഗോണ്‍ വര്‍ഗക്കാരുടെ കൊയ്ത്തുനൃത്തം വളരെ പ്രധാനപ്പെട്ടതാണ്. കൊയ്ത്തുകാലത്തെ സമൃദ്ധിയെയും സമ്പത്തിനെയും വിളംബരംചെയ്യുന്ന പാട്ടുകള്‍ വളരെ ഹൃദ്യമാണ്.
രാജസ്ഥാനില്‍ ശ്രീകൃഷ്ണജയന്തി, ഗണേശചതുര്‍ഥി, ദസറ, ശിവരാത്രി എന്നിവ ആഘോഷിക്കുമ്പോള്‍ 'ഹര്‍ജാസ്' എന്ന പേരിലുള്ള നാടന്‍പാട്ടുകള്‍ പാടുന്നു. ശ്രീകൃഷ്ണന്‍, രാമന്‍, ശിവന്‍, ഗണേശന്‍ എന്നിവരെ പ്രകീര്‍ത്തിക്കുന്ന പാട്ടുകളാണവ. 'ജാഠ്രാഗീതം' രാജസ്ഥാനിലെ വിവിധ സമുദായക്കാര്‍ പാടുന്നതാണ്. ഗ്രാമീണര്‍ ജോലിയില്‍ ഏര്‍പ്പെടുമ്പോഴും സ്ത്രീകള്‍ വെള്ളം കോരുമ്പോഴും 'ഗാന്‍വാരാഗീതം' എന്ന പേരിലുള്ള നാടന്‍പാട്ട് പാടുന്നു. ഹിമാലയത്തിന്റെ അടിവാരത്തുള്ള ജൂബല്‍ എന്ന സ്ഥലത്തെ ജനങ്ങള്‍ 'ലാമന്‍' എന്നും 'ത്സുതി' എന്നും പേരുള്ള പ്രേമഗാനങ്ങള്‍ പാടുന്നു.
ആന്ധ്രപ്രദേശിലെ 'നന്ദഗിരിബംഗാരമ്മ' എന്ന നാടന്‍പാട്ടില്‍ തോഴി സ്വന്തം തോഴന് ഒരു മേഘം മുഖാന്തിരം സന്ദേശം കൊടുക്കുന്നതാണ് പ്രതിപാദ്യം. മറാഠിയിലെ 'ഓവിഗീതങ്ങള്‍' സ്ത്രീകള്‍ പാടുന്ന പാട്ടുകളാണ്. തെലുഗുവിലെ 'വിയ്യാലവരിപാലു', ഉര്‍ദുവിലെ 'ജാല്‍വ', കശ്മീരി ഭാഷയിലെ 'വനവുന്‍' എന്നിവ കല്യാണപ്പാട്ടുകളാണ്. ഉര്‍ദു ഭാഷയില്‍ കുടുംബിനികളുടെ പാട്ടുകള്‍ ഒരു പ്രധാനവിഭാഗമാണ്. സിക്കിമിലെ താമങ്സിന്റെ നൃത്തത്തില്‍ 'ഡാംഫു' എന്ന സംഗീതോപകരണത്തോടെ സ്ത്രീപുരുഷന്മാര്‍ നാടന്‍പാട്ടുപാടി നൃത്തംചെയ്യുന്നു.
കര്‍ണാടകത്തിലെ അരവുപാട്ടുകളും കൂത്തുപാട്ടുകളും ഭാവസമ്പൂര്‍ണങ്ങളാണ്. അവരുടെ നൃത്തങ്ങളില്‍ 'യക്ഷഗാന'വും 'പുറവിയാട്ട'വും പ്രാധാന്യമര്‍ഹിക്കുന്നു. യക്ഷഗാനത്തിന് രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളെ ആസ്പദമാക്കിയുള്ള നാടന്‍പാട്ടുകളാണ് പാടുന്നത്. പൊയ്ക്കുതിരനൃത്തം എന്നറിയപ്പെടുന്ന പുറവിയാട്ടത്തിന് ചരിത്രത്തിലെയും പുരാണത്തിലെയും കഥകളെ ആസ്പദമാക്കിയുള്ള പാട്ടുകളാണ് ആലപിക്കുക.
തമിഴ്നാട്ടില്‍ നാടന്‍പാട്ടുകള്‍ നിരവധിയുണ്ട്. ചാള്‍സ് ഗോവറുടെയും കെ.വി.ജഗന്നാഥന്റെയും സമാഹാരങ്ങള്‍, തമ്മിലണ്ണാളുടെ താലാട്ട്, അരുള്‍ അരുളഗപ്പന്റെ താലാട്ടുപാട്ടുകള്‍ എന്നിവ പ്രധാനപ്പെട്ടവയാണ്. തമിഴ്നാട്ടിലെ സ്ത്രീകള്‍ പങ്കെടുക്കുന്ന നൃത്തങ്ങളായ 'കോലാട്ട'ത്തിനും 'കുമ്മി'ക്കും സാമൂഹികവും മതപരവുമായ നാടന്‍പാട്ടുകള്‍ പാടുന്നു. ദേവതാപ്രീതിക്കോ വീരപ്രശംസ പുരസ്കരിച്ചോ നിര്‍മിച്ചിട്ടുള്ള പാട്ടുകളാണ് 'വില്ലടിച്ചാന്‍പാട്ടു'കള്‍. ഇത് കേരളത്തിലും പ്രശസ്തമാണ്. തമിഴ്നാട്ടില്‍ 'കാതല്‍പാട്ട്' എന്നപേരില്‍ പ്രേമഗാനങ്ങളുണ്ട്. വീരന്മാരെ വാഴ്ത്തുന്നതിന് നാടന്‍പാട്ടുകളും ധാരാളമുണ്ട്. കാത്തവരായന്‍കഥ, കട്ടബ്ബൊമ്മന്‍വീരകഥ, ചന്ദനത്തേവന്‍കഥ എന്നിവ ഉദാഹരണങ്ങളാണ്. തമിഴ്നാട്ടിലെ കുറവരുടെ നാടന്‍നൃത്തമായ 'കുറവഞ്ചി'യുടെ ഇതിവൃത്തം രാജാവിന്റെയും രാജ്ഞിയുടെയും ഭാവിഫലങ്ങളെ പ്രവചിക്കലാണ്. ഇതിന് കേരളത്തിലെ കുറത്തിക്കളിപ്പാട്ടുമായി സാമ്യമുണ്ട്. ആണ്ടിയാര്‍പാട്ടുകള്‍, മാരിയമ്മന്‍പാട്ടുകള്‍, കാവടിയാട്ടപ്പാട്ടുകള്‍ എന്നിവ തമിഴരുടെ ഭക്തിരസപ്രധാനമായ പാട്ടുകളാണ്. പോണ്ടിച്ചേരിയിലെ നാടോടിവര്‍ഗക്കാര്‍ പങ്കെടുക്കുന്ന 'ചിന്ദൂനൃത്ത'ത്തിന് നായാട്ടിനെ വിവരിച്ചുകൊണ്ടുള്ള നാടന്‍പാട്ടുകള്‍ പാടുന്നു. ഗ്രാമീണഭാരതത്തിലെ ജനങ്ങളുടെയിടയില്‍ നൃത്തവും പാട്ടും ഇഴുകിച്ചേര്‍ന്നുനില്‍ക്കുന്നു. ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം നാടന്‍പാട്ട് അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
നാടന്‍പാട്ടുകള്‍ - കേരളത്തില്‍
സകലഭാഷകളുടെയും ആദിരൂപം പരിശോധിച്ചാല്‍ അവ പ്രാകൃതങ്ങളായ ഗാനസമുച്ചയങ്ങളായിരുന്നുവെന്നു കാണാം. അതുതന്നെയാണ് മലയാളത്തിന്റെയും അവസ്ഥ. മലയാളികള്‍ക്കുള്ള സ്വന്തമായ സംഗീതത്തിന്റെ മനോഹരമായ ശുദ്ധരൂപം നാടന്‍പാട്ടുകളിലാണു കാണുന്നത്. മലയാളസാഹിത്യത്തിന്റെ മൌലികസമ്പത്ത് പാട്ടുസാഹിത്യമാണ്. നാടന്‍പാട്ടുകള്‍ പ്രാചീനകേരളത്തിന്റെ സംസ്കാരത്തെയും ജീവിതരീതിയെയും പ്രതിഫലിപ്പിക്കുന്നതുകാണാം. ആടാനും പാടാനും വശമാക്കിയ പ്രാചീനര്‍ പാട്ടും നൃത്തവും തമ്മില്‍ കൂട്ടിയോജിപ്പിച്ചു. പല ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അധ്വാനക്ഷീണം അകറ്റാന്‍ പാടുകയും അതിനൊത്ത് ചുവടുവയ്ക്കുകയും ചെയ്തപ്പോള്‍ അവ രണ്ടും പാട്ടും നൃത്തവുമായി രൂപാന്തരപ്പെട്ടു.
ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, ചങ്ങമ്പുഴ എന്നിരുടെ കവിതകള്‍ പരിശോധിച്ചാല്‍ ഇവരുടെ കാവ്യഭാഷയുടെ അടിവേരുകള്‍ കേരളത്തിലെ നാടന്‍പാട്ടുകളില്‍ കാണാം. തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകളുടെ സങ്കരമാണ് നാടന്‍പാട്ടുകളില്‍ കാണാന്‍കഴിയുക. എന്നാല്‍ കാലഭേദവും കുലഭേദവും ദേശഭേദവും അനുസരിച്ച് വായ്മൊഴിയിലുള്ള ഉച്ചാരണഭേദങ്ങള്‍ അവയെ നിയന്ത്രിച്ചു. അവയില്‍ കേരള ജനസമൂഹത്തിന്റെ വികാരങ്ങളുടെയും വിചാരങ്ങളുടെയും ഒരു സമഗ്രചിത്രം പ്രതിഫലിക്കുന്നതായി കാണാം. നാടന്‍പാട്ടുകള്‍ ദൃശ്യകലകളുടെ ഭാഗമായി നിലകൊള്ളുന്നവയും സ്വതന്ത്രമായി നില്‍ക്കുന്നവയുമുണ്ട്. പടയണി, കോല്‍ക്കളി, പരിശക്കളി, കാളിയൂട്ട്, കുത്തിയോട്ടം, കോലംതുള്ളല്‍, പൂരക്കളി, തെയ്യം തുടങ്ങിയവയ്ക്കുള്ള പാട്ടും വില്ലടിച്ചാന്‍പാട്ട്, കുമ്മാട്ടിപ്പാട്ട്, ചവിട്ടുകളിപ്പാട്ട്, കോതാമൂരിപ്പാട്ട് തുടങ്ങിയവയും ആദ്യവിഭാഗത്തിലും ഞാറ്റുപാട്ട്, അരവുപാട്ട്, മുത്തശ്ശിപ്പാട്ട്, തേക്കുപാട്ട്, കറ്റപ്പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങിയവ രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുന്നു.
കഥാഗാനങ്ങള്‍
ആഖ്യാനാത്മകങ്ങളായ നാടന്‍പാട്ടുകളാണ് കഥാഗാനങ്ങള്‍. അവയായിരുന്നു ആദ്യത്തെ നാടോടിസാഹിത്യത്തിന്റെ സിംഹഭാഗവും.
കഥാഗാനങ്ങള്‍ക്ക് സാര്‍വദേശീയമായ സ്വഭാവമുണ്ട്. എല്ലാ ജനസമൂഹങ്ങളിലും കഥാഗാനങ്ങള്‍ നിലനിന്നിരുന്നു. അവ പാടി നടന്നിരുന്നവരും എല്ലാ സമൂഹങ്ങളിലുമുണ്ടായിരുന്നു.
പാട്ടിന്റെ രൂപത്തില്‍ ഒരു കഥ അവതരിപ്പിക്കുന്നു എന്നതാണ് കഥാഗാനങ്ങളുടെ സാമാന്യസ്വഭാവം. കഥാഗാനത്തില്‍ ഒരു നായകനോ നായികയോ ഉണ്ടാകും. അവരുടെ വീരോചിതമായ പ്രവൃത്തികളുടെ പ്രകീര്‍ത്തനമായാണ് കഥാഗാനങ്ങള്‍ പൊതുവേ അവതരിപ്പിക്കപ്പെടുന്നത്. കഥയുടെ സ്വഭാവത്തെ ആധാരമാക്കി കഥാഗാനങ്ങളെ വര്‍ഗീകരിക്കാനാകും. ചരിത്രപരം, ഐതിഹ്യപരം, അലൌകികം, കാല്പനികം എന്നിങ്ങനെ പൊതുസ്വഭാവത്തെ ആധാരമാക്കിയുള്ളതാണ് സാമാന്യമായ വര്‍ഗീകരണം. പാട്ടുകളില്‍ പ്രകടമാകുന്ന മനോഭാവത്തെ അഥവാ സമീപനത്തെ ആസ്പദമാക്കി വര്‍ഗീകരിക്കുമ്പോള്‍ അനുഷ്ഠാനപരവും ദേവതാരാധനാപരവുമായ പാട്ടുകള്‍, വീരാരാധനാപരമായ പാട്ടുകള്‍ എന്നിവയാണ് മുഖ്യവിഭാഗങ്ങള്‍. ഇവയ്ക്കുപുറമേ സാമൂഹികമായ വിശ്വാസാചാരങ്ങളെയും പ്രതികരണങ്ങളെയും പ്രതിഫലിപ്പിക്കുന്നവയും വിനോദ രസപ്രധാനങ്ങളുമായ പാട്ടുകളും ഏറെയുണ്ട്. പുരാവൃത്തങ്ങളെ സംബന്ധിച്ച ജനകീയസങ്കല്പങ്ങള്‍ ആവിഷ്കരിക്കുന്ന പാട്ടുകളും കുറവല്ല. വീരാരാധനാപരമായ പാട്ടുകളില്‍ പലതും ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്.
സമൂഹത്തില്‍ പ്രചരിക്കുന്ന കഥാഗാനങ്ങളില്‍ പലതും പരമ്പരാഗതമായി ആലപിച്ചുപോരുന്നവയാണ്. അവ അനുഷ്ഠാനങ്ങളുടെ ഭാഗമായും അവതരിപ്പിക്കപ്പെടുന്നു. കഥാഗാനങ്ങള്‍ ഏറെയും ഗായകസംഘം അവതരിപ്പിക്കുകയാണ് പതിവ്. വടക്കന്‍പാട്ടുകള്‍ ഗായകസംഘങ്ങളെന്നപോലെ കര്‍ഷകത്തൊഴിലാളികളും പാടിവന്നിരുന്നു.
കഥാഗാനങ്ങളില്‍ സാഹസികമായ സംഭവങ്ങളുടെ ആവിഷ്കാരം ഏറെയാണ്. പോര്‍വിളിയും പകരംവീട്ടലുകളും പകതീര്‍ക്കലുകളും വീരകഥാഗാനങ്ങളുടെ പ്രതിപാദനത്തില്‍ കാണാനാകും. പഴശ്ശിരാജാവിനെക്കുറിച്ചും ടിപ്പുവിന്റെ പടയോട്ടത്തെക്കുറിച്ചും മലയാളത്തിലുണ്ടായിട്ടുള്ള കഥാഗാനങ്ങള്‍ ചരിത്രപരമായ പ്രമേയങ്ങളെ ഉപജീവിച്ചുള്ളവയാണ്. അവയില്‍ പലതും ദേശാഭിമാനപരങ്ങളുമാണ്. വടക്കന്‍പാട്ടുകളും തെക്കന്‍പാട്ടുകളില്‍ വലിയൊരു ഭാഗവും വീരകഥാപദാനങ്ങളാണ്. തച്ചോളി ഒതേനന്‍, പാലാട്ടുകോമന്‍, ആരോമല്‍ ചേകവര്‍ തുടങ്ങിയവരെക്കുറിച്ചുള്ള പാട്ടുകളും ഇരവിക്കുട്ടിപ്പിള്ളപ്പോരും ഇതിന് ഉദാഹരണമായിപ്പറയാം
ഒരു കഥയുടെ പ്രതിപാദനമാണ് കഥാഗാനത്തിന്റെ ഉള്ളടക്കം. ആരാധനയോടെയും അദ്ഭുതത്തോടെയും സമൂഹം നോക്കിക്കാണുന്ന വീരനായകരുടെയോ സംഭവങ്ങളുടെയോ ചിത്രീകരണമാണ് കഥാഗാനങ്ങളിലുണ്ടാവുക. സവിശേഷമായ ആഖ്യാനരീതികള്‍ ഇതിനായി സ്വീകരിക്കുന്നു. അടുക്കും ചിട്ടയും പാലിച്ചുകൊണ്ട് അനുക്രമമായി കഥ പറയുന്ന തന്ത്രമല്ല ആവിഷ്കാരത്തിലുള്ളത്. ചെറുചെറുസംഭവങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ ആഖ്യാനം ചിലപ്പോള്‍ നീണ്ടുപോവുകയും ചെയ്യും. ഇതിനെല്ലാം നിയതമായ ചില പൂര്‍വമാതൃകകളുണ്ടാകാം. സവിശേഷമായ രചനാരീതികളും സംവിധാനവുമാണ് ആഖ്യാനത്തിലെ പ്രത്യേകത. നാടന്‍പാട്ടുകളെല്ലാം, സമൂഹസൃഷ്ടികളായതിനാല്‍ പൊതുവായ കെട്ടുമുറകള്‍ ഉള്ളപ്പോള്‍ത്തന്നെ തനതായ ചില മുദ്രകളും കാണാം. ചൊല്ലലിലും കേള്‍വിയിലും ഓര്‍മയിലും കൂടി തലമുറകളില്‍നിന്നു തലമുറകളിലേക്കു പകര്‍ന്നു പോകുന്നതിനാല്‍, പ്രയോക്താക്കളുടെ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനായി ചില ആഖ്യാനവിദ്യകള്‍ കഥാഗാനങ്ങളില്‍ അവലംബിച്ചിട്ടുണ്ടാകും. പാദങ്ങളുടെയും പദങ്ങളുടെയും ആവര്‍ത്തനവും ചോദ്യോത്തരങ്ങള്‍ ചേര്‍ത്തുള്ള ആഖ്യാനക്രമവും മറ്റും ഇത്തരം ആഖ്യാനരീതികളുടെ തെളിവുകളാണ്. കഥാഗാനങ്ങളിലെ ആഖ്യാനത്തില്‍ ഇത്തരത്തിലുള്ള സമാനതകള്‍ പ്രകടമാണ്.
വിഭിന്നകൃതികളിലെ വര്‍ണനകള്‍ക്കും, രംഗപ്രവേശനം, പ്രവൃത്തികള്‍ തുടങ്ങിയവയ്ക്കും കഥയിലെ ക്രിയാംശങ്ങള്‍ക്കും പരസ്പരം സാരൂപ്യം കണ്ടേക്കാം. സ്വയംപൂര്‍ണമായ സംഭവങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പോലെ, കഥാഖ്യാനത്തെ ദീര്‍ഘിപ്പിച്ചുകൊണ്ടു പോകുന്ന രീതിയും കഥാഗാനങ്ങളില്‍ കാണാം. ചെറുസംഭാഷണങ്ങളുടെ രൂപത്തിലുള്ള കൃഷിപ്പാട്ടുകളില്‍ ഈ ആവിഷ്കാരമുറയുണ്ട്. അനേകം സംഭവങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളായി ഇതനുഭവപ്പെടാം. സ്ഥലകാലക്രിയാബദ്ധമായ ആവിഷ്കാരമോ പിന്തുടര്‍ച്ചയോ ഉണ്ടാകണമെന്നില്ല. ആഖ്യാനം നൈസര്‍ഗികമായതിനാല്‍ പൂര്‍വനിശ്ചിതമായ ഒരാഖ്യാനക്രമം പലപ്പോഴും ഉണ്ടാകണമെന്നില്ല. പ്രമേയത്തിന്റെ കൃത്യമായ ആവിഷ്കാരത്തിന് കഥാഗാനങ്ങളില്‍ പ്രസക്തിയില്ല. പ്രതിപാദനത്തിന്റെ സമഗ്രതയും സൗന്ദര്യവുമാണ് പ്രധാനം. കഥയുടെ ആവിഷ്കാരമാണ് പ്രതിപാദനമെങ്കിലും, സംഘര്‍ഷാത്മകമായ സന്ദര്‍ഭങ്ങളോ ഉച്ചാവസ്ഥകളോ സൃഷ്ടിച്ച്, വികാരങ്ങളുടെ പിരിമുറുക്കം ഉണ്ടാക്കുന്ന കഥാതന്ത്രങ്ങളുടെ സാന്നിധ്യം കഥാഗാനങ്ങളിലില്ല. കഥാഗാനങ്ങള്‍ക്ക് തനതായ ആവിഷ്കാരമുറയുണ്ട്. സന്ദര്‍ഭാനുസരണമായി ആഖ്യാനത്തിന്റെ നീട്ടലും കുറുക്കലും കഥാഗാനങ്ങളുടെ ഘടനയില്‍ കാണാം. വിവിധഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള ആഖ്യാനരീതിയെ പ്രയോക്താവിന്റെ മനോധര്‍മമനുസരിച്ച് പരിവര്‍ത്തിപ്പിക്കാവുന്നതേയുള്ളു. പൂര്‍വാപരക്രമങ്ങളൊന്നും ദീക്ഷിക്കാതെ സംഭവങ്ങളെ ആഖ്യാനം ചെയ്യുന്ന രീതിയും കഥാഗാനങ്ങളില്‍ കണ്ടേക്കാം. ഒരു വര്‍ണനയില്‍ നിന്നും മറ്റൊരു വര്‍ണനയിലേക്കുള്ള മാറ്റം ചിലപ്പോള്‍ ചടുലവും ദ്രുതവുമാണ്. പ്രതിപാദനത്തിന്റെ ഗതിക്കിടയിലെ ഊന്നലിലാണ് പ്രയോക്താക്കള്‍ ശ്രദ്ധിക്കുന്നത്.
അവതരിപ്പിക്കുന്നവരുടെ മനോധര്‍മവും താത്പര്യങ്ങളും കഥാഗാനങ്ങള്‍ക്കു പാഠഭേദങ്ങള്‍ സമ്മാനിക്കുന്നു. ഓരോ പ്രയോക്താവും തന്റേതായ ആഖ്യാനമാണു നടത്തുന്നത്. മൂലപാഠം ഒന്നായിരിക്കാമെങ്കിലും ആവിഷ്കരണത്തില്‍ ഭിന്നത കാണാം. പ്രത്യേകമായ ഒരുക്കുരീതികളിലൂടെയാണ് ആഖ്യാനം ദീര്‍ഘിപ്പിച്ചു കൊണ്ടു പോകുന്നത്. ഈ ഒരുക്കുരീതി വലിയ മാറ്റങ്ങളില്ലാതെ തന്നെ മറ്റൊരു കഥാഗാനത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. വ്യക്തികളുടെയും സ്ഥലകാലങ്ങളുടെയും മറ്റും മാറ്റങ്ങളിലൂടെ മറ്റൊരു പുതിയ കഥാഗാനം സൃഷ്ടിക്കാന്‍ പറ്റിയ രൂപമാതൃക ഓരോ പാട്ടിലും കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഭിന്നങ്ങളായ കഥാഗാനങ്ങളില്‍ പോലും ഘടനാപരമായ ചില സമാനതകളുണ്ട്. ഒരു സമുദായത്തില്‍ പ്രചരിച്ചിട്ടുള്ള കഥാഗാനശാഖയ്ക്ക് പൊതുവായ ചില ഘടനാരീതികളുണ്ട്. അതോടൊപ്പം തന്നെ ഓരോ കഥാഗാനശാഖയ്ക്കും സവിശേഷമായ ചില രീതികളും കാണാം. മലയാളത്തിലെ വടക്കന്‍ പാട്ടുകളും തെക്കന്‍പാട്ടുകളും ഇതിനു സാക്ഷ്യം വഹിക്കുന്നു. കേരളത്തിലെ രണ്ടു വ്യത്യസ്തപ്രദേശങ്ങളില്‍ പ്രചരിച്ചിട്ടുള്ള ഈ പാട്ടുപാരമ്പര്യങ്ങളില്‍ വ്യത്യസ്തമായ രണ്ടു സാംസ്കാരിക ധാരകള്‍ നിഴലിക്കുന്നു.
പ്രയോക്താക്കളുടെ ആലാപന സൗകര്യത്തിനായി കഥാഗാനങ്ങളുടെ ഘടനയില്‍ ചില ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തലമുറകളിലൂടെ കൈമാറി വരുന്ന നാടന്‍പാട്ടുകള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ സഹായകമായ ആവര്‍ത്തനങ്ങള്‍, പദപ്രയോഗത്തിലും പദങ്ങള്‍ കോര്‍ത്തിണക്കുന്നതിലും അവലംബിച്ചിട്ടുണ്ടെന്നുവരാം.
ആഖ്യാനത്തിന്റെ ഘടന ദീര്‍ഘമായതിനാല്‍ മൂലപാഠം ഓര്‍മയില്‍ സൂക്ഷിക്കുന്നതിന് കൊരുത്തു കൊരുത്തു പോകുന്ന ആഖ്യാനവും ആവര്‍ത്തിതഘടനയും സഹായകമായിത്തീരുന്നു. ഓരോ കഥാഗാനശാഖയ്ക്കും തനതായ വര്‍ണനാരീതിയുണ്ട്. ഓരോ ഏകകവും വേര്‍തിരിച്ചെടുക്കാവുന്ന വര്‍ണനാരീതിയാണിത്. വീരകഥാഗാനങ്ങളില്‍ സവിശേഷമായ ഈ വര്‍ണനാരീതി കാണാം. വടക്കന്‍പാട്ടുകള്‍ ഇതിനുദാഹരണമാണ്. നായികാനായകവര്‍ണന, ആഘോഷങ്ങള്‍, അങ്കംകുറിക്കല്‍, അങ്കച്ചമയം, കളരിപ്രാര്‍ഥന, യാത്ര, അങ്കം, വിജയോന്മാദം എന്നിങ്ങനെ ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ വര്‍ണനാരീതികളുണ്ട്. ഇവയുടെ സന്ദര്‍ഭാനുസാരമുള്ള കൂട്ടിച്ചേര്‍ക്കലുകളിലൂടെ പ്രയോക്താക്കള്‍ ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ് പതിവ് എന്നതിന് വടക്കന്‍ പാട്ടുകളില്‍ നിന്നുള്ള നിരവധി ഉദാഹരണങ്ങള്‍ എം.ആര്‍. രാഘവവാര്യരുടെ വടക്കന്‍ പാട്ടുകളുടെ പണിശാല എന്ന ഗ്രന്ഥത്തിലുണ്ട്.
കഥാഗാനാലാപനം പരമ്പരാഗതമായി നിര്‍വഹിച്ചിരുന്ന ജനസമൂഹങ്ങളുണ്ടായിരുന്നു. കേരളത്തിലെ പാണരും പുള്ളുവരും ഉദാഹരണങ്ങളാണ്. തുയിലുണര്‍ത്തുപാട്ടു പാടി പാണര്‍ വീടുകള്‍തോറും കയറിയിറങ്ങിയിരുന്നത് പഴയ കേരളത്തിലെ പതിവു കാഴ്ചയായിരുന്നു. കുടവും വീണയും വാദ്യോപകരണങ്ങളായി ഉപയോഗിച്ചുകൊണ്ട് പുള്ളുവര്‍ സര്‍പ്പപ്പാട്ടുകള്‍ പാടിയിരുന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് മിക്ക കഥാഗാനങ്ങളും ആലപിച്ചിരുന്നത്. തെക്കന്‍പാട്ടുകളാകട്ടെ വില്‍പ്പാട്ടുകളായിട്ടാണ് ആലപിച്ചുവന്നിരുന്നത്.
കഥാഗാനങ്ങള്‍ക്കു നൃത്തവുമായി ബന്ധമുണ്ട് എന്നതാണ് പാശ്ചാത്യസങ്കല്പം. 'ബാലഡ്' എന്ന കാവ്യരൂപം ഇതിനുതെളിവാണ്. നൃത്തം എന്ന അര്‍ഥത്തിലുള്ള 'ബാലറെ' എന്നതില്‍ നിന്നുമാണ് 'ബാലഡ്' എന്ന പദത്തിന്റെ നിഷ്പത്തി. കര്‍ണാടകത്തിലെ ചില കഥാഗാനങ്ങള്‍ക്കു നൃത്തവുമായി ബന്ധമുണ്ടായിരുന്നു.
ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണ് കഥാഗാനങ്ങളുടേത്. കഥാഗാനത്തിന്റെ ആലാപനം സാമൂഹികമായ ഒരനുഭവമായിത്തീരുന്നു.
തലമുറകളായി നാവില്‍ നിന്നു നാവിലേക്കു പകര്‍ന്നു വരുന്ന ജനകീയകഥാഗാനങ്ങള്‍ക്കു പുറമേ വികസിത സാഹിത്യത്തിന്റെ സ്വഭാവമുള്ള കഥാഗാനങ്ങളുമുണ്ട്. ഒരു ഗ്രാമീണ കവി പാട്ടുരചിക്കുന്ന അവസരത്തില്‍ അതിനു ലിഖിതരൂപം നല്‍കുന്നതിന്റെ ഫലമായി ഇത്തരം കവിതാനിര്‍വിശേഷങ്ങളായ ഗാനങ്ങള്‍ ഉണ്ടാകാം.
പാശ്ചാത്യ സാഹിത്യത്തില്‍
യൂറോപ്പിലെ കഥാഗാനപാരമ്പര്യം മധ്യയുഗത്തില്‍ സുവ്യക്തരൂപം കൈക്കൊള്ളുന്നതായി കാണാം. 12-ാം ശ.-ത്തില്‍ സ്പെയിന്‍, ഇംഗ്ലണ്ട്, സ്കാന്‍ഡിനേവിയ, ദക്ഷിണസ്ളാവ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഈ കാവ്യശാഖ വമ്പിച്ച പ്രചാരം നേടുകയുണ്ടായി. പ്രാദേശികചരിത്രം, ദേശീയചരിത്രം, ഐതിഹ്യങ്ങള്‍, നാടോടി വിജ്ഞാനീയം എന്നിവയാണ് കഥാഗാനങ്ങളുടെ മുഖ്യസ്രോതസ്സുകള്‍. പ്രേമം, യുദ്ധം, സാഹസികകൃത്യങ്ങള്‍, അലൗകിക സംഭവങ്ങള്‍ എന്നിവയ്ക്ക് വിഷയങ്ങളുടെ കൂട്ടത്തില്‍ പ്രാധാന്യമേറും. 1189-ലെ കൊസോവോ യുദ്ധത്തെ ആസ്പദമാക്കി നിരവധി കഥാഗാനങ്ങള്‍ സെര്‍ബിയയില്‍ ജന്മം കൊള്ളുകയുണ്ടായി. ഇംഗ്ലീഷുകാരും സ്കോട്ടുകളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം ഇംഗ്ലീഷ് ഭാഷയിലെ ഒന്നാംകിട കഥാഗാനങ്ങളില്‍ ചിലതിനു ജന്മം നല്‍കി. റോബിന്‍ ഹുഡിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളെ വിഷയീകരിച്ചും നിരവധി ഇംഗ്ലീഷ് കഥാഗാനങ്ങള്‍ ലഭ്യമാണ്.
ജനകീയ കഥാഗാനങ്ങളുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട ചിലതുണ്ട്: ദ് റ്റ്വാ സിസ്റ്റേഴ്സ്, ദി എല്‍ഫിന്‍ നൈറ്റ്, ലോഡ് റാന്‍ഡല്‍, ദ് ത്രീ റയ്വല്‍സ്, ദ് ക്രൂവല്‍ മദര്‍, ദ് വൈഫ് ഒഫ് അഷേഴ്സ് വെല്‍, ദ് ജിപ്സി ലേഡി, ദ് ഡെമണ്‍ ലവര്‍ എന്നിവ.
റോബിന്‍ ഹുഡിന്റെ കഥയെ ആസ്പദമാക്കിയുള്ളവയില്‍ റോബിന്‍ഹുഡ് ആന്‍ഡ് ദ് മങ്ക്, റോബിന്‍ ഹുഡ്സ് ഡെത്ത്, ചെവി ചെയ്സ്, ജോണി കോക്, ക്യാപ്റ്റന്‍ കാര്‍ എന്നിവ മികച്ചു നില്‍ക്കുന്നു. എഡ്വേഡ്, സര്‍ പാട്രിക് സ്പെന്‍സര്‍, റ്റാംലിന്‍, റ്റോമസ് റൈമര്‍, മേരി ഹാമില്‍റ്റന്‍ എന്നിവയാണ് സ്കോട്ട്ലന്‍ഡില്‍ ജന്മം കൊണ്ട മുഖ്യകഥാഗാനങ്ങള്‍. അയര്‍ലന്‍ഡിലും നിരവധി കഥാഗാനങ്ങളുണ്ടായി. ബ്രയന്‍ ഓലിന്‍, ബ്രെനെന്‍ ഓണ്‍ ദ് മൂര്‍, ദ് റോക്കി റോഡ് റ്റു ഡബ്ളിന്‍, ദ് നൈറ്റ് ബിഫോര്‍ ലാറി വാസ് സ്ട്രെചഡ്, ദി ഓള്‍ഡ് ഫ്ളൂട്ട്, കെവിന്‍ ബാറി, വാന്‍ഡിമെന്‍സ് ലാന്‍ഡ് എന്നിവ ഇവയില്‍ ചിലതു മാത്രമേയാകുന്നുള്ളു. ദ് വൈല്‍ഡ് കോളോണിയല്‍ ബോയ്, ദ് ഡെത് ഒഫ് മോര്‍ഗന്‍, ബാര്‍ബറ അലന്‍, ദ് ജാം ഓണ്‍ ജെറീസ് റോക്, ദ് ഡൈയിങ് കൌബോയ്, ബ്ളോ ദ് കാന്‍ഡില്‍ ഔട്ട് തുടങ്ങി നിരവധി കഥാഗാനങ്ങള്‍ അമേരിക്കയിലും ആസ്റ്റ്രേലിയയിലും ജന്മം കൊള്ളുകയുണ്ടായി. ലിഖിത സാഹിത്യത്തിന്റെ സ്വഭാവമുള്ള കഥാഗാനങ്ങളില്‍ പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു: കോള്‍റിജിന്റെ റൈം ഒഫ് ദി എയ്ന്‍ഷന്റ് മാരിനര്‍, കീറ്റ്സിന്റെ ലാ ബെല്‍ ഡെയ്ം സാന്‍സ് മെഴ്സി, ഡബ്ളിയു. എസ്. ഗില്‍ബര്‍ട്ടിന്റെ ബാബ് ബാലഡ്സ്, ചെസ്റ്റര്‍ട്ടന്റെ ബാലഡ് ഒഫ് ദ് വൈറ്റ് ഹോഴ്സ്, കിപ്ളിങ്ങിന്റെ ബാരക്റൂം ബാലഡ്സ്, മെയ്സ്ഫീല്‍ഡിന്റെ സാള്‍ട്ട്വാട്ടര്‍ ബാലഡ്സ് എന്നിവ. ബാലഡിന്റെ ശൈലിയില്‍ രചിക്കപ്പെട്ട നിരവധി കൃതികള്‍ ഇക്കൂട്ടത്തില്‍ പരിഗണനയര്‍ഹിക്കുന്നു. സ്കോട്ടിന്റെ ലോക്കിന്‍വാര്‍, മെക്കാളെയുടെ ലെയ്സ് ഒഫ് എയ്ന്‍ഷന്റ് റോം, ആല്‍ഫ്രഡ് നോയ്സിന്റെ ദ് ഹൈവേമാന്‍ എന്നിവ തന്നെ ഉദാഹരണം. ദ് ഷൂട്ടിങ് ഒഫ് ഡാന്‍ മക്ഗ്രു തുടങ്ങി സാമ്പ്രദായിക കഥാഗാനങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി കവിതകള്‍ റോബര്‍ട്ട് സര്‍വീസ് രചിക്കുകയുണ്ടായി. ആധുനിക കവികളുടെ കൂട്ടത്തില്‍ ചാള്‍സ് കോസ്ലി, വേര്‍ണല്‍ വോട്കിന്‍സ് എന്നീ പേരുകളും പ്രത്യേക പരിഗണനയര്‍ഹിക്കുന്നു.
18-ാം ശ. മുതലാണ് കഥാഗാനങ്ങളുടെ സമാഹാരങ്ങള്‍ വെളിച്ചം കണ്ടുതുടങ്ങിയത്. അലന്‍ റാംസേയുടെ ദ് റ്റീ-റ്റെയ്ബിള്‍ മിസലനി (3 വാല്യം - 1724-27), പെഴ്സിയുടെ റെലിക്സ് ഒഫ് എയ്ന്‍ഷന്റ് ഇംഗ്ളീഷ് പൊയട്രി (1705), ജെ. റിറ്റ്സന്റെ പീസസ് ഒഫ് എയ്ന്‍ഷന്റ് പോപ്പുലര്‍ പൊയട്രി (1791), വോള്‍ട്ടര്‍ സ്കോട്ടിന്റെ മിന്‍സ്ട്രല്‍സി ഒഫ് ദ് സ്കോട്ടിഷ് ബോഡര്‍ (3 വാല്യം, 1802-03), എഫ്.ജെ. ചൈല്‍ഡിന്റെ ദി ഇംഗ്ളീഷ് അന്‍ഡ് സ്കോട്ടിഷ് പോപ്പുലര്‍ ബാലഡ്സ് (8 വാല്യം, 1857-59, 1882-98) എ. ക്വിലര്‍കൂച്ചിന്റെ ദി ഓക്സ്ഫഡ് ബുക് ഒഫ് ബാലഡ്സ് (1910), ദ് ഫെയ്ബര്‍ ബുക് ഒഫ് ബാലഡ്സ് (1965) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു.
ഭാരതീയ സാഹിത്യത്തില്‍
കഥാഗാനങ്ങളുടെ കാര്യത്തില്‍ തികച്ചും സമ്പന്നമാണ് ഭാരതീയസാഹിത്യം. ഹിന്ദിയിലെ കഥാഗാനങ്ങളില്‍ മുഖ്യം ആല്‍ഹാഖണ്ഡും ചന്ദായനുമാണ്. ജഗ്നീക് ഭട്ട് 1173-ല്‍ രൂപം നല്‍കിയ ആല്‍ഹാഖണ്ഡ് ആല്‍ഹാ, ഊദല്‍ എന്നീ മഹാബവീരന്മാരുടെ സാഹസിക കൃത്യങ്ങളുടെ കഥ അനുഗാനം ചെയ്യുന്നു. ലോറിക് ഔര്‍ ചന്ദ് എന്നും കൂടി പേരുള്ള ചന്ദായനില്‍ ലോറിക്കിന്റെ പ്രണയമാണ് വിഷയം. ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഢിലും പ്രചാരമുള്ള ഈ ഗാനത്തിന്റെ മൈഥിലി ബംഗാളിരൂപഭേദങ്ങളും നിലവിലുണ്ട്. മതപരമായ വിഷയമുള്‍ക്കൊള്ളുന്ന കഥാഗാനമാണ് ഭക്തവത്. ഇതിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ ദേവനാരായണ്‍ രൂപം നല്‍കിയ ഭക്തിപദ്ധതിക്ക് ഇന്നും ധാരാളം അനുയായികളുണ്ട്.
അസമിയ ഭാഷയിലെ കഥാഗാനങ്ങളില്‍ പ്രധാനപ്പെട്ടവ ജനാഗാഭരൂര്‍ഗീത് (ജന എന്ന കന്യകയെ പ്രകീര്‍ത്തിച്ച് പാടുന്നത്), നാഹരര്‍ ഗീത് (നാഹറിന്റെ കഥാഗാനം), ഫുല്‍ കൊമ്പരന്‍ഗീത് (ഫുല്‍ രാജകുമാരനെക്കുറിച്ചുള്ള ഗാനം), പഗലാ പാര്‍വതിഗീത്, ജയമതിര്‍ഗീത് (ജയമതിയുടെ കഥാഗീതം), ബദന്‍ ബൊര്‍ഫുകൊനര്‍ഗീത്, ഹരദത്തര്‍ഗീത്, മനിറാം ദേവാനര്‍ഗീത്, കലിയുഗര്‍ഗീത് (കലിയുഗത്തെക്കുറിച്ചുള്ള പാട്ട്) എന്നിവയാകുന്നു. ഇക്കൂട്ടത്തില്‍ ജയമതി, ബദന്‍ബൊര്‍ഫുകന്‍, ഹരദത്തന്‍, മനിറാംദേവന്‍ എന്നിവരെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഗീതങ്ങള്‍ ചരിത്രപരമായ കഥാഗാനങ്ങളാണ്. എല്ലാ കഥാഗീതങ്ങളിലും അലൌകിക ഭാവനയുടെയും കേവലഭാവനയുടെയും സമഞ്ജസ സമ്മേളനം കാണാം. ശിവപാര്‍വതീഗീതങ്ങളൊഴികെ മറ്റെല്ലാത്തിലും ഒരുപോലെ വിഷാദഭാവം പ്രകടമാകുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് സമരത്തിലേര്‍പ്പെട്ട മനിറാമിനെ 1857-ല്‍ തൂക്കിലേറ്റിയതിനെ സംബന്ധിച്ചുള്ളതാണ് മനിറാം ദേവനെക്കുറിച്ചുള്ള പാട്ട്. നിത്യജീവിതവുമായി ബന്ധമുള്ള ഒരുതരം കഥാഗാനങ്ങള്‍ വേറെയുണ്ട്. ഇവ 'ജൂന' എന്ന പേരില്‍ അറിയപ്പെടുന്നു. താന്തിര്‍ ജൂനാ (നെയ്ത്തുകാരന്റെ കഥാഗാനം), നാന്‍ഗലര്‍ജൂനാ (കലപ്പപ്പാട്ട്), കലാഹര്‍ജൂനാ (ചര്‍ക്കപ്പാട്ട്) മുതലായവ ഈ ഇനത്തില്‍പ്പെടുന്നു. പ്രസക്തമായ വിഷയങ്ങളുടെ ഉദ്ഭവകഥ വിവരിച്ച് അതിന് ദിവ്യത്വം കല്പിക്കുന്ന രീതിയിലുള്ള കഥാഗാനമാണ് 'ജൂനാ' വിഭാഗം. മറ്റുള്ളവ എല്ലാം 'മലിതാ' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.