This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാജാഡേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാജാഡേസീ
Najadaceae
സസ്യകുടുംബം. ജലനിമഗ്ന സസ്യമായ നാജാസ് (Najas) ജീനസ് മാത്രമേ ഈ കുടുംബത്തില്‍ ഉള്‍പ്പെടുന്നുള്ളു. നാജാസിന് 40 സ്പീഷീസുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും വളരുന്ന ഏകവര്‍ഷി സസ്യങ്ങളാണ് ഇവ. നാജാസിന്റെ ശാഖോപശാഖകളോടുകൂടിയ കനംകുറഞ്ഞ കാണ്ഡത്തിന് പര്‍വങ്ങളും പര്‍വസന്ധികളുമുണ്ട്. ചുവടുഭാഗത്തുള്ള പര്‍വസന്ധികളില്‍നിന്ന് ഉദ്ഭവിക്കുന്ന വേരുകള്‍ ജലത്തിനടിത്തട്ടിലേക്കു വളരുന്നു.
നാജാസിന്റെ ഇലകള്‍ ജോഡികളായാണ് ഉണ്ടാകുന്നത്. ഇവ രേഖീയമോ (linear) കുന്താകാരത്തിലുള്ളതോ ആയിരിക്കും. അനുപര്‍ണങ്ങളുള്ള സ്പീഷീസും ഇല്ലാത്തവയുമുണ്ട്. നാജാസിന്റെ ഓരോ ജോടി ഇലകളും ഓരോ തലത്തിലായിരിക്കും. ഇലകള്‍ക്ക് ഉറയും (sheath) ഫലക(blade)വും ഉണ്ട്. ഓരോ ജോടി ഇലകളുടെയും ഷീത്ത്, തൊട്ടുമുകളിലുള്ള ഒരു ജോടി ഇലകളെയും കാണ്ഡത്തെയും പൊതിഞ്ഞിരിക്കും. ഇലയുടെ ഉറയ്ക്കുള്ളിലായി പല്ലുപോലെയുള്ള ഒരു ജോടി ശല്ക്കങ്ങള്‍ (Scales) കാണുന്നു. ചില സ്പീഷീസില്‍ ഇലയുടെ ഉപരിവൃതികോശം മുള്ളു പോലെയായി രൂപാന്തരപ്പെടാറുണ്ട്. കാണ്ഡത്തിനു ചുവടുഭാഗത്തുള്ള ദൃഢമായ ഇലകളോടനുബന്ധിച്ച് വളര്‍ച്ചാമുകുളങ്ങളും (Vegetative buds) പുഷ്പമുകുളങ്ങളുമുണ്ടാകുന്നു. ആണ്‍പെണ്‍ പുഷ്പങ്ങള്‍ ഒരേ സസ്യത്തിലോ വെവ്വേറെ സസ്യങ്ങളിലോ ഉണ്ടാകുന്നു.
ചെറുതും, ഏകലിംഗികളുമായ പുഷ്പങ്ങള്‍ ഒറ്റയായോ, കൂട്ടമായോ ശാഖാകക്ഷ്യങ്ങളില്‍നിന്നാണ് ഉണ്ടാകുന്നത്. ഒരു കേസരം മാത്രമുള്ള ആണ്‍പുഷ്പങ്ങള്‍, ഫ്ളാസ്കിന്റെ ആകൃതിയിലുള്ള ഒരു സ്തരജന്യ പര്‍ണത്താല്‍ (Membraneous bract) ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ പെണ്‍പുഷ്പങ്ങളില്‍ സാധാരണയായി ഇത്തരം ആവരണം കാണപ്പെടുന്നില്ല. ജലമാര്‍ഗമാണ് പരാഗണം നടക്കുന്നത്. അക്കീന്‍ ആണ് ഫലം. വിത്തില്‍ ബീജാന്നം കാണപ്പെടുന്നില്ല.
ബ്രിട്ടനില്‍നിന്നും മറ്റും കണ്ടെത്തിയിട്ടുള്ള വിത്തുകളുടെ ഫോസിലുകള്‍ നാജാസ് ജീനസ്സിന്റെ വ്യാപനത്തെ സൂചിപ്പിക്കുന്നു.
മുന്‍കാലങ്ങളില്‍ നാജാസ് ജീനസിനെ പൊട്ടാമോജിറ്റോനേസീ (Potamogetonaceae) എന്ന കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പൊട്ടാമോജിറ്റോനേസീയിലെ മറ്റു സസ്യങ്ങളില്‍നിന്നും വ്യത്യസ്തമായി നാജാസിന്റെ പുഷ്പങ്ങള്‍ പൂര്‍ണമായും ജലത്തില്‍ നിമഗ്നമായിരിക്കുന്നതിനാലും, ഏകവര്‍ഷികളായതിനാലും സസ്യശാസ്ത്രജ്ഞര്‍ ഈ ജീനസിനെ നാജാഡേസീ എന്ന ഒരു പ്രത്യേക കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏകപത്രസസ്യങ്ങള്‍ (monocot plants) ഉള്‍പ്പെടുന്ന ഒരു പുരാതന സസ്യകുടുംബമാണിത്.