This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആകാശവാണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:35, 8 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആകാശവാണി

ഇന്ത്യാഗവണ്‍മെന്റിന്റെ റേഡിയോ ശൃംഖലയുടെ സമാന്തര നാമം. ആകാശത്തുനിന്നുള്ള ശബ്ദം എന്ന അര്‍ഥത്തിലാണ് റേഡിയോ പ്രക്ഷേപണത്തിന് ഈ പേരു ലഭ്യമായത്.

പ്രക്ഷേപണകല: ആവിര്‍ഭാവം

കമ്പിയില്ലാക്കമ്പി എന്ന ശാസ്ത്രീയ സജ്ജീകരണത്തില്‍ക്കൂടി ശബ്ദവിനിമയം സാധ്യമാണെന്നു വന്നപ്പോള്‍ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമായി ഇതിനെ വികസിപ്പിച്ചെടുക്കുവാന്‍ പത്തൊന്‍പതാം ശ.-ത്തിലെ പാശ്ചാത്യശാസ്ത്രസാങ്കേതികവിദഗ്ധന്‍മാര്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് പ്രക്ഷേപണവിദ്യ പ്രചാരത്തില്‍ വന്നത്. ശാസ്ത്രസംബന്ധമായി മനുഷ്യന്‍ നടത്തിയിട്ടുള്ള കണ്ടുപിടിത്തങ്ങളില്‍ മനുഷ്യവര്‍ഗത്തിനു പൊതുവേ കൂടുതല്‍ നേട്ടങ്ങള്‍ കൈവരുത്തിയിട്ടുള്ള ഒന്നാണിത്. ആയിരക്കണക്കിനു കി.മീറ്ററുകള്‍ക്കകലെ സ്ഥലകാലപരിമിതികളെ ഉല്ലംഘിച്ച് സഹജീവികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാന്‍ മനുഷ്യനെ ശക്തനാക്കിത്തീര്‍ത്ത കമ്പിയില്ലാക്കമ്പിയുടെയും പ്രക്ഷേപണ സജ്ജീകരണത്തിന്റെയും ആവിര്‍ഭാവത്തിനു ക്ലാര്‍ക്ക് മാക്സ്വെല്‍, ഹെര്‍ട്സ് (Clerk Maxwell,Hertz) എന്നീ ശാസ്ത്രജ്ഞന്‍മാരോട് മനുഷ്യരാശി എന്നെന്നും കടപ്പെട്ടിരിക്കുന്നു. ഒരു വൈദ്യുതകാന്തം ഉത്പാദിപ്പിക്കുന്ന ശക്തിയുടെ പ്രസരണമേഖലയില്‍ എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ ആ വ്യതിയാനങ്ങളുടെ പ്രതികരണം നഭോമണ്ഡലത്തിലൂടെ പ്രകാശം സഞ്ചരിക്കുന്ന അതേ വേഗത്തില്‍ (ഒരു സെക്കണ്ടില്‍ 3 ലക്ഷം കി.മീ.) പാഞ്ഞുപോകുന്നുവെന്ന് 1873-ല്‍ മാക്സ്വെല്‍ കണ്ടുപിടിച്ചു. ഹെര്‍ട്സ് ആകട്ടെ വൈദ്യുതിയില്‍ നിരന്തരമായി നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി നഭോമണ്ഡലത്തെത്തന്നെ സ്വാധീനമാക്കി. ഈ നേട്ടമാണ് ശക്തിശകലങ്ങളെ ഭൂമിക്കു കുറുകെ പ്രക്ഷേപണം ചെയ്യുക സാധ്യമാക്കിയത്. പിന്നീട് ഗുഗ്ളിമോ മാര്‍ക്കോണി മാക്സ്വെലിന്റെയും ഹെര്‍ട്സിന്റെയും ഗവേഷണങ്ങളില്‍ അവഗാഹം നേടുകയും 1897 ജൂണില്‍ കമ്പിയില്ലാക്കമ്പി മുഖേനയുള്ള ആദ്യത്തെ സിഗ്നല്‍ വിനിമയം വിജയപൂര്‍വം നിര്‍വഹിക്കുകയും ചെയ്തു. മാര്‍ക്കോണി സംവിധാനം ചെയ്ത കമ്പിയില്ലാക്കമ്പി മുഖേനയുള്ള ആദ്യത്തെ ജീവകാരുണ്യപരമായ സേവനം 1899-ലാണ് നടന്നത്. അപകടത്തില്‍പ്പെട്ട് മുങ്ങിക്കൊണ്ടിരുന്ന ഒരു കപ്പലില്‍നിന്നും മാര്‍ക്കോണിയുടെ അദ്ഭുത യന്ത്രത്തില്‍ക്കൂടിയുള്ള രക്ഷാഭ്യര്‍ഥന ഇത്തരം ഒരു യന്ത്രം പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കപ്പലിലേക്ക് ആകാശമാര്‍ഗം എത്തിക്കുവാന്‍ അന്നാണു കഴിഞ്ഞത്. അതിന്റെ ഫലമായി തകര്‍ന്ന കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം രക്ഷപ്പെടുവാനിടയായി. അങ്ങനെ റേഡിയോയുടെ ആദിമരൂപത്തിന്റെ പ്രഥമനേട്ടം ആശയവിനിമയമാധ്യമങ്ങളുടെ ലോകത്തില്‍ ലബ്ധമായി.

പ്രക്ഷേപണം ഇന്ത്യയില്‍

ചരിത്രവും വികാസവും

റേഡിയോ പ്രക്ഷേപണം ലോകത്തില്‍ ആരംഭിച്ചത് 1920 കളിലാണ്. അമേരിക്കയില്‍ ആദ്യമായി 1920-ല്‍ ഡോ. ഫ്രാന്‍ക് കോര്‍ണാഡ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പുവാര്‍ത്ത പ്രക്ഷേപണം ചെയ്തു. ലണ്ടനില്‍ മാര്‍ക്കോണിഭവനത്തില്‍ നിന്ന് 1922 ന. 14-ന് ആദ്യത്തെ പ്രക്ഷേപണം നിര്‍വഹിക്കപ്പെട്ടു. ഇന്ത്യയില്‍ 1924 മാ. 14-ന് ഒരു റേഡിയോ ക്ലബ്ബ് സംഘടിപ്പിച്ചതുവഴി ഇന്ത്യന്‍ പ്രക്ഷേപണത്തിന്റെ നാന്ദി കുറിച്ച നഗരം എന്ന പ്രശസ്തി ചെന്നൈക്കു ലഭിച്ചു. അതേവര്‍ഷം ജൂല. 31-ന് മദ്രാസ് പ്രസിഡന്‍സി റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡോ. കൃഷ്ണസ്വാമിച്ചെട്ടി ചെന്നൈയിലെ പ്രക്ഷേപണ പ്രവര്‍ത്തനത്തിന്റെ ആരംഭം കുറിച്ചു. 40 വാട്ട് ശക്തിയുള്ള ആ ട്രാന്‍സ്മിറ്ററിന്റെ പ്രസരണമേഖല അഞ്ചുമൈല്‍ മാത്രമായിരുന്നു. സാമ്പത്തികക്ലേശം കാരണം 1927-ല്‍ ഈ ക്ലബ്ബ് അടച്ചിടേണ്ടിവന്നു. എങ്കിലും മദ്രാസ് കോര്‍പ്പറേഷന്‍ ഈ ട്രാന്‍സ്മിറ്റര്‍ ഏറ്റെടുക്കുകയും സംഘടിതമായ ഒരു പ്രക്ഷേപണപദ്ധതി 1930 ഏ. 1 മുതല്‍ അവിടെ നടപ്പിലാക്കുകയും ചെയ്തു.

1927 ജൂണ്‍ 23-ന് അന്നത്തെ ഇന്ത്യാവൈസ്രോയ് ആയിരുന്ന ഇര്‍വിന്‍ പ്രഭു മുംബൈയില്‍ 15 കി. വാ. ശക്തിയുള്ള ഒരു മാധ്യതരംഗ പ്രക്ഷേപിണിയുടെ സ്വിച്ചിട്ടതോടുകൂടിയാണ് പ്രക്ഷേപണത്തിന്റ ചരിത്രം ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഇത്രത്തോളം ശക്തിയുള്ള മറ്റൊരു പ്രക്ഷേപണനിലയം കല്ക്കത്തയിലും ഉദ്ഘാടനം ചെയ്യപ്പെട്ടു. വാണിജ്യാടിസ്ഥാനത്തില്‍ പ്രക്ഷേപണം ആരംഭിച്ച ഈ സ്ഥാപനം ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി (Indian Broadcasting) എന്നാണ് അറിയപ്പെട്ടിരുന്നത്. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സാമ്പത്തികബാധ്യതയെ നേരിടുവാന്‍ പ്രാദേശിക പരസ്യങ്ങളും നിയുക്തപരിപാടികളും (sponsored programmes) സ്വീകരിക്കുന്ന പതിവ് ഈ കമ്പനിക്ക് ഉണ്ടായിരുന്നു. 60 സെ. സമയദൈര്‍ഘ്യമുളള ഒരു പരസ്യത്തിന്റെ ഏറ്റവും കൂടിയ കൂലി മൂന്നു രൂപ ആയിരുന്നു. സാമ്പത്തികപരാധീനത കാരണം 1930 മാ. 1-ന് ഈ കമ്പനി ലിക്വിഡേറ്റു ചെയ്യപ്പെട്ടു. എങ്കിലും ഗവണ്‍മെന്റ് ചെലവില്‍ കമ്പനിയുടെ ലിക്വിഡേറ്റര്‍ പ്രക്ഷേപണം തുടര്‍ന്നുപോന്നു.

1930 ഏ. 1-ന് പ്രക്ഷേപണം ഇന്ത്യാഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും തൊഴില്‍ വ്യവസായ കാര്യാലയത്തിന്റെ മേല്നോട്ടത്തിലും ഒരു പ്രത്യേക വകുപ്പായി സംഘടിപ്പിക്കപ്പെട്ടു. അന്ന് ഇന്ത്യയിലാകെ 7,500 പ്രക്ഷേപണ സ്വീകരണികള്‍ (receving sets) മാത്രമേ ഉണ്ടായിരുന്നുള്ളു. 1931-ല്‍ ഉണ്ടായ സാമ്പത്തിക വൈഷമ്യങ്ങള്‍ കാരണം ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്നാല്‍ ബഹുജനപ്രക്ഷോഭണം കാരണം ഈ പ്രക്ഷേപണവിഭാഗത്തെ ഇന്ത്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സര്‍വീസായി രൂപാന്തരപ്പെടുത്തി ഗവണ്‍മെന്റിന്റെ മേല്നോട്ടത്തില്‍ കൊണ്ടുവന്നു. സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കുന്നതിനായി വയര്‍ലസ് റിസീവിങ് സെറ്റുകളുടെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുവാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. 1934 ആയപ്പോഴേക്കും പ്രക്ഷേപണ സ്വീകരണികളുടെ എണ്ണം ഇന്ത്യയില്‍ ആകെ 16,177 ആയി.

1935-ല്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനില്‍ (B.B.C) സേവനം അനുഷ്ഠിച്ചുവന്ന ലയോണല്‍ ഫീല്‍ഡെന്‍ ഇന്ത്യയിലെ പ്രക്ഷേപണ വിഭാഗത്തിന്റെ കണ്‍ട്രോളറായി നിയമിക്കപ്പെട്ടു. ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സംഭവമായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തോടും മഹാത്മജിയോടും ഇന്ത്യയുടെ ദേശീയാഭിലാഷങ്ങളോടും അങ്ങേയറ്റം ആദരവുണ്ടായിരുന്ന ഒരാളായിരുന്നു ഫീല്‍ഡെന്‍. ഇന്ത്യയിലെ പ്രക്ഷേപണ സൌകര്യങ്ങളുടെ വികാസം വളരെ വേഗം സാധിക്കുന്നതിനായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രക്ഷേപണയന്ത്രങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഇദ്ദേഹം തയ്യാറായി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനില്‍ത്തന്നെ ഗവേഷക എന്‍ജിനീയറായി സേവനം അനുഷ്ഠിച്ചിരുന്ന എച്ച്. എല്‍. കിര്‍ക്കിന്റെ സഹായത്തോടുകൂടി വളരെ വിപുലവും വിശദവുമായ ഒരു സര്‍വേ രാജ്യത്തുടനീളം നടത്തി പ്രക്ഷേപണ വികസനത്തിനുള്ള ഒരു റിപ്പോര്‍ട്ട് ഇദ്ദേഹം സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് ഗവണ്‍മെന്റ് അംഗീകരിക്കയും 1936 ജൂണ്‍ 8-ന് ഇതിലേക്ക് 40 ലക്ഷം രൂപ അനുവദിക്കയും ചെയ്തു. ഇതോടെ ഇന്ത്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സര്‍വീസ് ആള്‍ ഇന്ത്യാ റേഡിയോ (A.I.R)ആയിത്തീര്‍ന്നു.

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനില്‍ സേവനം അനുഷ്ഠിച്ചുവന്നിരുന്ന എ.സി. ഗോയ്ഡന്‍ ആള്‍ ഇന്ത്യാ റേഡിയോയുടെ ആദ്യത്തെ ചീഫ് എന്‍ജിനീയറായി നിയമിക്കപ്പെട്ടതോടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ റേഡിയോ നിലയങ്ങള്‍ സ്ഥാപിതമായി. ഡല്‍ഹി, മുംബൈ, കൊല്ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായി നാലു മേഖലാനിലയങ്ങള്‍ (zonal stations) രൂപം കൊള്ളുകയും അവിടങ്ങളില്‍ കൂടുതല്‍ ശക്തിയുള്ള മധ്യതരംഗ, ഹ്രസ്വതരംഗ പ്രക്ഷേപണികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇവ കൂടാതെ ലാഹോര്‍, ലഖ്നൗ, ഡാക്ക, തൃശ്ശിനാപ്പള്ളി, പെഷവാര്‍ നിലയങ്ങളില്‍ പ്രത്യേക പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കിയിരുന്നു. ഇങ്ങനെ ആള്‍ ഇന്ത്യാ റേഡിയോ നിലവില്‍വരികയും അതു ജനീവാ കേന്ദ്രമാക്കിക്കൊണ്ടുളള 'യൂണിയന്‍ ഇന്റര്‍നാഷണല്‍ ഡി റേഡിയോ ഡിഫ്യൂഷന്‍' (Union International de Radio Diffusion,Geneva) എന്ന സമിതിയിലെ സ്ഥിരം അസോസിയേറ്റ് അംഗം ആയിത്തീരുകയും ചെയ്തു. 1939 ഡി. ആയപ്പോഴേക്കും ഇന്ത്യയില്‍ പ്രക്ഷേപണസ്വീകരിണികളുടെ എണ്ണം ഏതാണ്ട് 90,000-ല്‍ക്കൂടുതലായി.

യുദ്ധാനന്തര പരിവര്‍ത്തനങ്ങള്‍

രണ്ടാം ലോക യുദ്ധാനന്തരം ഇന്ത്യയുടെ വിഭജനത്തെയും പാകിസ്താന്റെ രൂപവത്കരണത്തെയും തുടര്‍ന്ന് ആള്‍ ഇന്ത്യാ റേഡിയോ സമൂലമായ ഒരു പരിവര്‍ത്തനത്തിനു വിധേയമായി. സംസ്ഥാനങ്ങളുടെ പുനഃസംവിധാനത്തെത്തുടര്‍ന്ന് ബറോഡ, മൈസൂര്‍, തിരുവിതാംകൂര്‍, ഹൈദരാബാദ്, ഔറംഗബാദ് തുടങ്ങിയ നാട്ടുരാജ്യങ്ങളില്‍ സ്ഥാപിച്ചിരുന്ന പ്രക്ഷേപണനിലയങ്ങള്‍ ആള്‍ ഇന്ത്യാ റേഡിയോ ഏറ്റെടുക്കുകയും അതിന്റെ ശൃംഖലയില്‍ ചേര്‍ക്കുകയും ചെയ്തു. ഒരു സ്വതന്ത്രജനതയുടെ ആവശ്യങ്ങള്‍ക്ക് അനുഗുണമായ വിധം പ്രക്ഷേപണപരിപാടികളുടെയും ഭരണസംവിധാനത്തിന്റെയും സ്വഭാവത്തില്‍ ഒരു പുനഃക്രമീകരണം എല്ലാ നിലയങ്ങളിലും വരുത്തി. ആകാശവാണി എന്ന പേര് മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണവകുപ്പ് ആണ് ആദ്യം ഉപയോഗിച്ചത്. അഖിലേന്ത്യാ റേഡിയോ പുനഃസംവിധാനം ചെയ്തപ്പോള്‍ ആള്‍ ഇന്ത്യാ റേഡിയോ എന്നതോടൊപ്പം 'ആകാശവാണി'യും ഒരു സമാന്തരനാമമായി സ്വീകരിക്കപ്പെട്ടു. ഇന്ന് ഇന്ത്യയില്‍ ഉടനീളം ആകാശവാണി എന്ന പേരാണ് ഏറിയ പങ്കും പൊതുജനവ്യവഹാരത്തിലുള്ളത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ആള്‍ ഇന്ത്യാ റേഡിയോയുടെ വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. 1974 അവസാനം ആയപ്പോഴേക്കും 40 സ്വതന്ത്ര നിലയങ്ങളും 24 സഹ (Auxiliary) നിലയങ്ങളും മൂന്ന് ശക്തികുറഞ്ഞ ഉപനിലയങ്ങളും (Satellite) 30 വിവിധ്ഭാരതി ചാനലുകളും ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു പ്രക്ഷേപണ ശൃംഖലയായി ആള്‍ ഇന്ത്യാ റേഡിയോ വളര്‍ന്നു. പ്രക്ഷേപണപ്രസരണികളുടെ സൗകര്യം 1.29 കോടിയില്‍പ്പരം വയര്‍ലസ് സെറ്റുകള്‍ പ്രയോജനപ്പെടുത്തി.

ആധുനികകാലം

ഇന്ന് ഇന്ത്യയില്‍ 99 ശ.മാ. ജനങ്ങള്‍ക്കും ആകാശവാണിയുടെ പ്രക്ഷേപണങ്ങള്‍ കേള്‍ക്കാന്‍ സാഹചര്യം ഉണ്ട്. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ 90 ശ.മാ. പ്രദേശങ്ങളിലും റേഡിയോ മാധ്യമത്തിന്റെ തരംഗം എത്തിച്ചേരുന്നുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ റേഡിയോ സെറ്റുകള്‍ ഏകദേശം 20 കോടിയോളം ഉണ്ട്. യുനസ്കോയുടെ കണക്കനുസരിച്ച് ഇത്രയും ജനസംഖ്യയുള്ള ഒരു ബൃഹത് രാഷ്ട്രത്തില്‍ 50 കോടി റേഡിയോ എങ്കിലും വേണമത്രെ!. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയില്‍ ആഞ്ഞടിച്ച ട്രാന്‍സിസ്റ്റര്‍ വിപ്ളവം ഇന്ത്യന്‍ ഗ്രാമങ്ങളില്‍പ്പോലും റേഡിയോ ശ്രോതാക്കളുടെ എണ്ണം കൂട്ടിയിട്ടുണ്ടായിരുന്നു. ലോകത്താകമാനം 1980കളില്‍ 140 കോടിയോളം റേഡിയോ സെറ്റുകളില്‍ നിന്ന് വിവരവും, അറിവും, വിനോദവും ജനങ്ങളുടെ കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. റേഡിയോ നിലയങ്ങളുടെ എണ്ണം ഇന്ത്യയില്‍ ഈയിടെയായി വര്‍ധിച്ചു കൊണ്ടേയിരുന്നു. ആദ്യം വെറും 6 നിലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്താണ് ഇന്ന് 220 ലധികം നിലയങ്ങളും, 335 പ്രസരണികളും ഉള്ളത്. ഇതില്‍ 149 പ്രസരണികള്‍ മീഡിയം വേവും (MW) 55 എണ്ണം ഷോര്‍ട്ട് വേവും (SM) 131 എണ്ണം ഫ്രീക്വന്‍സി മോഡൂലേറ്റഡും (FM) ആണ്.

ആള്‍ ഇന്ത്യ റേഡിയോ നിലയങ്ങള്‍ താഴെപ്പറയുന്ന രീതിയിലും വിഭജിച്ചിരിക്കുന്നു.

പ്രാദേശിക നിലയങ്ങള്‍ (Local Stations) 76

മേഖലാ നിലയങ്ങള്‍ (Regional Stations) 113

റിലേ കേന്ദ്രങ്ങള്‍ (Relay centre) 12

വിവിധ് ഭാരതികേന്ദ്രങ്ങള്‍ (Vividhbharathi Exclusive centres) 3

സാമൂഹിക നിലയങ്ങള്‍ (Community Radio stations ) 5

വാണിജ്യ പ്രക്ഷേപണകേന്ദ്രങ്ങള്‍ (Commercial centres) 39

കഴിഞ്ഞ മുപ്പതുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണ മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ട്. അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൊണ്ടുപിടിച്ചശ്രമം നടന്നതിന്റെ ഫലമായാണ് റേഡിയോ നിലയങ്ങളും പ്രസരണികളും വര്‍ധിച്ചത്. തികച്ചും കേന്ദ്രസര്‍ക്കാരിന്റെ വരുതിയിലായിരുന്ന പ്രക്ഷേപണത്തിന് ചില സ്വാതന്ത്യ്രങ്ങളൊക്കെ അനുവദിച്ചുകൊണ്ട് ഈ സംഘടനയെ ഒരു സ്വതന്ത്ര കോര്‍പ്പറേഷനാക്കി മാറ്റാന്‍ കഴിഞ്ഞു. കാല്‍നൂറ്റാണ്ടില്‍ ഭരണതലത്തില്‍ത്തന്നെ സമ്മര്‍ദങ്ങള്‍ ഏറെയുണ്ടായി. ചന്ദാക്കമ്മറ്റി, വര്‍ഗീസ് കമ്മറ്റി (1978), 1989-ല്‍ കൊണ്ടുവന്ന പ്രസാര്‍ഭാരതിബില്‍ എന്നിവ സ്വയം ഭരണാശയത്തിലേക്ക് പ്രക്ഷേപണമേഖലയെ നയിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു ഭാഗമായി പ്രക്ഷേപണസ്വയംഭരണം ഉണ്ടാകണമെന്ന് സര്‍വീസ് കമ്മറ്റി ആഗ്രഹിച്ചപ്പോള്‍ പ്രസാര്‍ഭാരതിബില്‍ പാര്‍ലമെന്റില്‍ വച്ചത് സ്വതന്ത്രമായ ഒരു പ്രക്ഷേപണ കോര്‍പ്പറേഷന്‍ ജന്മം കൊള്ളാനുള്ള സാഹചര്യം ഒരുക്കാനായിരുന്നു. 1990-ല്‍ ലോകസഭയില്‍ പ്രസാര്‍ഭാരതിബില്‍ അംഗീകരിക്കപ്പെട്ടു.

1976 ഏ. 1-ന് ദൂരദര്‍ശന്‍ വിഭാഗത്തെ ആള്‍ ഇന്ത്യ റേഡിയോയില്‍നിന്ന് വിഭജിച്ച് പ്രത്യേക വകുപ്പാക്കി മാറ്റുകയുണ്ടായി. ഏതായാലും ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിങ് കോര്‍പ്പറേഷന്റെ രണ്ടു സംഘടനകളായി ദൂരദര്‍ശനും ആള്‍ ഇന്ത്യാ റേഡിയോയും തുടരുകയാണ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ റേഡിയോ പ്രക്ഷേപണ രംഗത്തുവന്നിരിക്കുന്ന സ്ഥായിയായ ചില പുരോഗതികള്‍ അവലോകനം ചെയ്യുമ്പോള്‍ അടിസ്ഥാന സൌകര്യവര്‍ധനവിന് ഉപരിയായി പരിപാടികളുടെ ഗുണാത്മകതയിലും അന്തഃസത്തയിലും സേവനോന്മുഖതയിലും വന്നിരിക്കുന്ന വര്‍ധന പ്രകടമാണ്. ഫ്രീക്വന്‍സി മോഡുലേറ്റഡ് (FM) നിലയങ്ങള്‍ ഇന്ത്യന്‍ പ്രക്ഷേപണത്തിന് മുഖംമിനുക്കാന്‍ അവസരം നല്‍കി എന്നുപറഞ്ഞാല്‍ തെറ്റില്ല. മറ്റു വൈദ്യുത കാന്തിക തരംഗങ്ങളുടെ ശല്യമില്ലാതെ സ്വച്ഛസുന്ദരമായ ശബ്ദലോകം ശ്രോതാവിനു സമ്മാനിക്കുന്ന എഫ്.എം. പ്രക്ഷേപണം യുവജനത ഇഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ അധികാരികള്‍ ആകാശവാണിയുടെ നിയന്ത്രണത്തിനുപുറത്ത് സ്വകാര്യമേഖലയില്‍ നൂറുകണക്കിന് എഫ്.എം. നിലയങ്ങള്‍ അനുവദിക്കാന്‍ ആരംഭിച്ചു. അടുത്തകാലത്തായി പ്രസാര്‍ ഭാരതി കേരളത്തില്‍ പത്തിലധികം ഇത്തരം സ്വകാര്യ നിലയങ്ങള്‍ അനുവദിച്ചിരിക്കുന്നു. കോടിക്കണക്കിനു രൂപ ലൈസന്‍സ് ഫീ നല്‍കി മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ തുടങ്ങിയ സ്വകാര്യ സംഘടനകള്‍ എഫ്.എം. നിലയങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഡല്‍ഹിയിലും, മുംബൈയിലും, ബാംഗ്ളൂരിലും, ചെന്നൈയിലും ടൈംസ് ഒഫ് ഇന്ത്യ ആരംഭിച്ച ടൈംസ് റേഡിയോ, റേഡിയോ മിര്‍ച്ച്, മിഡ്ഡേ റേഡിയോ തുടങ്ങിയവ പരസ്യങ്ങളില്‍നിന്ന് പണം കൊയ്യുന്നുണ്ട്. ഇത് പുതിയ ജനപ്രിയ പരിപാടികള്‍ ആസൂത്രണം ചെയ്യാനും, പരസ്യങ്ങള്‍ വഴി ധനം സമ്പാദിക്കാനും, കഴിവുള്ള സംഘടനകള്‍ സര്‍ക്കാര്‍ മേഖലയിലെ പ്രക്ഷേപണത്തിന് എതിരെ മത്സരിക്കാനും പൊതുവേ ഈ രംഗത്തെ ഗുണനിലവാരം ഉയരാനും സാധ്യത തെളിയുന്നുണ്ട്. ഇതുപോലെതന്നെ ചെറിയ തോതില്‍ സാമൂഹിക റേഡിയോയും പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ 2006-ല്‍ (ജനു. 6-ന്) പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഡി.സി. ബുക്സിന്റെ മേല്‍നോട്ടത്തില്‍ FM കമ്യൂണിറ്റി റേഡിയോ തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് പ്രവര്‍ത്തനം തുടങ്ങി. റേഡിയോ പ്രക്ഷേപണത്തിന് അടുത്ത കാലത്തായി മറ്റു ദൃശ്യചാനലുകളില്‍ നിന്ന് കനത്ത മത്സരം ഏല്ക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോള്‍ പ്രസാര്‍ഭാരതി ഡയറക്ട് ടു ഹോം (DTH) എന്ന സാറ്റലൈറ്റ് സഹായക റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ടുണ്ട്. റേഡിയോയുടെ ശ്രവ്യപരിപാടികളും, ടെലിവിഷന്റെ ദൃശ്യപ്രപഞ്ചവും ഒന്നിച്ചു പ്രക്ഷേപണവും സംപ്രേഷണവും ചെയ്ത് ടി.വി. സെറ്റില്‍ കേള്‍ക്കാനും കാണാനും അവസരമൊരുക്കുന്ന ഈ പുതിയ സംവിധാനം ഇന്ത്യയിലെങ്ങും പ്രാവര്‍ത്തികമാക്കി വരികയാണ്. കടഞഛ വിക്ഷേപിച്ച ഇന്‍സാറ്റ് 4 A എന്ന ഉപഗ്രഹത്തില്‍ കൂടുതല്‍ ടെലിവിഷന്‍ നെറ്റുവര്‍ക്കുകളും, ഓഡിയോ ചാനലുകളും നല്‍കാന്‍ പറ്റിയ ട്രാന്‍സ്പോണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മലയാളം റേഡിയോ പരിപാടികളടക്കം 12 റേഡിയോ ചാനലുകളും മുപ്പതില്‍പ്പരം ടെലിവിഷന്‍ ചാനലുകളും DTH ആന്റിന വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയാണിപ്പോള്‍. 2002 ഫെ. 2-ല്‍ ആണ് ആദ്യമായി DTH ഡിജിറ്റല്‍ സാറ്റലൈറ്റ് റേഡിയോ ബ്രോഡ് കാസ്റ്റിങ് ആരംഭിച്ചത്.

പുതിയ FM 11ചാനല്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മഹാനഗരങ്ങളില്‍ 2001 സെപ്. 1-ന് ആരംഭിച്ചു. 2001 മേയ് മാസം ആള്‍ ഇന്ത്യ റേഡിയോ റിസോഴ്സ് സെന്റര്‍ സ്ഥാപിതമായി. ആകാശവാണി പരിപാടികളുടെ നിര്‍മാണത്തിനും അവതരണത്തിനും ഉത്തേജനം പകരാനും ഗുണനിലവാരം ഉയര്‍ത്താനും, സംവിധായകര്‍ക്കും, എഴുത്തുകാര്‍ക്കും, അവതാരകര്‍ക്കും പ്രോത്സാഹനം നല്‍കാനും 1974 മുതല്‍ ആകാശവാണി ദേശീയ അവാര്‍ഡുകള്‍ സ്ഥാപിച്ച് വിതരണം ചെയ്തുവരുന്നുണ്ട്.

ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ റേഡിയോ നിലയങ്ങളും പുതിയ വിവരസാങ്കേതിക വിദ്യയ്ക്കനുസൃതമായ രീതിയില്‍ പ്രക്ഷേപണം സംവിധാനം ചെയ്ത് അവതരിപ്പിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മാഗ്നറ്റിക്ക് ടേപ്പില്‍ ശബ്ദലേഖനം ചെയ്ത് എഡിറ്റു ചെയ്ത് അവതരിപ്പിച്ചിരുന്ന പരിപാടികള്‍ ഇന്ന് ഡിജിറ്റല്‍ സംവിധാനത്തിലാണ് ശബ്ദലേഖനം ചെയ്യുന്നതും സ്റ്റുഡിയോയില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നതും. ഈ മാറ്റം കൊണ്ട് ശബ്ദം കൂടുതല്‍ തെളിഞ്ഞതും സംവിധാനരീതി വളരെ പ്രയാസം കുറഞ്ഞതും ആയിത്തീര്‍ന്നിരിക്കുന്നു. ഏതു പരിപാടിയിലും അവസാന നിമിഷംവരെ ഒരു ശബ്ദശകലമോ ഒരാളുടെ അഭിപ്രായമോ ഒരു ഗാനത്തിന്റെ വരിയോ സന്നിവേശിപ്പിക്കാന്‍ സാധിക്കുന്നു. മാത്രമല്ല എത്ര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയും ഒരു ഹാര്‍ഡ്ഡിസ്കില്‍ അനേകവര്‍ഷം സൂക്ഷിക്കാം. അത് നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ട കംപ്യൂട്ടര്‍ സിസ്റ്റത്തിലേക്കു ഞൊടിയിടയില്‍ അയച്ചു കൊടുക്കാം. അനാവശ്യമായ പിരിമുറുക്കമോ ശബ്ദ ഗുണമേന്മയെക്കുറിച്ചുള്ള ഉത്കണ്ഠയോ അവതാരകന്മാര്‍ക്ക് ഉണ്ടാവുന്നില്ല എന്നതും പുതിയ ഡിജിറ്റല്‍ പദ്ധതിയുടെ മേന്മ തന്നെയാണ്. മാഗ്നറ്റിക്ക് ടേപ്പുകളില്‍ വളരെക്കാലം ശബ്ദശേഖരം നിലനില്ക്കില്ല. ആകാശവാണി നിലയങ്ങളിലെ ശബ്ദപുരാരേഖകള്‍ (Sound Archives) കോംപാക്റ്റ് ഡിസ്കില്‍ (CD) ശബ്ദ ലേഖനം ചെയ്തു സൂക്ഷിക്കാന്‍ ആരംഭിച്ചതും പുതിയ ശൈലിയാണ്.

പ്രക്ഷേപണത്തിന്റെ പാരമ്പര്യ ശൈലി പരിരക്ഷിച്ചു കൊണ്ടുതന്നെ പുതിയ പ്രവണത ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ പ്രക്ഷേപണ മേഖല ശ്രദ്ധിക്കുന്നുണ്ട്. നാട്ടിലെ പല മേഖലകളിലെയും പ്രസിദ്ധരായ വ്യക്തികളുടെ ജീവിത കഥ അവരുടെ തന്നെ ശബ്ദത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന റേഡിയോ ബയോഗ്രഫിയുടെ രീതിയില്‍ ശബ്ദലേഖനം ചെയ്തുവയ്ക്കുന്ന ഒരു പദ്ധതി ദേശീയതലത്തിലും, പ്രാദേശിക തലത്തിലും ആകാശവാണി ഏറ്റെടുത്തു നടത്തിവരുന്നുണ്ട് അടുത്തകാലത്ത് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് (IGNOU) നാല്പത് FM റേഡിയോ നിലയങ്ങള്‍ സ്ഥാപിച്ച് വിജ്ഞാനപ്രസരണത്തിനായി 'ജ്ഞാനവാണി' എന്ന ഒരു സമാന്തര പ്രക്ഷേപണ ചാനല്‍ തുടങ്ങിയത് വലിയ നേട്ടമായി കണക്കാക്കുന്നു.

പരസ്യങ്ങള്‍ വഴി പ്രസാര്‍ഭാരതി ദൂരദര്‍ശന്റെയും ആകാശവാണിയുടെയും ചെലവിനത്തില്‍ കുറേയൊക്കെ നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. വാണിജ്യകാര്യങ്ങള്‍ക്കായി ഒരു മാര്‍ക്കറ്റിങ് വിഭാഗവും തുടങ്ങിയിട്ടുണ്ട്.

1988 മേയ് 18-ന് ആണ് AIR ന്റെ ദേശീയ ചാനല്‍ ആരംഭിച്ചത്. രാജ്യത്തിലെ ജനസംഖ്യയുടെ ആറ് ശ.മാ. ഇതിന്റെ പരിധിയില്‍ ഉണ്ട്. സാംസ്കാരിക മൂല്യങ്ങളും സദാചാരവും ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യവും ഈ ചാനലിന് ഉണ്ട്.

പരിപാടികള്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍, ജനാധിപത്യമാര്‍ഗങ്ങളിലൂടെ പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിന് ജനങ്ങളെ ഉത്സുകരാക്കുവാന്‍ ഇതുവരെ വിഭാവനചെയ്തിട്ടുള്ള പ്രചരണമാധ്യമങ്ങളില്‍ ഏറ്റവും ശക്തവും സമര്‍ഥവുമായത് റേഡിയോപ്രക്ഷേപണമാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതുപോലെതന്നെ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്ന യജ്ഞത്തിന് ഇന്ത്യന്‍ ജനതയെ സന്നദ്ധമാക്കുന്നതില്‍ സുപ്രധാനമായ പങ്കും ആകാശവാണി വഹിക്കുന്നു. ഈ ചുമതലകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ആകാശവാണി

ബഹു ജന ഹിതായ

ബഹുജന സുഖായ

എന്ന ആപ്തവാക്യം മുദ്രാവാക്യമായി സ്വീകരിച്ച് അതിന്റെ പ്രക്ഷേപണപരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നത്. ആകാശവാണിയുടെ വാര്‍ത്താബുള്ളറ്റിനുകള്‍, പ്രഭാഷണങ്ങള്‍, പാര്‍ലമെന്റ് നടപടികളുടെ അവലോകനങ്ങള്‍, വാര്‍ത്താവലോകനങ്ങള്‍, വിവിധ ദേശീയ പ്രഭാഷണപരിപാടികള്‍, ഡോക്കുമെന്ററി ചിത്രീകരണങ്ങള്‍ തുടങ്ങിയവയ്ക്കു പിന്നില്‍ ദേശീയോദ്ഗ്രഥനം മൌലികലക്ഷ്യമായി വര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസരംഗത്ത് വിദ്യാലയപ്രക്ഷേപണങ്ങളും ഗ്രാമീണരുടെ പ്രയോജനത്തിനായി ഗ്രാമീണ പരിപാടികളും കര്‍ഷകരെ ഉദ്ദേശിച്ചു കാര്‍ഷികപരിപാടികളും പ്രക്ഷേപണം ചെയ്തു വരുന്നുണ്ട്.

ക്ലാസ്സിക്കല്‍ സംഗീതം, ഗ്രാമീണ പരിപാടികള്‍ മുതലായവ

ആകാശവാണിയുടെ എല്ലാ നിലയങ്ങളും അവ നിലനില്ക്കുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാനി സംഗീതമോ, കര്‍ണാടകസംഗീതമോ പാരമ്പര്യക്രമമനുസരിച്ചുള്ള ക്ലാസ്സിക് ശൈലിയിലും ആധുനികത ഉള്‍ക്കൊണ്ടിട്ടുള്ള ലളിത ശൈലിയിലും പ്രക്ഷേപണം ചെയ്തുവരുന്നു. യുവജനങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടികള്‍ക്കും കുടുംബാസൂത്രണ പ്രചാരണ പരിപാടികള്‍ക്കും ഇതര ബോധവത്കരണ പരിപാടികള്‍ക്കും ഏറ്റവും മുന്തിയ പരിഗണന ലഭിക്കുന്നുണ്ട്.

ആള്‍ ഇന്ത്യാ റേഡിയോയുടെ പരിപാടികളുടെ വൈവിധ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുണ്ട്. സ്റ്റുഡിയോയില്‍ 60 ശ.മാ. ഭാഷിതവാങ്മയം, 40 ശ.മാ. സംഗീതം എന്ന കണക്കിന് ആദ്യകാലത്ത് നിര്‍മിച്ച് അവതരിപ്പിച്ചുകൊണ്ടിരുന്ന പരിപാടികള്‍ക്കു ഉപരിയായി ഇന്ന് ഇന്ത്യന്‍ പ്രക്ഷേപണ നിലയങ്ങള്‍ തത്സമയ പ്രക്ഷേപണത്തിന് ഊന്നല്‍ നല്‍കുന്നു. ഇതുകൂടാതെ ശ്രോതാക്കള്‍ക്ക് റേഡിയോ നിലയത്തിലേക്കു വിളിച്ച് (ടെലഫോണ്‍ വഴി) പരിപാടികളില്‍ ഇടപെടാനും പരിപാടിയുടെ ഗതി തന്നെ മാറ്റാനും സാധിക്കുന്ന അവസ്ഥ വന്നുചേര്‍ന്നിരിക്കുകയാണ്. പൂന്തേനരുവി, തരംഗം തുടങ്ങിയ മധ്യാഹ്ന ഫോണ്‍-ഇന്‍ പരിപാടികള്‍ തിരുവനന്തപുരം നിലയത്തിന്റെ പ്രത്യേക ഇനങ്ങളാണ്.

'റേഡിയോ - ഓണ്‍- ഡിമാന്‍ഡ്' (ROD) എന്ന ഒരു പരിപാടി 1999 മുതല്‍ ഡല്‍ഹിയില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നുണ്ട്. 'ന്യൂസ് ഓണ്‍ ഫോണ്‍' എന്ന പരിപാടി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്യുന്നുണ്ട്. നിലയത്തിലേക്ക് പുറമേ നിന്ന് ഏതു സമയത്തും ഒരു പ്രത്യേക നമ്പറില്‍ ടെലഫോണ്‍ ചെയ്തു കഴിഞ്ഞാല്‍ ഏറ്റവും പുതിയ വാര്‍ത്ത ലഭിക്കുന്ന കംപ്യൂട്ടര്‍ സംവിധാനമാണിത്.

സെന്‍ട്രല്‍ എഡ്യൂക്കേഷണല്‍ പ്ലാനിങ് യൂണിറ്റിന്റെ 'ഇഗ്നു ഫോണ്‍ ഇന്‍ പ്രോഗ്രാം', 'വിജ്ഞാനഭാരതി' (നാഷണല്‍ സയന്‍സ് മാഗസിന്‍) ബിബിസിയുടെ സഹകരണത്തോടെയുള്ള 'എച്ച്.ഐ.വി. എയിഡ്സ്' പരിപാടി, സ്ത്രീ ശാക്തീകരണ പരിപാടി ('താരു' 2001 ല്‍ തുടങ്ങിയത്) എന്നിവ വളരെ പ്രസിദ്ധമായ ദേശീയ പ്രക്ഷേപണങ്ങളാണ്. ഇതുപോലെ ദേശീയ ചിത്രീകരണ പരിപാടി, ദേശീയ സംഗീതക്കച്ചേരി, ദേശീയ നാടക പരിപാടി, ദേശീയ ചര്‍ച്ചാ പരിപാടി, റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷേപണം ചെയ്യുന്ന സര്‍വ ഭാഷാ കവി സമ്മേളനം എന്നിവ പ്രചുരപ്രചാരം നേടിയവയാണ്.

വാര്‍ത്തകള്‍

ഡല്‍ഹി കേന്ദ്രമാക്കി അഖിലേന്ത്യാ വ്യാപകമായി നടത്തിവരുന്ന അനുദിന ആഭ്യന്തരപ്രക്ഷേപണ പരിപാടികളുടെ ഭാഗമായി ക്ലിപ്തസമയങ്ങളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വിവിധ പ്രാദേശികഭാഷകളിലും വാര്‍ത്താബുള്ളറ്റിനുകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇവ യഥായോഗ്യം പ്രാദേശിക നിലയങ്ങള്‍ 'റിലെ' ചെയ്യുന്നു. കൂടാതെ ദിവസം മുഴുവനും തുടരെത്തുടരെ നിശ്ചിതസമയങ്ങളില്‍ ഹിന്ദിയിലും ഇംഗ്ളീഷിലും പ്രധാന വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഡല്‍ഹി നിലയത്തിലുണ്ട്. ഡല്‍ഹിയില്‍നിന്നും പ്രക്ഷേപണം ചെയ്യുന്ന പ്രാദേശികഭാഷകളിലുള്ള വാര്‍ത്താബുള്ളറ്റിനുപുറമേ അതതുപ്രാദേശിക നിലയങ്ങളില്‍നിന്നും അതതു പ്രദേശത്തു നടക്കുന്ന അനുദിനസംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രാദേശിക വാര്‍ത്താബുള്ളറ്റിനുകളും പ്രക്ഷേപണം ചെയ്തുവരുന്നു. വാര്‍ത്താപ്രാധാന്യമുളള അന്താരാഷ്ട്രീയവും ദേശീയവും പ്രാദേശികവുമായ സംഭവങ്ങളുടെ വിവരണങ്ങളും അവ അവലംബമാക്കിയുള്ള ചിത്രീകരണങ്ങളും ഡോക്കുമെന്ററി സ്വഭാവമുള്ള വാര്‍ത്താവിമര്‍ശനങ്ങളും ആഴ്ചയില്‍ രണ്ടും മൂന്നും തവണ പ്രക്ഷേപണം ചെയ്യുന്നതിനു പുറമേ കേന്ദ്രതലത്തിലും പ്രദേശികതലത്തിലും വാര്‍ത്താതരംഗിണികളും (news reals) പ്രക്ഷേപണം ചെയ്തുവരുന്നുണ്ട്.

ആകാശവാണിയുടെ കൊടിവച്ച കപ്പല്‍ (Flag Ship) എന്നും വാര്‍ത്തകള്‍ തന്നെയാണ്. ന്യൂസ് സര്‍വീസ് ഡിവിഷന്‍ ഇന്ന് 316 ന്യൂസ് ബുള്ളറ്റിന്‍ പ്രതിദിനം ഇറക്കുന്നുണ്ട്. വിദേശ സര്‍വീസിന്റെ (External service) ഭാഗമായി 25 ഭാഷകളിലായി 64 ന്യൂസ് ബുള്ളറ്റിനുകള്‍ അഖിലേന്ത്യാ റേഡിയോ പ്രസാരണം ചെയ്യുന്നു. എക്സ്റ്റേണല്‍ സര്‍വീസ് ഡിവിഷന്‍ വിദേശ രാജ്യങ്ങളുമായുള്ള ഒരു ആശയ വിനിമയക്കണ്ണിയാണ്. സാര്‍ക്ക് രാജ്യങ്ങളിലേക്കും (SAARC) ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും, മധ്യപൂര്‍വരാജ്യങ്ങളിലേക്കും നമ്മുടെ റേഡിയോ ചാനല്‍ ഐക്യരാഷ്ട്ര വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

ദേശാന്തരപ്രക്ഷേപണങ്ങള്‍

വിദേശങ്ങളിലുള്ള ശ്രോതാക്കളെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രക്ഷേപണ പരിപാടികള്‍ ആകാശവാണി ആദ്യമായി ഏറ്റെടുത്തത് 1939-ല്‍ ആണ്. അഫ്ഗാനിസ്താനിലും ആദിവാസികള്‍ താമസിക്കുന്ന വ. പ. അതിര്‍ത്തിപ്രദേശങ്ങളിലും ഉള്ള ശ്രോതാക്കളെ ഉദ്ദേശിച്ച് പ്രതിദിനം ഏതാനും മിനിറ്റു സമയം പുഷ്തുഭാഷയില്‍ നടത്തിവന്ന പ്രക്ഷേപണമായിരുന്നു ഇക്കൂട്ടത്തിലാദ്യം ആരംഭിച്ചത്. എന്നാല്‍ ഇന്ന് 24 മണിക്കൂറും തുടര്‍ച്ചയായി വിദേശശ്രോതാക്കള്‍ക്കായുള്ള പ്രക്ഷേപണങ്ങള്‍ നടത്തിവരുന്നുണ്ട്. ഈ പ്രക്ഷേപണപരിപാടികള്‍ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ കാലിക പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യയുടെ നിലപാടും വീക്ഷണവും വൈദേശികശ്രോതാക്കള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാനും മറ്റു രാജ്യങ്ങളുമായുള്ള സൌഹൃദബന്ധങ്ങള്‍ സ്ഥാപിച്ചു നിലനിര്‍ത്തുവാനും വിദേശങ്ങളില്‍ താമസിക്കുന്ന ഭാരതീയര്‍ക്ക് ഇന്ത്യയ്ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റിയും വികസന പരിപാടികളെപ്പറ്റിയും അറിവുണ്ടാക്കുവാനും വേണ്ടിയുള്ളതാണ്. ഹിന്ദി, ബംഗാളി, പഞ്ചാബി, സിന്ധി, കൊങ്കണി എന്നീ ഭാഷകളിലുള്ള പ്രക്ഷേപണങ്ങള്‍ കൂടാതെ ബര്‍മീസ്, പുഷ്തു, ദാരി, നേപ്പാളി, ടിബറ്റന്‍, ചൈനീസ്, അറബി, പേര്‍ഷ്യന്‍, സ്വാഹിലി, തായ്, ഇന്തോനേഷ്യന്‍, ഫ്രഞ്ച്, റഷ്യന്‍, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളിലും പ്രക്ഷേപണങ്ങള്‍ നടത്തിവരുന്നുണ്ട്.

വിവിധ് ഭാരതി=

ആകാശവാണിയുടെ പൊതുപ്രക്ഷേപണപരിപാടികളില്‍നിന്നു വ്യത്യസ്തമായി ഹിന്ദിയിലും മറ്റു പ്രാദേശികഭാഷകളിലുമുള്ള ചലച്ചിത്രഗാനങ്ങള്‍, ലളിതഗാനങ്ങള്‍, നാടോടിക്കലാരൂപങ്ങള്‍, ചിത്രീകരണങ്ങള്‍ തുടങ്ങിയ ലഘുപരിപാടികള്‍ അഖിലേന്ത്യാവ്യാപകമായി പ്രക്ഷേപണം ചെയ്യുന്നതിനുവേണ്ടി പ്രത്യേകം സംവിധാനം ചെയ്തിട്ടുള്ള ഒരു പദ്ധതിയാണ് വിവിധ് ഭാരതി. വിവിധ ഭാരതീയ ഭാഷകളിലുള്ള ഈ പരിപാടികള്‍ ഇന്ത്യയില്‍ പൊതുവേ എല്ലാ പ്രദേശങ്ങളിലുമുള്ള ശ്രോതാക്കള്‍ക്കും ആസ്വദിക്കത്തക്കവണ്ണം ക്രമപ്പെടുത്തി പ്രക്ഷേപണം ചെയ്തുവരുന്നു. ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതുമൂലം വിഭിന്ന ഭാരതീയ ഭാഷകള്‍ സംസാരിച്ചുവരുന്ന ജനവര്‍ഗങ്ങള്‍ തമ്മില്‍ സാംസ്കാരികവും വൈകാരികവുമായ രംഗങ്ങളില്‍ ആദാനപ്രദാനങ്ങള്‍ നടക്കുന്നു. അതുവഴി സാംസ്കാരിക സമന്വയത്തിനും വൈകാരികോദ്ഗ്രഥനത്തിനും സന്ദര്‍ഭം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ലളിതവും ലഘുതരവുമായ പരിപാടികള്‍ക്കും ചലച്ചിത്രഗാനങ്ങള്‍ക്കും വേണ്ടി ഭാരതീയ ശ്രോതാക്കള്‍ വൈദേശികപ്രക്ഷേപണങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിവിശേഷം ഒഴിവാക്കുവാനും ഇടയാകും. ഈ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് വിവിധ് ഭാരതി പ്രക്ഷേപണത്തിനു രൂപം നല്കിയത്.

വാണിജ്യപ്രക്ഷേപണം

വിദേശനിലയങ്ങള്‍ ഭാരതീയ ഗാനങ്ങളും കലാപരിപാടികളും പ്രക്ഷേപണം ചെയ്യുന്നതിനിടയില്‍ വിദേശീയ വിഭവങ്ങളിലേക്ക് ഭാരതീയ ശ്രോതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യന്‍ വിഭവങ്ങളുടെ പ്രചാരത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ട് അതിനെതിരെ ഇന്ത്യന്‍ വിഭവങ്ങളുടെ പ്രചാരത്തിനുവേണ്ട പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യേണ്ടതാവശ്യമായി വന്നു. ഇത്തരം പരസ്യങ്ങളുടെ പ്രക്ഷേപണത്തിന് വിദേശീയപ്രക്ഷേപണ നിലയങ്ങളെ ആശ്രയിക്കേണ്ടിവന്നാല്‍ അതുമൂലം ഇന്ത്യയ്ക്കു നേരിടേണ്ടിവരുന്ന വിദേശനാണ്യ ബാധ്യത നമ്മുടെ വാണിജ്യമേഖലയെ അല്പമായെങ്കിലും ദുര്‍ബലമാക്കാതിരിക്കയില്ല. ഈ സ്ഥിതിവിശേഷവും ഒഴിവാക്കേണ്ടത് നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്കും വ്യാവസായിക പുരോഗതിക്കും ആവശ്യമായി വന്നു. ഇക്കാരണങ്ങളാല്‍ വിവിധ് ഭാരതിയുടെ ഒരു വികസിത രൂപമായിട്ടാണ് വാണിജ്യ പ്രക്ഷേപണ പരിപാടി ആരംഭിക്കുവാന്‍ ആകാശവാണി തയ്യാറായത്. വിവിധ് ഭാരതിക്കായുള്ള ചാനലില്‍ ചെറിയൊരു തോതിലാണ് ഇത് ആദ്യമായി (1967) തുടങ്ങിയത്. പരസ്യക്കാര്‍ക്കിടയില്‍ ഈ വാണിജ്യ പരിപാടി ഇന്ന് പൊതുവേ സമ്മതിയാര്‍ജിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം നിലയങ്ങളില്‍നിന്നും ഇപ്പോള്‍ വാണിജ്യപ്രക്ഷേപണങ്ങള്‍ നടത്തിവരുന്നു.

ഉദ്യോഗസ്ഥ പരിശീലനം (Staff Training)

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനുമായുള്ള ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഈ അടുത്തകാലം വരെ ആകാശവാണിയിലെ ഉദ്യോഗസ്ഥന്‍മാരെ ലണ്ടനില്‍ അയച്ച് പ്രത്യേകം പരിശീലിപ്പിച്ചുവന്നു. എന്നാല്‍ പരിപാടികളുടെ ആസൂത്രണം, ആവിഷ്കരണം എന്നിവയിലും എന്‍ജിനീയറിങ്ങിലും ഭരണസംവിധാനത്തിലും ആകാശവാണി ഉദ്യോഗസ്ഥന്‍മാരെ പരിശീലിപ്പിക്കുന്നതിന് ഡല്‍ഹിയില്‍ത്തന്നെ ഒരു സ്റ്റാഫ് ട്രെയിനിങ് സ്കൂള്‍ 1947 മുതല്‍ നടത്തിവരുന്നു. കൂടാതെ കട്ടക്, തിരുവനന്തപുരം, അഹമദാബാദ്, ലക്നൌ എന്നിവിടങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍ ഉണ്ട്. എഞ്ചിനീയറിങ് സ്റ്റാഫിനായി ഡല്‍ഹി, ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങളിലാണുള്ളത്. 2004 മുതല്‍ ആകാശവാണി അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പ്രക്ഷേപണസാങ്കേതികരംഗത്ത് പരിശീലനം നല്‍കുന്നുണ്ട്.

മോണിറ്ററിങ് സര്‍വീസ് (Monitoring Service)

രണ്ടാംലോകയുദ്ധകാലത്ത് ശത്രുരാജ്യങ്ങളുടെ എതിര്‍പ്രചാരണസ്വഭാവം മനസ്സിലാക്കുവാന്‍വേണ്ടി ആരംഭിച്ചതാണ് ഈ പരിപാടി. ഇപ്പോള്‍ വിദേശനിലയങ്ങളില്‍ നിന്നുള്ള പ്രക്ഷേപണങ്ങള്‍ ശ്രദ്ധിക്കുന്നതിനാണ് ഈ സര്‍വീസ് ഉപയോഗിക്കുന്നത്.

ഗവേഷണം

ശ്രോതാക്കളുടെ അഭിരുചി മനസ്സിലാക്കുന്നതിനും പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടികളെക്കുറിച്ച് ശ്രോതാക്കള്‍ക്കുള്ള അഭിപ്രായം ആരാഞ്ഞ് അതനുസരിച്ച് പരിപാടികളുടെ ഭാവം, രൂപം, സമയം ഇവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും സഹായമായ വസ്തുതകള്‍ ശേഖരിച്ച് വിലയിരുത്തുന്നതിനും, പ്രക്ഷേപിണികളുടെ പ്രസരണമേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനങ്ങളെക്കുറിച്ചു പഠിച്ച് സാങ്കേതിക ക്രമീകരണങ്ങളില്‍ വേണ്ട പരിഷ്കാരങ്ങളും വികസനങ്ങളും നടപ്പാക്കുന്നതിനും ആയി പ്രത്യേക ഗവേഷണങ്ങള്‍ ആകാശവാണി നടത്തിവരുന്നുണ്ട്. അതുപോലെതന്നെ കൃത്രിമോപഗ്രഹങ്ങള്‍ വഴിയുള്ള പ്രക്ഷേപണസംവിധാനം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും ആകാശവാണി മുന്‍ഗണന നല്കുന്നുണ്ട്.

ടെലിവിഷന്‍

ടെലിവിഷന്‍ പ്രക്ഷേപണം ആകാശവാണിയുടെ ചുമതലയിലാണ് ആദ്യം ഇന്ത്യയില്‍ ആരംഭിച്ചത്. ഡല്‍ഹിയിലും മുംബൈയിലും ആകാശവാണി നിലയങ്ങളോട് ചേര്‍ത്ത് ആരംഭിച്ചിട്ടുള്ള ടെലിവിഷന്‍ പ്രക്ഷേപണവിഭാഗങ്ങളുടെ പ്രവര്‍ത്തനം ജനശ്രദ്ധയെ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ മറ്റ് എല്ലാ നഗരങ്ങളിലേക്കും അവയ്ക്കു ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളിലെ ഗ്രാമീണ ജീവിതത്തിലേക്കും വൈവിധ്യമാര്‍ന്ന മറ്റു ജീവിതരംഗങ്ങളിലേക്കും ടെലിവിഷന്‍ കൊണ്ടെത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

പ്രക്ഷേപണം കേരളത്തില്‍

1934-ല്‍, അന്നത്തെ തിരുവിതാംകൂറിന്റെ തലസ്ഥാനവും രാജധാനിയുമായിരുന്ന തിരുവനന്തപുരം നഗരത്തില്‍, 5 കി. വാ. ശക്തിയുള്ള ഒരു പ്രസരണിയോടുകൂടി ഒരു പ്രക്ഷേപണനിലയം സ്ഥാപിതമായതോടെയാണ് കേരളത്തിലെ പ്രക്ഷേപണത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പൊതുമരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രക്ഷേപണനിലയം പ്രവര്‍ത്തിച്ചുവന്നത്. കേരളീയ കലകളുടെ പരിപോഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവന്ന ഈ നിലയം ദക്ഷിണേന്ത്യന്‍ സംഗീതത്തിനു പൊതുവായും സ്വാതിതിരുനാള്‍ കൃതികള്‍ക്കു പ്രത്യേകമായും പരിരക്ഷണവും പ്രചാരവും നല്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ദക്ഷിണ കേരളത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രസരണിയുടെ സേവനം ഉത്തര കേരളീയര്‍ക്കു ലഭ്യമല്ലാതിരുന്നതുകൊണ്ട് അവിടെയും ഒരു പ്രക്ഷേപണനിലയം സ്ഥാപിച്ചുകിട്ടുന്നതിന് അവിടത്തുകാര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 1950-ല്‍ ഇന്ത്യയിലെ പ്രക്ഷേപണത്തിന്റെ ചുമതല മുഴുവന്‍ കേന്ദ്രഗവണ്‍മെന്റുടമയിലേറ്റെടുത്തപ്പോള്‍ മാത്രമാണ് കോഴിക്കോട് ഒരു കി. വാ. ശക്തിയുള്ള ഒരു പ്രസരണി സ്ഥാപിക്കപ്പെട്ടത്. അതോടൊപ്പം തിരുവനന്തപുരം നിലയവും ആകാശവാണിയില്‍ ലയിച്ചു. ഈ നിലയങ്ങള്‍ രണ്ടും പരസ്പരം ബന്ധപ്പെട്ട നിലയിലാണ് പ്രവര്‍ത്തിച്ചുവന്നതെങ്കിലും കേരളത്തിലുടനീളം ഉള്ള ശ്രോതാക്കള്‍ക്ക് ഇവയുടെ സേവനം ലഭ്യമാകത്തക്ക പ്രസരണശക്തി ഇവയ്ക്കില്ലായിരുന്നു. അതിനാല്‍ 1956-ല്‍ 20 കി.വാ. ശക്തിയുള്ള ഒരു പ്രസരണി തൃശൂരില്‍ സ്ഥാപിക്കുകയും കോഴിക്കോട്-തിരുവനന്തപുരം നിലയങ്ങളുടെ ശക്തി 10 കി.വാ. വീതം ആക്കി വര്‍ധിപ്പിക്കുകയും ചെയ്തു. തുടക്കത്തില്‍ തൃശൂര്‍നിലയം തിരുവനന്തപുരം-കോഴിക്കോട് നിലയങ്ങളുടെ റിലെ സ്റ്റേഷന്‍ മാത്രമായിരുന്നുവെങ്കിലും കോഴിക്കോടുനിലയം സ്വതന്ത്രമായതോടുകൂടി തൃശൂര്‍നിലയം തിരുവനന്തപുരം നിലയത്തിന്റെ ആക്സിലറി സ്റ്റേഷനായി പ്രവര്‍ത്തിച്ചുവന്നു. കേരളത്തിലെ ഒരു പ്രമുഖ സാംസ്കാരികകേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്ന തൃശൂരിന് ഒരു സ്വതന്ത്രനിലയം അനുപേക്ഷണീയമാണെന്ന അഭിപ്രായത്തിന് പ്രാബല്യം സിദ്ധിച്ചതിന്റെ ഫലമായി 1973 ഡി. മുതല്‍ തൃശൂര്‍നിലയം ഒരു സ്വതന്ത്രപ്രക്ഷേപണനിലയമായിത്തീര്‍ന്നു. ഇങ്ങനെ ദക്ഷിണ-മധ്യ-ഉത്തര കേരള പ്രാതിനിധ്യം വഹിക്കത്തക്കവണ്ണം മൂന്നു സ്വതന്ത്രനിലയങ്ങള്‍ കൂടാതെ വിവിധ് ഭാരതിക്കായി ഓരോ കി.വാ. ശക്തിയുള്ള ഓരോ പ്രസരണി തിരുവന്തപുരം - കോഴിക്കോട് നിലയങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങി. എങ്കിലും കേരളത്തിലുടനീളവും കേരളത്തോടു തൊട്ടുകിടക്കുന്ന ലക്ഷദ്വീപ്, മിനിക്കോയി തുടങ്ങിയ അറബിക്കടല്‍ ദ്വീപസമൂഹങ്ങളിലൊട്ടാകെയുമുള്ള ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം ഈ നിലയങ്ങളില്‍ ഒന്നിന്റെയും പ്രസരണശക്തി മതിയാകാതെ വന്നതുകൊണ്ട് 100 കി.വാ. ശക്തിയുള്ള ഒരു മികച്ച മധ്യതരംഗ പ്രസരണികൂടി ആവശ്യമായിവന്നു. 1971-ല്‍ അത്തരം ഒരു വലിയ പ്രസരണി ആലപ്പുഴയില്‍ സ്ഥാപിക്കപ്പെട്ടു.

ഇന്ന് കേരളത്തില്‍ ഏഴ് റേഡിയോ നിലയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ തിരുവനന്തപുരം കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ എന്നിവ സ്ഥാപിതമായത് യഥാക്രമം 1943, 1950, 1956, 1971 എന്നീ വര്‍ഷങ്ങളിലാണ്. എന്നാല്‍ കൊച്ചി, കണ്ണൂര്‍, ദേവികുളം നിലയങ്ങള്‍ 1989 ന. 1, 1991 മേയ് 4, 1994 ഫെ. 23 എന്നീ തീയതികളിലാണ് തുടങ്ങിയത്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ 2006 ഫെ.-ല്‍ മറ്റൊരു FM സ്റ്റേഷന്‍ പ്രസാര്‍ ഭാരതി ആരംഭിച്ചു. വിവിധ് ഭാരതി 1966 മാ. ല്‍ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചുവെങ്കിലും 1995 മേയ് 1 മുതലാണ് അത് ഒരു വാണിജ്യ കേന്ദ്രമായി പരിവര്‍ത്തനം ചെയ്തത് (10 KWFM) 1999 ന. 1 മുതല്‍ തിരുവനന്തപുരത്തുനിന്ന് ഗള്‍ഫ് മലയാളം സര്‍വീസ് തുടങ്ങി.

2001-ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 39 ലക്ഷത്തില്‍പ്പരം റേഡിയോസെറ്റുകളുണ്ട്. ഇതില്‍ 29 ലക്ഷത്തോളം ഗ്രാമീണ ഭവനങ്ങളിലാണ്.

(ജി.പി.എസ്. നായര്‍; എ. പ്രഭാകരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍