This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:31, 3 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അരളി

Indian Olenander


മനോഹരമായ പുഷ്പങ്ങള്‍ക്കുവേണ്ടി നട്ടുവളര്‍ത്തുന്ന അപ്പോസൈനേസീ (Apocynaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ചുവപ്പ് (ഇളം ചുവപ്പ്), വെള്ള, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള അരളികളുണ്ട്. ചുവന്ന അരളിക്ക് നീരിയം ഇന്‍ഡിക്കം (Nerium indicum), നീരിയം ഒഡോറം (Nerium odorum), മഞ്ഞ അരളിക്ക് തെവേഷ്യ നിരിഫോളിയ (Thevetia nerifolia) തെവേഷ്യ പെറൂവിയാന (Thevetia peruviana) എന്നീ ശാ.നാമങ്ങളുണ്ട്. സംസ്കൃതത്തില്‍ കരവീര, അശ്വഘ്ന, അശ്വമാരക, ഹയമാരക തുടങ്ങിയ പേരുകളാണുള്ളത്. മഞ്ഞ അരളി ഹപുഷ്പാ എന്ന സംസ്കൃതപേരിലും അറിയപ്പെടുന്നു.

ഏതു കാലാവസ്ഥയിലും വളരുന്ന അരളി ഇന്ത്യയില്‍ എല്ലായിടങ്ങളിലും ഉണ്ട്. ഹിമാലയത്തിന്റെ 2000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ പോലും അരളി വളരുന്നുണ്ട്.

അരളി മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇലകള്‍ സമ്മുഖമായോ വര്‍ത്തുളമായോ വിന്യസിച്ചിരിക്കും. ഇലഞെട്ട് ചെറുതാണ്. രണ്ടറ്റവും കൂര്‍ത്ത് മധ്യഭാഗം അല്പം വീതികൂടി ദീര്‍ഘാകാരത്തിലുള്ള ഇലകളാണ്. ചുവന്ന അരളിയുടെ ഇലകളെക്കാള്‍ വീതികുറഞ്ഞതും തിളക്കമുള്ള പച്ചനിറത്തോടുകൂടിയതുമാണ് മഞ്ഞ അരളിയുടെ ഇലകള്‍. 10-15 സെ.മീറ്ററോളം നീളവും 2.5 സെ.മീറ്ററോളം വീതിയുമുള്ള ഇലകളുടെ മധ്യസിര കട്ടിയുള്ളതാണ്. ശാഖാഗ്രങ്ങളില്‍ കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങളുടെ നിറത്തെ ആധാരമാക്കി അരളിയെ രക്ത, ശ്വേത, പീത, കൃഷ്ണ എന്നിങ്ങനെ നാലായി തരംതിരിക്കുന്നു. പുഷ്പത്തിന് 3.5 സെ.മീറ്ററിലധികം വ്യാസമുണ്ടായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതമാണ്. ബാഹ്യദളം ചിരസ്ഥായിയാണ്. ചുവന്ന അരളിയുടെ ദളപുടം ചുവട്ടില്‍ സംയോജിച്ചു അറ്റം സ്വതന്ത്രമായ അഞ്ചുദളങ്ങളുള്ളതായിരിക്കും. മഞ്ഞ അരളിയില്‍ മഞ്ഞ ദളങ്ങള്‍ സംയോജിച്ച് കോളാമ്പിപോലെ കാണപ്പെടുന്നു. മഞ്ഞ അരളിപ്പൂവിന് മറ്റ് അരളിപുഷ്പങ്ങളെക്കാള്‍ നീളവും വലുപ്പവും കൂടുതലായിരിക്കും. ചുവന്ന അരളിയുടെ കായ 15-20 സെ.മീ. വരെ നീളമുള്ളതാണ്. മഞ്ഞ അരളിക്കായ്ക്ക് ചതുഷ്കോണാകൃതിയാണ്. എല്ലാ അരളിച്ചെടിയുടെയും ഏതു ഭാഗം മുറിച്ചാലും വെളുത്ത കറ (latex) ഒഴുകി വരും.

അരളിയുടെ എല്ലാ ഭാഗങ്ങളിലും വിഷാംശമുള്ള നീരിയോഡോറിന്‍, സ്യൂഡോക്യുരാരിന്‍, കരാബിന്‍, റോസാജിനിന്‍ തുടങ്ങിയ ഗ്ളൈക്കോസൈഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഡിജിറ്റാലിനോടു സാദൃശ്യമുള്ളതാണ്. ഇലയില്‍ ഒലിയാന്‍ഡ്രിന്‍ എന്ന ആല്‍ക്കലോയിഡ് കൂടിയ മാത്രയില്‍ അടങ്ങിയിരിക്കും. വേരില്‍ നിന്നും ഇലയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഗ്ളൈക്കോസൈഡുകള്‍ക്ക് ഹൃദയ പേശികളില്‍ നേരിട്ടു പ്രവര്‍ത്തിച്ചു അതിന്റെ സങ്കോചവികാസക്ഷമത വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്; വേരിന്‍ തൊലി ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന കഫം ഇല്ലാതാക്കുകയും അധികമാത്ര ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യും. ചുവന്ന അരളിയുടെ ഇലയും തൊലിയും അരച്ച് നീര്‍ക്കെട്ടുള്ള പഴകിയ വ്രണങ്ങളിലും കുഷ്ഠരോഗം പോലെയുള്ള വ്രണങ്ങളിലും പുരട്ടുന്നത് ശമനമുണ്ടാക്കാന്‍ സഹായിക്കും എന്ന് ആയുര്‍വേദ ഗ്രന്ഥമായ സുശ്രുതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആയുര്‍വേദത്തില്‍ ഇതിനെ സപ്തോപവിഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മഞ്ഞ അരളിയുടെ കായയുടെ പരിപ്പില്‍ ഡിജിറ്റാലിനോടു സാദൃശ്യമുള്ള തെവെറ്റിന്‍, തെവെറെസിന്‍ എന്നീ ഗ്ളൂക്കോസൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഫൈറ്റോ സ്റ്റിറോലിന്‍, അഹൌയിന്‍, കോകില്‍ ഫിന്‍, തെവെറ്റിന്‍ എന്നീ ക്രിസ്റ്റലീയ ഘടകങ്ങളും മഞ്ഞ അരളിയില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞ അരളിയുടെ കായയിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം അടങ്ങിയിട്ടുള്ളത്. ഇതു കഴിച്ചാല്‍ ഛര്‍ദി, വയറിളക്കം, വയറുവേദന, തളര്‍ച്ച എന്നിവയുണ്ടാകുന്നു.

ഭാവപ്രകാശത്തില്‍ അരളിയെ ഇപ്രകാരം വിവരിക്കുന്നു:

'കരവീരഃ ശ്വേതപുഷ്പഃ ശതകുംഭോശ്വമാരകഃ

ദ്വിതീയോ രക്തപുഷ്പശ്ച ചണ്ഡാന്തഃ സഗുഡസ്തഥാ'

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍