This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ്യപ്പന്‍, കെ. (1890 - 1968)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയ്യപ്പന്‍, കെ. (1890 - 1968)
കേരളീയ സാമൂഹികപരിഷ്കര്‍ത്താവ്. രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍, കവി, യുക്തിവാദി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം കൊച്ചിക്കു സമീപം ചെറായിയില്‍ കുമ്പളത്തുപറമ്പ് എന്ന ഗൃഹത്തില്‍ 1890-ല്‍ (1065 ചിങ്ങം 7-ന്) ജനിച്ചു. അച്ഛന്‍ (കൊച്ചാവു വൈദ്യന്‍) അയ്യപ്പന്‍ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മരിച്ചുപോകയാല്‍ അമ്മയുടെയും (ഉണ്ണൂലി) ജ്യേഷ്ഠന്റെയും (അച്യുതന്‍ വൈദ്യന്‍) സംരക്ഷണത്തിലാണ് വളര്‍ന്നത്. അച്യുതന്‍ വൈദ്യന്‍ സാത്വികനായ ഒരു ബ്രഹ്മചാരിയായിരുന്നു; അയ്യപ്പന്റെ വേറെ രണ്ട് ജ്യേഷ്ഠന്മാര്‍ വൈദ്യന്മാരും. അച്യുതന്‍ വൈദ്യനോടുള്ള സ്നേഹബഹുമാനങ്ങള്‍ കൊണ്ട് ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ പലപ്പോഴും കുമ്പളത്തുപറമ്പില്‍ അതിഥികളായി താമസിച്ചിട്ടുണ്ട്. പരമ്പരാഗതമായ വൈദ്യവൃത്തിക്കുവേണ്ടിയുള്ള സംസ്കൃതവിദ്യാഭ്യാസത്തിനയയ്ക്കാതെ അനുജനെ ഇംഗ്ളീഷു പഠിപ്പിക്കാനാണ് അച്യുതന്‍ വൈദ്യന്‍ നിശ്ചയിച്ചത്; ചെറായിയിലും പറവൂരിലും പഠിച്ച് അയ്യപ്പന്‍ സ്കൂള്‍ഫൈനല്‍ ജയിച്ചു. കോഴിക്കോട്ട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലാണ് ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നത്. ഉപരിപഠനത്തിന് ചെന്നൈയില്‍ പോയെങ്കിലും ശരീരാസ്വാസ്ഥ്യം നിമിത്തം പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിപ്പോന്നു. നാട്ടില്‍ 'വിദ്യാപോഷിണി' എന്നൊരു സഭയുണ്ടാക്കി സാഹിത്യപ്രവര്‍ത്തനങ്ങളിലും സാമൂഹിക പരിഷ്കരണ പരിപാടികളിലും ഏര്‍പ്പെട്ട് ഒരു കൊല്ലത്തോളം കഴിച്ചുകൂട്ടി. ശ്രീനാരായണഗുരുവിന്റെ സഹായത്തോടുകൂടി, തിരുവനന്തപുരത്ത് മഹാരാജാസ് കോളജില്‍ ചേര്‍ന്നു സംസ്കൃതവും ഇന്ത്യാചരിത്രവും ഐച്ഛികമായെടുത്ത് അധ്യയനം തുടര്‍ന്നു. ഈ കാലത്താണ് കുമാരനാശാനുമായി അടുത്തിടപെടാന്‍ അയ്യപ്പനു സാധിച്ചത്.
ബിരുദധാരിയായി നാട്ടിലെത്തിയ 'അയ്യപ്പന്‍ ബി.എ.', സമൂഹത്തില്‍ കുടികൊള്ളുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായുള്ള ഒരു പ്രക്ഷോഭണപരിപാടിക്കു നേതൃത്വം നല്കി. ജാതിനശീകരണമായിരുന്നു അതിലെ ഏറ്റവും മുഖ്യമായ ഇനം. സാമൂഹികവിപ്ളവം സ്വസമുദായത്തില്‍ നിന്നുതന്നെ തുടങ്ങണമെന്നു നിശ്ചയിച്ച്, ഉത്പതിഷ്ണുക്കളായ ഏതാനും ഈഴവയുവാക്കന്മാരെയും രണ്ടു പുലയ വിദ്യാര്‍ഥികളെയും ഒന്നിച്ചിരുത്തി 1917-ല്‍ (1092 ഇടവം 16-നു) മിശ്രഭോജനപ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. സ്വസമുദായത്തിലെ യഥാസ്ഥിതികന്മാര്‍ അയ്യപ്പനും കൂട്ടുകാര്‍ക്കും ഭ്രഷ്ടു കല്പിച്ച് ഇദ്ദേഹത്തെ 'പുലയനയ്യപ്പന്‍' എന്ന് ആക്ഷേപിച്ചു. എന്നാല്‍ ശ്രീനാരായണഗുരു അയ്യപ്പനെ അഭിനന്ദിക്കുകയാണുണ്ടായത്. ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ അയ്യപ്പന്‍ 1917-ല്‍ (1092 ഇടവം 16) 'സഹോദരസംഘം' സ്ഥാപിച്ചു. അതിന്റെ മുഖപത്രമായി സഹോദരന്‍ എന്ന മാസികയും. അങ്ങനെയാണ് അയ്യപ്പന്‍, 'സഹോദരനയ്യപ്പ'നും 'സഹോദര'നും ആയത്.
മിശ്രഭോജനവും മിശ്രവിവാഹവും വഴി ജാതിയെ നശിപ്പിക്കുക എന്നതായിരുന്നു സഹോദരസംഘത്തിന്റെ പ്രധാന ലക്ഷ്യം. കൊടുങ്ങല്ലൂരിലെ ജന്തുബലിയെയും പൂരപ്പാട്ടിനെയും അയ്യപ്പന്‍ തന്റേടത്തോടുകൂടി എതിര്‍ത്തു. ആ പ്രക്ഷോഭണമാണ് പില്ക്കാലത്ത് കൊച്ചി ഗവണ്‍മെന്റ് ഇവ നിരോധിച്ചുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവിന് കളമൊരുക്കിയത്. ആയിടയ്ക്കു കുറേനാള്‍ ചെറായി രാമവര്‍മ യൂണിയന്‍ സ്കൂളില്‍ അധ്യാപകനായി അയ്യപ്പന്‍ സേവനം അനുഷ്ഠിച്ചു. പിന്നീടു തിരുവനന്തപുരത്ത് ലോ കോളജില്‍ചേര്‍ന്ന് അധ്യയനം തുടങ്ങി. ഇക്കാലത്ത് ചാല ഹൈസ്കൂളില്‍ ജോലിനോക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥി, അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍, പത്രാധിപര്‍, സാഹിത്യകാരന്‍ ഇങ്ങനെ വിവിധ നിലകളില്‍ കര്‍മനിരതമായിരുന്നു അയ്യപ്പന്റെ അന്നത്തെ ജീവിതം. പഠനം പൂര്‍ത്തിയാക്കാതെ ഇദ്ദേഹം തന്റെ പ്രവര്‍ത്തനകേന്ദ്രം എറണാകുളത്തേക്കു മാറ്റി. സഹോദരന്‍ പത്രം മട്ടാഞ്ചേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങി.
തൊഴിലാളിപ്രസ്ഥാനത്തില്‍ അയ്യപ്പന്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഇക്കാലത്താണ്. ഇതോടെ ഒരു വ്യവസായകേന്ദ്രമായ ആലപ്പുഴയിലേക്കു കൂടി ഇദ്ദേഹം തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മാര്‍ക്സിനെയും റഷ്യന്‍വിപ്ളവത്തെയും ലെനിനെയും കുറിച്ച് അവിടത്തെ തൊഴിലാളികള്‍ ആദ്യമായി കേള്‍ക്കുന്നത് അയ്യപ്പന്റെ പ്രസംഗങ്ങളിലൂടെയാണ്.
കേരളത്തില്‍ രാഷ്ട്രീയബോധം സജീവമാകാന്‍ തുടങ്ങിയതോടെ അയ്യപ്പന്‍ ആ രംഗത്തേക്കും തിരിഞ്ഞു. ഉത്തരവാദഭരണത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനുംവേണ്ടി ആദ്യം വാദിച്ചവരില്‍ ഒരാളാണ് അയ്യപ്പന്‍. കൊച്ചി നിയമസഭയിലേക്ക് ഇദ്ദേഹം പലതവണ തെരഞ്ഞെടുക്കപ്പെട്ടു. സര്‍ ഷണ്‍മുഖം ചെട്ടി ദിവാനായിരിക്കുന്ന കാലത്ത് കൊച്ചി നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായും അയ്യപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. റാവു ബഹദൂര്‍ സ്ഥാനവും കൊച്ചി മഹാരാജാവില്‍നിന്നു വീരശൃംഖലയും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. കൊച്ചിയിലെ ജനകീയ മന്ത്രിസഭയില്‍ രണ്ടുതവണ അംഗമായി. തിരു-കൊച്ചി സംസ്ഥാനം രൂപം പ്രാപിച്ചപ്പോള്‍ (1949) അതിന്റെ ആദ്യത്തെ മന്ത്രിസഭയിലും അംഗമായിരുന്നു. 1950-ല്‍ ആ സ്ഥാനം രാജിവച്ചതോടുകൂടി ഇദ്ദേഹം സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.
ഒടുവിലത്തെ പതിനഞ്ചു കൊല്ലം ശാരീരികമായ അസ്വാസ്ഥ്യം നിമിത്തം ഒതുങ്ങിയ ജീവിതമാണ് അയ്യപ്പന്‍ നയിച്ചത്; എങ്കിലും മരിക്കുന്നതുവരെ (1968 മാ. 6) വിവിധവിഷയങ്ങളെ അധികരിച്ച് ചിന്തോദ്ദീപകങ്ങളായ പത്രക്കുറിപ്പുകള്‍ എഴുതിക്കൊണ്ടിരുന്നു. ആശയോദ്ബോധനം ലക്ഷ്യമാക്കിയുള്ളവയാണ് ഇദ്ദേഹത്തിന്റെ ഗദ്യകൃതികളും കവിതകളും. കവിതകള്‍ അയ്യപ്പന്റെ പദ്യകൃതികള്‍ എന്ന പേരില്‍ സമാഹൃതമായി പുറത്തുവന്നിട്ടുണ്ട്. നിരവധി ലേഖനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആശയസ്ഫുടതയില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്ന അയ്യപ്പന്‍ വേണ്ടിവന്നാല്‍ വ്യാകരണനിയമങ്ങളെ മാറ്റിനിര്‍ത്തി ആശയപ്രകാശനത്തിനു പറ്റിയ പുതിയ പദങ്ങളും ശൈലികളും സൃഷ്ടിച്ചു പ്രയോഗിക്കാനും മടിച്ചിട്ടില്ല. 'ആള്‍ദൈവം', 'കുത്തകസമുദായം', 'ജാതിക്കുശുമ്പ്', 'മാനസിക ഇക്കിളി', 'അവനവനിസം'. ഇങ്ങനെ അയ്യപ്പോപജ്ഞങ്ങളായ ശൈലികള്‍ ധാരാളമുണ്ട്. പുരോഗമന സാഹിത്യപ്രസ്ഥാനം ഇന്ത്യയില്‍ സ്ഥാപിതമാകുന്നതിനു ചുരുങ്ങിയത് രണ്ടു ദശകങ്ങള്‍ക്കുമുന്‍പെങ്കിലും കേരളത്തില്‍ അതു ജന്മമെടുക്കുകയും ഒട്ടൊക്കെ വളരുകയും ചെയ്തിരുന്നുവെന്നും അതിനു കാരണഭൂതന്‍ അയ്യപ്പനാണെന്നും എ. ബാലകൃഷ്ണപിള്ള അനുസ്മരിച്ചിട്ടുണ്ട്. അയ്യപ്പന്‍ ഒരു തികഞ്ഞ ദേശീയവാദി ആയിരുന്നു. കേരളത്തിന്റെ സാമൂഹികപരിവര്‍ത്തനത്തില്‍ സഹോദരന്‍ അയ്യപ്പന്‍ വഹിച്ച പങ്കിനെക്കുറിച്ച് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഇങ്ങനെ പറയുന്നു: "സാമൂഹിക ജീവിതത്തിന്റെ എല്ലാരംഗങ്ങളിലുമായി നാളിതുവരെ സംഭവിച്ചിട്ടുള്ള പല മാറ്റങ്ങളുണ്ടല്ലോ, അവ ഓരോന്നിലും അയ്യപ്പന്‍ മാസ്റ്ററുടെ കൈ എത്തിയിട്ടുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കൈകൊണ്ട് തിരികൊളുത്തിയിട്ടുള്ള വിപ്ളവങ്ങളേ ഈ കഴിഞ്ഞ പുരുഷാന്തരത്തില്‍ ഈ കേരളക്കരയില്‍ കത്തിപ്പിടിച്ചു കയറിയിട്ടുള്ളു. 1968 മാ. 6-ന് ഇദ്ദേഹം അന്തരിച്ചു.