This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയനഭ്രംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 31 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയനഭ്രംശം

precession

ഭൂമിയുടെ ഭ്രമണാക്ഷം പരിക്രമണാക്ഷത്തിനു ചുറ്റും മന്ദഗതിയില്‍ കറങ്ങുന്ന പ്രതിഭാസം. ഭൂമി സൂര്യനെ ചുറ്റുന്ന പഥത്തിന്റെ (അഥവാ സൂര്യന്‍ ഭൂമിയെ ഒരു വര്‍ഷംകൊണ്ട് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചുറ്റുന്നതായിത്തോന്നുന്ന ക്രാന്തിവൃത്തത്തിന്റെ) അക്ഷമാണ് പരിക്രമണാക്ഷം. ഭ്രമണാക്ഷവും പരിക്രമണക്ഷവും തമ്മില്‍ 23 1/2°C ചരിവുണ്ട്. ഏകദേശം 25800 വര്‍ഷം കൊണ്ടാണ് ഭ്രമണാക്ഷത്തിന്റെ അഗ്രം ആകാശത്ത് ഒരു വൃത്തം ചമയ്ക്കുന്നത്. ഇതിന്റെ ഫലമായി ധ്രുവസ്ഥാനങ്ങള്‍ക്കും വിഷുവ സ്ഥാനങ്ങള്‍ക്കും (നക്ഷത്രങ്ങളെ അപേക്ഷിച്ച്) സ്ഥാനാന്തരമുണ്ടാകുന്നു. ഈ പ്രതിഭാസത്തെ പുരസ്സരണം എന്നും വിളിക്കും.

ഭൂമിയുടെ ലഘ്വക്ഷഗോളാകാരം (oblate spheroidal) ഭ്രമണാക്ഷത്തിന്റെ ചരിവ് എന്നിവമൂലം സൂര്യചന്ദ്രാദികളുടെ ആകര്‍ഷണബലങ്ങളില്‍ വരുന്ന വ്യത്യാസമാണ് അയനഭ്രംശത്തിനു കാരണം. ഭൂഅക്ഷത്തിന്റെ ചരിവുമൂലം അയനാന്തങ്ങളോടടുക്കുമ്പോള്‍ ഭൂമിയുടെ ഉന്തിനില്ക്കുന്ന മധ്യരേഖാഭാഗം പരിക്രമണരേഖയ്ക്കുള്ളില്‍ സൂര്യനോട് കൂടുതല്‍ അടുത്തും വെളിയില്‍ കൂടുതല്‍ അകന്നും സ്ഥിതിചെയ്യുന്നു. രണ്ടു ഭാഗങ്ങളിലുമുള്ള ആകര്‍ഷണബലങ്ങളുടെ അന്തരംമൂലം ഭ്രമണാക്ഷത്തെ ക്രാന്തിവൃത്തത്തിനു ലംബമാക്കുവാന്‍ പോരുന്ന ഒരു ബലയുഗ്മം സംജാതമാകുന്നു. കറങ്ങുന്ന പമ്പരത്തില്‍ ഗുരുത്വാകര്‍ഷണംമൂലമുള്ള ബലയുഗ്മം ഒടുവില്‍ പമ്പരത്തെ കൂടുതല്‍ ചരിഞ്ഞു കറങ്ങാന്‍ ഇടയാക്കുംപോലെ ഭൂമിയുടെ ഭ്രമണവും മുമ്പു പറഞ്ഞ ബലയുഗ്മത്തിന്റെ പ്രവര്‍ത്തന ഫലമായി ഭ്രമണാക്ഷത്തെ ക്രാന്തിവൃത്താക്ഷത്തിന് ചുറ്റും 23°.5 ചരിഞ്ഞ് ഒരു കോണീയാകൃതിയില്‍ ചുറ്റാന്‍ ഇടയാക്കുന്നു. ഇതാണ് സൗര-അയനഭ്രംശം (solar precession).

ചാന്ദ്ര-അയനഭ്രംശം (lunar precession) കൂടുതല്‍ ഗൗരവമേറിയതാകുന്നു. ചന്ദ്രന് സൂര്യന്റെ 200 ലക്ഷത്തിലൊരംശം മാത്രമേ ദ്രവ്യമാനമുള്ളു; എങ്കിലും ദൂരക്കുറവുമൂലം (സൗരദൂരത്തിന്റെ 400-ല്‍ ഒരംശം), ഭൂമിയുടെ ചന്ദ്രനഭിമുഖമായ വശത്തും എതിര്‍വശത്തും അനുഭവപ്പെടുന്ന (ചന്ദ്രന്റെ) ആകര്‍ഷണത്തില്‍ സാരമായ വ്യത്യാസം ഉണ്ട്. ഇതുമൂലം, ചാന്ദ്ര-അയനഭ്രംശം സൗര-അയനഭ്രംശത്തെക്കാള്‍ മൂന്നുമടങ്ങ് ശക്തികൂടിയിരിക്കും. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണതലം ഏതാണ്ട് ക്രാന്തിവൃത്തത്തില്‍ത്തന്നെ ആയതിനാല്‍ അയനഭ്രംശങ്ങള്‍ രണ്ടും ഏകദേശം ഒരു ദിശയില്‍ത്തന്നെ. മറ്റു ഗ്രഹങ്ങളും ചെറിയതോതില്‍ (സൂര്യചന്ദ്രന്മാരുടേതിന്റെ 40-ല്‍ ഒരംശംമാത്രം) അയനഭ്രംശത്തിനു കാരണമാകുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

ഭൂമിയുടെ ഭ്രമണാക്ഷം വര്‍ഷത്തില്‍ 50.2 എന്ന തോതില്‍ വളരെ മന്ദഗതിയിലാണ് ക്രാന്തിവൃത്താക്ഷത്തെ പരിക്രമണം ചെയ്യുന്നത്; അതും ക്രാന്തിവൃത്തത്തിലുള്ള ഭൂമിയുടെ ചലനത്തിന് എതിര്‍ദിശയിലേക്ക്; 25,800 വര്‍ഷം വേണം ഒരു അയനഭ്രംശം പൂര്‍ത്തിയാകുവാന്‍.

ബി.സി. 125-ല്‍ ഹിപ്പാര്‍ക്കസ് എന്ന ഗ്രീക്കു ജ്യോതിശ്ശാസ്ത്രജ്ഞന്‍ അയനഭ്രംശം കണ്ടുപിടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വസന്തവിഷുവത്തെയാണ് പുരാതന കാലങ്ങളില്‍ വര്‍ഷാരംഭദിനമായി പരിഗണിച്ചു വന്നിരുന്നത്. എന്നാല്‍ വസന്തവിഷുവത്തില്‍ സൂര്യന് എതിരെ വരുന്ന താരഗണത്തിനു നൂറ്റാണ്ടുകള്‍ക്കിടയ്ക്കു മാറ്റം സംഭവിക്കുന്നതായി ഹിപ്പാര്‍ക്കസ് മനസ്സിലാക്കി. ഇതു വര്‍ഷത്തില്‍ ഉദ്ദേശം 40 വീതമുള്ള അയനഭ്രംശം മൂലമാണെന്ന് അദ്ദേഹം കണക്കാക്കി. എന്നാല്‍ ഈ പ്രതിഭാസത്തിനു ശാസ്ത്രീയമായ വിശദീകരണം നല്കിയത് ഐസക് ന്യൂട്ടണ്‍ (1642-1727) ആണ്.

അയനഭ്രംശംമൂലം ധ്രുവനക്ഷത്രങ്ങള്‍ക്കും മറ്റു താരാഗണങ്ങള്‍ക്കും സ്ഥാനചലനം സംഭവിക്കുന്നു. ഭൂമിയുടെ ഭ്രമണാക്ഷത്തിനു നേരെയുള്ള ഒരു താരമാണ് ധ്രുവനക്ഷത്രം. ഭ്രമണാക്ഷം കറങ്ങുന്നതനുസരിച്ച് ധ്രുവനക്ഷത്രവും മാറിമാറി വരുന്നതായി തോന്നും. ബി.സി. 3000-ല്‍ ആല്‍ഫാ-ഡ്രാക്കോണിസ് (α-Dracoins) ആയിരുന്നു ഉത്തരധ്രുവനക്ഷത്രം; എന്നാല്‍ ഇപ്പോള്‍ പൊളാരിസ് (Polaris) ആണ്. എ.ഡി. 14,000-ല്‍ വേഗയും (Vega) 28,000-ല്‍ വീണ്ടും പൊളാരീസും ആയിരിക്കും.

ഭൂമിയുടെ ഭ്രമണാക്ഷത്തിനു വ്യതിചലനം സംഭവിക്കുമ്പോള്‍ അതിനു ലംബമായ ഭൂമധ്യരേഖാതലത്തിനു വ്യത്യാസം വരുന്നു. തന്മൂലം ഭൂമധ്യരേഖാതലത്തിന്റെയും ക്രാന്തിവൃത്തത്തിന്റെയും പ്രതിച്ഛേദരേഖയായ വിഷുവവും പുറകോട്ട് (പടിഞ്ഞാറോട്ട്) ചക്രണം ചെയ്യുന്നു. ഹിപ്പാര്‍ക്കസിന്റെ കാലത്തു വസന്തവിഷുവത്തില്‍ ഏരീസിനു (മേടം) നേരെ ആയിരുന്നു സൂര്യന്‍; ഇപ്പോള്‍ പിസിസിനു (മീനം) നേരെ വരുന്നു. ഇങ്ങനെ ക്രമമായി മാറി 25,800 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പിസിസിനു നേരെ വരികയും ചെയ്യും.

അയനഭ്രംശംമൂലം താരഗണങ്ങളുടെ സ്ഥാനങ്ങള്‍ക്കു വ്യതിചലനം സംഭവിക്കുന്നതുകൊണ്ട് അവയുടെ സ്ഥാനം കൃത്യമായി വ്യവഹരിക്കുമ്പോള്‍ യുഗവും കാലഘട്ടവുംകൂടി സൂചിപ്പിക്കണം; അയനഭ്രംശത്തിന്റെയും അക്ഷഭ്രംശത്തിന്റെയും സ്വാധീനങ്ങള്‍ പരികലനം ചെയ്തുവേണം കൃത്യമായ സ്ഥാനങ്ങള്‍ നിര്‍ണയിക്കുവാന്‍. നോ: അക്ഷഭ്രംശം; അയനം; അയനാന്ത-ഉന്‍മണ്ഡലം

(പ്രൊഫ. എസ്.എല്‍. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍