This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡേഴ്സന്‍, ഹന്‍സ് ക്രിസ്റ്റ്യന്‍ (1805 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:01, 16 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആന്‍ഡേഴ്സന്‍, ഹന്‍സ് ക്രിസ്റ്റ്യന്‍ (1805 - 75)

അിറലൃലിെ, ഒമി ഇവൃശശെേമി

യക്ഷിക്കഥാസൃഷ്ടികള്‍ നിറഞ്ഞ ബാലസാഹിത്യരചനയിലൂടെ വിശ്വപ്രസിദ്ധി ആര്‍ജിച്ച ഡാനിഷ് എഴുത്തുകാരന്‍. കവിത, നോവല്‍, നാടകം, ആഖ്യായിക, സഞ്ചാരസാഹിത്യം എന്നീ ശാഖകളിലും കൈവച്ചിട്ടുണ്ടെങ്കിലും ആന്‍ഡേഴ്സന്‍ രചിച്ചിട്ടുള്ള 150-ലേറെ അമാനുഷികകഥകളിലൂടെയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തി നിലനില്ക്കുന്നത്. ഇവ മിക്കതും പല ലോകഭാഷകളിലും വിവര്‍ത്തിതങ്ങളായിട്ടുണ്ട്.

 തികഞ്ഞ ദാരിദ്യ്രത്തില്‍ കഴിഞ്ഞുവന്ന ഒരു ചെരുപ്പുകുത്തിയുടെയും ചാരിത്രശുദ്ധിയില്ലെന്നു പരക്കെ അറിയപ്പെട്ടിരുന്ന ഒരു സ്ത്രീയുടെയും പുത്രനായി ആന്‍ഡേഴ്സന്‍ 1805 ഏ. 2-ന് ഡൈന്‍സാ നഗരത്തില്‍ ജനിച്ചു. ആന്‍ഡേഴ്സന് 9 വയസ്സുള്ളപ്പോള്‍ പിതാവ് ചരമമടഞ്ഞു. അതോടെ ജീവിതയാതനകളിലേക്ക് ഇദ്ദേഹം വലിച്ചെറിയപ്പെട്ടു. 
 വളരെ ചെറുപ്പത്തില്‍ത്തന്നെ പാടാനും എഴുതാനും വായിക്കാനുമുള്ള അഭിരുചിയെ വികസിപ്പിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 13-ാമത്തെ വയസ്സില്‍ തന്റെ പട്ടണം സന്ദര്‍ശിച്ച ഒരു നാടകസംഘത്തില്‍ച്ചേര്‍ന്നു. 1819-ല്‍ ഇദ്ദേഹം നാടകസംഘവുമൊത്ത് തലസ്ഥാനനഗരിയായ കോപ്പന്‍ഹേഗനിലെത്തുകയും അവിടെ സംഗീതത്തിലും നാടകാഭിനയത്തിലുമുള്ള പരിശീലനം തുടരുകയും ചെയ്തു. അക്കാലത്ത് ഇദ്ദേഹം ചില നാടകങ്ങള്‍ എഴുതിയെങ്കിലും അവയൊന്നും സ്വീകരിക്കപ്പെട്ടില്ല. റോയല്‍ തിയെറ്ററിന്റെ ഉടമകളിലൊരാളായ ജോനാസ് കോളിന്റെ സഹായത്തോടുകൂടി ആന്‍ഡേഴ്സന്‍ ഇതിനിടയ്ക്ക് സ്ളാഗെല്‍സിലെ ഗ്രാമര്‍ സ്കൂളില്‍ ചേര്‍ന്ന് 1828-ല്‍ മട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. വിദ്യാഭ്യാസകാലത്ത് ആന്‍ഡേഴ്സന്‍ സാഹിത്യരചന കാര്യമായി ആരംഭിച്ചു; പക്ഷേ ഷെയ്ക്സ്പിയറെ അനുകരിച്ചെഴുതിയ ഒരു നാടകവും (യൂത്ത്ഫുള്‍ അറ്റംപ്റ്റ്സ്) സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെ ശൈലിയില്‍ രചിച്ച ഒരു നോവലും (ദ് സ്പെക്റ്റര്‍ അറ്റ് പാല്‍നാറ്റോസ് ഗ്രെയ്വ്) ബാലചാപല്യത്തിന്റെയും അപക്വപ്രതിഭയുടെയും സന്താനങ്ങളെന്ന നിലയില്‍ അന്നു ജനങ്ങളാല്‍ തിരസ്കരിക്കപ്പെടുകയാണുണ്ടായത്. 
 എന്നാല്‍ ഇതേത്തുടര്‍ന്ന് എഴുതിയ പല കൃതികളും ആന്‍ഡേഴ്സന്റെ പില്ക്കാലപ്രശസ്തിക്ക് ബലമേറിയ അസ്തിവാരം ഉറപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഭാവനാലോകത്തിലൂടെയുള്ള ഒരു അലസസഞ്ചാരത്തെ ശബ്ദാഡംബരത്തോടെ പ്രതിഫലിപ്പിക്കുന്ന ഒരു റൊമാന്റിക് കൃതിയായിരുന്നു ഇവയില്‍ ആദ്യത്തേത് (വോക്കിങ് ടൂര്‍ ഫ്രം ഹോള്‍മെന്‍സ് കനാല്‍ ടു ദി ഈസ്റ്റേണ്‍ പോയിന്റ് ഒഫ് അമാഗര്‍, 1829). അക്കൊല്ലംതന്നെ രചിച്ച ഒരു നാടകത്തിലും (ലവ് ഇന്‍ സെന്റ് നിക്കോളാസ് ചര്‍ച്ച് ടവര്‍) സാമാന്യം ജനസമ്മതി കിട്ടി; ആന്‍ഡേഴ്സന്റെ ആദ്യത്തെ യക്ഷിക്കഥ (ദ് ഡെഡ് മാന്‍)  ഉള്‍പ്പെട്ട ഒരു കവിതാസമാഹാരം 1830-ല്‍ പ്രസിദ്ധീകൃതമായി. 
 ആന്‍ഡേഴ്സന്‍ ഇക്കാലത്ത് ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഒരു പര്യടനം നടത്തുകയും അവിടെവച്ച് പല എഴുത്തുകാരും കലാകാരന്‍മാരുമായി പരിചയപ്പെടുകയും ചെയ്തു. ഈ യാത്രാനുഭവങ്ങള്‍ ഇദ്ദേഹം ഒരു പുസ്തകമായി പ്രസിദ്ധം ചെയ്തു (ഷാഡോ പിക്ചേഴ്സ് ഒഫ് എ ജേണി ടു ദ് ഹാര്‍സ് മൌണ്ടന്‍സ് ആന്‍ഡ് സയോണ്‍ സ്വിറ്റ്സര്‍ലണ്ട്. 1831). പിന്നീടും ഇദ്ദേഹം പല ദേശാന്തരപര്യടനങ്ങളും നടത്തിയിട്ടുണ്ട്. 1840-നും 50-നും ഇടയില്‍ ഇദ്ദേഹം റഷ്യ ഒഴിച്ചുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും വടക്കേ ആഫ്രിക്കയും സന്ദര്‍ശിച്ചു. ഗ്രീസില്‍ ഇദ്ദേഹം രാജകീയാതിഥി ആയിരുന്നു; ഇംഗ്ളണ്ടില്‍ ഇദ്ദേഹം താമസിച്ചത് ചാള്‍സ് ഡിക്കന്‍സിന്റെ കൂടെയാണ്. 
 നീണ്ട രോഗബാധയ്ക്കുശേഷം ആന്‍ഡേഴ്സന്‍ കോപ്പന്‍ഹേഗനിലെ ഒരു സുഹൃത്തിന്റെ വസതിയില്‍വച്ച് 1875 ആഗ. 5-ന് നിര്യാതനായി. 
 പല ആന്‍ഡേഴ്സന്‍കഥകളും മലയാളത്തില്‍ വിവര്‍ത്തിതങ്ങളായിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍