This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അലങ്കാരശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
=അലങ്കാരശാസ്ത്രം =
കാവ്യത്തിന്റെ ശാസ്ത്രീയമായ അധ്യയനമാണ് അലങ്കാരശാസ്ത്രത്തിന്റെ വിഷയം. സാഹിത്യശാസ്ത്രം, കാവ്യശാസ്ത്രം, സൗന്ദര്യശാസ്ത്രം എന്നീ പേരുകളും സമാനാര്‍ഥത്തില്‍ പ്രയോഗിച്ചുകാണുന്നു. രാജശേഖരന് (10-ാം ശതകം) തന്റെ കാവ്യമീമാംസയില്‍ സാഹിത്യവിദ്യ എന്നാണ് അലങ്കാരശാസ്ത്രത്തിനു നല്‍കിയിട്ടുള്ള പേര്.
ഉള്ളടക്കം |
അലങ്കാരപദത്തിന്റെ അര്‍ഥം
അലങ്കരിക്കുന്നത് അതായത് സൗന്ദര്യം വര്‍ധിപ്പിക്കുന്നത് എന്ന വിപുലവും സരളവുമായ അര്‍ഥത്തിലാണ് അലങ്കാരപദം പണ്ടുകാലത്തു പ്രയോഗിച്ചിരുന്നത്. ശബ്ദാലങ്കാരം തൊട്ടു രസം വരെയുള്ള എല്ലാ കാവ്യധര്‍മങ്ങളും ഈ പദം കൊണ്ടു വിവരിക്കപ്പെട്ടിരിക്കുന്നു. കാവ്യോത്കര്‍ഷദായകങ്ങളായ ധര്‍മങ്ങള്‍ വിശകലനം ചെയ്യപ്പെടാതെ എല്ലാം ഒന്നായി കണ്ടുകൊണ്ടുള്ള സമീപനത്തിന്റെ ഫലമായിരുന്നു അത്. അടുത്ത ഘട്ടത്തില്‍ 'അലങ്കാര'ത്തിന്റെ അര്‍ഥം കൂടുതല്‍ സങ്കീര്‍ണമായിത്തീര്‍ന്ന് കാവ്യചമത്കാരഹേതുക്കളായ അംശങ്ങള്‍ വെവ്വേറെ പരാമര്‍ശിക്കപ്പെടുവാന്‍ തുടങ്ങി. അപ്പോള്‍ ഈ പദത്തിന്റെ വിവക്ഷ ഉപമാദികളായ അര്‍ഥാലങ്കാരങ്ങളെയും യമകാദികളായ ശബ്ദാലങ്കാരങ്ങളെയും മാത്രം സംബന്ധിക്കുന്ന രീതിയില്‍ സങ്കുചിതമായിത്തീര്‍ന്നു. എങ്കിലും സംപൂര്‍ണ സാഹിത്യശാസ്ത്രം എന്ന അര്‍ഥത്തില്‍ ത്തന്നെ അലങ്കാരശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചുവരുന്നു.
അലങ്കാരശാസ്ത്രത്തിന്റെ പ്രാരംഭം
ക്രിസ്തുവിനു വളരെ കാലം മുന്‍പു മുതല്‍തന്നെ ഭാരതത്തില്‍ അലങ്കാരം പഠനവിഷയമായിരുന്നു എന്ന് ഊഹിക്കുവാന്‍ വഴിയുണ്ട്. നിരുക്തകാരനായ യാസ്കന്‍ (ബി.സി. 600) തന്റെ പൂര്‍വികനും വൈയാകരണനുമായ ഗാര്ഗ്യന്റെ ഉപമാനിര്‍വചനം (അഥാതോ ഉപമാ യത് അതത് തത്സദൃശം) ഉദ്ധരിച്ച് അനേകം ഋഗ്വേദമന്ത്രങ്ങള്‍കൊണ്ട് അതിനെ ഉദാഹരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. യഥാ,ന, ചിത്, വത്, ആ, നു മുതലായ പ്രത്യയങ്ങള്‍ ഉപമാവാചകങ്ങളായി ഇദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. 'നിപാതങ്ങള്‍' എന്നാണ് ഇവയ്ക്ക് ഇദ്ദേഹം കൊടുത്തിട്ടുള്ള പേര്. ഭൂതോപമ, രൂപോപമ, ലുപ്തോപമ, സിദ്ധോപമ എന്നിങ്ങനെ ഉപമയ്ക്കുള്ള പ്രകാരഭേദങ്ങളും ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ക്കു വിഷയമായി. ഇതില്‍നിന്നെല്ലാം ഉപമ എന്ന അലങ്കാരം യാസ്കന്റെ കാലത്തിനു മുന്‍പുതന്നെ വൈയാകരണന്മാര് ചര്‍ച്ചയ്ക്കു വിഷയമാക്കിയിട്ടുണ്ടെന്നും വേദമന്ത്രങ്ങളുടെ അര്‍ഥങ്ങള്‍ വിസ്തരിക്കുമ്പോള്‍ അവയിലെ ഉപമകളും വ്യാഖ്യാതങ്ങളായിട്ടുണ്ടെന്നും ന്യായമായി വിചാരിക്കാം.
യാസ്കനു ശേഷമുണ്ടായ പ്രസിദ്ധവൈയാകരണനായ പാണിനിയും 'അലങ്കാര'ത്തിലെ ചില ശാസ്ത്രീയ ശബ്ദങ്ങളെക്കുറിച്ച് ഉല്ലേഖനം ചെയ്തിട്ടുണ്ട്. പാണിനീസൂത്രങ്ങളിലും തുടര്‍ന്നുണ്ടായ കാത്യായനന്റെ വാര്‍ത്തികത്തിലും പതഞ്ജലിയുടെ ഭാഷ്യത്തിലും അത്തരം പരാമര്‍ശങ്ങള്‍ കാണാം. 'ഉപമാനാനി സാമാന്യവചനൈഃ', 'ഉപമിതം വ്യാഘ്രാദിഭിഃ സാമാന്യാപ്രയോഗേ' എന്നീ പാണിനിസൂത്രങ്ങള്‍ കാണുമ്പോള്‍ ഗാര്ഗ്യന്റെ അഭിപ്രായങ്ങളെ പാണിനി നല്ലപോലെ ആത്മസാത്കരിച്ചിട്ടുണ്ടെന്നു കരുതാം. ഉപമാനം, ഉപമിതം, സാമാന്യം, ഔപമ്യം, ഉപമാര്‍ഥം, സാദൃശ്യം എന്നീ പദങ്ങളുടെ പ്രയോഗം ഏതാണ്ട് 50 സൂത്രങ്ങളില്‍ കാണുന്നുണ്ട്. ഇതില്‍നിന്നെല്ലാം അലങ്കാരശാസ്ത്രത്തിന്റെ ഉദ്ഗമസ്ഥാനം വ്യാകരണശാസ്ത്രം തന്നെയാകാനേ വഴിയുള്ളു എന്ന് അഭ്യൂഹിക്കപ്പെടുന്നു. ആനന്ദവര്‍ധനന്റെ ധ്വന്യാലോകത്തിലുള്ള 'എല്ലാ വിദ്യകളുടെയും മൂലം വ്യാകരണമാകയാല്‍ ആദ്യത്തെ വിദ്വാന്മാരെല്ലാം വൈയാകരണന്‍മാരായിരുന്നു' എന്ന പരാമര്‍ശം ഈ ഊഹത്തെ കുറെയൊക്കെ സാധൂകരിക്കുന്നു.
അലങ്കാരപഠനം ഒരു പ്രത്യേക ശാസ്ത്രമായി പതഞ്ജലിക്കുമുന്‍പ് രൂപം കൊണ്ടിരുന്നില്ല. അലങ്കാരത്തെക്കുറിച്ചു പ്രസ്താവങ്ങളുണ്ടെങ്കിലും അലങ്കാരശാസ്ത്രത്തെക്കുറിച്ചു പ്രാചീനകൃതികളില്‍ ഒരിടത്തും പ്രസ്താവിച്ചുകാണുന്നുമില്ല. ഛാന്ദോഗ്യോപനിഷത്തില്‍ പഴയ ശാസ്ത്രങ്ങളുടെ ഒരു പട്ടിക കൊടുത്തിട്ടുള്ളതില്‍ (VII. 1. 2. 4) അലങ്കാരശാസ്ത്രം ഉള്‍പ്പെടുന്നില്ല. ലളിതവിസ്തരം എന്ന ബുദ്ധമതഗ്രന്ഥത്തില്‍ 'കാവ്യകരണഗ്രന്ഥം' എന്ന ഒരു പ്രയോഗമുണ്ടെങ്കിലും അലങ്കാരത്തെക്കുറിച്ചുള്ള പരാമര്‍ശമായി അതിനെ സ്വീകരിക്കുക വിഷമമാണ്. കൌടല്യന്റെ അര്‍ഥശാസ്ത്രത്തിലും അലങ്കാരശാസ്ത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞുകാണുന്നില്ല. രാജാവുപയോഗിക്കുന്ന ഭാഷയുടെ ശൈലി ഇന്നവിധത്തിലായിരിക്കണമെന്ന് ഇദ്ദേഹം അനുശാസിക്കുന്നുണ്ട്. അര്‍ഥക്രമം, സ്പഷ്ടത്വം, ഔദാര്യം എന്നിവ രാജശാസനങ്ങള്‍ക്കു അനിവാര്യഗുണങ്ങളാണെന്ന് ഇദ്ദേഹം പ്രതിപാദിച്ചപ്പോള്‍ അലങ്കാരശാസ്ത്രവുമായി അവയ്ക്കു ബന്ധമുള്ളതായി ഇദ്ദേഹം ലക്ഷീകരിച്ചിട്ടില്ല. ചുരുക്കത്തില്‍, അലങ്കാരത്തെക്കുറിച്ചു പ്രാചീനാചാര്യന്മാര് ബോധവാന്മാരായിരുന്നു എന്നല്ലാതെ ഒരു പ്രത്യേക ശാസ്ത്രമായി അലങ്കാരശാസ്ത്രത്തെ പരാമര്‍ശിക്കുവാനോ വളര്‍ത്തിക്കൊണ്ടുവരുവാനോ അവര്‍ ശ്രദ്ധിച്ചിരുന്നില്ല.
ഭരതന്റെ നാട്യശാസ്ത്രം
ചമത്കാരജനകവും ഉക്തിവൈചിത്ര്യരൂപവുമായ സാഹിത്യധര്‍മത്തിന്റെ അനുഭവം ആദ്യകാലത്ത് സാമാന്യരൂപത്തില്‍ മാത്രമായിരുന്നു എന്നു മേല്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭരതമുനിയുടെ കാലമായപ്പോഴേക്കും ചമത്കാരത്തിന്റെയും ചമത്കാരോപാധികളുടെയും സ്വരൂപവിശേഷവിവേകം നല്ലപോലെ വികസിച്ചതായി കാണുന്നു. ഇദ്ദേഹത്തിന്റെ നാട്യശാസ്ത്രം (എ.ഡി. മൂന്നാം ശ.) അതിനു നിദര്‍ശനമാണ്. ഈ ഗ്രന്ഥത്തില്‍ സാഹിത്യത്തിന്റെ ജീവിതഭൂതങ്ങളായ ശൃംഗാരാദിരസപ്രഭേദങ്ങളെയും അവയുടെ ഉപാധികളെയും സവിശേഷപഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. പല ഘട്ടങ്ങളും കടന്നതിനുശേഷമായിരിക്കണം അത്തരം സിദ്ധാന്തം രൂഢമൂലമായിത്തീര്‍ന്നത് എന്നതിന് അതിലെ ചില ശ്ളോകങ്ങളും 'ആര്യ'കളും സാക്ഷ്യം വഹിക്കുന്നു. നാട്യശാസ്ത്ര വ്യാഖ്യാനമായ അഭിനവഭാരതിയില്‍, 'താ ഏതാഹ്യാര്യാഃ ഏകപ്രഘട്ടകതയാ പൂര്‍വാചാര്യൈഃ ലക്ഷണത്വേന പഠിതാഃ മുനിനാ തു സുഖ സംഗ്രഹായ യഥാസ്ഥാനം നിവേശിതാഃ' എന്ന് അഭിനവഗുപ്തന് എടുത്തുപറഞ്ഞിട്ടുമുണ്ട്; മാത്രമല്ല പാണിനിയുടെ 'പാരാശര്യശിലാലിഭ്യാം ഭിക്ഷുനടസൂത്രയോഃ കര്‍മന്ദകൃശാശ്വാദിനിഃ' എന്നീ സൂത്രങ്ങളില്‍നിന്നും പാണിനിക്കു മുന്‍പുതന്നെ ശിലാലി, കൃശാശ്വന്‍ എന്നീ നടസൂത്രകാരന്മാര്‍ ഉണ്ടായിരുന്നതായി വ്യക്തമാകുന്നു. ആകയാല്‍ ഭരതന് തന്റെ നാട്യശാസ്ത്രത്തില്‍ പല ആചാര്യന്മാരുടെയും വിവേചനങ്ങള്‍ക്കു വിഷയമായിത്തീര്‍ന്ന് ക്രമവികസിതമായി പ്രായേണ പൂര്‍ണാവസ്ഥയിലെത്തിയിട്ടുള്ള സിദ്ധാന്തങ്ങളെയാണ് വിവരിച്ചിട്ടുള്ളതെന്നതില്‍ സംശയിക്കേണ്ടതില്ല. രസഭാവദര്‍ശനം ഭരതന്റെ കാലമാവുമ്പോഴേക്കും അപ്രകാരം സംപുഷ്ടമായി എങ്കിലും അലങ്കാരദര്‍ശനം അല്പം മുന്‍പു മാത്രമേ ആരംഭിച്ചിരിക്കാനിടയുള്ളു. അങ്ങനെ ആരംഭിച്ചതിന്റെ ലക്ഷണം നാട്യശാസ്ത്രത്തില്‍ പ്രത്യക്ഷമാണുതാനും. പതിനാറാമത്തെ അധ്യായത്തിന്റെ വിഷയം 'അലങ്കാരലക്ഷണം' ആണ്. ചമത്കാരജനകമായ ധര്‍മം എന്ന സാമാന്യാര്‍ഥത്തിലാണ് ഇദ്ദേഹം അലങ്കാരപദം പ്രയോഗിച്ചിട്ടുള്ളത്. ഈ അധ്യായത്തില്‍ 36 കാവ്യഭൂഷണങ്ങള്‍, 4 അലങ്കാരങ്ങള്‍, 10 കാവ്യദോഷങ്ങള്‍, 10 കാവ്യഗുണങ്ങള്‍ എന്നിങ്ങനെ അലങ്കാരശാസ്ത്രത്തിന്റെ പരിധിയില്‍പ്പെട്ട കാര്യങ്ങള്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അലങ്കാരവിവേചനത്തില്‍ സവിശേഷശ്രദ്ധ അക്കാലത്തു പതിഞ്ഞിട്ടില്ല എന്നു വ്യക്തമാണ്. ഉപമ, രൂപകം, ദീപകം, യമകം എന്നിങ്ങനെ 4 അലങ്കാരങ്ങള്‍ മാത്രമേ അന്നു വിവേചനം ചെയ്യപ്പെട്ടിരുന്നുള്ളു.
ശബ്ദാലങ്കാരമെന്നും അര്‍ഥാലങ്കാരമെന്നും ഉള്ള വിവേചനവും ഭരതന്റെ കാലത്തു നടന്നിട്ടില്ല; എങ്കിലും ഉപമ അലങ്കാരങ്ങളില്‍വച്ച് ഏറ്റവും പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുള്ളതായി അനുമാനിക്കാം. അലങ്കാരശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അവരോധിക്കപ്പെടുന്നതിനു ഭരതന് സമര്‍ഹനാണെന്നതില്‍ പക്ഷാന്തരമുണ്ടാകാനിടയില്ല. പക്ഷേ, നാട്യകാര്യങ്ങളില്‍ സവിശേഷം ദത്താവധാനനാകമൂലം കാവ്യത്തെക്കുറിച്ചു വിശദമായ പഠനം എന്നല്ല കാവ്യത്തിന് ഒരു നിര്‍വചനം പോലും ഭരതന് നിര്‍ദേശിച്ചിട്ടില്ല. ആ നിലയ്ക്കു നോക്കിയാല്‍ കാവ്യനിര്‍വചനംകൊണ്ടാരംഭിക്കുന്ന കാവ്യാലങ്കാരം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഭാമഹന്‍ ആദ്യത്തെ ആലങ്കാരികനായി സാഹിത്യശാസ്ത്രചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നതു കാണാം. ഭരതന് പ്രായേണ നാട്യശാസ്ത്രാചാര്യനായിട്ടേ കരുതപ്പെടുന്നതുമുള്ളു.
ഭാമഹന്റെ കാവ്യാലങ്കാരം
ഭാമഹന്റെ കാലം എ.ഡി. 675-നും 750-നും ഇടയ്ക്കാണ്. ഇദ്ദേഹം രചിച്ച കാവ്യാലങ്കാരം ആണ് ആദ്യത്തെ സമ്പൂര്‍ണമായ അലങ്കാരശാസ്ത്രഗ്രന്ഥം. ഭരതനും ഭാമഹനും ഇടയ്ക്കുള്ള കാലഘട്ടം അലങ്കാരശാസ്ത്രത്തിന്റെ വികാസചരിത്രത്തില്‍ അപ്രധാനമായ ഒന്നല്ല. ഭരതനില്‍ കാണുന്ന നാല് അലങ്കാരങ്ങള്‍ ഭാമഹന്റെ കാലമായപ്പോഴേക്കും 41 ആയി വളര്‍ന്നുകാണുന്നു.
ഭാമഹന്‍ അലങ്കാരപ്രാധാന്യവാദിയായ ആചാര്യനാണ്. ഗുണം, രീതി, രസം എന്നിവയെ അലങ്കാരങ്ങളുടെ കൂട്ടത്തില്‍ ഗണിച്ചു എന്നല്ലാതെ അതില്‍ക്കവിഞ്ഞ സ്ഥാനം ഇദ്ദേഹം അവയ്ക്കു നല്‍കിയിട്ടില്ല. കാവ്യശരീരം, അലങ്കാരം, ദോഷദര്‍ശനം, ന്യായനിര്‍ണയം, ശബ്ദശുദ്ധി എന്നിങ്ങനെ അഞ്ചു വിഷയങ്ങളാണ് ഈ ആറു പരിച്ഛേദങ്ങളിലായി പ്രതിപാദിച്ചിട്ടുള്ളത്. ഇവയില്‍ അലങ്കാരപ്രതിപാദകങ്ങളായ 160 പദ്യങ്ങളുള്‍പ്പെടുന്നു. രസഭാവാദികളെ രസഭാവാദ്യലങ്കാരങ്ങളായി മാത്രമേ ആചാര്യന് കരുതിയിട്ടുള്ളു. മൊത്തം 41 അലങ്കാരങ്ങള്‍ ഭാമഹന്റെ കാലത്തു നിരൂപിക്കപ്പെട്ടിരുന്നതായി കാണുന്നു. ഈ 41-ല്‍പ്പെട്ട ഹേതു, സൂക്ഷ്മം, ലേശം എന്നീ അലങ്കാരങ്ങളെ ഉക്തിവൈചിത്ര്യരഹിതമാകയാല്‍ ഭാമഹന്‍ സ്വീകരിക്കുന്നില്ല.
'ഹേതുശ്ച സൂക്ഷ്മോ ലേശോഥ
നാലങ്കാരതയാ മതഃ' (കാവ്യാലങ്കാരം ശശ 86)
ഇവയ്ക്കെല്ലാം പുറമേ രാമശര്‍മ നിര്‍ദേശിച്ച 'പ്രഹേളിക' എന്ന ഒരു ശബ്ദാലങ്കാരമുണ്ട്. അതിനെ ആചാര്യന്മാര് നിഷേധിച്ചിട്ടില്ല എന്നു മാത്രം. കാവ്യദോഷങ്ങള്‍, ശബ്ദശുദ്ധി എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്നിടത്ത് ഇദ്ദേഹത്തിനു സത്കാവ്യത്തെക്കുറിച്ചു സുവ്യക്തവും സുദൃഢവുമായ ചില ധാരണകള്‍ ഉണ്ടായിരുന്നു എന്നു കാണാം. പ്രസ്തുതാലങ്കാരഗ്രന്ഥത്തിന് ഉദ്ഭടന്‍ (775-850) ഭാമഹവിവരണം എന്ന ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടെന്ന് പ്രതിഹാരേന്ദുരാജന്‍, അഭിനവഗുപ്തന്, രുയ്യകന്‍ എന്നിവര്‍ തങ്ങളുടെ കൃതികളില്‍ സൂചിപ്പിച്ചിട്ടുണ്ട്; എങ്കിലും അതു കണ്ടുകിട്ടിയിട്ടില്ല.
അനുക്രമവികാസം
ഭാമഹന്റെ കാവ്യാലങ്കാരത്തിനുശേഷം അലങ്കാരശാസ്ത്രം ക്രമമായ പുരോഗതി കൈവരിച്ചതിന്റെ ഫലമായി സംസ്കൃതഭാഷയിലുണ്ടായിട്ടുള്ള കാവ്യശാസ്ത്രഗ്രന്ഥങ്ങള്‍ അനവധിയാണ്. അവയില്‍ പ്രാമുഖ്യമര്‍ഹിക്കുന്നത് കാവ്യാദര്‍ശം, കാവ്യാലങ്കാരസംഗ്രഹം, കാവ്യാലങ്കാരസൂത്രം, കാവ്യാലങ്കാരം, ധ്വന്യാലോകം, കാവ്യമീമാംസ, വക്രോക്തിജീവിതം, വ്യക്തിവിവേകം, ശൃംഗാരപ്രകാശം, സരസ്വതീകണ്ഠാഭരണം, ഔചിത്യവിചാരചര്‍ച്ച, കവികണ്ഠാഭരണം, കാവ്യപ്രകാശം, അലങ്കാരസര്‍വസ്വം, വാഗ്ഭടാലങ്കാരം, കാവ്യാനുശാസനം, രസതരംഗിണി, ചന്ദ്രാലോകം, ഏകാവലി, പ്രതാപരുദ്രയശോഭൂഷണം, സാഹിത്യദര്‍പ്പണം, അലങ്കാരശേഖരം, കുവലയാനന്ദം, ചിത്രമീമാംസ, രസഗംഗാധരം എന്നിവയാണ്. ഇവ കൂടാതെ കണ്ടുകിട്ടിയിട്ടുള്ള 150-ല്‍ അധികം അലങ്കാരഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. അവയില്‍ 50-ല്‍ അധികം കൃതികളുടെ രചയിതാക്കള്‍ ആരെന്നു നിരാക്ഷേപമായി തെളിഞ്ഞിട്ടില്ല.