This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര പുനര്‍നിര്‍മാണ വികസന ബാങ്ക് (ലോകബാങ്ക്)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്താരാഷ്ട്ര പുനര്‍നിര്‍മാണ വികസന ബാങ്ക് (ലോകബാങ്ക്)
കിലൃിേമശീിേമഹ ആമിസ ളീൃ ഞലരീിൃൌരശീിേ മിറ ഉല്ലഹീുാലി (കആഞഉ)
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനം. ലോകബാങ്ക് എന്ന പേരിലും അറിയപ്പെടുന്നു. പുനരുത്പാദനക്ഷമമായ മുതല്‍മുടക്കിനുവേണ്ട സ്വകാര്യമൂലധനം കിട്ടാതെവരുമ്പോള്‍ വായ്പകള്‍ നല്കി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവണ്‍മെന്റുകള്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ഗവണ്‍മെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജന്‍സികള്‍ക്കും വായ്പ നല്കാറുണ്ട്. യുദ്ധക്കെടുതികള്‍ക്ക് വിധേയമായ രാഷ്ട്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കാന്‍ വേണ്ടിയാണ് ഈ സ്ഥാപനം രൂപംകൊണ്ടത്.
യു.എസ്സിലെ ന്യൂഹാംപ്ഷയര്‍ സംസ്ഥാനത്ത് ബ്രെട്ടന്‍വുഡ്സ് എന്ന സ്ഥലത്തുവച്ചാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1944 ജൂലാ.-ല്‍ നടന്ന സമ്മേളനത്തില്‍ ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്. ഈ സമ്മേളനത്തില്‍ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (കിലൃിേമശീിേമഹ ങീിലമ്യൃേ എൌിറ) രൂപംകൊണ്ടതും. രണ്ടു സ്ഥാപനങ്ങളും സ്വതന്ത്രമായി നിലകൊള്ളുന്നവയാണെങ്കിലും പരസ്പരപൂരകങ്ങളാണ്. ബാങ്കിന്റെ സ്ഥാപനപ്രമാണം ഒപ്പുവച്ചതോടെ 1945 ഡി. 27-ന് ബാങ്ക് നിലവില്‍വന്നു. 1946 ജൂണില്‍ വാഷിംഗ്ടണ്‍ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. വികസ്വര രാജ്യങ്ങളുടെ മനുഷ്യവികസനം (വിദ്യാഭ്യാസം, ആരോഗ്യം), കാര്‍ഷിക-ഗ്രാമവികസനം, പരിസ്ഥിതി, പശ്ചാത്തലസൌകര്യം, ഭരണനിര്‍വഹണം തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ സഹായം നല്‍കുന്നതിനാണ് ബാങ്ക് പ്രധാനമായും ശ്രദ്ധിക്കുന്നത്. അംഗരാജ്യങ്ങള്‍ക്കു വായ്പയും ദരിദ്രരാജ്യങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്നുണ്ട്. നിശ്ചിത പദ്ധതികളുമായി ബന്ധപ്പെടുത്തിയായിരിക്കും വായ്പകളും ഗ്രാന്റുകളും നല്‍കുന്നത്.
ബാങ്കിന്റെ ഉദ്ദേശ്യങ്ങള്‍ ഇവയാണ്:
1. വികസ്വര രാജ്യങ്ങളിലെ ദാരിദ്യ്രനിര്‍മാര്‍ജനവും ജീവിതനിലവാരം ഉയര്‍ത്തലും.
2. അംഗരാഷ്ട്രങ്ങളുടെ പുനര്‍നിര്‍മാണ-വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്കി പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളും വിദേശവാണിജ്യവും മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുക;
3. സ്വകാര്യമേഖലകളില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യ ഉടമകള്‍ക്ക് വായ്പകള്‍ നല്കുകയും മറ്റു വായ്പകള്‍ക്ക് ജാമ്യം നില്ക്കുകയും ചെയ്യുക;
4. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സ്വകാര്യ മൂലധനം ന്യായമായ പലിശനിരക്കില്‍ ലഭ്യമാകാതെവരുമ്പോള്‍ ബാങ്കിന്റെ മൂലധനത്തില്‍നിന്നോ ബാങ്ക് വായ്പ എടുത്തിട്ടുള്ള തുകയില്‍നിന്നോ വായ്പകള്‍ നല്കുക.
5. 1996 മുതല്‍ അംഗരാജ്യങ്ങളിലെ അഴിമതിക്കെതിരായ പ്രവര്‍ത്തനവും ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ ഭാഗമായി അംഗീകരിച്ചു. ഇത് ബാങ്കിന്റെ രാഷ്ട്രീയേതര നിലപാട് പ്രഖ്യാപിക്കുന്ന ആര്‍ട്ടിക്കിള്‍-10-ന്റെ ലംഘനമാണെന്ന വിമര്‍ശനവുമുണ്ടായിട്ടുണ്ട്.
ഭരണസംവിധാനം. ഗവര്‍ണര്‍മാരുടെ സമിതിയും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ മറ്റൊരു സമിതിയും ഒരു പ്രസിഡന്റുമാണ് ബാങ്കിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രസിഡന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സമിതിയുടെ അധ്യക്ഷന്‍കൂടിയാണ്. വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കാറുള്ള ഗവര്‍ണര്‍മാരുടെ സമിതിയാണ് ബാങ്കിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു രൂപംനല്കുന്നത്. ഈ സമിതിയുടെ മിക്ക അധികാരങ്ങളും എക്സിക്യൂട്ടീവ് ഡയറക്ടര്‍സമിതിക്ക് വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതല്‍ ഓഹരിയെടുത്തിട്ടുള്ള അഞ്ചു രാഷ്ട്രങ്ങള്‍ അഞ്ചു എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും ബാക്കിയുള്ള രാഷ്ട്രങ്ങള്‍ മറ്റു 15 എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും തിരഞ്ഞെടുക്കുന്നു. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരാണ്. ലോകബാങ്കിന്റെ ഒന്നാമത്തെ പ്രസിഡന്റ് യൂജിന്‍ മേയര്‍ ആയിരുന്നു. 2005 ജൂണ്‍ മുതല്‍ അമേരിക്കക്കാരനായ പോള്‍ വോള്‍ഫോവിറ്റ്സ് ആണ് ബാങ്കിന്റെ പ്രസിഡന്റ്. അമേരിക്കക്കാര്‍ മാത്രമേ പ്രസിഡന്റായി നിയമിക്കപ്പെടുന്നുള്ളു എന്നത് ഒരു അലിഖിത നിയമമാണ്. പ്രസിഡന്റിന്റെ കാലാവധി 5 വര്‍ഷമാണ്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായിട്ടാണ് രൂപം കൊണ്ടതെങ്കിലും ലോകബാങ്കിനെ ഫലത്തില്‍ നിയന്ത്രിക്കുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളാണ്. ലോകബാങ്കിന്റെ വോട്ടവകാശം അംഗരാജ്യങ്ങളുടെ സാമ്പത്തികശക്തിയെ ആശ്രയിച്ചിരിക്കുന്നു. യു.എസ്സിന് 16.4 ശ.മാ. വും ജപ്പാന് 7.9 ശ.മാ.വും ജര്‍മനിക്ക് 4.5 ശ.മാ.വും ബ്രിട്ടനും ഫ്രാന്‍സിനും 4.3 ശ.മാ.വും വോട്ടവകാശമുണ്ട്. ജി-7 രാജ്യങ്ങള്‍ക്കുമാത്രമായി 40 ശ.മാ. വോട്ടുകളുണ്ട്. നിര്‍ണായക തീരുമാനങ്ങള്‍ക്ക് മൊത്തം വോട്ടിന്റെ 85 ശ.മാ. പിന്തുണ ആവശ്യമാണ്. അതുകൊണ്ടുതന്നെ ലോകബാങ്കിന്റെ നയപരമായ കാര്യങ്ങളില്‍ യു.എസ്സിന് വീറ്റോ അധികാരം പ്രയോഗിക്കാന്‍ കഴിയും. ഐ.ബി.ആര്‍.ഡി.യില്‍ ഇപ്പോള്‍ (2006) 184 രാജ്യങ്ങള്‍ അംഗങ്ങളാണ്.
മൂലധനം. അംഗരാഷ്ട്രങ്ങള്‍ എടുക്കുന്ന ഓഹരിത്തുകയാണ് ബാങ്കിന്റെ മൂലധനം. സാമ്പത്തികനിലയ്ക്ക് ആനുപാതികമായി ഓഹരികള്‍ എടുക്കേണ്ടതുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അധികൃത മലധനം (മൌവീൃേശ്വലറ രമുശമേഹ) 1000 കോടി ഡോളറായിരുന്നു. ഒരു ലക്ഷം യു.എസ്സ്. ഡോളര്‍ മൂല്യമുള്ള ഒരുലക്ഷം ഓഹരികളായി മൊത്തം മൂലധനശേഖരത്തെ നിര്‍ണയിച്ചിരുന്നു. മൊത്തം വോട്ടിന്റെ നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ മൂലധന ശേഖരം വര്‍ധിപ്പിക്കാവുന്നതാണ്. 1988-ല്‍ ബാങ്കിന്റെ അധികൃതമൂലധനം 1,420,500 ഓഹരികളായി വര്‍ധിപ്പിക്കുകയുണ്ടായി. മൂലധനത്തിന്റെ 20 ശ.മാ. മാത്രമേ അന്ന് ഈടാക്കിയിരുന്നുള്ളു. 2 ശ.മാ. സ്വര്‍ണമായോ യു.എസ്സ്. ഡോളറായോ നല്കണം. ബാക്കി ദേശീയനാണ്യത്തിലും. 80 ശ.മാ. ബാങ്ക് ആവശ്യപ്പെടുമ്പോള്‍ കൊടുക്കേണ്ടതാണ്. പരസ്യവിപണികളില്‍നിന്ന് ബാങ്ക് വായ്പ സ്വീകരിക്കുമ്പോള്‍ പിരിഞ്ഞുകിട്ടുന്ന തുകയ്ക്ക് അതതു രാജ്യത്തെ ഗവണ്‍മെന്റുകള്‍ ഉറപ്പു നല്കണം. അധികൃതമുതലില്‍ ശേഷിക്കുന്ന 80 ശ.മാ. ആണ് ഈ ഉറപ്പിന് അടിസ്ഥാനം. വികസന പ്രവര്‍ത്തനങ്ങളുടെ തോത് വര്‍ധിച്ചതോടെ ബാങ്കിന്റെ മൂലധനവും വര്‍ധിപ്പിക്കേണ്ടതായിവന്നു.
വികസന വായ്പകള്‍ക്കുവേണ്ടി പരസ്യവിപണികളില്‍ ബോണ്ടുകള്‍ വിറ്റഴിച്ചും ബാങ്ക് പണമുണ്ടാക്കാറുണ്ട്. 1947-ല്‍ 25 കോടി ഡോളര്‍ വിലവരുന്ന ബോണ്ടുകള്‍ വിറ്റതോടെയാണ് ബാങ്കിന്റെ വായ്പ-എടുക്കല്‍ പദ്ധതി ആരംഭിച്ചത്. അമേരിക്കന്‍ നിക്ഷേപവിപണികളില്‍ മാത്രം ആദ്യം ഒതുക്കിനിര്‍ത്തിയിരുന്ന വായ്പ-എടുക്കല്‍ പിന്നീട് അന്താരാഷ്ട്ര അടിസ്ഥാനത്തില്‍ വിപുലമാക്കി. കമ്പോളനിലവാരവും ബാങ്കിന്റെ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് ബോണ്ടുകളുടെ കാലാവധിയും പലിശനിരക്കും തീര്‍ച്ചപ്പെടുത്തുന്നത്.
വായ്പകള്‍ക്കുപുറമേ, ബാങ്കില്‍നിന്നും വായ്പ എടുത്തിട്ടുള്ളവരില്‍നിന്നു കിട്ടുന്ന സെക്യൂരിറ്റികള്‍ മറ്റു സ്ഥാപനങ്ങള്‍ക്കു കൈമാറ്റം ചെയ്തും ബാങ്കിന്റെ വായ്പാനിധി വര്‍ധിപ്പിക്കാറുണ്ട്.
വായ്പകള്‍. ബാങ്ക് മൂലധനത്തില്‍നിന്നും പരസ്യവിപണികളില്‍ ബോണ്ടുകള്‍ വിറ്റുകിട്ടുന്ന തുകയില്‍നിന്നുമാണ് ബാങ്ക് പുനര്‍നിര്‍മാണ-വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്നത്. മറ്റു അന്താരാഷ്ട്രവായ്പകള്‍ക്കു ജാമ്യം നിന്നും ബാങ്ക് അംഗരാഷ്ട്രങ്ങളെ സഹായിക്കുന്നു. അംഗ ഗവണ്‍മെന്റുകളുടെ ഉറപ്പിന്‍മേല്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കും വായ്പ അനുവദിക്കുന്നുണ്ട്. പിരിഞ്ഞുകിട്ടിയ മുതലും പരസ്യവിപണിയില്‍നിന്ന് വായ്പ ലഭിച്ച തുകയും ബാങ്കിന്റെ ആദായവും ചേര്‍ന്നതാണ് ബാങ്കിന്റെ വായ്പാനിധി.
യുദ്ധക്കെടുതികള്‍ക്കു വിധേയമായ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കാണ് ബാങ്ക് ആദ്യകാലങ്ങളില്‍ സഹായം നല്കിയിരുന്നത്. 1949-നുശേഷം അല്പവികസിതരാഷ്ട്രങ്ങള്‍ക്കും സഹായം നല്കാന്‍ തുടങ്ങി. അല്പവികസിതരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികവികസനത്തിന് ദീര്‍ഘകാലവായ്പ നല്കുന്ന പ്രധാന ഏജന്‍സി ഈ ബാങ്ക് തന്നെയാണ്. വിദ്യുച്ഛക്ത്യുത്പാദനം, വാര്‍ത്താവിനിമയം, ഗതാഗതം, വ്യവസായം, വ്യാവസായിക ബാങ്കുകള്‍, കൃഷി എന്നിവയുടെ വികസനത്തിന് സാധാരണയായി വായ്പ നല്കുന്നു. മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും ഏറ്റവും വലിയ വികസന മൂലധനസ്രോതസ്സാണ് ബാങ്കിന്റെ വായ്പകള്‍. ബാങ്കില്‍നിന്നും ഏറ്റവുമധികം വായ്പയെടുത്തിട്ടുള്ള രാജ്യം ആര്‍ജന്റീനയാണ്. 1999 സാമ്പത്തിക വര്‍ഷത്തില്‍ 3.2 ബില്യണ്‍ യു.എസ്സ്. ഡോളറാണ് ആര്‍ജന്റീനയ്ക്കു ലഭിച്ചിട്ടുള്ളത്. ഇന്തോനേഷ്യ, ചൈന, ദക്ഷിണകൊറിയ, റഷ്യ, ബ്രസീല്‍, തായ്ലന്റ്, ഇന്ത്യ, ബംഗ്ളാദേശ്, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മറ്റു പ്രധാന വായ്പാ സ്വീകര്‍ത്താക്കള്‍.
ചില പ്രത്യേക വ്യവസ്ഥകള്‍ക്കു വിധേയമായാണ് ബാങ്ക് വായ്പ നല്കുന്നത്:
1.പുനരുത്പാദനശേഷിയുള്ള പദ്ധതികളായിരിക്കണം;
2. ന്യായമായ നിരക്കില്‍ മറ്റു ഏജന്‍സികളില്‍നിന്ന് വായ്പ ലഭിക്കാതെ വരുമ്പോള്‍ മാത്രം പരിഗണന നല്കണം;
3 വായ്പ എടുക്കുന്നവരോ, അതിനു ജാമ്യം നില്ക്കുന്നവരോ വായ്പാബാധ്യതകള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ളവരായിരിക്കണം;
4.വായ്പ അനുവദിക്കുന്നത് ഗവണ്‍മെന്റ് സ്ഥാപനത്തിനല്ലെങ്കില്‍ വായ്പാബാധ്യതകള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ളവരായിരിക്കണം;
വായ്പ ആവശ്യപ്പെടുന്ന രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും പദ്ധതിയെക്കുറിച്ചും ബാങ്ക് പ്രതിനിധികള്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. സാധാരണയായി പദ്ധതികളുടെ ആവശ്യത്തിനുവേണ്ട ഇറക്കുമതികള്‍ക്കും മറ്റു സാങ്കേതിക സഹായങ്ങള്‍ക്കും മാത്രമേ ബാങ്ക് വായ്പ നല്കാറുള്ളു. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ നയത്തിന് മാറ്റം വരുത്താറുണ്ട്.
മറ്റു രാഷ്ട്രങ്ങളില്‍നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാവശ്യമായ വിദേശനാണ്യം ബാങ്കിന്റെ വിദേശനാണ്യനിധിയില്‍നിന്നും കൊടുക്കുന്നു. ഏതെങ്കിലും വിദേശനാണ്യങ്ങള്‍ ഇല്ലാതെവരികയാണെങ്കില്‍ മറ്റു നാണയങ്ങള്‍ ഉപയോഗിച്ച് ഈ പ്രത്യേക നാണ്യം നേടിക്കൊടുക്കുന്നു. വിദേശനാണ്യ നിധിയില്‍നിന്ന് വായ്പ എടുത്താല്‍ ആ നാണയത്തില്‍തന്നെ വായ്പ മടക്കിയടയ്ക്കണം. രണ്ടാമത്തെ രീതിയിലാണെങ്കില്‍ ആവശ്യമായ നാണയം സമ്പാദിക്കാന്‍ ഉപയോഗിച്ച നാണയത്തില്‍തന്നെ വായ്പ മടക്കി അടയ്ക്കണം.
നിശ്ചിത പദ്ധതികള്‍ സമര്‍പ്പിച്ചാണ് അംഗരാഷ്ട്രങ്ങള്‍ വായ്പ നേടുന്നത്. നിശ്ചിത പദ്ധതിക്കുതന്നെ വായ്പത്തുക വിനിയോഗിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ബാങ്ക് നേരിട്ട് പദ്ധതികള്‍ പരിശോധിക്കുകയും അതനുസരിച്ച് വായ്പകള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.
പലിശനിരക്ക്. ഒരേ കാലയളവില്‍ ഒരേ നിരക്കിലുള്ള പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പരസ്യവിപണികളില്‍നിന്ന് ബാങ്ക് വായ്പ സ്വീകരിക്കുമ്പോള്‍ കൊടുക്കേണ്ട പലിശ, വായ്പകളില്‍നിന്ന് ബാങ്ക് ഈടാക്കുന്ന 1 ശ.മാ. കമ്മിഷന്‍, ബാങ്കിന്റെ ഭരണച്ചെലവിലേക്ക് ഒരു ചെറിയ തുക എന്നിവ കണക്കിലെടുത്തുകൊണ്ടാണ് പലിശനിരക്ക് തീര്‍ച്ചപ്പെടുത്തുന്നത്. 4 ശ.മാ. മുതല്‍ 6മ്പ ശ.മാ. വരെ പലിശ ഈടാക്കുന്നുണ്ട്. ബാങ്കിന്റെ അറ്റാദായം ബാങ്കിന്റെ പൂരക കരുതല്‍ ധനത്തോട് (ടൌുുഹലാലിമ്യൃേ ൃലല്ൃെല) ചേര്‍ക്കുന്നു. വായ്പകളിന്‍മേല്‍ ഈടാക്കുന്ന 1 ശ.മാ. കമ്മിഷന്‍ സ്പെഷ്യല്‍ റിസര്‍വ് ഫണ്ടിലും ചേര്‍ക്കുന്നു.
സാമ്പത്തികസഹായത്തിനു പുറമേ, ബാങ്ക് സാങ്കേതിക സഹായങ്ങളും നല്കുന്നുണ്ട്. നിരീക്ഷണ സമിതികള്‍ സംഘടിപ്പിച്ചാണ് ബാങ്ക് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അംഗരാഷ്ട്രങ്ങളുടെ വികസന സാധ്യതയെക്കുറിച്ച് പഠിക്കുകയും അതതു ഗവണ്‍മെന്റുകളുടെ ദീര്‍ഘകാലവികസന പദ്ധതികള്‍ക്കു രൂപംകൊടുക്കുകയുമാണ് ഈ നിരീക്ഷണസമിതികളുടെ ജോലി. ഈ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ ബാങ്കും ബന്ധപ്പെട്ട രാഷ്ട്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ബാങ്ക് പ്രതിനിധികളെ അയച്ച് പൊതുമേഖലാനിക്ഷേപങ്ങള്‍ക്കും വികസനപരിപാടികള്‍ക്കും വേണ്ട സഹായങ്ങള്‍ കൊടുക്കുന്നു. ഭക്ഷ്യകാര്‍ഷികസംഘടനയുമായി സഹകരിച്ച് കൃഷിവികസന സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസംഘങ്ങളെയും അയയ്ക്കുന്നു. അംഗരാഷ്ട്രങ്ങള്‍ നടത്തുന്ന സാമ്പത്തിക വികസന സര്‍വേകളിലും ബാങ്ക് പങ്കെടുക്കുന്നുണ്ട്.
1956-ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര ധനകാര്യകോര്‍പ്പറേഷന്‍, 1960-ല്‍ രൂപംകൊണ്ട അന്താരാഷ്ട്ര വികസന സമിതി, 1966-ല്‍ നിലവില്‍വന്ന ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ സെറ്റില്‍മെന്റ് ഒഫ് ഇന്‍വെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട് എന്നിവയ്ക്കു പുറമെ 'മള്‍ട്ടിലാറ്ററല്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്യാരന്റി ഏജന്‍സി (1988) എന്നൊരു സ്ഥാപനവും ബാങ്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങളിലെ വികസന പരിപാടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് പരിശീലനം നല്കുക, സെമിനാറുകള്‍ സംഘടിപ്പിക്കുക എന്നിവ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. കേന്ദ്രബാങ്കുകളുടെ പ്രതിനിധികളും ഈ സെമിനാറുകളില്‍ പങ്കെടുക്കാറുണ്ട്. അല്പവികസിത രാഷ്ട്രങ്ങളുടെ പ്രശ്നങ്ങളാണ് സാധാരണയായി ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ചര്‍ച്ചചെയ്യുന്നത്. വിദേശ രാഷ്ട്രങ്ങളില്‍ സ്വകാര്യ നിക്ഷേപങ്ങള്‍വഴി വികസന പരിപാടികള്‍ ആവിഷ്കരിക്കുന്നതിനും ബാങ്ക് സഹായിക്കുന്നു. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള ഒരു വേദിയായും ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. യു.എ.ആറും സൂയസ് കനാല്‍ കമ്പനിയും തമ്മിലുള്ള തര്‍ക്കവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജലത്തര്‍ക്കവും ഇവിടെ പ്രസ്താവ്യമാണ്.
എയ്ഡ് ഇന്ത്യാ കണ്‍സോര്‍ഷ്യം, എയ്ഡ് പാകിസ്താന്‍ കണ്‍സോര്‍ഷ്യം എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ബാങ്ക് മുന്‍കൈയെടുക്കുന്നുണ്ട്. കൊളംബിയ, കിഴക്കേ ആഫ്രിക്ക, കൊറിയ, മലേഷ്യ, മൊറോക്കോ, നൈജീരിയ, പെറു, ഫിലിപ്പൈന്‍സ്, സുഡാന്‍, തായ്ലന്റ്, ടുണിഷ്യാ, എന്നീ രാജ്യങ്ങളുടെ ആവശ്യത്തിനുവേണ്ടി ചര്‍ച്ചാസമിതികള്‍ രൂപവത്കരിച്ചതും ബാങ്ക് തന്നെയാണ്. ശ്രീലങ്ക, ഘാനാ എന്നീ രാജ്യങ്ങള്‍ക്കുവേണ്ട സഹായസമിതികളും ബാങ്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്റര്‍ ഗവണ്‍മെന്റ് ഗ്രൂപ്പ് ഫോര്‍ ഇന്തോനേഷ്യ(കഏഏക)യ്ക്കുവേണ്ട ഉദ്യോഗസ്ഥസഹായം ബാങ്ക് നല്കുന്നു. ടര്‍ക്കി കണ്‍സോര്‍ഷ്യത്തിലെ ഒരംഗംകൂടിയാണ് ഈ ബാങ്ക്. സമീപകാലത്തായി ദാരിദ്യ്രനിര്‍മാജനം, പ്രാദേശിക-ചെറുകിട സംരംഭക വികസനം, ശുദ്ധജലവിതരണം, സുസ്ഥിരവികസനം എന്നീ ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നു. സാമ്പത്തിക വികസന പദ്ധതികള്‍ പരിസ്ഥിതിക്കു കോട്ടം തട്ടാത്ത തരത്തിലായിരിക്കണം നടപ്പാക്കേണ്ടതെന്ന് ബാങ്ക് നിഷ്കര്‍ഷിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ബാങ്ക് വിവിധ രീതികളില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. "സുരക്ഷാ നയങ്ങള്‍ എന്ന പേരില്‍ ഒരു പരിപ്രേക്ഷ്യ രേഖ തന്നെ ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്.
വികസ്വര രാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെങ്കിലും, സമ്പന്ന രാജ്യങ്ങളുടെ നവലിബറല്‍ നയങ്ങളുടെ ഉപകരണമാണെന്ന വിമര്‍ശനം ബാങ്കിനെതിരെ ഉയര്‍ന്നിട്ടുണ്ട്. 1990 കളില്‍ ബാങ്ക് മുന്നോട്ടുവച്ച ഘടനാപരമായ സാമ്പത്തിക നവീകരണ പദ്ധതികള്‍ക്കെതിരെയുണ്ടായ ആഗോളവ്യാപക പ്രതിഷേധങ്ങള്‍ ശ്രദ്ധേയമാണ്. ഈ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ പലതരത്തിലുള്ള പൊളിച്ചെഴുത്തുകള്‍ക്ക് ബാങ്ക് നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുകയാണ്.