This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറബികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
10:39, 4 ഓഗസ്റ്റ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അറബികള്‍
അൃമയ
അറബിഭാഷ സംസാരിക്കുന്ന ജനങ്ങള്‍ക്ക് പൊതുവേ പറയുന്ന പേര്. എന്നാല്‍ അറേബ്യന്‍ അര്‍ധദ്വീപിനെ അധിവസിക്കുന്ന സെമിറ്റിക് ജനത എന്ന അര്‍ഥത്തിലാണ് അറബികള്‍ എന്ന പദം ആദ്യകാലത്ത് പ്രയോഗിക്കപ്പെട്ടിരുന്നത്. ബി.സി. ഏഴാം ശതകത്തില്‍ പ്രസ്തുത ജനതയുടെ സ്വാധീനത വര്‍ധിച്ചതോടെയാണ് അതിന് ഇന്നത്തെ അര്‍ഥവ്യാപ്തി ലഭിക്കുന്നത്.
'അറബ്' എന്ന വാക്കിന് അക്ഷരശുദ്ധിയോടെ സംസാരിക്കുന്നവര്‍ എന്നാണ് അര്‍ഥം. അറബികളുടെ ഭാഷാപരമായ ഔന്നത്യം ഇവിടെ സൂചിതമാകുന്നു. ഉച്ചാരണശുദ്ധിയില്ലാത്തവര്‍ എന്ന് അര്‍ഥം വരുന്ന 'അജാം' എന്ന പദം പേര്‍ഷ്യക്കാരെ പരാമര്‍ശിക്കുവാനും ഉപയോഗിക്കപ്പെട്ടിരുന്നു.
വര്‍ഗീകരണം. ഒരു ജനത എന്ന നിലയില്‍ അറബികളുടെ ആദ്യകാലചരിത്രം അജ്ഞാതമാണ്. ആധികാരികചരിത്രം ആരംഭിക്കുമ്പോള്‍ അറബികള്‍ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിക്കപ്പെട്ടിരുന്നു. വര്‍ഗീകരണത്തിന്റെ ശാസ്ത്രീയമായ അടിസ്ഥാനം എന്തായിരുന്നുവെന്ന് നിശ്ചയമില്ല. 'അല്‍-അറബ് അല്‍ ബാഇദാ' എന്നു വിളിക്കപ്പെട്ടിരുന്ന ആദ്യവിഭാഗക്കാര്‍ അന്യം നിന്നുപോയി. അവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മറ്റു രണ്ടു വിഭാഗങ്ങളും നോഹയുടെ പൊതുവായ പാരമ്പര്യം അവകാശപ്പെടുന്നവരാണ്. ഇവരില്‍ 'ശുദ്ധ അറബികള്‍' (അല്‍ അരബ് അല്‍ ആരീബ) യാരബിന്റെ സന്തതിപരമ്പരയില്‍പ്പെട്ടവരാണെന്ന് വിശ്വസിക്കപ്പെടുന്നു. നോഹയുടെ മക്കളില്‍ ഒരാളായ ശേമിന്റെ വംശത്തില്‍പ്പെട്ട ഖഹ്താന്റെ മകനായിരുന്നുവത്രെ യാരബ്. യാരബിന്റെ സന്തതികള്‍ക്ക് 'ആരബ്' (അറബികള്‍) എന്നും അവരുടെ അധിവാസസ്ഥാനങ്ങള്‍ക്ക് 'ആരബ്യ' (അറേബ്യ) എന്നും പേരുണ്ടായി. യാരബിന്റെ സന്തതികള്‍ മെസപ്പൊട്ടേമിയയിലും പരിസരപ്രദേശങ്ങളിലും ആടുമേച്ചും ഊരുചുറ്റി സഞ്ചരിച്ചും ജീവിതം നയിച്ചു. ഇവരില്‍ ഒരു വിഭാഗം പില്ക്കാലത്ത് വടക്കന്‍ പ്രദേശങ്ങളിലേക്കു അധിവാസം മാറ്റി. ഇവര്‍ 'യമനികള്‍' എന്ന് അറിയപ്പെടുന്നു.
'അറബികളാക്കപ്പെട്ട അറബികള്‍' എന്ന കൂട്ടരാണ് മൂന്നാമത്തെ വിഭാഗം. അവരും നോഹയുടെ വംശപാരമ്പര്യം അവകാശപ്പെടുന്നു. നോഹയുടെ മകനായ ശേമിന്റെ വംശജനായിരുന്നു, ഗോത്രപിതാവായ അബ്രഹാം. അബ്രഹാമിന് തന്റെ മിസ്രയീമ്യദാസിയായ ഹാഗാറില്‍ ഒരു മകന്‍ ജനിച്ചു. യിശ്മായേല്‍ എന്നു പേരായ ഈ മകനും അവന്റെ അമ്മ ഹാഗാറും അബ്രഹാമിന്റെ ഭവനത്തില്‍നിന്നു ബഹിഷ്കൃതരായി. അവര്‍ അറേബ്യന്‍ മരുഭൂമിയില്‍ (ഇന്നത്തെ മക്കയുടെ സ്ഥാനത്ത്) അശരണരായി ഉഴന്നു നടന്നപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ വന്ന് അവരെ സമാശ്വസിപ്പിക്കുകയും സമീപംതന്നെ ഒരു നീരുറവ കാട്ടിക്കൊടുക്കുകയും ചെയ്തു. യിശ്മായേലിന്റെ സന്താനപരമ്പര ഒരു വലിയ ജനതയായിത്തീരുമെന്ന് ദൈവദൂതന്‍ പ്രവചിച്ചു. മരുഭൂമിയില്‍ പാര്‍ത്ത യിശ്മായേലിന്റെ സന്തതികള്‍ ഒരു വലിയ ജനതയായിത്തീരുകയും ചെയ്തു. ക്രമേണ യാരബ്വംശജര്‍ യിശ്മായേലിന്റെ നേതൃത്വം സ്വീകരിച്ചു. അങ്ങനെ ഇരുകൂട്ടരും ചേര്‍ന്ന് യിശ്മായേലിനെ ഗോത്രത്തലവനായി അംഗീകരിക്കുകയും ഒറ്റ ജാതിയായിത്തീരുകയും ചെയ്തു. എന്നിരുന്നാലും, യിശ്മായേല്‍ വംശജരെ 'അറബികളാക്കപ്പെട്ട അറബികള്‍' എന്നാണ് യാരബ്വംശജര്‍ കണക്കാക്കിയത്.
മരുഭൂവിന്റെ മക്കള്‍. അറബികള്‍ ഒരു നാടോടിവര്‍ഗമായിരുന്നു. മരുഭൂമിയിലെ ജീവിതക്രമമാണ് നാടോടിസ്വഭാവത്തെ നിര്‍ണയിച്ചിരുന്നത്. വസന്തകാലം ആരംഭിക്കുന്നതോടെയാണ് അവിടെ സാധാരണ മഴ പെയ്യുന്നത്. അപ്പോള്‍ ശാദ്വലഭൂമികളില്‍ സസ്യങ്ങള്‍ വളരും. എന്നാല്‍ ആ മണല്‍ക്കാട്ടില്‍ കിണറുകളില്ലായിരുന്നു. എങ്കിലും ഒട്ടകങ്ങളുടെ പാല്‍ കുടിച്ചു ജീവിതം നിലനിര്‍ത്തും. മഴക്കാലം കഴിയുന്നതോടെ സസ്യങ്ങള്‍ ഇല്ലാതാകും. അപ്പോള്‍ മരുഭൂമിയിലെ ചരല്‍നിറഞ്ഞ സ്ഥലങ്ങളിലേക്ക് താമസം മാറ്റും. കാരണം, അവിടെ കിണറു കുഴിക്കാന്‍ കഴിയും. ഇങ്ങനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറിമാറിപ്പൊയ്ക്കൊണ്ടിരുന്നു അവരുടെ ജീവിതം. വര്‍ഷപാതം ക്രമരഹിതമായിരുന്നതിനാല്‍ അവരുടെ സഞ്ചാരവും അനിശ്ചിതമായിരുന്നു. പ്രതിരോധാവശ്യങ്ങള്‍ക്കും ഒട്ടകങ്ങളെ മേയ്ക്കുന്നതിനുംവേണ്ടി അവര്‍ സംഘം ചേര്‍ന്നു. ഓരോ സംഘവും പൊതുവായ ഒരു പൂര്‍വികന്റെ പാരമ്പര്യത്തില്‍ വിശ്വസിച്ചിരുന്നു. വലിയ സംഘങ്ങളെ വംശമെന്നും ചെറുസംഘങ്ങളെ ഗോത്രമെന്നും വിളിച്ചിരുന്നു. ഗോത്രത്തലവന്‍ 'ഷേക്ക്' എന്നാണ് അറിയപ്പെടുന്നത്. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് നീങ്ങുന്നത് ഷേക്കിന്റെ ആജ്ഞാനുസരണമായിരുന്നു. അന്യഗോത്രങ്ങളില്‍ നിന്നെത്തുന്ന അതിഥികളെ സത്കരിക്കുക ഷേക്കിന്റെ ചുമതലയായിരുന്നു. ഷേക്കിന്റെ അധികാരശക്തിക്കു മുഖ്യനിദാനം വ്യക്തിപരമായ യോഗ്യതകള്‍ തന്നെ. എന്നാല്‍ നിയമപരമായ കാര്യങ്ങളില്‍ പ്രായപൂര്‍ത്തിവന്ന എല്ലാ പുരുഷന്മാരും ചേര്‍ന്ന അസംബ്ളിയുടെ തീരുമാനങ്ങള്‍ക്കു ഗോത്രത്തലവന്‍ വിധേയനായിരുന്നു. ഗോത്രങ്ങള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കം ബുദ്ധിവൈഭവത്തിലും ഗോത്രാചാരവിജ്ഞാനത്തിലും നയതന്ത്രത്തിലുമെല്ലാം നിപുണനായ ഒരു മധ്യസ്ഥന്റെ തീരുമാനപ്രകാരം പരിഹരിക്കപ്പെട്ടിരുന്നു.
വൈരനിര്യാതനമായിരുന്നു മരുഭൂമിയിലെ ജീവിതഭദ്രതയുടെ അടിത്തറ. 'കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല്' എന്നായിരുന്നു സാമൂഹിക വഴക്കം. ആരെങ്കിലുമൊരാള്‍ വധിക്കപ്പെട്ടാല്‍ കൊലപാതകിയുടെ കുടുംബവും വംശവും ഗോത്രവും അതിന് ഉത്തരവാദികളാണ്. അവരില്‍ ഒരു വ്യക്തി പകരം കൊല്ലപ്പെടണമെന്നു തീര്‍ച്ച. അതായത് പ്രതികാരം നിര്‍വഹിക്കുകയെന്നത് സമൂഹത്തിന്റെ കര്‍ത്തവ്യമാണ്. തന്നിമിത്തം സംഘത്തില്‍നിന്നു വേര്‍തിരിഞ്ഞുനില്ക്കാന്‍ ഒരു വ്യക്തിക്കു സാധ്യമല്ല. സ്വന്തം സംഘത്തില്‍നിന്നു വേര്‍പെട്ടു പോകുന്ന വ്യക്തിക്കു മറ്റ് ഏതെങ്കിലുമൊരു സംഘത്തില്‍ ഉള്‍പ്പെട്ടേ മതിയാകൂ. അങ്ങനെ ഗോത്രപരമായ ഐക്യദാര്‍ഢ്യമായിരുന്നു ജീവിതഭദ്രത ഉറപ്പു വരുത്തിയത്.
നാടോടികളായ ഗോത്രങ്ങള്‍ക്കുപുറമേ സ്ഥിരവാസക്കാരായ അറബികളുമുണ്ടായിരുന്നു. ശാദ്വലപ്രദേശങ്ങളായിരുന്നു അവരുടെ ആസ്ഥാനം. ഇവയില്‍ ഏറ്റവും പ്രസിദ്ധം യാത്രിബ് എന്ന സ്ഥലമായിരുന്നു. മുഹമ്മദുനബിയുടെ കാലം മുതല്‍ ഇതു മദീന എന്ന പേരിലാണ് അറിയപ്പെടുന്നത്. മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അര്‍ഥം. ഉദ്ദേശം 65 ച.കി.മീ. വിസ്തൃതിയുള്ള ഈ പ്രദേശം കൃഷിക്കുപയുക്തമായിരുന്നു. ഇവിടെ അറേബ്യയുടെ മറ്റു ചില ഭാഗങ്ങളിലെന്നപോലെ കൃഷിസമ്പ്രദായം ആരംഭിച്ചത് യഹൂദമതക്കാരായ ഗോത്രങ്ങളായിരുന്നു. ഇവരുടെ പൂര്‍വികന്മാര്‍ പലസ്തീനില്‍നിന്ന് അഭയാര്‍ഥികളായി എത്തിയവരാണ്. നേരത്തേതന്നെയുണ്ടായിരുന്ന അറബികള്‍ യഹൂദന്മാരുടെ അധീനതയിലാവുകയും ചെയ്തു. ഓരോ ഗോത്രത്തിനും സ്വന്തമായ കോട്ടകളും കൊട്ടാരങ്ങളുമുണ്ടായിരുന്നു. ബാഹ്യാക്രമണങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാന്‍ ഇവ സഹായകമായിരുന്നു. സാധാരണഗതിയില്‍ ഇവര്‍ പുറത്തെ കൃഷിഭൂമികളില്‍ പാര്‍ത്തുവന്നു.
ആരാധന. ഗ്രഹങ്ങളെയും പ്രകൃതിശക്തികളെയുമാണ് പുരാതന അറബികള്‍ ആരാധിച്ചിരുന്നത്. അറേബ്യയിലെ പല ഗോത്രങ്ങളും സൂര്യാരാധകരായിരുന്നു. അവര്‍ സൂര്യക്ഷേത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ചു. അഞ്ചാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്ന അന്ത്യോഖ്യയിലെ സിറിയക്ക് കവിയായ ഐസക്ക്, അറബികള്‍ വീനസിനെ ആരാധിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആറാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ ഹിറായിലെ മുന്ധിര്‍ എന്ന അറബിരാജാവ് തടവുകാരായി പിടിച്ച ഒട്ടേറെ കന്യാസ്ത്രീകളെ വീനസിനു ബലികഴിച്ചതായി മറ്റൊരു കവി പ്രസ്താവിച്ചിട്ടുണ്ട്. ഗ്രഹങ്ങള്‍ക്കുപുറമേ മൃഗങ്ങളുടെയും പ്രദേശങ്ങളുടെയും പേരിലുള്ള ഒട്ടേറെ ദേവതകളെയും അറബികള്‍ ആരാധിച്ചിരുന്നു. ദേവപ്രീതിക്കായി മൃഗബലിയും അപൂര്‍വമായി നരബലിയും നടത്തിവന്നു. ഹീബ്രു ജനതയെപ്പോലെ ആദ്യസന്താനത്തെ ബലികഴിക്കുകയെന്ന ആചാരം അറബികളും അനുഷ്ഠിച്ചിരുന്നു. കുട്ടി ജനിച്ചാലുടന്‍ അതിന്റെ തല മുണ്ഡനം ചെയ്യുകയും കുട്ടിക്കു പകരമായി ഒരു ആടിനെ ബലികഴിക്കുകയും ചെയ്യുക എന്നതായിരുന്നു പതിവ്. ബലി നടക്കുമ്പോള്‍ ആരാധകര്‍ ദേവാലയത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുമായിരുന്നു.
ദേവാലയങ്ങള്‍ എന്നു കൃത്യമായി വിളിക്കാവുന്ന മന്ദിരങ്ങള്‍ വിരളമായിരുന്നു. ആരാധനാലയങ്ങള്‍ പവിത്രമായി കരുതപ്പെട്ടുപോന്നു. മക്കയിലെ 'കഅബ'യാണ് ഏറ്റവും പുരാതനമായ ദേവാലയം. പുരോഹിതന്മാര്‍ക്ക് സാമൂഹികമായി വിശുദ്ധസ്ഥാനം കല്പിക്കപ്പെട്ടിരുന്നു. ദേവാലയത്തിലേക്കു പ്രവേശനം നല്കുന്നവന്‍ എന്ന അര്‍ഥമുള്ള 'സാദീന്‍' എന്നാണ് പുരോഹിതന്മാര്‍ വിളിക്കപ്പെട്ടിരുന്നത്.
മതപരമായ ഒട്ടേറെ ആചാരങ്ങളും അന്ധവിശ്വാസങ്ങളും പുരാതന അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. സുന്നത്ത് സാര്‍വത്രികമായിരുന്നു. മതപരമായ ഒരു ചടങ്ങ് എന്ന നിലയില്‍ ആവിര്‍ഭവിച്ച ഈ സമ്പ്രദായത്തെ യുക്തിബോധംകൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കാതെ ഒരു അവശ്യാചാരമായി അനുഷ്ഠിച്ചുപോന്നു. ഈ സമ്പ്രദായത്തെ അതേപടി സ്വീകരിക്കാന്‍ പിന്നീട് ഇസ്ലാം മതത്തിനു മടിയുണ്ടായില്ല. പിശാചുക്കളിലും പുരാതന അറബികള്‍ വിശ്വസിച്ചിരുന്നു. പിശാചുക്കള്‍ എല്ലായിടത്തുമുണ്ട്; പക്ഷേ, അവയെ വ്യക്തമായി കാണാന്‍ പാടില്ല; നിഴല്‍ രൂപികളാണവ-ഇതായിരുന്നു പിശാചിനെ (ജിന്‍) പ്പറ്റിയുണ്ടായിരുന്ന സങ്കല്പം. ജിന്നിന് പല രൂപങ്ങള്‍ കൈക്കൊള്ളാന്‍ കഴിയും. പ്രത്യേകിച്ച് പാമ്പ്, പല്ലി, തേള്‍ തുടങ്ങിയ ഇഴജന്തുക്കളുടെ രൂപങ്ങള്‍. ഈ അന്ധവിശ്വാസംമൂലമാണ് പാമ്പിന് അറബിഭാഷയില്‍ ജിന്‍ എന്ന പേരുണ്ടായത്. പുരാതന അറബികള്‍ ശകുനത്തിലും വിശ്വസിച്ചിരുന്നു.
അറബികള്‍, കേരളത്തില്‍. ചരിത്രാതീതകാലം മുതല്‍ക്കുതന്നെ കേരളത്തിന്റെ വാണിജ്യവിഭവങ്ങള്‍ തേടിവന്ന ഫിനീഷ്യരും ഗ്രീക്കുകാരും റോമാക്കാരും അറബികളും എല്ലാം 'മലബാര്‍'തീരത്തെ പ്രസിദ്ധ തുറമുഖങ്ങളില്‍ കപ്പലുകള്‍ അടുപ്പിച്ചിരുന്നു. സോളമന്‍ ചക്രവര്‍ത്തിക്കുവേണ്ടി സ്വര്‍ണവും വെള്ളിയും ആനക്കൊമ്പും മയിലുകളും കുരങ്ങുകളുമെല്ലാം 'ഓഫീര്‍' എന്ന തുറമുഖത്തില്‍നിന്നും കപ്പല്‍ കയറ്റിയിരുന്നുവെന്ന് ബൈബിളില്‍ പരാമര്‍ശമുണ്ട്. ഈ 'ഓഫീര്‍' കേരളത്തിലെ ബേപ്പൂര്‍ ആണെന്നു ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു. 'പൂവാര്‍' ആണെന്ന ഒരു വാദഗതിയും ഉണ്ട്. പല ഗ്രീക്-റോമന്‍ ചരിത്രകാരന്മാരും കേരളത്തിലെ 'മുസിരിയസി'നെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. ദീര്‍ഘകാലം നീണ്ടുനിന്ന ഈ കച്ചവടബന്ധത്തിന്റെ ചരിത്രം, ചരിത്രകാരന്മാരുടെ പഠനത്തിനു വിഷയമായിട്ടുണ്ട്. വിദേശങ്ങളില്‍ ഇന്ത്യന്‍ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരവിപണനങ്ങള്‍ ഗ്രീക്കുകാരെ പിന്‍തുടര്‍ന്ന് അറബികളാണ് ഏറ്റെടുത്തത്. ഏഡനും ഷഹറും കച്ചവടകേന്ദ്രങ്ങളെന്നതിനു പുറമേ നാവികര്‍ക്കു യാത്രാമധ്യേ നങ്കൂരമിട്ടു വിശ്രമിക്കാനുള്ള താവളങ്ങള്‍കൂടിയായിരുന്നു. ഈ രണ്ടു കേന്ദ്രങ്ങളുടെയും നിയന്ത്രണം അറബികളുടേതായതോടുകൂടി ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായുള്ള വാണിജ്യത്തിന്റെ കുത്തക അവരുടേതായി മാറി. അറബികളുടെ ആധിപത്യം 16-ാം ശ.-വരെ അഭംഗുരം തുടര്‍ന്നിരുന്നു. അറബിക്കടലിന്റെ അധീശത്വം അവരുടേതായതോടുകൂടി മറ്റു പല രാജ്യങ്ങളിലും അറബികള്‍ക്കു സ്വാധീനത വര്‍ധിച്ചു.
ഇന്ത്യയുടെ പല ഭാഗങ്ങളിലും അറബികളുടെ ചെറിയ സങ്കേതങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്. വ്യാപാരപ്രതിനിധികളെന്ന നിലയിലായിരുന്നിരിക്കണം ഇവര്‍ ഇന്ത്യയിലെ പ്രധാന തുറമുഖകേന്ദ്രങ്ങളില്‍ വാസമുറപ്പിച്ചിരുന്നത്. ഇസ്ലാംമതാവിര്‍ഭാവത്തിനു മുന്‍പുതന്നെ, ഇത്തരം കേന്ദ്രങ്ങള്‍ 'ചൌള്‍', 'കല്യാണ്‍', 'സുപാര', 'മലബാര്‍' എന്നീ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കേരളത്തിലെ അക്കാലത്തെ തുറമുഖങ്ങളില്‍നിന്ന് അറബി പായ്ക്കപ്പലുകള്‍ കാലവര്‍ഷാരംഭത്തിനു മുന്‍പ് ചരക്കുകള്‍ സംഭരിച്ച് പുറപ്പെടുന്ന രംഗങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ടിട്ടുള്ള സഞ്ചാരക്കുറിപ്പുകളിലും ചരിത്രവിവരണങ്ങളിലും ഇത്തരം പരാമര്‍ശങ്ങള്‍ കാണാം.
കേരളീയ രാജാക്കന്മാരുടെ വിശ്വസ്തസേവകരും നാവികമേധാവികളും എന്ന നിലയ്ക്ക് അറബികളും അവരുടെ അനുയായികളും കേരളത്തിലെ എല്ലാ പൊതുരംഗങ്ങളിലും അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
അറബികള്‍ കച്ചവടം പ്രമാണിച്ച് ഇടപെട്ടത് കേരളത്തിലെ നാടുവാഴികളുമായിട്ടായിരുന്നു. മധ്യകാലഘട്ടത്തില്‍ കോഴിക്കോട് വാണിരുന്ന ഭരണാധികാരി (സാമൂതിരി) ക്കാണ് അറബികളുടെ സഹായംകൊണ്ട് കാര്യമായ നേട്ടമുണ്ടായത്. സാമൂതിരിയുമായി കച്ചവടബന്ധത്തിലേര്‍പ്പെട്ടിരുന്ന അറബികള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയാധിപത്യം വിപുലമാക്കുന്നതില്‍ വളരെയേറെ സഹായം നല്കി. കേരളത്തിലെ പ്രമുഖനായ രാജാവാകുവാന്‍ സാമൂതിരിക്കു സാധിച്ചത് അറബികളുടെ പിന്‍ബലംകൊണ്ടായിരുന്നു. കോഴിക്കോട് ഒരു തുറമുഖകേന്ദ്രമായി വികസിപ്പിച്ചതും അവരുടെ സേവനത്തിന്റെ ഫലമായിട്ടായിരുന്നു. പല ചെറുരാജ്യങ്ങളെയും കീഴടക്കുവാന്‍ അവര്‍ സാമൂതിരിയെ സഹായിച്ചു. വള്ളുവക്കോനാതിരിയെ കീഴടക്കിയ സാമൂതിരി കേരളത്തിലെ മറ്റു രാജാക്കന്മാരെക്കാള്‍ പ്രബലനായിത്തീര്‍ന്നതും അറബികളുടെ സഹായംമൂലമായിരുന്നു.
16-ാം ശ.-ത്തില്‍ കേരളം സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥനായിരുന്ന ബാര്‍ബോസ രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടം മുസ്ലിങ്ങളുടെ ഭരണത്തിന്‍കീഴിലാകാന്‍ ഇടയുണ്ടെന്നായിരുന്നു. കേരളത്തില്‍ അറബികള്‍ ഇസ്ലാംമതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും അനുയായികളെ സമ്പാദിക്കുകയും ചെയ്തിരുന്നു. മധ്യകേരള രാഷ്ട്രീയത്തില്‍ പല നിര്‍ണായകസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കണ്ണൂര്‍ അറയ്ക്കല്‍ രാജവംശം ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിതമായി എന്നാണ് കരുതിപ്പോരുന്നത്. ബ്രിട്ടീഷ് ആധിപത്യകാലം വരെ മലബാറിലെ രാഷ്ട്രീയ വാണിജ്യരംഗങ്ങളില്‍ ഈ രാജവംശം സ്വാധീനം ചെലുത്തി.
അറബിക്കടലിലെ നാവികമേധാവിത്വം പോര്‍ച്ചുഗീസുകാലം വരെ അറബികള്‍ക്കായിരുന്നു. സാമൂതിരിയുടെ നാവികവിഭാഗം ഇവരുടെ നിയന്ത്രണത്തിലായിരുന്നു. കുഞ്ഞാലിമരക്കാര്‍മാരുടെ കാലമായപ്പോഴേക്കും പോര്‍ച്ചുഗീസുകാരുടെ വരവാരംഭിച്ചു. 1500-1600 കാലഘട്ടം പോര്‍ച്ചുഗീസുകാരും സാമൂതിരിയുടെ നാവികരും തമ്മില്‍ വ്യാപാരക്കുത്തകയ്ക്കുവേണ്ടി നടത്തിയ സമരങ്ങളുടെ കാലമാണ്.
ഇസ്ലാംമതം അറേബ്യയില്‍ പ്രചരിക്കുന്നതിനു മുന്‍പുതന്നെ അറബികള്‍ കേരളത്തിലും ഇന്ത്യയുടെ മറ്റു തീരപ്രദേശങ്ങളിലും സിലോണിലും ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും കച്ചവടത്തിനുവേണ്ടി എത്തിയിരുന്നു. എ.ഡി. 7-ാം ശ.-ത്തില്‍ അറബികള്‍ ഇസ്ലാംമത പ്രചാരണത്തിനുവേണ്ടിയും സഞ്ചാരകൌതുകത്താലും വ്യാപാരാവശ്യാര്‍ഥവും വര്‍ധമാനമായ തോതില്‍ വിദേശങ്ങളിലേക്കു സഞ്ചരിക്കുവാന്‍ തുടങ്ങി. അന്നുതന്നെ പ്രസിദ്ധ തുറമുഖങ്ങളുണ്ടായിരുന്ന കേരളത്തിന്റെ തീരപ്രദേശങ്ങള്‍ ഇവരുടെ പ്രവര്‍ത്തനമേഖലകളായിത്തീര്‍ന്നു. ശ്രീലങ്കയിലെ ആദംമലയിലേക്കു തീര്‍ഥാടനത്തിനുവേണ്ടി ഒരു സംഘം അറബികള്‍ പുറപ്പെട്ടുവെന്നും അവര്‍ യാത്രാമധ്യേ അന്നത്തെ കേരളത്തിലെ പ്രധാന തുറമുഖപട്ടണമായ കൊടുങ്ങല്ലൂരില്‍ ഇറങ്ങിയെന്നും ഐതിഹ്യമുണ്ട്. നാടുവാണിരുന്ന ചേരമാന്‍ ചക്രവര്‍ത്തിയുമായി അവര്‍ സംഭാഷണത്തിലേര്‍പ്പെട്ടുവെന്നും അറേബ്യയെ ആകമാനം കീഴടക്കിയ ഇസ്ലാംമതത്തിന്റെ സാമൂഹികസാമ്പത്തികാശയങ്ങളില്‍ ആകൃഷ്ടനായി തന്റെ അതിഥികളോട് മടക്കയാത്രയില്‍, തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ചക്രവര്‍ത്തി ആവശ്യപ്പെട്ടുവെന്നും അങ്ങനെ കേരളത്തിന്റെ അവസാന ചക്രവര്‍ത്തി തന്റെ രാജ്യം വീതിച്ചുകൊടുത്ത് മക്കയിലേക്കു പുറപ്പെട്ടു എന്നുമുള്ള ഒരു ഐതിഹ്യം നിലവിലുണ്ട്. പക്ഷേ, ചരിത്രകാരന്മാരുടെ ഇടയില്‍ ഇതേപ്പറ്റി അഭിപ്രായഭേദങ്ങളുണ്ട്. കേരളത്തിലെ ചെറിയ നാടുവാഴികളിലാരെങ്കിലുമായിരിക്കാം ഈ കഥയിലെ കഥാപുരുഷന്‍ എന്നു ചിലര്‍ കരുതുന്നു. കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്ന രാജാവ് സാമൂതിരി വംശത്തില്‍പ്പെട്ട ആരെങ്കിലുമായിരുന്നിരിക്കാനിടയുണ്ടെന്നാണ് മറ്റു ചിലരുടെ വാദം. പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസയും അദ്ദേഹത്തെ പിന്‍തുടര്‍ന്ന് എല്ലാ എഴുത്തുകാരും ചേരമാന്‍ ചക്രവര്‍ത്തിയുടെ മതംമാറ്റവും തജ്ജന്യമായ ഇസ്ലാമികാതിപ്രസരവും വിവരിച്ചിട്ടുള്ളതാണ്. കേരളത്തിലെ രാജസ്ഥാനങ്ങളുടെ ഉദ്ഭവത്തെ പരാമര്‍ശിക്കുന്ന ഗ്രന്ഥങ്ങളില്‍ പലതിലും ചേരമാന്‍പെരുമാളുടെ മക്കായാത്രയെത്തുടര്‍ന്ന് വിഭജിക്കപ്പെട്ടതാണ് ഇവിടത്തെ രാജവംശങ്ങളെന്നു പ്രസ്താവിക്കുന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഏതായാലും മുഹമ്മദുനബിയുടെ കാലത്തുതന്നെ (570-632) വ്യാപാരികളും സഞ്ചാരികളുമായ അറബികള്‍ കേരളത്തിലും ഈ പുതിയ മതത്തിനു ബീജാവാപം നടത്തിയിട്ടുണ്ടായിരിക്കണമെന്നതില്‍ തര്‍ക്കമില്ല.
കേരളത്തില്‍ ആദ്യം വന്ന അറബിമിഷണറിമാര്‍ മാലിക് ഇബ്നുദീനാറും ഷറഫ് ഇബ്നു മാലിക്കും മാലിക് ഇബ്നു ഹബീബും ഇവരുടെ കുടുംബങ്ങളുമായിരുന്നുവെന്നാണു വിശ്വസിക്കപ്പെടുന്നത്. ഇവര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് നാടുവാഴികളുടെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി പല പള്ളികളും നിര്‍മിക്കുകയുണ്ടായി. മാലിക് ഇബ്നു ദീനാര്‍ കൊടുങ്ങല്ലൂരിലാണ് ആദ്യം കപ്പലിറങ്ങിയതെന്നും അവിടത്തെ രാജാവിന്റെ സമ്മതത്തോടുകൂടി ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ചേരമാന്‍ ജുമാ മസ്ജിദ് പണികഴിച്ച് അതിന്റെ ആദ്യത്തെ 'ഖാസി'യായെന്നും കരുതപ്പെടുന്നു. കുറച്ചുകാലത്തിനുശേഷം അദ്ദേഹവും മാലിക് ഇബ്നു ഹബീബും അവരുടെ കുടുംബാംഗങ്ങളുംകൂടി കൊല്ലത്തു വരികയും 'തെക്കന്‍ കോലത്തിരി'യുടെ അനുവാദത്തോടുകൂടി അവിടെ ഒരു പള്ളി ഉണ്ടാക്കുകയും ചെയ്തു. മാലിക് ഇബ്നുദീനാറിന്റെ പുത്രനായ ഹസനാണ് അവിടെ 'ഖാസി'യായി നിയമിതനായത്. മൂന്നാമതു നിര്‍മിച്ച പള്ളി ചിറയ്ക്കല്‍ താലൂക്കില്‍ മാടായിയില്‍ പഴയങ്ങാടിക്കു സമീപമാണ്; അവിടെ മറ്റൊരു പുത്രനായ അബ്ദുര്‍റഹിമാനെ 'ഖാസി'യായി നിയമിച്ചു. തുടര്‍ന്ന് ബക്കന്നൂര്‍, മംഗലാപുരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് പള്ളികള്‍ നിര്‍മിച്ചത്. മാലിക് ഇബ്നു ഹബീബിന്റെ പുത്രന്മാരായ ഇബ്രാഹിം, മൂസാ, മുഹമ്മദ് എന്നിവരെ യഥാക്രമം ഇവിടങ്ങളില്‍ 'ഖാസി'മാരായി ചുമതലപ്പെടുത്തുകയും ചെയ്തു. ശ്രീകണ്ഠാപുരം പള്ളിയാണ് അടുത്തത്. അവിടെ മാലിക് ഇബ്നു ദീനാറിന്റെ പുത്രനായ ഉമറാണ് 'ഖാസി'യായി നിയമിതനായത്. തുടര്‍ന്ന് ധര്‍മപട്ടണത്തും പന്തലായിനിയിലും ചാലിയത്തും പള്ളികള്‍ നിര്‍മിക്കുകയും അവിടങ്ങളില്‍ ഹസന്‍, മുഹമ്മദ്, താഖിയുദ്ദീന്‍ എന്നീ പുത്രന്മാരെ യഥാക്രമം 'ഖാസി'മാരായി നിയമിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായി പണികഴിക്കപ്പെട്ട പള്ളികള്‍ ഇവയാണെന്ന കാര്യത്തില്‍ സംശയമില്ല. ചില പള്ളികളില്‍നിന്നും ലഭ്യമായിട്ടുള്ള രേഖകളില്‍നിന്നു വ്യക്തമാകുന്നത് മുഹമ്മദുനബിയുടെ കാലത്തുതന്നെ കേരളത്തില്‍ ഇസ്ലാംമത പ്രചാരണവും മതപരിവര്‍ത്തനവും നടന്നിരുന്നുവെന്നാണ്.
ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ഇസ്ലാമിക പ്രചാരണം കേരളത്തിലാണു കൂടുതല്‍ ഫലവത്തായത്. അറബികളുടെ കേരളത്തിലെ ഇസ്ലാമിക പ്രചാരണകേന്ദ്രങ്ങളില്‍ പ്രധാനമായിരുന്നത് പൊന്നാനിയായിരുന്നു. 'കൊച്ചുമക്ക' എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കേരളത്തില്‍ ആദ്യകാലത്തു കല്ലച്ച് ഉപയോഗിച്ചു മുദ്രണം നടത്തിയിട്ടുള്ള കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇസ്ലാമിക സിദ്ധാന്തങ്ങളുടെ പ്രബോധനം നടത്തുന്നതില്‍ പൊന്നാനി വഹിച്ച പങ്ക് പ്രസ്താവ്യമാണ്. മതപരിവര്‍ത്തനത്തിനാഗ്രഹിച്ചിരുന്നവരെ അടുത്തകാലം വരെ പൊന്നാനിയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു പതിവ്. മതത്തെപ്പറ്റിയുള്ള പ്രാഥമിക പ്രമാണങ്ങള്‍ പുതുവിശ്വാസികളെ പഠിപ്പിക്കുകയും അവര്‍ക്കു ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധമായി പരിശീലനം നല്കുകയും ചെയ്യുന്നതിനുള്ള ഒരു സംവിധാനം തയ്യാറാക്കിയതു പൊന്നാനിയിലായിരുന്നു. മതഗ്രന്ഥങ്ങള്‍ അച്ചടിച്ചു വില്പന നടത്തുന്ന സമ്പ്രദായം ഇസ്ലാമിക സിദ്ധാന്തങ്ങള്‍ക്കു പ്രചാരം കിട്ടാന്‍ സഹായകമായി. അങ്ങനെ കേരളീയ മുസ്ലീങ്ങളുടെ നേതൃത്വം പൊന്നാനിക്കു ലഭിച്ചു. അറബി വംശജരായ 'മഖ്ദൂം' കുടുംബക്കാരാണ് പരമ്പരാഗതമായി ഈ നേതൃത്വത്തിന്നവകാശികളായിത്തീര്‍ന്നത്. ചരിത്രകാരനായ ഷെയിഖ് സെയ്നുദ്ദീന്‍ ഈ കുടുംബത്തിലെ അംഗമായിരുന്നു. അറബിയില്‍ അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രസിദ്ധ ചരിത്രഗ്രന്ഥമായ തുഹ്-ഫത്തുല്‍ മുജാഹിദീന്‍ പതിനെട്ടു ഭാഷകളിലേക്ക് ഇതുവരെ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സ്മരിക്കപ്പെടുകയും അര്‍ച്ചനകള്‍ അര്‍പ്പിക്കപ്പെടുകയും ചെയ്യുന്ന അറബിവംശജരായ ശൈഖ്കളുടെ (വിശുദ്ധന്മാര്‍) അനവധി ശവകുടീരങ്ങള്‍ കാണാം. ശൈഖ്മുഹിയുദ്ദീന്‍, കൊണ്ടോട്ടി തങ്ങള്‍മാര്‍, മമ്പ്രം തങ്ങള്‍മാര്‍ തുടങ്ങിയവരെ കബറടക്കിയ ശവകുടീരങ്ങള്‍ ഇന്നും പുണ്യസ്ഥലങ്ങളായി മുസ്ലിങ്ങള്‍ കരുതുന്നു.
കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ചില വ്യതിയാനങ്ങള്‍ ഇസ്ലാംമതം സൃഷ്ടിച്ചിട്ടുണ്ട്. ഇവിടത്തെ ജാതിസമ്പ്രദായവും സാമൂഹികാചാരങ്ങളും പരിഷ്കരിക്കുന്നതില്‍ അറബികള്‍ ഒരതിരുവരെ ശ്രമിച്ചിരുന്നു. മാറും തലയും മറയ്ക്കുകയെന്ന പരിഷ്കാരവും അതിനു പറ്റിയ വേഷവിധാനങ്ങളും ആവിര്‍ഭവിച്ചത് അറബികളുടെ ആഗമനത്തിനുശേഷമാണ് എന്നൊരഭിപ്രായം ഉണ്ട്. ഈത്തപ്പഴവും കാരയ്ക്കായും മാത്രമല്ല അറബികള്‍ ഇവിടെ ഇറക്കുമതി ചെയ്തത്. പുതിയ ആഹാരവിഭവങ്ങളും പാചകസമ്പ്രദായങ്ങളും അവര്‍ കേരളത്തില്‍ പ്രചരിപ്പിച്ചു. സ്വഭാവവൈശിഷ്ട്യംമൂലം അറബികള്‍ക്കും അവരുടെ മതാനുയായികള്‍ക്കും കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ആദരണീയമായ സ്ഥാനം കല്പിച്ചിരുന്നു. അറബികളെയും അവരാല്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെയും 'മാപ്പിളമാര്‍' എന്നാണ് വിളിച്ചിരുന്നത്. 'മഹാപിള്ള' എന്ന അര്‍ഥത്തില്‍ ബഹുമാനപൂര്‍വം അവര്‍ക്കു നല്കിയ സ്ഥാനപ്പേരായിരുന്നു ഇതെന്നു ചിലര്‍ വ്യാഖാനിക്കുന്നു. ക്രിസ്ത്യാനികളെ 'നസ്രാണി മാപ്പിള'മാരെന്നും മുസ്ലിങ്ങളെ 'ജോനക മാപ്പിള'മാരെന്നും പറഞ്ഞുവന്നിരുന്നു. നസ്രേത്തില്‍നിന്നും നസ്രാണി ഉണ്ടായതുപോലെ യവനര്‍ എന്നതില്‍നിന്നും ജോനകര്‍ എന്ന സംജ്ഞയും ഉണ്ടായി എന്നൊരു അഭിപ്രായമുണ്ട്.
ഇസ്ലാം മതപ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മലയാളം ഒരു സ്വതന്ത്ര ഭാഷയായി വികാസം പ്രാപിച്ചിരുന്നില്ല. ഈ കാലത്ത് മതപരമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തി അറബിഭാഷ ഇവിടെ ക്രമേണ പ്രചരിച്ചു. എങ്കിലും നിഷ്കൃഷ്ട പരിശീലനം കൊണ്ടുമാത്രം സ്വായത്തമാക്കാന്‍ സാധിക്കുന്ന ഈ ഭാഷ ജനസമ്പര്‍ക്കത്തിന് ഉതകുംവണ്ണം വേരൂന്നിയില്ല. തത്ഫലമായി രൂപംകൊണ്ട സങ്കരഭാഷാഭേദങ്ങളാണ് അറബിമലയാളവും അറബിത്തമിഴും. ജനങ്ങളുടെ ഭാഷ അറബിലിപിയിലെഴുതപ്പെട്ടപ്പോള്‍ ഇരുകൂട്ടര്‍ക്കും ആശയവിനിമയത്തിനു കൂടുതല്‍ സൌകര്യം ലഭിച്ചു. അറബിമലയാളവും തമിഴും പല സാഹിത്യസമ്പത്തുകളും മുസ്ലിങ്ങള്‍ കേരളത്തിനു സംഭാവന ചെയ്തിട്ടുണ്ട്. അറബി-മലയാള സാഹിത്യവും മാപ്പിളപ്പാട്ടുകളും കേരളീയസാഹിത്യസമ്പത്തിന്റെ ഒരു ഭാഗമാണ്.
അറബികളുടെ സംഭാവനകളില്‍ പ്രധാനമായത് ഇവിടെ വന്നും പോയും കൊണ്ടിരുന്ന സഞ്ചാരികളും പണ്ഡിതന്മാരും എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളാണ്. പോര്‍ച്ചുഗീസുകാരുടെ വരവിനു മുന്‍പുള്ള കേരളത്തിന്റെ ചരിത്രം മനസ്സിലാക്കുവാനുള്ള മാര്‍ഗം ഇന്നും ഏറെക്കുറെ ഈ ഗ്രന്ഥങ്ങള്‍ തന്നെ. കേരളത്തിലെ സാമൂഹികസ്ഥിതിയെയും രാജാക്കന്മാരെയും രാജസ്ഥാനങ്ങളെയും കയറ്റുമതിയെയും ഇറക്കുമതിയെയും വ്യാവസായികസമ്പര്‍ക്കങ്ങളെയും സംബന്ധിച്ച് അറബി ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞന്മാരും വ്യക്തമായ വിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. 844-48 കാലത്ത് കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരിയാണ് ഇബ്നുഖുര്‍ദാദ്ബി; 851-ല്‍ കേരളത്തില്‍ വന്ന സുലൈമാന്‍, അദ്ദേഹത്തിന്റെ യാത്രാവിവരണഗ്രന്ഥമായ സില്‍സിലത്തുല്‍ തവാരിഖ് എന്ന ഗ്രന്ഥത്തില്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സഞ്ചാരികളും ചരിത്രകാരന്മാരുമായ യാഖൂബീ (875-80), ഇബ്നുല്‍ ഫക്കീഹ് (903), അബുസൈദ് (950), മസ്ഊദി (943-55), ഇസ്തഖരി (950), ഇബ്നു ഹൌക്കല്‍ (975), മഖ്ദീസി (985), അല്‍ബീറൂനീ (973-1048), അല്‍ ഇദ്രീസി (1154), യാഖൂത് (1179-1229), അല്‍കസ്വീനി (1203-83), ദിവിഷ്ഖി (1325), അബുല്‍ഫിദ (1273-1331), ഇബ്നുബത്തൂത്ത (1355), അബ്ദുര്‍റസാക്ക് (1442) മുതലായ നിരവധി അറബിപണ്ഡിതന്മാര്‍ കേരളം സന്ദര്‍ശിച്ചു. അവരെഴുതിയിട്ടുള്ള സഞ്ചാരക്കുറിപ്പുകളും വിവരണങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗ്രന്ഥശേഖരങ്ങളില്‍ കാണാം. 9 മുതല്‍ 14 വരെ നൂറ്റാണ്ടുകളിലെ കേരള ചരിത്രത്തെക്കുറിച്ചറിയാന്‍ ഈ കൃതികള്‍ സഹായിക്കുന്നു.
കേരളത്തില്‍നിന്നും പ്രസിദ്ധീകൃതങ്ങളായ ഒട്ടേറെ അറബിഗ്രന്ഥങ്ങളുണ്ട്. അവയില്‍ പത്തുകിതാബ്, ഇര്‍ശാദ്, അസ്സൈറുവസുലൂക്ക് എന്നിവ കേരളത്തിലെ എല്ലാ അറബിവിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളാണ്. അവസാനത്തേതിന്റെ കര്‍ത്താവ് ഫക്കീഹ് ഹുസൈന്‍ ഇബ്നു അഹമ്മദ് ദഹ്ഫത്നീ എന്ന അറബിപണ്ഡിതനാണ്. അറുന്നൂറുകൊല്ലം മുമ്പ് കേരളത്തില്‍ വന്ന ഇബ്നുബത്തൂത്ത ധര്‍മപട്ടണത്തുവച്ച് ഇദ്ദേഹത്തെ കണ്ടതായി രേഖപ്പെടുത്തിയതില്‍നിന്ന് ഏറ്റവും പഴക്കം ചെന്ന അറബിഗ്രന്ഥം ഇതായിരിക്കാമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. അറബിഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കേന്ദ്രവും പൊന്നാനി തന്നെയായിരുന്നു. അവിടത്തെ ശൈഖ് സെയ്നുദ്ദീനിബിനു അലിയെന്ന വലിയ സൈനുദ്ദീന്‍ മഖ്ദൂം ആണ് അറബിഗ്രന്ഥകാരന്മാരില്‍ അഗ്രഗണ്യന്‍. 1468-നും 1521-നും ഇടയ്ക്ക് ജീവിച്ചിരുന്ന അദ്ദേഹം ഇസ്ലാമികലോകത്തെങ്ങും അറിയപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു. അദ്ദേഹം എഴുതിയ അറബിഗ്രന്ഥങ്ങള്‍ താഴെപറയുന്നവയാണ്; (1) മൂര്‍ഷിദുത്തുല്ലാബ് (2) സിറാജൂല്‍ഖുലൂബ് (3) ഷംസുല്‍ഹുദാ (4) ഇര്‍ശാദുല്‍ ഖാസീദിന്‍ (5) തുഹ്ഫത്തുല്‍ അഹിബ്ബാ (6) ശുഅബ്ല്‍ ഈമാന്‍ (7) കിഫായത്തുല്‍ ഫറായിദ് (8) കിതാബുസ് സഫാമിനശിഫാ (9) തസ്ഹീലുല്‍ കാഫിയ.
മഖ്ദൂമിന്റെ പൌത്രന്‍ ശൈഖ്സൈനുദ്ദീന്‍ കക ആണ് പ്രസിദ്ധനായ മറ്റൊരു ഗ്രന്ഥകര്‍ത്താവ്. ഇദ്ദേഹത്തിന്റെ കൃതികള്‍ ഫത്തഹുല്‍ മു ഈനും തുഹ്ഫത്തുല്‍ മുജാഹിദീനുമാണ്. ഒന്നാമത്തേത് അറബി രാജ്യങ്ങളിലും ജാവയിലും മറ്റും പ്രചാരമുള്ള ഒരു ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിനു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുള്ള പണ്ഡിതന്മാര്‍ വളരെയുണ്ട്. സൈനുദ്ദീന്‍ കകന്റെ സമകാലികനായിരുന്നു ഖാസിമുഹമ്മദ്. മുഹിയിദ്ദീന്‍ മാലയും ഫത്തഹുല്‍മുബീനും ഖാസി എഴുതിയിട്ടുള്ളവയാണ്. ആദ്യത്തേത് ഒരു ഭക്തികാവ്യവും രണ്ടാമത്തേത് പോര്‍ച്ചുഗീസുകാരുടെ ആഗമനവും അവര്‍ കേരളത്തില്‍ നടത്തിയ അക്രമങ്ങളും വിവരിക്കുന്ന ഒരു കൃതിയുമാണ്. കേരളീയരായ മതപണ്ഡിതന്മാര്‍ മറ്റു പലരും അറബിഭാഷയില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
അറബികളുടെ സ്വാധീനം കേരളീയകലകളിലും ശില്പസംവിധാനത്തിലും കാണാന്‍ കഴിയും. മുസ്ലിംപള്ളികളും ജാറങ്ങളും (ഖബറുകള്‍) കേരളീയ ശില്പകലാമാതൃകയില്‍ നിന്നും വ്യത്യസ്തമാണ്. ഇന്നും മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന പല ദൃശ്യകലകളും നാടന്‍പാട്ടുകളും സംഗീതരൂപങ്ങളും വൈദേശിക സ്വാധീനം ഉള്ളവയാണ്. കേരളത്തിന്റെ സാംസ്കാരികരംഗത്ത് പല സംഭാവനകളും അറബികള്‍ നല്കിയിട്ടുണ്ട്. നോ: അറബികള്‍; തുഹ്ഫത്തുല്‍ മുജാഹിദീന്‍
(ഡോ. സി.കെ. കരീം)