This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യനവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 31 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയ്യനവര്‍

ദക്ഷിണേന്ത്യയിലെ ഒരു പട്ടികജാതി സമുദായം. ശിവനെ ആരാധിക്കുന്നവര്‍ (അയ്യന്‍ അവര്‍) എന്ന വിശ്വാസത്തില്‍ നിന്നാണ് ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അയ്യനവര്‍ എന്ന സമുദായപ്പേര് ലഭ്യമായതെന്ന് കരുതിപ്പോരുന്നു. തമിഴ്നാട്ടിലെ ദക്ഷിണ ആര്‍ക്കോട്ട് ജില്ലയില്‍ നിന്നാണ് അയ്യനവര്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയത്. നിലവില്‍ തമിഴ്നാട്ടിലെ കന്യാകുമാരിയും കേരളത്തിലെ തിരുവനന്തപുരം ജില്ലയും കേന്ദ്രീകരിച്ചാണ് അയ്യനവര്‍ നിവസിക്കുന്നത്. തമിഴ്നാട്ടിലെ അയ്യനവര്‍ക്കിടയില്‍ നാല് ഉപ വിഭാഗങ്ങളുണ്ട്. 'ഇല്ലം' എന്നാണ് ഉപവിഭാഗത്തെ സൂചിപ്പിക്കുക. പൊന്നു ഇല്ലം, വല്ലയ് ഇല്ലം, മാണിക്യ ഇല്ലം, മന്നു ഇല്ലം എന്നിവയാണ് ഈ ഉപ വിഭാഗങ്ങള്‍.

 പഴയ കാലങ്ങളില്‍ അയ്യനവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായം കാലാന്തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. അയിത്താചാരം നിലനിന്നിരുന്ന കാലഘട്ടങ്ങളില്‍ വെള്ളാള, നാടാര്‍, നായര്‍, കല്ലാര്‍, മറവര്‍, അഗമുടിയാര്‍ തുടങ്ങിയ സമുദായങ്ങളില്‍ നിന്നു മാത്രമേ ഇവര്‍ പാചകം ചെയ്ത ആഹാരങ്ങള്‍ സ്വീകരിക്കാറുണ്ടായിരുന്നുള്ളൂ. സ്ത്രീകള്‍ക്ക് ഭേദപ്പെട്ട അവസരസമത്വം അയ്യനവര്‍ക്കിടയിലുണ്ട്. അയ്യനവര്‍ക്കിടയില്‍ ഏറെപ്പേരും സ്വന്തമായി ഭൂമിഇല്ലാത്തവരും കൃഷിപ്പണി കുലത്തൊഴിലായി സ്വീകരിച്ചുപോരുന്നവരുമാണ്. വല നിര്‍മാണം, കള്ളു ചെത്ത്, കുട്ട നെയ്ത്ത് എന്നിവയാണ് ഇവരുടെ മറ്റു തൊഴിലുകള്‍, അപൂര്‍വം ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും ജോലി ചെയ്യുന്നുണ്ട്.  
 കേരളത്തില്‍. അയ്യനവര്‍ സമുദായം കേരളത്തില്‍ പ്രധാനമായും തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് നിവസിക്കുന്നത്. ഇവരുടെ ജനസംഖ്യ: 1981-ലെ സെന്‍സസ് പ്രകാരം 10,079 ആണ്. മലയാളമാണ് ഇവരുടെ മുഖ്യ വ്യവഹാര ഭാഷ. നാല് ഉപവിഭാഗങ്ങളാണ് കേരളത്തിലെ അയ്യനവര്‍ക്കിടയില്‍ ഉള്ളത്: മണ്ണ്ഇല്ലം, മാണിക്യഇല്ലം, വലയ്ഇല്ലം, പൊന്നിഇല്ലം എന്നിവ. പ്രായപൂര്‍ത്തി വിവാഹവും ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മരണശേഷം സഹോദരിയെയോ സഹോദരനെയോ വിവാഹം ചെയ്യുന്ന സമ്പ്രദായവും ഇവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു.
 താലി വിവാഹത്തിന്റെ അടയാളമായി കരുതിപ്പോരുന്നു. പണ്ടുകാലങ്ങളില്‍ 'വേട്ടുപണം' സ്ത്രീധനമായി സ്വീകരിച്ചിരുന്നെങ്കിലും നിലവില്‍ പണമാണ് സ്ത്രീധനമായി നല്‍കിപ്പോരുന്നത്. വിധവകള്‍ക്കും വിഭാര്യര്‍ക്കും പുനര്‍വിവാഹം അനുവദനീയമാണ്. അണുകുടുംബ ജീവിത പശ്ചാത്തലത്തില്‍ മൂത്തമകനാണ് കുടുംബത്തിലെ പിന്തുടര്‍ച്ചാവകാശി. 
 സ്ത്രീകള്‍ പൊതുവേ ഗാര്‍ഹിക തൊഴില്‍, കൃഷി, കാലി വളര്‍ത്തല്‍, കുട്ട നെയ്ത്ത്, പായ നെയ്ത്ത് എന്നിവയില്‍ ഏര്‍പ്പെടുന്നു. പ്രസവാനന്തരം സ്ത്രീകള്‍ക്ക് 27 ദിവസത്തെ 'തൊട്ടു

കൂടായ്മ' കല്പിക്കുന്നു. പെണ്‍കുട്ടികള്‍ കന്യകയാകുമ്പോള്‍ തെരണ്ടുകുളി' എന്ന ആചാരം നിലവിലുണ്ടായിരുന്നുവെങ്കിലും കാലക്രമേണ അത് ഇല്ലാതായി. കുലദൈവങ്ങളെ ആരാധിക്കുന്ന രീതി അയ്യനവര്‍ക്കിടയില്‍ ഉണ്ട്.

  കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നവരില്‍ ചെറിയൊരു ശതമാനത്തിന് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍ ലഭ്യമായിട്ടുണ്ട്. ഓണം, പൊങ്കല്‍, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ അയ്യനവര്‍ക്ക് പ്രധാനമാണ്. 
 വാമൊഴിയായുള്ള നാടന്‍ പാട്ടുകളും ശീലുകളും, കഥകളും ഇവര്‍ക്കു സ്വന്തമായിട്ടുണ്ട്. അയിത്താചാരം നിലനിന്നിരുന്ന കാലങ്ങളില്‍ ഈഴവര്‍, നായര്‍, ബ്രാഹ്മണര്‍ തുടങ്ങിയ ജാതികളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും ഭക്ഷണം കഴിക്കുമായിരുന്നു വെങ്കിലും പുലയര്‍, പറയര്‍ തുടങ്ങിയ കീഴ്ജാതികളോട് ഇവര്‍ അയിത്തം കല്‍പ്പിച്ചുപോന്നു. 
 വ്യവസായികള്‍, പണ്ഡിതര്‍, ഉന്നത ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മേലധികാരികള്‍, ഡോക്ടര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയ മേഖലകളിലേക്ക് എത്തിച്ചേരുവാന്‍ അയ്യനവര്‍ക്ക് ഇന്ന് കഴിഞ്ഞിട്ടുണ്ട്. കോളജ്/ഹയര്‍ സെക്കന്‍ഡറി തലംവരെയെങ്കിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നു. 68.62 ശതമാനമാണ് അയ്യനവര്‍ക്കിടയിലുള്ള സാക്ഷരത. സാമ്പത്തിക പരാധീനതകള്‍കൊണ്ട് അപൂര്‍വം ചിലര്‍ പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയും ഇല്ലാതില്ല.
 രോഗ ചികിത്സയ്ക്കായി ആധുനിക-പാരമ്പര്യ രീതികള്‍ അയ്യനവര്‍ സ്വീകരിച്ചു പോരുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍