This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധൂബ് രി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ധൂബ് രി
Dhubri
അസം സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ജില്ലയും അതിന്റെ ആസ്ഥാനപട്ടണവും. വിസ്തീര്‍ണം 2,838 ച.കി.മീ.; ജനസംഖ്യ: 16,34,589 (2001); അതിരുകള്‍: വ. കോക്റഝാര്‍ ജില്ല, തെ. മേഘാലയ, കി. ബോന്‍ഗയ്ഗാവോന്‍-ഗോല്‍പാറ ജില്ലകള്‍, പ. ബംഗ്ളാദേശും പശ്ചിമബംഗാള്‍ സംസ്ഥാനവും.
ധൂബ്രി ജില്ലയിലെ മുഖ്യ നദി ബ്രഹ്മപുത്രയാണ്. ഗാരോ കുന്നുകളുടെ തുടര്‍ച്ചയായ അനേകം മലനിരകള്‍ ഈ ജില്ലയിലുണ്ട്. നെല്ലാണ് പ്രധാന വിള. ചോളം, ഗോതമ്പ്, തിന, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവയും ജില്ലയില്‍ ഉത്പാദിപ്പിക്കുന്നു. കന്നുകാലിവളര്‍ത്തലിനും മത്സ്യബന്ധനത്തിനും ജില്ലയില്‍ ഏറെ പ്രാധാന്യമുണ്ട്. ഭക്ഷ്യസാമഗ്രികള്‍, തടിയുത്പന്നങ്ങള്‍, വസ്ത്രം തുടങ്ങിയവ മുഖ്യ വ്യാവസായികോത്പന്നങ്ങളാണ്. അനേകം ചെറുകിട വ്യവസായങ്ങളും കൈത്തറി വ്യവസായങ്ങളും ഈ ജില്ലയിലുണ്ട്. അസമിലെ ഒരു പ്രധാന വാണിജ്യകേന്ദ്രം കൂടിയാണ് ധൂബ്രി.
റോഡ്-റെയില്‍-ജല ഗതാഗത മാര്‍ഗങ്ങളാല്‍ ഈ ജില്ലയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ഗോലോക്ഗഞ്ച് ആണ്. ബിലാസിപുര ഇവിടത്തെ പ്രധാന തുറമുഖപട്ടണവും വാണിജ്യകേന്ദ്രവുമാണ്. ജില്ലയിലെ 840 കി.മീ. റോഡുകളില്‍ 111 കിലോമീറ്ററോളം ദേശീയപാതയാണ്. അസമീസ് ആണ് ധൂബ്രി ജില്ലയിലെ പ്രധാന ഭാഷ. മുസ്ലിം-ഹിന്ദു-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കം. ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ജില്ലയിലുണ്ട്. ധൂബ്രിയിലെ ഗുരുദ്വാര അസമിലെ ഏറ്റവും പുരാതന ഗുരുദ്വാരകളിലൊന്നാണ്. ഹുസൈന്‍ഷാ പള്ളി, മഹാമായപീഠ്, സത്രാസല്‍ സത്ര (Satrasal Satra) എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍.