This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദല്‍പത് റാം (1820 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:35, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദല്‍പത് റാം (1820 - 98)

ഗുജറാത്തി കവി. 1820-ല്‍ കത്തിയവാഡിലെ വധവാനില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് ദല്‍പത് റാം ദഹ്യാഭായി എന്നാണ്. പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സ്വാമി നാരായണ പ്രസ്ഥാനത്തിലെ ദേവാനന്ദസ്വാമിയുടെ ഗുരുകുലത്തില്‍നിന്ന് വ്രജഭാഷ, സംസ്കൃതം, കാവ്യശാസ്ത്രങ്ങള്‍ എന്നിവ അഭ്യസിച്ചു. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കവിതാരചനയിലേക്കു തിരിഞ്ഞു.

ഫോര്‍ബഡ് സ്ഥാപിച്ച ഗുജറാത്ത് വെര്‍ണാക്കുലര്‍ സൊസൈറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി 1855-ല്‍ ദല്‍പത് റാം നിയമിതനായി. നാടകങ്ങളും പ്രബോധനാത്മക കൃതികളും രചിച്ചിരുന്നുവെങ്കിലും ദല്‍പത് റാം മുഖ്യമായും കവിയായിരുന്നു. ശ്ലോകങ്ങളും മുക്തകങ്ങളും എഴുതി കാവ്യരംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം ആധുനിക ഗുജറാത്തി കവിതയുടെ തുടക്കക്കാരില്‍ ഒരാളായി. 'ബാപ്പാനി പീപ്പല്‍' (മുത്തച്ഛന്റെ ആല്‍മരം) എന്ന കവിതയോടെയാണ് ദല്‍പത് റാം പ്രസിദ്ധനായത്. വിജയക്ഷമ, ഹണ്ഡകാവ്യശതക്, ഹുണ്ണര്‍ഖാന്‍നിചടൈ, ഗമര്‍ബാനി ഋതുവര്‍ണന, സംബലക്ഷ്മീസംവാദ്, ജാതവസ്ഥലി, വീണാചരിത്, ഭോര്‍ബസ്ബിലാസ, ഭോര്‍ബസ്വിലാപ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. സംഘഗാനം, കല്യാണപ്പാട്ടുകള്‍, ലഘുകവിതകള്‍ എന്നിവയും ഏറെ എഴുതി. ഭൂതനിബന്ധ്, ജ്ഞാതിബന്ധ് , ബാലവിവാഹബന്ധ് എന്നിവ ഗദ്യകൃതികളും ജ്ഞാന ചാതുരി, വ്രജ ചാതുരി എന്നിവ വ്രജഭാഷാ രചനകളുമാണ്. ശ്രവണാഖ്യാനമാണ് ഹിന്ദിയില്‍ രചിച്ച ഏക കൃതി. വെനാചരിത്ര് (1868) ആഖ്യാനകാവ്യമാണ്. മധ്യകാല കവികള്‍ ഉപയോഗിച്ച പലതരം വൃത്തങ്ങള്‍ സ്വീകരിച്ചുകൊണ്ട് രചിച്ചതാണ് ഈ കൃതി. വിധവകളുടെ പുനര്‍വിവാഹമാണ് വിഷയം. വലിയ സാഹിത്യമൂല്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോര്‍വിളികള്‍ മുഴങ്ങുന്ന അന്തരീക്ഷത്തില്‍ രചിക്കപ്പെട്ട ഈ ആഖ്യാനത്തിന് വലിയ വിജയം കൈവരിക്കുവാന്‍ കഴിഞ്ഞു. ഇത് 'സാമൂഹ്യ പരിഷ്കാരത്തിന്റെ പുരാണം' എന്ന് വിശേഷിപ്പിക്കപ്പെട്ടു.

1865-ല്‍ എഴുതിയ ഫോര്‍ബസ് വിരഹ് എന്ന വിലാപകാവ്യം ദല്‍പത് റാമിന്റെ ആഖ്യാന കൃതികളില്‍ മികവു പുലര്‍ത്തുന്നു. ഗുജറാത്തിയിലെ ആദ്യത്തെ വിലാപകാവ്യമാണിത്. എ.കെ. ഫോര്‍ബസ് (1821-65) ലണ്ടനില്‍ ജനിച്ച സ്കോട്ട്ലന്‍ഡുകാരനായിരുന്നു. അദ്ദേഹം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായി ഗുജറാത്തിലെത്തി. ദല്‍പത് റാമിന്റെ മേധാവിയായിരുന്ന ഫോര്‍ബസിനെ അനുസ്മരിച്ചുകൊണ്ടു രചിച്ച ഒരു ഉത്തമ കാവ്യമാണിത്.

ദീര്‍ഘകാവ്യങ്ങള്‍ക്കു പുറമേ ഗാര്‍ബി, പദം, മുക്തകം, ഛപ്പയ് തുടങ്ങിയ കാവ്യരൂപങ്ങള്‍ പരീക്ഷിച്ച ദല്‍പത് റാം നൂറുകണക്കിന് ലഘുകവിതകള്‍ രചിച്ചു. അറിയപ്പെടുന്ന ഓരോ വൃത്തവും ഇദ്ദേഹം സ്വകവിതയില്‍ ഉപയോഗിച്ചു. രൂപപരമായ എല്ലാത്തരം പരിമിതികള്‍ക്കും അതീതനായിരുന്ന ഇദ്ദേഹത്തിന്റെ വിഷയവൈവിധ്യവും ശ്രദ്ധേയമാണ്. സാമൂഹികപരിഷ്കാരം മുതല്‍ സ്ഥാപനങ്ങളുടെ ചരിത്രവും സ്ഥലമാഹാത്മ്യവും വരെ ഇദ്ദേഹം കാവ്യവിഷയമാക്കി. ജന്മസഹജമായ ധിഷണാബലം, സംസ്കൃതത്തിലും വ്രജഭാഷയിലും മധ്യകാലസാഹിത്യത്തിലും നാടോടിസാഹിത്യത്തിലുമുണ്ടായിരുന്ന അഗാധപാണ്ഡിത്യം, ദീര്‍ഘയാത്രകളിലൂടെ നേടിയ ലോകാനുഭവജ്ഞാനം എന്നിവയാണ് ഇദ്ദേഹത്തെ മഹാകവിയാക്കിയത്. പൊതുതാത്പര്യമുണര്‍ത്തിയിരുന്ന രാഷ്ട്രീയ സാമൂഹിക ഇതിവൃത്തങ്ങള്‍ കൈകാര്യം ചെയ്യുകവഴി ഇദ്ദേഹം ജനകീയ കവിയുമായി. നര്‍മദാ ശങ്കറിനോട് പ്രമേയപരമായ തുല്യത പുലര്‍ത്താന്‍ ദേശാഭിമാനത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ദല്‍പത് റാം എഴുതി. റാമിന്റെ മിക്കവാറും എല്ലാ കവിതകളും ഉദ്ബോധനപരമാണ്. വായനക്കാരെ രസിപ്പിക്കുകയും ഉദ്ബുദ്ധരാക്കുകയുമാണ് കവിതയുടെ ധര്‍മം എന്ന് ഇദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. അതുകൊണ്ട് സ്വന്തം കവിതയിലൂടെ പ്രായോഗിക കാര്യങ്ങളില്‍പ്പോലും പ്രത്യക്ഷമായോ പരോക്ഷമായോ ദൃഷ്ടാന്തം, വര്‍ണന, സംഭവകഥ, ആക്ഷേപഹാസ്യം എന്നിവ ഉപയോഗിച്ച് ഉപദേശങ്ങള്‍ നല്കി. 1848 മുതല്‍ ഏതാണ്ട് അന്‍പത്തിയഞ്ച് വര്‍ഷക്കാലം നിരന്തരമായി കവിതയെഴുതിയ ദല്‍പത് റാം ഗുജറാത്തിക്കവിതയിലെ മധ്യകാലത്തിന്റെയും ആധുനികകാലത്തിന്റെയും കണ്ണിയായിരുന്നു. പദാവലിയിലും ശൈലിയിലും അങ്ങേയറ്റത്തെ ലാളിത്യമാണ് ദല്‍പത് റാമിന്റെ പ്രത്യേകത. ആശയത്തിന് സന്ദിഗ്ധതയോ സങ്കീര്‍ണതയോ അനുഭവപ്പെടുന്നില്ല. ഉദാത്തമായ കവിത എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ലൗകികമായ വിവേകവും നിപുണതയും അതില്‍ നിറഞ്ഞു നില്ക്കുന്നു. പുതുമയുള്ള വൃത്തസ്വീകാരം, ബിംബസംവിധാനം, നല്ല ശൈലി എന്നീ കാര്യങ്ങളിലൂടെ ദല്‍പത് റാം ഗുജറാത്തി കവിതയില്‍ ആധുനികത കൊണ്ടുവന്നു. ശൃംഗാര കവിതകള്‍ അധികം എഴുതിയില്ല. 'കവീശ്വരന്‍' എന്ന പേരില്‍ പ്രശസ്തനായ നര്‍മദാ ശങ്കര്‍ലാല്‍ ദാവെ (1833-86) ഇദ്ദേഹത്തിന്റെ സമകാലികനാണ്. ജീവിതത്തെ ശാന്തമായും നിസ്സംഗമായും നിരീക്ഷിച്ച് ഓരോ സംഭവത്തില്‍നിന്നും സാന്മാര്‍ഗിക തത്ത്വങ്ങള്‍ സ്വരൂപിച്ചെടുക്കുക എന്നതായിരുന്നു ദല്‍പത് റാമിന്റെ വീക്ഷണം.

ജീവിതത്തിന്റെ അവസാന നാളുകളില്‍ ദല്‍പത് റാമിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും കവിതാരചനയ്ക്ക് തടസ്സമുണ്ടായില്ല. എഴുപത്തിയെട്ടാം വയസ്സില്‍ അന്തരിക്കുമ്പോള്‍ (1898) ദല്‍പത് റാം ഗുജറാത്തില്‍ സര്‍വാദരണീയനായിക്കഴിഞ്ഞിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍