This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നക്ഷത്രം (ജ്യോതിഷം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:25, 14 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നക്ഷത്രം (ജ്യോതിഷം)

'നക്ഷത്രം' എന്ന പദം രണ്ട് അര്‍ഥത്തില്‍ ജ്യോതിഷത്തില്‍ ഉപയോഗിക്കുന്നുണ്ട്. സ്വയം പ്രകാശിതങ്ങളായ ആകാശഗോളങ്ങള്‍ എന്നുള്ള സാധാരണ അര്‍ഥമാണ് ഒന്ന്. ഭൂമിയില്‍നിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതായി (twinkle) തോന്നും.

ചാന്ദ്രസൗധങ്ങള്‍ അഥവാ ചാന്ദ്രരാശികള്‍ എന്ന അര്‍ഥമാണ് മറ്റൊന്ന്. ചന്ദ്രന്‍ ഏകദേശം 27 ദിവസം 8 മണിക്കൂര്‍കൊണ്ട് ഭൂമിയെ ഒന്നു ചുറ്റുമ്പോള്‍ 360o യുടെ 27-ല്‍ ഒരംശം അഥവാ 13o 20' സഞ്ചരിക്കാന്‍ ഏകദേശം ഒരു ദിവസം വേണം. ചന്ദ്രപഥത്തില്‍ ഇത്രയുംവരുന്ന ആകാശഭാഗത്തെ ഒരു 'നക്ഷത്രം' അഥവാ ചാന്ദ്രസൗധം എന്നു പറയുന്നു. ചന്ദ്രന്‍ ഏതു നക്ഷത്രത്തിന്റെ ദിശയില്‍ക്കൂടി സഞ്ചരിക്കുന്നുവോ ആ കാലയളവിന് ആ നക്ഷത്രത്തിന്റെ പേരു നല്കപ്പെടുന്നു. ചന്ദ്രന്‍ ആദ്യത്തെ 13o 20' -ല്‍ സഞ്ചരിക്കുന്ന കാലത്തിന് അശ്വതി നക്ഷത്രം എന്നും 13o 20' മുതല്‍ 26o 40' വരെ സഞ്ചരിക്കുന്ന കാലത്തിന് ഭരണി നക്ഷത്രം എന്നും പറയുന്നു. പ്രസ്തു ചാന്ദ്രസൗധത്തില്‍ കാണപ്പെടുന്ന നക്ഷത്രങ്ങളെ ചേര്‍ത്തുവരയ്ക്കുന്ന രൂപംവച്ചാണ് പേരുകള്‍ നല്കിയിരിക്കുന്നത്. അശ്വതി (സംസ്കൃതത്തില്‍ അശ്വിനി) അശ്വമുഖം പോലെയാണ്; മകയിരം മൃഗശീര്‍ഷം (മാന്‍തല) പോലെയാണ്.

ചന്ദ്രന്‍ ഒരു നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആ നക്ഷത്രം (അഥവാ നാള്‍) ആരംഭിക്കുന്നു; ചന്ദ്രന്‍ ആ 13o 20' സഞ്ചരിച്ചുകഴിയുന്നതുവരെയുള്ള കാലം ആ നക്ഷത്രമായി അറിയപ്പെടുന്നു. ഒരു ദിവസം കാര്‍ത്തിക നക്ഷത്രമാണ് എന്നു പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ചന്ദ്രന്‍ കാര്‍ത്തികനക്ഷത്രത്തില്‍ക്കൂടി സഞ്ചരിക്കുന്നു എന്നാണ്.

രാശിചക്രം 30o വീതമുള്ള 12 രാശികളായി തിരിക്കപ്പെടുന്നുണ്ട്. അങ്ങനെ മേടം, ഇടവം ഇത്യാദി 12 രാശികളിലാണ് 27 നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നത്. അതായത് ഒരു രാശിയില്‍ 27/12=2¼നക്ഷത്രം വീതം ഉണ്ടാകും. ഇതിനെ രാശിക്കൂറ് എന്നു പറയും. ഉദാ. അശ്വതി, ഭരണി, കാര്‍ത്തിക ¼ മേടക്കൂറാണ്. 27 നക്ഷത്രങ്ങളും അവയുടെ ശാസ്ത്രനാമങ്ങളും മറ്റും പട്ടികയില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നു.

ചിലപ്പോള്‍ ഇരുപത്തെട്ടാമതായി ഒരു നക്ഷത്രംകൂടി പരിഗണിക്കപ്പെടുന്നുണ്ട്. ഇതിനെ അഭിജിത് നക്ഷത്രം എന്നു വിളിക്കുന്നു. ഉത്രാടം നക്ഷത്രത്തിന്റെ അന്ത്യപാദവും (ഒടുവിലത്തെ 3o 20' ) തിരുവോണം നക്ഷത്രത്തിന്റെ തുടക്കത്തിലുള്ള നാല് നാഴികയും (നക്ഷത്രത്തിന്റെ 1/15 അതായത് 0o 55' 20') കൂടിയുള്ള ഭാഗമാണ് അഭിജിത് നക്ഷത്രം.

ഒരാളുടെ ജനനസമയത്ത് ചന്ദ്രന്‍ നില്ക്കുന്ന നക്ഷത്രത്തെയാണ് അയാളുടെ ജന്മനക്ഷത്രം എന്നു പറയുന്നത് (നാള്‍). സൂര്യന്‍ ഓരോ നക്ഷത്രമേഖലകളിലുംകൂടി സഞ്ചരിക്കുന്ന കാലത്തിനെ ആ നക്ഷത്രത്തിന്റെ പേരുള്ള 'ഞാറ്റുവേല' എന്നു പറയുന്നു.

രാശികള്‍ക്ക് അധിപനായി ഒരു ഗ്രഹം ഉള്ളതുപോലെതന്നെ ഓരോ നക്ഷത്രത്തിനും അധിപനായി ഒരു ഗ്രഹം ഉണ്ട്. നവഗ്രഹങ്ങളില്‍ ഓരോന്നിനും ആധിപത്യമുള്ള മൂന്ന് നക്ഷത്രങ്ങള്‍ ഉണ്ട്. പരസ്പരം 120o അകലത്തിലുള്ള മൂന്ന് നക്ഷത്രങ്ങളാണ് ഒരു ഗ്രഹത്തിനു വരിക. അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങള്‍ക്ക് അധിപന്‍ കേതു; ഭരണി, പൂരം, പൂരാടം എന്നിവയുടെ അധിപന്‍ ശുക്രന്‍ എന്നിങ്ങനെ.

27 നക്ഷത്രങ്ങളില്‍ 16 എണ്ണത്തെ ശുഭനക്ഷത്രങ്ങളായാണ് ജ്യോതിഷം കണക്കാക്കുന്നത്. ഇവ 'ഊണ്‍ നാളുകള്‍' എന്നറിയപ്പെടുന്നു. ശേഷം 11 നക്ഷത്രങ്ങള്‍ ശുഭകര്‍മങ്ങള്‍ക്കു വര്‍ജ്യങ്ങളാണ്.

ഓരോ നക്ഷത്രത്തിനും ദേവത, വൃക്ഷം, ഭൂതം (പഞ്ചഭൂതങ്ങള്‍), ഗോത്രം, പക്ഷി, തുടങ്ങിയവയും കല്പിച്ചിട്ടുണ്ട്. അതുപോലെ ഒന്‍പത് നക്ഷത്രങ്ങള്‍ ദേവനക്ഷത്രങ്ങളായും ഒന്‍പതെണ്ണം മനുഷ്യനക്ഷത്രങ്ങളായും ഒന്‍പതെണ്ണം അസുര നക്ഷത്രങ്ങളായും തരം തിരിച്ചിട്ടുണ്ട്. 14 നക്ഷത്രങ്ങള്‍ പുരുഷനക്ഷത്രങ്ങളും 13 എണ്ണം സ്ത്രീനക്ഷത്രങ്ങളും ആണ്.

വിവാഹപ്പൊരുത്തം പരിശോധിക്കുന്നതില്‍ വധൂവരന്മാരുടെ ജന്മനക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തത്തിനു പ്രാധാന്യമുണ്ട്.

സമയശുഭത്വം നിര്‍ണയിക്കുന്നതില്‍ നക്ഷത്രത്തിന് പ്രാധാന്യം ഉണ്ട്. ഓരോരുത്തര്‍ക്കുമുള്ള ചില ദോഷകാലങ്ങള്‍ കല്പിക്കുന്നതും ജന്മനക്ഷത്രത്തിന്റെ അടിസ്ഥാനത്തിലാണ്. ഉദാഹരണമായി ജന്മനക്ഷത്രത്തില്‍നിന്ന് മൂന്നാം നക്ഷത്രം, അഞ്ചാം നക്ഷത്രം, ഏഴാം നക്ഷത്രം എന്നിവ യഥാക്രമം വിപത്, പ്രത്യര, വേധ നക്ഷത്രങ്ങള്‍ എന്നറിയപ്പെടുന്നു. ഈ നക്ഷത്രങ്ങള്‍ ഉള്‍ പ്പെടുന്ന കാലം ദോഷകാലങ്ങളാണെന്നു പറയപ്പെടുന്നുണ്ട്.

(ഡോ. കെ.പി. ധര്‍മരാജ അയ്യര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍