This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധികാര വിഭജനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:02, 2 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.45 (സംവാദം)

അധികാര വിഭജനം

ഉശൃശയൌശീിേ ീള ുീംലൃ


ഒരു രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങള്‍ തമ്മില്‍ അധികാരം പങ്കിടുന്നതിനെ വിശേഷിപ്പിക്കുന്ന സംജ്ഞ. ഇത് ഏറ്റവും പ്രകടമായി കാണാനാവുന്നത് ഫെഡറല്‍ രാഷ്ട്രങ്ങളിലാണ്. ഫെഡറല്‍ ഗവണ്‍മെന്റ് രൂപവത്കരിക്കപ്പെടുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍പെട്ടതാണ്, കേന്ദ്രഗവണ്‍മെന്റും സ്റ്റേറ്റ്ഗവണ്‍മെന്റുകളും തമ്മിലുള്ള അധികാര വിഭജനം. 'രാഷ്ട്രം ഒന്ന്, ഗവണ്‍മെന്റുകള്‍ ധാരാളം' എന്ന ആശയത്തില്‍ അധിഷ്ഠിതമാണ് 'ഫെഡറലിസം'.


അധികാര വിഭജനത്തിന്റെ രീതി. ഫെഡറല്‍ ഭരണ സമ്പ്രദായം രൂപീകരിക്കുന്നതിലെ രീതി വ്യത്യാസമനുസരിച്ച് അധികാരവിഭജനത്തിന്റെ രീതിയും മാറുന്നു. നിലവിലുള്ള പരമാധികാര രാജ്യങ്ങള്‍ ഐക്യപ്പെട്ട് ഒരു ഫെഡറല്‍ രാഷ്ട്രമായിമാറുമ്പോള്‍ (ഉദാ. അമേരിക്ക) അധികാരം പ്രാദേശിക ഭരണകൂടങ്ങളില്‍നിന്ന് കേന്ദ്രത്തിനും; നിലവിലുള്ളൊരു രാജ്യത്തെ ഭരണസൌകര്യാര്‍ഥം ചെറുതുണ്ടുകളായി മുറിച്ച് ഒരു ഫെഡറല്‍ രാഷ്ട്രമാക്കി മാറ്റുന്ന സാഹചര്യത്തില്‍ (ഉദാ. ഇന്ത്യ) അധികാരം കേന്ദ്രസര്‍ക്കാരില്‍നിന്ന് പ്രാദേശിക സര്‍ക്കാരുകളിലേയ്ക്കും വിന്യസിക്കപ്പെടുന്നു. പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങള്‍ - ആഭ്യന്തരം, വനം, ഗ്രാമവികസനം, റവന്യു തുടങ്ങിയവ - സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ പ്രാധാന്യമുള്ളവ - രാജ്യരക്ഷ, വിദേശകാര്യം, വാര്‍ത്താവിനിമയം തുടങ്ങിയവ - കേന്ദ്രസര്‍ക്കാരിനും നല്‍കുകയെന്നതാണ് അധികാര വിഭജനത്തിന്റെ കാര്യത്തില്‍ പിന്തുടരുന്ന പൊതുവായ തത്ത്വം.


വിഭജനത്തിന്റെ വിശദാംശങ്ങളിലേക്കു വരുമ്പോഴും ശ്രദ്ധേയമായ പല വ്യത്യാസങ്ങളും കാണാം. ചില രാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങള്‍ നിര്‍വചിക്കുകയും ബാക്കിയുള്ളവ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുകയും, മറ്റുചില രാജ്യങ്ങളില്‍ നേരേ മറിച്ചും ചെയ്യാറുണ്ട്. ഇനിയും ചില രാജ്യങ്ങളില്‍ കേന്ദ്ര-സ്റ്റേറ്റ് ഗവണ്‍മെന്റുകളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളെ പ്രത്യേകം പ്രത്യേകം നിര്‍വചിക്കുന്ന രീതിയും നിലവിലുണ്ട്. ഭരണഘടനയില്‍ പ്രത്യേകമായി പരാമര്‍ശിക്കാത്ത വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമനിര്‍മാണ പ്രശ്നങ്ങളോ, ചില പ്രത്യേകവിഷയങ്ങളെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട സന്ദര്‍ഭങ്ങളോ ഉണ്ടാകുമ്പോള്‍ അവയില്‍ അവസാന നിര്‍ണയം ചെയ്യേണ്ടത്, കേന്ദ്രഗവണ്‍മെന്റോ സ്റ്റേറ്റ് ഗവണ്‍മെന്റോ എന്ന് വ്യക്തമായി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യാറുണ്ട്. അതനുസരിച്ച് തീരുമാനങ്ങള്‍ കേന്ദ്രഗവണ്‍മെന്റോ, സ്റ്റേറ്റുഗവണ്‍മെന്റുകളോ എടുക്കുന്നു. ചില ഭരണഘടനകള്‍ ഇമ്മാതിരിയുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിന് കേന്ദ്ര-സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്ക് തുല്യാധികാരങ്ങള്‍ നല്കുന്നുണ്ട്. യു.എസ്സില്‍ ഫെഡറല്‍ ഗവണ്‍മെന്റിനു നല്കിയിട്ടില്ലാത്തതും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്ക് നിഷേധിച്ചിട്ടില്ലാത്തതുമായ എല്ലാ അധികാരങ്ങളും (ഞലശെറൌമ്യൃ ുീംലൃ) ഭരണഘടന സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കു നല്കിയിരിക്കുന്നു. ചില അധികാരങ്ങള്‍ ഫെഡറല്‍ ഗവണ്‍മെന്റിനും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കും കൂട്ടായി അനുഭവിക്കാവുന്നതാണ്. ഇവയെ സമവര്‍ത്തി (ഇീിരൌൃൃലി) അധികാരങ്ങള്‍ എന്നു പറയും. ആസ്റ്റ്രേലിയന്‍ ഭരണഘടനയുടെ 51-ാം വകുപ്പില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരങ്ങള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. അവശിഷ്ടാധികാരം അവിടെ സ്റ്റേറ്റു ഗവണ്‍മെന്റുകളില്‍ നിക്ഷിപ്തമാണ്. രണ്ടു ഗവണ്‍മെന്റുകള്‍ക്കും നിയമനിര്‍മാണം നടത്താവുന്ന ചില പൊതുവിഷയങ്ങളുണ്ട്. ഈ വിഷയങ്ങളില്‍ സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ നിര്‍മിക്കുന്ന നിയമം കേന്ദ്ര ഗവണ്‍മെന്റിന്റേതിന് വിരുദ്ധമാണെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിയമമായിരിക്കും പ്രാബല്യത്തില്‍ വരുക. അതേസമയം, ഭരണഘടന ചില വിലക്കുകള്‍ സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കും കേന്ദ്രഗവണ്‍മെന്റിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. (ഉദാ. നാണയം ഉണ്ടാക്കുന്നതിന് സ്റ്റേറ്റു ഗവണ്‍മെന്റിന് അധികാരമില്ല. അതുപോലെ കേന്ദ്രഗവണ്‍മെന്റിന് ഒരു സ്റ്റേറ്റിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കിക്കൊണ്ടു വിവേചനാപരമായി നിയമനിര്‍മാണം നടത്താനും അധികാരമില്ല.)


യൂണിറ്ററി ഫെഡറല്‍ സംവിധാനങ്ങളിലെ വ്യത്യാസം. ചില യൂണിറ്ററി ഗവണ്‍മെന്റുകളിലും ഏതാണ്ട് ഈ രീതിയിലുള്ള അധികാര വിഭജനം കാണാം. ജനങ്ങളുടെ ദൈനംദിന ജിവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള ചില അധികാരങ്ങള്‍, പ്രാദേശിക ഗവണ്‍മെന്റുകളും മുനിസിപ്പാലിറ്റികളുമടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്കുന്ന പതിവിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഫെഡറല്‍ ഭരണ സംവിധാനത്തില്‍ കേന്ദ്രഗവണ്‍മെന്റിനും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കുമായി അധികാര വിഭജനം നടത്തുന്നതില്‍ നിന്ന് വ്യത്യസ്തമാണ്, യൂണിറ്ററി ഗവണ്‍മെന്റുകളിലെ ഈ അധികാരവിഭജനം.


ഫെഡറല്‍ ഭരണസംവിധാനത്തില്‍ കേന്ദ്രഗവണ്‍മെന്റിനും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കും അധികാരം ലഭിക്കുന്നത് ജനങ്ങളില്‍നിന്നാണ്. അതുകൊണ്ട് കേന്ദ്രഗണ്‍മെന്റിന് മറ്റൊരു സ്റ്റേറ്റു ഗവണ്‍മെന്റിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ അവകാശമില്ല. ഇരുഗവണ്‍മെന്റുകളും അവരവരുടെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ പരമാധികാരമുള്ളവയാണ്; നേരേ മറിച്ച് യൂണിറ്ററി ഗവണ്‍മെന്റിലാണെങ്കില്‍, ചില അധികാരങ്ങള്‍ ഭരണസൌകര്യാര്‍ഥം ദേശീയ സര്‍ക്കാര്‍ സ്വമേധയാ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി വിട്ടുകൊടുക്കുന്നുവെന്നേയുള്ളു; പരമാധികാരം എപ്പോഴും കേന്ദ്ര ഗവണ്‍മെന്റിനുതന്നെ ആയിരിക്കും. എന്നാല്‍ ഒരു ഫെഡറേഷനിലെ സ്റ്റേറ്റുഗവണ്‍മെന്റിന് ഭരണഘടനാനുസൃതമായി ലഭിച്ചിട്ടുള്ള വിഷയങ്ങളിലെ നിയമനിര്‍മാണത്തിന് പരമാധികാരമുള്ളതിനാല്‍, അതു നടപ്പിലാക്കുന്ന നിയമങ്ങള്‍ക്ക്, മറ്റൊരു ഗവണ്‍മെന്റിനും നിഷേധിക്കാനാവാത്ത നിയമസാധുത ഉണ്ട്. യൂണിറ്ററി രാഷ്ട്രത്തിലെ സ്വയംഭരണ സ്ഥാപനങ്ങളെ നിയമാനുസൃതം നിലവില്‍ വരുത്താനും നിലനിര്‍ത്താനും ഇല്ലാതാക്കാനും ഉള്ള അധികാരങ്ങള്‍ അവിടത്തെ കേന്ദ്രഗവണ്‍മെന്റിന് ഉണ്ടായിരിക്കും. ഉദാ. ഇംഗ്ളണ്ടിലെ ഒരു കൌണ്ടി(ഇീൌി്യ)യെയോ മുനിസിപ്പാലിറ്റിയെയോ ഭരണഘടനാതത്ത്വങ്ങള്‍ക്കു വിരുദ്ധമാകാതെ തന്നെ, വേണമെങ്കില്‍, ഇംഗ്ളണ്ടിലെ പാര്‍ലമെന്റിനു ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍, ആസ്റ്റ്രേലിയയിലെ ഒരു സ്റ്റേറ്റു ഗവണ്‍മെന്റിന്റെ അധികാരങ്ങളെ മറികടക്കാനോ ചോദ്യം ചെയ്യാനോ ഇല്ലാതാക്കാനോ കേന്ദ്ര ഗവണ്‍മെന്റിനു നിയമാനുസൃതം അസാധ്യമാണ്.


ഇതുവരെ പറഞ്ഞതില്‍നിന്നും ഒരുകാര്യം വ്യക്തമാണ്: ഓരോ രാഷ്ട്രവും അതിന്റേതായ പ്രത്യേക പരിതഃസ്ഥിതികളെ കണക്കിലെടുത്തുകൊണ്ടാണ് അധികാരവിഭജനം നടത്തുന്നത്. ഇങ്ങനെയുള്ള അധികാര വിഭജനത്തില്‍ ഒരു സാമാന്യവത്കരണം സാധ്യവുമല്ല. ഓരോ രാഷ്ട്രത്തിന്റെയും ചരിത്രവും മറ്റു ഭൌതികപരിതഃസ്ഥിതികളും വ്യത്യസ്തമായിരിക്കുന്നതുപോലെതന്നെ, അവയുടെ അധികാര വിഭജനത്തിലും വിവിധ മാനദണ്ഡങ്ങളാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. യു.എസ്., സ്വിറ്റ്സര്‍ലണ്ട്, കാനഡ, ആസ്റ്റ്രേലിയ, ഇന്ത്യ എന്നീ ഫെഡറല്‍ ഗവണ്‍മെന്റുകളിലെല്ലാം, കേന്ദ്രഗവണ്‍മെന്റിനും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കുമായി അധികാരവിഭജനം നടത്തിയിട്ടുള്ളതില്‍ ഐകരൂപ്യം കാണുകയില്ല. അതിനാല്‍ ആ ഫെഡറേഷന്‍ രാഷ്ട്രങ്ങളിലെ കേന്ദ്രഭരണകൂടവും സ്റ്റേറ്റു ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാഷ്ട്രങ്ങളില്‍ ഭരണഘടനയില്‍ പ്രത്യേകം പരാമര്‍ശിക്കാത്ത വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടാധികാരങ്ങള്‍ കേന്ദ്രഗവണ്‍മെന്റിനും മറ്റു ചില രാഷ്ട്രങ്ങളില്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്കുമാണ്.


അധികാര വിഭജനം-ഇന്ത്യന്‍ ഭരണഘടനയില്‍. അധികാരവിഭജനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണഘടന, 1935-ലെ ഇന്ത്യാഗവണ്‍മെന്റ് നിയമത്തിലെ വ്യവസ്ഥകളെയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയില്‍ അധികാര കേന്ദ്രീകരണപ്രവണത കൂടുതലായി കാണാം. പ്രവിശ്യകള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്കുന്നതിനുള്ള വൈമനസ്യം 1935-ലെ നിയമത്തിന് രൂപംനല്കിയ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ ഏഴാം പട്ടികയില്‍ ഫെഡറല്‍ ലെജിസ്ളേറ്റീവ് ലിസ്റ്റില്‍ കേന്ദ്രഗവണ്‍മെന്റിന് നിയമനിര്‍മാണാവകാശമുള്ള വിഷയങ്ങള്‍, സ്റ്റേറ്റിനു നിയമനിര്‍മാണാവകാശമുള്ള വിഷയങ്ങള്‍, കേന്ദ്രത്തിനും സ്റ്റേറ്റിനും നിയമനിര്‍മാണാവകാശമുള്ള വിഷയങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ കാണാം. കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ 254-ാം വകുപ്പനുസരിച്ച് കേന്ദ്രനിയമത്തിനാണ് പ്രാബല്യം. 248-ാം വകുപ്പ്, അവശിഷ്ടാധികാരങ്ങള്‍ കേന്ദ്രത്തിനു നല്കിയിരിക്കുന്നു. ദേശീയതാത്പര്യത്തെ ലാക്കാക്കി കേന്ദ്ര ഗവണ്‍മെന്റിന്, സ്റ്റേറ്റ് ലിസ്റ്റില്‍പ്പെട്ട സംഗതികളിലും നിയമനിര്‍മാണം നടത്താന്‍ അധികാരം നല്കുന്ന വകുപ്പുകളാണ് 249-ഉം 250-ഉം.


കേന്ദ്രഗവണ്‍മെന്റിന് നിയമനിര്‍മാണാധികാരം നല്കുന്ന കേന്ദ്രലിസ്റ്റില്‍ 97 വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തിന് പൊതുവേ താത്പര്യമുള്ളവയും നിയമങ്ങള്‍ക്ക് ഐകരൂപ്യം ആവശ്യമുള്ളവയുമായ വിഷയങ്ങളാണ് കേന്ദ്രലിസ്റ്റില്‍ ഉള്ളത്. രാജ്യരക്ഷ, വിദേശകാര്യം, യുദ്ധസമാധാനങ്ങള്‍, റെയില്‍വെ, അന്താരാഷ്ട്രവ്യാപാരം, വാണിജ്യം, ബാങ്കിങ്, നാണയം, തെരഞ്ഞെടുപ്പുകള്‍, ആദായനികുതി, വര്‍ത്തമാനപത്രങ്ങള്‍ ആദിയായവ കേന്ദ്രലിസ്റ്റില്‍ ഉള്‍പ്പെടുന്നു.


സംസ്ഥാന ലിസ്റ്റില്‍ 66 വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യത്തിന് അനുസൃതമായി നിയമനിര്‍മാണം നടത്തുന്നത് സഹായകമായ രീതിയിലാണ് ഈ വിഷയങ്ങള്‍ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയമസമാധാനം, പൊലീസ്, നീതിന്യായം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം ആദിയായ വിഷയങ്ങള്‍ സ്റ്റേറ്റുലിസ്റ്റിലാണ്. ഒരു സംസ്ഥാനത്തില്‍ രാഷ്ട്രപതി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം ഭരണഘടനാ വ്യവസ്ഥയനുസരിച്ച് കേന്ദ്രഗവണ്‍മെന്റിനു ലഭിക്കുന്നു.


കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണാധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ 47 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ നിയമം, കരുതല്‍ തടങ്കല്‍ നിയമം, വസ്തു കൈമാറ്റം, കരാറുകള്‍, ഭക്ഷ്യങ്ങളില്‍ മായം ചേര്‍ക്കല്‍, ട്രേഡ് യൂണിയന്‍, വ്യവസായ തൊഴില്‍ത്തര്‍ക്കങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍, പാപ്പരത്വ-നിര്‍ധനത്വനിയമങ്ങള്‍ ആദിയായവ ഇതില്‍പ്പെടുന്നു. കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മില്‍ യോജിപ്പില്ലാതെ വന്നാല്‍ കേന്ദ്രനിയമത്തിനാണ് പ്രാബല്യം. ഒരു സംസ്ഥാന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ ആ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആ നിയമത്തിനു പ്രാബല്യമുണ്ടെങ്കിലും, അത് അസാധുവാക്കാനും രാഷ്ട്രപതിക്ക് കഴിയും. സംസ്ഥാനങ്ങള്‍ക്കു ലഭിച്ചിട്ടുള്ള നിയമനിര്‍മാണാധികാരം തന്മൂലം ശാശ്വതമല്ല. നോ: അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും, അവശിഷ്ടാധികാരങ്ങള്‍

(ഡോ. പ്രഭാഷ്, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍