This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധൂംക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ധൂംക
Comet
ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. മുമ്പ് ബിഹാര്‍ സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം 2000 ന.-ല്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടതോടെ അതിന്റെ ഭാഗമായി. ജില്ലയുടെ വിസ്തീര്‍ണം. 6,212 ച.കി.മീ.; ജനസംഖ്യ: 17,54,571 (2001); ജനസാന്ദ്രത: 282/ച.കി.മീ. (2001); സാക്ഷരതാ നിരക്ക്: 48.31 (2001). അതിരുകള്‍: വ. ഗൊഡ്ഡ ജില്ലയും ബിഹാറിലെ ബങ്കാജില്ലയും; കി.ഗൊഡ്ഡ, പകോര്‍ (Pakaur) ജില്ലകള്‍; തെ. പശ്ചിമബംഗാളിലെ ബീര്‍ഭം ജില്ല; പ. ദിയോഗഢ്, ധന്‍ബാദ് ജില്ലകള്‍.
കയറ്റിറക്കങ്ങളോടുകൂടിയ ഭൂപ്രകൃതിയാണ് ധൂംക ജില്ലയുടേത്. ഫലഭൂയിഷ്ഠമായ നിരവധി കൃഷിയിടങ്ങള്‍ ജില്ലയിലുണ്ട്. മുമ്പ് വനസമൃദ്ധമായിരുന്ന ധൂംക ജില്ലയില്‍ ഇപ്പോള്‍ വനനശീകരണം രൂക്ഷമാണ്. സാല്‍വൃക്ഷമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പ്ളാവ്, തേക്ക്, മുള തുടങ്ങിയവയും ഇവിടെ സമൃദ്ധമായി വളരുന്നു. ധൂംക ജില്ലയിലെ പ്രധാന നദിയായ മോറില്‍ (Mor) വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, ഊര്‍ജോത്പാദനം എന്നീ ലക്ഷ്യങ്ങളോടെ ഒരു അണക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. ജില്ലയിലെ ബാറ, ഭൂംക എന്നിവിടങ്ങളില്‍ ചുടുനീരുറവകള്‍ ഉണ്ട്.
ധൂംക ജില്ലയിലെ കാര്‍ഷികവിളകളില്‍ മുഖ്യ സ്ഥാനം നെല്ലിനാണ്. ഗോതമ്പ്, ചോളം, പച്ചക്കറി, ഫലങ്ങള്‍, നിലക്കടല, മധുരക്കിഴങ്ങ്, കരിമ്പ് എന്നിവയാണ് മറ്റു പ്രധാന വിളകള്‍. കൃഷിയും കന്നുകാലിവളര്‍ത്തലും ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗങ്ങളാണ്. ജില്ലയിലെ വ്യവസായ മേഖലയില്‍ നെയ്ത്ത്, കളിമണ്‍ വ്യവസായം, മുളയുത്പന്നങ്ങള്‍, ലോഹപ്പണി, തടിപ്പണി, ബീഡിതെറുപ്പ് തുടങ്ങിയ പരമ്പരാഗത-ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്.
ധൂംക ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും ഹിന്ദുമത വിശ്വാസികളാണ്. ഇതര മതവിഭാഗങ്ങളില്‍ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് മുന്‍തൂക്കം. ഹിന്ദിയാണ് ജില്ലയില്‍ ഏറ്റവും അധികം പ്രചാരമുള്ള ഭാഷ. റോഡ് ഗതാഗതത്തിനാണ് ജില്ലയില്‍ പ്രാധാന്യം ലഭിച്ചിട്ടുള്ളത്. അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയിലുണ്ട്. ബാറായിലെയും ഭുംകയിലെയും ചുടുനീരുറവകള്‍, ഛോട്ടോ(Choto)യിലെയും ഗാര്‍ദോ(Gardo)യിലെയും ക്ഷേത്രങ്ങള്‍, മാസന്‍ജോറിയിലെ (Massanjori) അണക്കെട്ട്, ബാസുകിനാഥിലെ ശിവക്ഷേത്രം, ജില്ലാ ആസ്ഥാനത്തുനിന്ന് 55 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ചരിത്രപ്രധാന മായ മല്ലൂട്ടി (Mallooti), ധൂംകപട്ടണം എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.