This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേശായി, മേഘനാദ് (1940 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേശായി, മേഘനാദ് (1940 - )
ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞനും ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രഭുസഭയിലെ അംഗവും. ജഗദീശ്ചന്ദ്ര ദേശായിയുടെയും മന്ദാകിനി ദേശായിയുടെയും പുത്രനായ മേഘനാദ് ജഗദീശ്ചന്ദ്ര ദേശായി 1940 ജൂല. 10-ന് ബറോഡയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബോംബെ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ. (1958), എം.എ. (1960) ബിരുദങ്ങള്‍ കരസ്ഥമാക്കി. അമേരിക്കയിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍നിന്ന് 1964-ല്‍ പിഎച്ച്.ഡി. നേടി. 1970-ല്‍ ഗെയ്ല്‍ ഗ്രഹാം വില്‍സണ്‍ എന്ന യുവതിയെ വിവാഹം ചെയ്തു. കാലിഫോര്‍ണിയ സര്‍വകലാശാല (1963-65), ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് (1965-2004) എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1990-95 കാലഘട്ടത്തില്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സിലെ ഡെവലപ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായി. 1992 മുതല്‍ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഒഫ് ഗ്ലോബല്‍ ഗവര്‍ണന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. നിരവധി ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 1998 വരെ മാര്‍ഷല്‍ എയ്ഡ് കമ്മിഷനില്‍ അംഗമായിരുന്നു. 1991-ല്‍ വെസ്റ്റ് മിന്‍സ്റ്റര്‍ നഗരത്തിലെ സെന്റ് ക്ലമന്റ് ഡെയ്ന്സിനെ പ്രതിനിധാനം ചെയ്ത ഇദ്ദേഹത്തിന് 'ബാരണ്‍ ദേശായി' എന്ന ബഹുമതി നല്കി ബ്രിട്ടന്റെ പ്രഭുസഭയില്‍ അംഗത്വം നല്കി.
അധ്യാപകന്‍, ഗവേഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഇദ്ദേഹം മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് ശ്രദ്ധേയനായത്. സൈദ്ധാന്തിക വിജ്ഞാനമേഖലയില്‍ പാശ്ചാത്യലോകത്ത് മാര്‍ക്സിനെക്കുറിച്ച് നിലവിലിരുന്ന അകല്‍ച്ച മാറ്റിയെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. മുതലാളിത്തവ്യവസ്ഥ സമഗ്രമായി അപഗ്രഥിക്കാന്‍ കെയിന്‍സിയന്‍ മാതൃകയെക്കാള്‍ മെച്ചം മാര്‍ക്സിന്റെ പരികല്പനകളാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. 'ആദ്യകാല മുതലാളിത്തത്തില്‍ നിലവിലിരുന്ന ഏകപക്ഷീയ ചൂഷണം മാറി ഇന്ന് പങ്കാളിത്താടിസ്ഥാനത്തിലുള്ള ഉത്പാദനരീതിയും പുത്തന്‍ ചൂഷണ സമ്പ്രദായങ്ങളുമാണ് നിലവില്‍ വന്നിരിക്കുന്നത്. ഇന്ന് അധ്വാനത്തോടൊപ്പം മൂലധനവും തുല്യപ്രാധാന്യം അര്‍ഹിക്കുന്നു. കമ്പോളശക്തികള്‍ മൂലധനത്തെ മാത്രമല്ല തൊഴിലാളിവര്‍ഗത്തെയും അധ്വാനശക്തിയെയും സഹായിക്കുന്നു' എന്നാണ് ഇദ്ദേഹം സിദ്ധാന്തിക്കുന്നത്. ബ്രിട്ടിഷ് ലേബര്‍ കക്ഷിയിലെ അംഗത്വം, നോബല്‍ സമ്മാനാര്‍ഹനായ ലോറന്‍സ് ക്ലയിന്‍ (Lawrence Klein) എന്ന സാമ്പത്തികശാസ്ത്രജ്ഞന്റെ കീഴില്‍ നടത്തിയ ഗവേഷണപഠനങ്ങള്‍ എന്നിവ മേഘനാദ് ദേശായിയുടെ വീക്ഷണങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 2004-ലെ വാര്‍ട്ടണ്‍ ഇന്ത്യന്‍ അലുമ്നി അവാര്‍ഡ് ഇദ്ദേഹം നേടി. കോണ്‍ട്രഡിക്ഷന്‍സ് ഒഫ് സ്ളോ കാപ്പിറ്റലിസ്റ്റ് ഡെവലപ്മെന്റ് (1975), കമ്യൂണലിസം, സെക്കുലറിസം ആന്‍ഡ് ഡിലമ ഒഫ് ഇന്ത്യന്‍ നേഷന്‍ഹുഡ് (2000), മാര്‍ക്സ്' റിവന്‍ജ്: ദ് റിസര്‍ജന്‍സ് ഒഫ് കാപ്പിറ്റലിസം ആന്‍ഡ് ദ് ഡെത്ത് ഒഫ് സ്റ്റേറ്റിസ്റ്റ് സോഷ്യലിസം (2002),ഇന്ത്യ ആന്‍ഡ് ചൈന: ആന്‍ എസ്സേ ഇന്‍ കംപാരറ്റിവ് പൊളിറ്റിക്കല്‍ ഇക്കോണമി (2003) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
(ഡോ.കെ. രാമചന്ദ്രന്‍ നായര്‍)